Pages

Friday, January 31, 2014

ഈ രക്തസാക്ഷിദിനത്തിലെങ്കിലും നമുക്ക് ഗാന്ധിജിയെ ഒന്ന് ഓര്‍ക്കാം

ഈരക്തസാക്ഷിദിനത്തിലെങ്കിലുംനമുക്ക് ഗാന്ധിജിയെഒന്ന്ഓര്ക്കാം
പ്രൊഫ. കെ. ശ്രീധരന്

  2014   ജനുവരി  30-  ഗാന്ധിജി  നമ്മെ വിട്ടുപിരിഞ്ഞിട്ട്  ഇന്ന്  65വര്‍ഷം കഴിഞ്ഞു. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച ആരും ഇന്ന് സജീവ കര്‍മരംഗത്തില്ല. രണ്ട് തലമുറകളും കടന്നുപോയി. ആ മഹാനുഭാവനില്‍നിന്ന് നാമിപ്പോള്‍ എത്ര അകലെയാണ്, അതിന് നാം നല്‍കിക്കൊണ്ടിരിക്കുന്ന വിലയെന്താണ് എന്ന അന്വേഷണം ഇന്ന് ഏറെ പ്രസക്തമാണ്.സ്വാതന്ത്ര്യസമരത്തില്‍ ഗാന്ധിജി ഏറ്റവും പ്രധാനമായി നിര്‍ദേശിച്ചത് സ്വാതന്ത്ര്യം നമുക്ക് കിട്ടണമെങ്കില്‍ അതിന് നാം അര്‍ഹരാകണം എന്നാണ്. അതെങ്ങനെയെന്നും അദ്ദേഹം കൃത്യമായി നിര്‍ദേശിച്ചിരുന്നു. ഏഴ് പ്രമാണങ്ങളായിരുന്നു അവയെന്ന് ഇപ്പോള്‍ നമുക്ക് പുനര്‍വായിക്കാം. അഹിംസ ജീവിതചര്യയാക്കണം, ജാതിചിന്തയും മതവിദ്വേഷവും അകറ്റണം, സ്വാര്‍ഥചിന്ത കളയണം, ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് കുടിക്കൊള്ളുന്നത് എന്ന സത്യം ഉള്‍ക്കൊള്ളണം, സ്വദേശിവ്രതത്തിലൂടെ സ്വാതന്ത്ര്യം കൈവരിക്കണം, എല്ലാറ്റിനുമുപരിയായി ഇന്ത്യയിലെ എല്ലാ സമുദായവും സഹോദരങ്ങളെപ്പോലെ പെരുമാറണം. ഇവയിലൂടെയാണ് നാം സ്വാതന്ത്ര്യത്തിന് അര്‍ഹരാവുക എന്നതായിരുന്നു ഗാന്ധിജിയുടെ തെളിഞ്ഞ ചിന്ത. ആ നിലയ്ക്ക് സ്വാതന്ത്ര്യത്തിന് നാം അര്‍ഹരായിത്തീര്‍ന്നോ? ഈ ജീവിതചര്യകളൊന്നുംതന്നെ ആര്‍ക്കും മറ്റാരിലും അടിച്ചേല്പിക്കാനുള്ളതല്ല. മറിച്ച് സ്വയം സ്വാംശീകരിക്കുകയും അനുവര്‍ത്തിക്കുകയും ചെയ്യാനുള്ളതാണ്. അതുകൊണ്ടുതന്നെയാണ് തന്റെ ജീവിതമാണ് തന്റെ സന്ദേശം എന്ന് അര്‍ഥശങ്കയ്ക്കിടയില്ലാതെ അദ്ദേഹം പ്രസ്താവിച്ചത്.
സ്വാതന്ത്ര്യം നേടുന്നതിന് നാല് വജ്രായുധങ്ങളാണ് അദ്ദേഹം പ്രയോഗിച്ചത്. നിസ്സഹകരണം, അഹിംസ, ഐക്യം (ദേശീയ), സ്വാശ്രയത്വം. ഏതൊരു കഠിനഹൃദയനെയും വെല്ലാന്‍ ഈ ആയുധങ്ങള്‍ക്ക് കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചുപോന്നു. അഹിംസ എന്നത് നമ്മെ മര്‍ദനവിധേയമാക്കുന്ന സര്‍വശക്തരായ വിദേശിക്കെതിരെയുള്ള ആയുധം മാത്രമായല്ല ഗാന്ധിജി വിഭാവനംചെയ്തത്. നാം പരസ്​പരവും സഹജീവജാതികളോടും പ്രകൃതിയോട് മൊത്തമായും പുലര്‍ത്തേണ്ട ഒരു മനോഭാവംകൂടിയാണ് അതെന്നാണ് ഗാന്ധിജി നമ്മെ പഠിപ്പിച്ചത്. അതുപോലെത്തന്നെ ഗാന്ധിയന്‍ സ്വാശ്രയത്വവും സ്വദേശി സങ്കല്പവും അദ്ദേഹത്തിന്റെ ചൂഷണവിമുക്ത സാമൂഹിക വ്യവസ്ഥിതിയുമായി ബന്ധപ്പെട്ടതാണ്. ആധുനിക സമാധാന ഗവേഷണ പ്രസ്ഥാനത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജോഹാന്‍ ഗാല്‍ടുങ് അവകാശപ്പെടുന്നത് 'സ്വാശ്രയത്വമെന്നത് ഒരു ജനത സമാനമായ മറ്റുള്ളവരുമായി ഒത്തുചേര്‍ന്ന്, ജീവിതത്തിന്റെ പൂര്‍ണത കൈവരിക്കുന്ന വിധം സ്വയം സംഘടിക്കപ്പെടുക' എന്നതാണ്. ഈ അര്‍ഥതലത്തില്‍ത്തന്നെയാണ് ഗാന്ധിജിയും തന്റെ സ്വാശ്രയത്വം എന്ന സങ്കല്പത്തെ വിഭാവനംചെയ്തത്. ആത്യന്തികമായി അത് വികേന്ദ്രീകരണത്തിന്റെ തത്ത്വശാസ്ത്രം കൂടിയാണ്.
                 ഇന്ത്യയിലെ നഗരബൂര്‍ഷ്വാസിയെയും ഗ്രാമീണ ദരിദ്രനെയും ഒരുപോലെ സാമ്രാജ്യത്വത്തിനെതിരെ അണിനിരത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. നാട്ടില്‍ നിലനില്‍ക്കുന്ന പ്രാഥമികമായ വൈരുധ്യം സാമ്രാജ്യത്വത്തിന്റെ ക്രൗരോവസ്ഥയും ഇന്ത്യയുടെ യഥാര്‍ഥ സാഹചര്യത്തിന്റെ പരിതോവസ്ഥയും തമ്മിലുള്ളതാണെന്ന് അദ്ദേഹം കരുതി. എന്നാല്‍, ഇവിടെ സംഭവിച്ചതെന്താണ്? ഇന്ത്യന്‍ ബൂര്‍ഷ്വാസി സാമ്രാജ്യത്വവുമായി സന്ധിചേര്‍ന്ന് കരുത്തുനേടുകയും ഇന്ത്യന്‍ ഗ്രാമങ്ങള്‍ കൂടുതല്‍ പരിതോവസ്ഥയിലേക്ക് താഴുകയും ചെയ്തുകൊണ്ട് ഈ വൈരുധ്യത്തെ പതിന്മടങ്ങായി വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ഇന്ത്യയില്‍ ബൂര്‍ഷ്വാസി സാമ്രാജ്യത്തിന്റെ കുഴലൂത്തുകാരും ദരിദ്രനാരായണന്മാര്‍ ചൂഷണത്തിന്റെ പടുകുഴിയിലുമായി! 1946-ല്‍ ഗാന്ധിജി ഹരിജനില്‍ എഴുതി, നഗരങ്ങളില്‍ മണിമന്ദിരങ്ങള്‍ പണിതത് ഗ്രാമങ്ങളുടെ രക്തമാകുന്ന സിമന്റുകൊണ്ടാണെന്ന്. ഇന്ന് ഈ മണിമന്ദിരങ്ങള്‍ പണിയുന്നത് ഗ്രാമങ്ങളുടെ രക്തംകൊണ്ട് മാത്രമല്ല. അതുണ്ടാക്കുന്ന മജ്ജയും മാംസവുംകൊണ്ടുകൂടിയാണ്. കുന്നുകള്‍ ഇടിച്ച് താഴ്ത്തുമ്പോള്‍, വയലേലകള്‍ തൂര്‍ത്ത് ഇല്ലാതാക്കുമ്പോള്‍, പുഴയോരങ്ങള്‍ മണലൂറ്റി മൃതമാക്കുമ്പോള്‍, പാറക്കെട്ടുകള്‍ തുരന്നെടുത്ത് കൊണ്ടുപോകുമ്പോള്‍ നാം നമ്മുടെ ഗ്രാമങ്ങളുടെ ചിതയൊരുക്കുകയാണ്. എന്തിനെന്നോ? സമ്പന്നന്റെ ഒരിക്കലും തീരാത്ത ആര്‍ത്തിപൂരണത്തിന്. സര്‍വ ഫലഭൂയിഷ്ഠമായ വയനാട്ടിലും മലയോരങ്ങളിലുമുള്ള ആദിവാസികള്‍ പട്ടിണികിടന്ന് മരിക്കുമ്പോള്‍ ഒന്നും വിളയാത്ത നഗരങ്ങള്‍ അമിതാഹാരത്തിന്റെ ആലസ്യത്തിലും രോഗാവസ്ഥയിലും തകരുകയാണ്.
              കൈകൊണ്ട് പണിചെയ്യാത്തവന് ഭക്ഷണത്തിന് അര്‍ഹതയില്ല എന്നുപറഞ്ഞത് ഗാന്ധിജിയല്ല; ടോള്‍സ്റ്റോയിയുടെ ഗുരുനാഥനായ ബോണറഫ് ആണ്. എ ന്നാല്‍, ഗാന്ധിജിയുടെ അര്‍ഥശാസ്ത്രം കേന്ദ്രീകരിച്ചിരിക്കുന്നത് ഗ്രാമീണ സമ്പദ്ഘടനയുടെ പുനഃസംഘടനയിലാണ്. ഇന്ത്യയിലെ ഏഴുലക്ഷം ഗ്രാമങ്ങളില്‍ തൊഴിലും വിദ്യാഭ്യാസവും ആരോഗ്യസേവനങ്ങളും ഒരുക്കി ഗ്രാമസ്വരാജ് കൈവരിക്കാന്‍ കഴിയുമെന്ന് ശക്തിയുക്തം അദ്ദേഹം വാദിച്ചു. അധ്വാനത്തിന് ഉത്പാദനസൃഷ്ടി എന്ന ഒരു ധര്‍മം മാത്രമല്ല ഗാന്ധിജി കണ്ടത്. സമ്പത്തിന്റെ വികേന്ദ്രീകരണത്തിനും വിതരണത്തിനുമുള്ള ഉപാധികൂടിയാണത്. അതുകൊണ്ടായിരിക്കണം അമിതമായ യന്ത്രവത്കരണത്തെ അദ്ദേഹം ശക്തമായി എതിര്‍ത്തത്. യന്ത്രവത്കരണം പുറംതള്ളുന്ന ലക്ഷക്കണക്കിന് ജോലിക്കാര്‍ ജീവിതത്തില്‍നിന്നുതന്നെ ബഹിര്‍ഗമിക്കപ്പെടുകയാണല്ലോ. അതുകൊണ്ടാണ് അദ്ദേഹം പറഞ്ഞത് യന്ത്രവത്കരണം അധ്വാനത്തിന് പകരമല്ല, അതിന്റെ (അധ്വാനത്തിന്റെ) ക്ലേശവും വേദനയും കുറയ്ക്കാനായിരിക്കണമെന്ന്.പശ്ചാത്യത്തോട് കമ്പമുള്ള ഒരു സോഷ്യലിസ്റ്റ് വിപ്ലവകാരിയായിരുന്നല്ലോ നെഹ്രു. പാശ്ചാത്യമാതൃകയിലുള്ള വന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് മുതലാളിത്തത്തിന് വളരാന്‍ സാഹചര്യമൊരുക്കുകയാണ് അദ്ദേഹം ചെയ്തത്. പക്ഷേ, നെഹ്രുവിന് ഗാന്ധിജിയോട് പ്രതിബദ്ധതയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഒരു മധ്യമാര്‍ഗം സ്വീകരിക്കാന്‍ പലപ്പോഴും നെഹ്രു ശ്രമിച്ചിരുന്നു. എന്നാല്‍, ഇന്നത്തെ ഭരണാധിപന്മാരാകട്ടെ, അമേരിക്കന്‍ സാമ്രാജ്യത്വത്തോട് വിധേയത്വമുള്ള കേവല ബ്യൂറോക്രാറ്റ്‌സ് മാത്രമാണ്. ഇന്ത്യയുടെ ആത്മാവ് കണ്ടെത്തിയ ഗാന്ധിജിയോട് ഒരു പ്രതിബദ്ധതയുടെയും ആവശ്യകത അവര്‍ക്കില്ല. കഴിഞ്ഞ രണ്ടുമൂന്ന് പതിറ്റാണ്ടിന്റെ നമ്മുടെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ കഴിയും ഭരണാധികാരികള്‍ അധികാരത്തെ സമ്പന്നതയിലേക്കുള്ള എളുപ്പവഴിയാക്കി എന്നത്; സമ്പന്നരാകട്ടെ അധികാരത്തിലേക്കും! തന്മൂലം ഇന്ത്യയില്‍ ഇന്ന് സംഭവിക്കുന്നത് മേലാളരുടെ ധനികവത്കരണവും കീഴാളരുടെ ദരിദ്രവത്കരണവും! ഈ പ്രതിലോമ പ്രയാണത്തെക്കുറിച്ച് വളരെ കൃത്യമായി ഗാന്ധിജി മുന്നറിയിപ്പുതന്നിരുന്നു. എഴുപത് വര്‍ഷം മുമ്പേ ഗാന്ധിജി ആഹ്വാനം ചെയ്തത് ക്വിറ്റ് ഇന്ത്യ (ഇന്ത്യ വിടുക) എന്നാണെങ്കില്‍ പുതിയ ഭരണം ആഹ്വാനം ചെയ്യുന്നത് 'ഗെറ്റ് ഇന്ത്യ' (ഇന്ത്യയെ എടുക്കുക) എന്നാണ്. ഗാന്ധിജിയില്‍ നിന്നുള്ള അകല്‍ച്ചയല്ല വിപരീതദിശയിലാണീ ഓട്ടം. അത് വിനാശത്തിലേക്കുള്ള ഓട്ടമാണെന്നതിന് ഒരു സംശയവുമില്ല.
                സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ വളര്‍ന്നുവന്ന ചിപ്‌കോ പ്രസ്ഥാനം, നര്‍മദപ്രസ്ഥാനം, സയലന്റ് വാലി പ്രസ്ഥാനം തുടങ്ങിയ എല്ലാ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെയും പ്രചോദന സ്രോതസ്സ് ഗാന്ധിജി മുന്നോട്ടുവെച്ച പരിസ്ഥിതിദര്‍ശനങ്ങള്‍ ആണെന്ന് കാണാം. പരിസരം, വികസനം, നിലനില്പ്, സുസ്ഥിരത, സമാധാനം എന്നിവയെല്ലാം പരസ്​പരബന്ധിതമായ ഏകതാനതയെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.ഭൗതികവസ്തുക്കളോടുള്ള ഒടുങ്ങാത്ത ആസക്തി പ്രകൃതിവിരുദ്ധം മാത്രമല്ല അസന്മാര്‍ഗികം കൂടിയാണെന്ന് ഗാന്ധിജി ശക്തമായി വാദിച്ചുപോന്നിരുന്നു. സുഖഭോഗവസ്തുക്കളുടെ അമിത ഉത്പാദനത്തെ വാനോളം ഉയര്‍ത്തുന്നവര്‍, ഒരു നാള്‍ അത് നിര്‍ത്തിവെച്ച് വാദിക്കും; എന്താണ് ഞങ്ങള്‍ ചെയ്തുപോന്നതെന്ന്, എന്ന് ഗാന്ധിജി പറയുകയുണ്ടായി. ആഗോളതാപനവും കാലാവസ്ഥാമാറ്റവും അറ്റമില്ലാത്ത മാലിന്യക്കൂമ്പാരങ്ങളും എല്ലാം സൃഷ്ടിക്കുന്ന ദുരന്തത്തിന്റെ മുന്നില്‍ പകച്ചുനില്ക്കുന്ന ഇന്നത്തെ മനുഷ്യനെ ദീര്‍ഘവീക്ഷണം ചെയ്യാന്‍ ഗാന്ധിജിക്ക് കഴിഞ്ഞിരുന്നു എന്ന് സാരം. ഗാന്ധിജിയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു വാദഗതിയാണ്, ''പ്രകൃതിയുടെ അടിസ്ഥാന നിയമമാണ് സര്‍വരുടെയും ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ളത് ഈ പ്രകൃതി തരുമെന്നത്. പക്ഷേ, ഒരാളുടെയും ആര്‍ത്തിപൂരണത്തിനത് ഉതകുകയില്ല'' എന്നത്. ഗാന്ധിജിയുടെ ഈ വചനമാണല്ലോ സമകാലീന പരിസ്ഥിതിപ്രസ്ഥാനങ്ങളുടെയെല്ലാം അടിസ്ഥാനപ്രമാണം. തുടര്‍ച്ചയായി ആധുനികീകരിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന സമൂഹത്തിന്റെ മുമ്പില്‍ രണ്ടേ രണ്ട് സാധ്യതകളായിരുന്നു അന്ന് അദ്ദേഹം മുന്നോട്ടുവെച്ചിരുന്നത്. ഒന്നുകില്‍ വ്യവസ്ഥകള്‍ പൂര്‍ണമായി പരാജയപ്പെടുകയും താറുമാറാവുകയും സ്വയം തകരുകയും ചെയ്തുകൊണ്ട് സമ്പൂര്‍ണനാശംവരെ കാത്തുനില്ക്കുക. അല്ലെങ്കില്‍ ഇത്തരമൊരു നാശത്തിലെത്തുന്നതിന് മുമ്പ് സാമൂഹികവും വ്യക്തിനിഷ്ഠവുമായ തിരുത്തലുകള്‍ക്കും സമതുലനപ്പെടുത്തലിനും വിധേയമാക്കി സമ്പൂര്‍ണനാശത്തിനു മുമ്പേ വ്യവസ്ഥയെ സംരക്ഷിക്കുക. ഈ ഉപദേശമാണ് ഇന്ന് ഏറെ പ്രസക്തമായ വിഷയം.

*
                                                          പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: