Pages

Saturday, January 4, 2014

തങ്ങള്‍ പ്രദര്‍ശന വസ്തുക്കളല്ല എന്ന് ആദ്യം തിരിച്ചറിയേണ്ടതും സ്വയം പ്രദര്‍ശന വസ്തുക്കളാകാതിരിക്കാന്‍ ശ്രമിക്കേണ്ടതും സ്ത്രീകള്‍ തന്നെയാണ്.

തങ്ങള് പ്രദര്ശന വസ്തുക്കളല്ല എന്ന് ആദ്യം തിരിച്ചറിയേണ്ടതും
സ്വയം പ്രദര്ശന വസ്തുക്കളാകാതിരിക്കാന് ശ്രമിക്കേണ്ടതും സ്ത്രീകള് തന്നെയാണ്.
                ഓടുന്ന ബസ്സില്‍ വെച്ചു കൂട്ട മാനഭംഗത്തിനിരയായ ഡല്‍ഹി പെണ്‍കുട്ടിയുടെ ദുരന്താവസ്ഥ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ വന്‍ ജനകീയവികാരം ഉയര്‍ന്നു വരുന്നതിന് കാരണമായിട്ടുണ്ട്. ഇന്ത്യന്‍ തലസ്ഥാന നഗരിയെ പ്രക്ഷുബ്ദമാക്കിക്കൊണ്ട് ബഹുജന സമരങ്ങള്‍ നിരവധി  നടന്നു  ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്യുന്ന മനുഷ്യപ്പിശാചുക്കള്‍ക്ക് വധശിക്ഷ നല്‍കുന്നതടക്കമുള്ള അതിശക്തമായ നിയമ നിര്‍മാണത്തെക്കുറിച്ച് ഇന്ത്യന്‍ പാര്‍ലമെന്റ് ചര്‍ച്ച ചയ്തു വരുന്നു .
                      നിയമങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും കൂടുതല്‍ കാര്യക്ഷമമായി ഇത്തരം മനുഷ്യപ്പിശാചുക്കള്‍ക്കെതിരെയുള്ള നിയമനടപടികളുമായി മുന്നോട്ട് വരട്ടെ. അതോടൊപ്പം മറ്റു ചില ക്രിയാത്മക ചിന്തകളും സമീപനങ്ങളും കൂടി നമുക്ക്  അനിവാര്യമാണ് . വിജനമായ സ്ഥലങ്ങളിലും സാഹചര്യങ്ങളിലും ഏതാനും മനുഷ്യമൃഗങ്ങള്‍ ചെയ്തുകൂട്ടുന്ന ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് സര്‍ക്കാറുകളെയും പോലീസ് സംവിധാനങ്ങളെയും മാത്രം പഴി പറഞ്ഞു കൊണ്ട് നമുക്ക് എത്ര കാലം മുന്നോട്ടു പോകാന്‍ പറ്റും. ഇത്തരം ഭീതിതമായ സാഹചര്യങ്ങളിലേക്ക് നയിക്കുന്ന സാംസ്കാരിക ചുറ്റുപാടുകളെയും ജീവിത ശൈലികളെയും നമുക്ക് പാടേ അവഗണിക്കാന്‍ കഴിയില്ല. അവയ്ക്കും  തുല്യമായ പ്രാധാന്യമുണ്ടെന്ന് തിരിച്ചറിയാന്‍ പറ്റാത്തിടത്തോളം കാലം ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിച്ചെന്നിരിക്കും. സര്‍ക്കാരുകള്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും മാത്രമല്ല, വ്യക്തി തലത്തിലും കുടുംബതലത്തിലും ഓരോരുത്തര്‍ക്കും ചില ഉത്തരവാദിത്വങ്ങള്‍ ഇല്ലേ. സ്വയം മാറുവാനും വീടും കുടുംബവുമടങ്ങുന്ന പരിമിത വൃത്തത്തിലെങ്കിലും - ഏറ്റവും ചുരുങ്ങിയത് സ്വന്തം മക്കളിലെങ്കിലും - ചില മാറ്റങ്ങള്‍ വരുത്തുവാനും എളിയ ശ്രമങ്ങള്‍ ഉണ്ടാവേണ്ടതല്ലേ. 'ലോകത്തെ മാറ്റിമറിക്കുന്ന കാര്യം എല്ലാവരും ചിന്തിച്ചു തലപുകയ്ക്കുന്നു, എന്നാല്‍ സ്വയം  മാറുന്നതിനെക്കുറിച്ച്‌ ആരും ചിന്തിക്കുന്നില്ല' (Everyone thinks of changing the world, but no one thinks of changing himself) എന്ന ലിയോ ടോള്‍സ്റ്റോയിയുടെ അതിപ്രസിദ്ധമായ വാചകമാണ് ഓര്‍മയിലെത്തുന്നത്.


                       നമ്മുടെ മിക്ക സിനിമകളും പരസ്യങ്ങളും ചുമര്‍ചിത്രങ്ങളും സ്ത്രീകളെ പ്രദര്‍ശന വസ്തുക്കളായിട്ടാണ് അവതരിപ്പിക്കുന്നത്‌. ദൃശ്യ മാധ്യമങ്ങളുടെ ഓരോ ഫ്രെയിമിലും സ്ത്രീശരീരം മാര്‍ക്കറ്റ് ചെയ്യപ്പെടുന്നുണ്ട്. ആഭാസകരമായ ചുവടുകളും താളങ്ങളും നൃത്തങ്ങളും വാര്‍ത്താ ചാനലുകളില്‍ പോലും നിറഞ്ഞു നില്‍ക്കുകയാണ്. മാനുഷികമായ വികാരങ്ങളെ ഇക്കിളിപ്പെടുത്തി ഒരു 'ഞരമ്പ്‌രോഗ വ്യവസായം' സൃഷ്ടിക്കുവാനുള്ള ശ്രമങ്ങളാണ് എവിടെയും കാണുന്നത്. സിനിമാ നടികളുടെ സ്വാഭാവിക പ്രസവം വരെ എങ്ങിനെ ചിത്രീകരിച്ചു ഹിറ്റാക്കാമെന്നതാണ് സിനിമാ ലോകത്ത് നടക്കുന്ന ലേറ്റസ്റ്റ് പരീക്ഷണങ്ങള്‍. 'ബോള്‍ഡ് സെക്സും' അനുബന്ധ ആഭാസത്തരങ്ങളും കുത്തിനിറച്ച ന്യൂ ജനറേഷന്‍ ഉരുപ്പടികളും വേണ്ടത്ര വിറ്റഴിക്കപ്പെടുന്നു. ആര്‍ക്കും പരിഭവമോ പരാതിയോ ഇല്ല. സെന്‍സറിന്റെ കത്രികകളുമില്ല. ഇവക്കെതിരെ അല്പമെങ്കിലുംപ്രതികരിക്കുന്നവരെയൊക്കെ സദാചാര വാദികളെന്ന് പരിഹസിച്ച് പുച്ഛിക്കുവാനും ആളുകളേറെ. എന്നാല്‍ ഇതൊക്കെ കണ്ടും കേട്ടും സമനില തെറ്റുന്ന യുവത്വം ഞരമ്പ്‌ രോഗത്തിന്റെ അങ്ങേത്തലക്കല്‍ എത്തുമ്പോള്‍  കുറ്റം  ആരുടെതാണ് ? .ഇത്തരം പ്രശ്നങ്ങളോടുള്ള സമീപനങ്ങളില്‍ സ്ത്രീകള്‍ക്കുമാവാം ചില മാറ്റങ്ങള്‍.  'എങ്ങനെ വസ്ത്രം ധരിക്കണമെന്ന് ഞങ്ങളെ പഠിപ്പിക്കാന്‍ വരരുത്, മാന്യമായി പെരുമാറുവാന്‍ നിങ്ങളുടെ മക്കളെ പഠിപ്പിക്കുക' എന്നൊക്കെ  പറയുന്ന  സ്ത്രീകള്  ധാരാളം ഉണ്ട് . സ്ത്രീ സമൂഹത്തോട് ഒരഭ്യര്‍ത്ഥനയുണ്ട്. വസ്ത്ര ധാരണത്തില്‍ അല്പം മാന്യത നിങ്ങള്‍ക്കുമാവാം. ഒരു തിന്മയും പെട്ടെന്നൊരു നിമിഷത്തില്‍ പൊട്ടിപ്പിറക്കുന്നതല്ല. എത് തിന്മയും അതിലേക്കു നയിക്കപ്പെടുന്ന ചില സാഹചര്യങ്ങളുടെ കൂടി സൃഷ്ടിയാണ്. അവയെക്കൂടി തിരിച്ചറിയുന്ന ഒരു സാമൂഹ്യ സംസ്കാരം വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ നിങ്ങളുടെ കൂടി പങ്കുണ്ടാവണം. ഞങ്ങള്‍ എങ്ങിനെയും നടക്കും,എന്ന് പറയുന്നതും  പ്രവർത്തിക്കുന്നതും ആപത്താണ് .സമൂഹത്തില്‍ കള്ളന്മാരുണ്ട്‌ എന്ന് തിരിച്ചറിയുന്നത്‌ കൊണ്ടാണ് കിടന്നുറങ്ങുമ്പോള്‍ വാതില്‍ കുറ്റിയിടാന്‍ നാം മറന്നു പോകാത്തത്. കള്ളന്മാരേ നിങ്ങള്‍ നല്ല മനുഷ്യരാവൂ ഞങ്ങള്‍ വാതില്‍ തുറന്നിടാം എന്ന് പറയുന്നത് വിവരക്കേടാണ്. . തങ്ങള്‍ പ്രദര്‍ശന വസ്തുക്കളല്ല എന്ന് ആദ്യം തിരിച്ചറിയേണ്ടതും സ്വയം പ്രദര്‍ശന വസ്തുക്കളാകാതിരിക്കാന്‍ ശ്രമിക്കേണ്ടതും സ്ത്രീകള്‍ തന്നെയാണ്. (Ref:- Vallikunnu.com)

                                              പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: