Pages

Friday, January 3, 2014

ദുബായ് നഗരത്തിനു ഇനി ആഘോഷത്തിന്റെ നാളുകള്‍

ദുബായ് നഗരത്തിനു ഇനി ആഘോഷത്തിന്റെ നാളുകള്
                ദുബായ് നഗരത്തിനിനി ആഘോഷത്തിന്റെ ദിനങ്ങളാണ്. ഷോപ്പിങ്ങും ബംബര്‍ സമ്മാനങ്ങളും വൈവിധ്യമാര്‍ന്ന കാലാസാംസ്‌കാരിക പരിപാടികളും കരിമരുന്ന് പ്രയോഗങ്ങളും... ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ 19-ാം പതിപ്പിന് വ്യാഴാഴ്ച,2014 ജനുവരി  2 നു  തുടക്കമായി. അല്‍ സീഫ് സ്ട്രീറ്റില്‍ നടന്ന കാര്‍ണിവലായിരുന്നു ഉദ്ഘാടനദിനത്തിന്റെ മുഖ്യ ആകര്‍ഷണം. ദുബായ് നഗരത്തിന്റെ നാനാത്വത്തെ പ്രതീകവത്കരിച്ചുകൊണ്ട് വിവിധ രാജ്യക്കാര്‍ തങ്ങളുടെ പാരമ്പര്യവേഷത്തില്‍ ഘോഷയാത്രയില്‍ അണിനിരന്നു. നൃത്തവും സംഗീതവും ബാന്‍ഡ്‌മേളവും ഉള്‍പ്പെടുത്തിക്കൊണ്ട് അരങ്ങേറിയ കാര്‍ണിവല്‍ ആദ്യദിനംതന്നെ നഗരത്തിന് ഉത്സവച്ഛായ പകര്‍ന്നു.തുടര്‍ന്ന് ഏഴുമണിക്ക് കരിമരുന്ന് പ്രയോഗവും നടന്നു. പ്രധാന ആഘോഷകേന്ദ്രങ്ങളായ അല്‍ സീഫ് സ്ട്രീറ്റ്, അല്‍ റിഗ്ഗ സ്ട്രീറ്റ്, മുഹമ്മദ് ബിന്‍ റാഷിദ് ബോലേവാര്‍ഡ്, ജുമൈറയിലെ ദ വാക്ക്, ഗ്ലോബല്‍ വില്ലേജ് തുടങ്ങിയ കേന്ദ്രങ്ങളിലാണ് ആഘോഷങ്ങള്‍ അരങ്ങേറിയത്.

                 വൈകിട്ട് നാലുമണിക്ക് തന്നെ ഫെസ്റ്റിവല്‍ സിറ്റിയില്‍ കാര്‍പെറ്റ് ആന്‍ഡ് ആര്‍ട്‌സ് ഒയാസിസ് പ്രദര്‍ശനത്തിന് തുടക്കമായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിവിധ തരത്തിലുള്ള പരവതാനികളുടെ പ്രദര്‍ശനവും വില്പനയുമാണ് കാര്‍പെറ്റ് ആന്‍ഡ് ആര്‍ട്‌സ് ഒയാസിസില്‍ നടക്കുന്നത്. കൂടാതെ, അപൂര്‍വങ്ങളായ ശില്പങ്ങളും കരകൗശല വസ്തുക്കളും മേളയുടെ ഭാഗമാണ്. ബുര്‍ജ് പാര്‍ക്കില്‍ നടന്ന ഡി.എസ്.എഫ്. മ്യൂസിക് നൈറ്റ്‌സില്‍ ഫാരിസ്‌കറാമും ഹാതിം ആല്‍ ഇറാഖിയുമാണ് എത്തിയിരുന്നത്. അറബ് സംഗീതത്തിന്റെ മാസ്മരികതയുമായി എത്തിയ ഇരുവരും ആരാധകര്‍ക്ക് മറക്കാനാവാത്ത ഒരു ഡി.എസ്.എഫ്. രാവാണ് സമ്മാനിച്ചത്.മേളയുടെ ഭാഗ്യശാലികളെ തിരഞ്ഞെടുക്കുന്നതിനുള്ള ആദ്യ നറുക്കെടുപ്പിന് ഗ്ലോബല്‍ വില്ലേജ് വേദിയായി. രാത്രി പത്തുമണിക്കാണ് നറുക്കെടുപ്പ് നടന്നത്. നഗരത്തിലെ 6,000-ത്തോളം വരുന്ന ഔട്‌ലെറ്റുകളില്‍ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള പ്രൊമോഷനുകളും സമ്മാനങ്ങളും വ്യാഴാഴ്ച മുതല്‍ ലഭ്യമായിത്തുടങ്ങി. അല്‍ സീഫ് സ്ട്രീറ്റ്, അല്‍ റിഗ്ഗ, ഷിന്ദഗ ഹെറിറ്റേജ് വില്ലേജ്, ബുര്‍ജ് പാര്‍ക്ക് തുടങ്ങിയ ഇടങ്ങളില്‍ വെള്ളിയാഴ്ച ആഘോഷ പരിപാടികള്‍ നടക്കും. നാലു മണി മുതല്‍ 12 മണി വരെയാണ് വിവിധ കേന്ദ്രങ്ങളിലായി ആഘോഷപരിപാടികള്‍ അരങ്ങേറുക. വൈകിട്ട് 7.30-നാണ് അല്‍ സീഫില്‍ കാര്‍ണിവല്‍ നടക്കുക. റിഗ്ഗയില്‍ ബദൂവിയന്‍ ജീവിതരീതിയെ കുറിച്ചുള്ള പ്രദര്‍ശനവും നടക്കും. ഹെറിറ്റേജ് വില്ലേജ്, ജുമൈറ റെസിഡന്‍സ്, വിവിധ ഷോപ്പിങ് മാളുകള്‍ തുടങ്ങിയ ഇടങ്ങളിലും വെള്ളിയാഴ്ച വിവിധ പരിപാടികള്‍ അരങ്ങേറും.

                                                പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: