Pages

Thursday, December 26, 2013

ചൂലുകൊണ്ട് വിജയഗാഥയെഴുതിയ കേജ്​രിവാൾ

ചൂലുകൊണ്ട് വിജയഗാഥയെഴുതിയ
 കേജ്​രിവാൾ

ഡൽഹിയുടെ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നേതാവാകുകയാണ് അരവിന്ദ് കേജ്​രിവാൾ. ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ അട്ടിമറിച്ചത് മൂന്നുവട്ടം മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിനെ. ഇപ്പോൾ ഷീലയുടെ പാർട്ടിയുടെ പിന്തുണയും വാങ്ങി ആം ആദ്മി പാർട്ടി നേതാവ് അവരുടെ പിൻഗാമിയാവുകയാണ്.ഐ.ഐ.ടി ഖരഗ്പുരിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിംഗ് പാസായി 1995 ൽ ഇന്ത്യൻ റവന്യൂ സർവീസിലെത്തി. 2001 ൽ ആ ജോലി വിട്ടെറിഞ്ഞ് അഴിമതി ഭൂതത്തെ പിടിക്കാനിറങ്ങി. വിവരാവകാശ നിയമത്തിന്റെ ആവശ്യകതയ്​ക്കായി കേജ്​രിവാൾ നടത്തിയ പോരാട്ടമാണ് 2006 ൽ മഗ്സസെ അവാർഡിന് അദ്ദേഹത്തെ അർഹനാക്കിയത്.
അഞ്ചു വർഷം കഴിഞ്ഞ് അന്നാ ഹസാരെയുടെ സമരപ്പന്തലിൽ മറ്റു നേതാക്കൾക്കൊപ്പം കേജ്​രിവാളിനെ കാണുന്നു. ജൻ ലോക്പാൽ ബില്ലിനുവേണ്ടിയുള്ള ഹസാരെ സമരത്തിന്റെ വീറുള്ള പോരാളിയായി കേജ്​രിവാൾ ശ്രദ്ധിക്കപ്പെട്ടു.
ജൻ ലോക്പാലിനു പകരം സർക്കാർ ലോക്പാൽ ബിൽ കൊണ്ടുവരാൻ തീരുമാനിച്ചു. സമരത്തിന്റെ കൊടിയിറങ്ങിയപ്പോഴേക്കും ഹസാരെ അസ്​തമിക്കുകയും കേജ്​രിവാൾ ഉദിച്ചുയരുകയും ചെയ്​തിരുന്നു. ഇരുവരും തമ്മിൽ മാനസികമായി കാതങ്ങൾ അകലത്താവുകയും ചെയ്​തു.2012 നവംബറിൽ കേജ്​രിവാൾ ആം ആദ്മി പാർട്ടിക്കു രൂപം നൽകിയത് ഹസാരയെ ചൊടിപ്പിച്ചു. രാഷ്​ട്രീയക്കാരുടെ അഴിമതിക്കെതിരെ പൊരുതാനിറങ്ങുന്നതിനു പകരം രാഷ്​ട്രീയവേഷം ധരിച്ച് അവരുടെ കൂട്ടത്തിലേക്കു നീങ്ങുന്നത് അപചയമായി ഹസാരെ കണക്കാക്കി.
തിരഞ്ഞെടുപ്പ് അടയാളമായി ചൂൽ സ്വീകരിച്ച നേതാവ് ഡൽഹിയിലെ രാഷ്​ട്രീയക്കാരുടെ പതിവ് സുരക്ഷാ സന്നാഹങ്ങൾ കൂടാതെ തെരുവിലിറങ്ങി വോട്ടുതേടിയത് സാധാരണക്കാർക്ക് വിസ്​മയമായി. നേതാവും അണികളും ഗാന്ധിത്തൊപ്പി ധരിച്ച് സംശുദ്ധ രാഷ്​ട്രീയത്തിന്റെ പഴയ നാളുകളുടെ ഓർമ്മ ജനങ്ങളിലുണർത്തി.അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ പാത പിന്തുടർന്ന് ചെറു സംഭാവനകൾ സ്വീകരിക്കുകയും സംഭാവന നൽകിയവരുടെ പേര് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്​തു. അങ്ങനെ പിരിഞ്ഞുകിട്ടിയത് 20 കോടി രൂപ.
ആം ആദ്മി പാർട്ടിയെ റോബർട്ട് വാദ്ര മുൻപ് വിശേഷിപ്പിച്ചത് ‘വെള്ളരിക്കാ പട്ടണത്തിലെ മാങ്ങാ മനുഷ്യർ’ എന്നാണ്. പ്രചാരണഘട്ടത്തിൽ ഷീലാ ദീക്ഷിത് ചോദിച്ചത് ആരാണീ കേജ്​രിവാൾ എന്നാണ്. ആ ചോദ്യത്തിനും ഡൽഹിയിലെ ജനങ്ങൾ ഉത്തരം നൽകി.

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: