Pages

Thursday, December 12, 2013

അരവിന്ദ് കെജ്രിവാളും ആം ആദ്മി പാര്ട്ടിയും

അരവിന്ദ് കെജ്രിവാളും
ആം ആദ്മി പാര്ട്ടിയും

ചൂല് എന്നത് ഒരു അടയാളമായത് ഇപ്പോഴാണ്. മാറ്റത്തിനായുള്ള മനുഷ്യന്റെ കൊടിയടയാളവുമായി അരവിന്ദ് കെജ്രിവാള് എന്ന സാധാരണക്കാരന് (ആം ആദ്മി പാര്ട്ടി) വരുമ്പോള് ആള് അത്ര സാധാരണക്കാരന് അല്ല എന്നു മനസ്സിലാകുന്നു. ഒരു ബദല് രാഷ്ട്രീയപാര്ട്ടി തുടങ്ങുക, പ്രവര്ത്തനം തുടങ്ങി ഒരു വര്ഷത്തിനുള്ളില്ത്തന്നെ ഒരു സംസ്ഥാനത്തിന്റെ അതും രാജ്യതലസ്ഥാനം ഉള്പ്പെടുന്ന സംസ്ഥാനത്തിന്റെ ഭരണം തീരുമാനിക്കാന്തക്ക ഒരു ശക്തിയായി ഉയരുക... അത്ര നിസ്സാരമല്ല ഈ കയറ്റം. എന്ത് അദ്ഭുതമാണ്, കെജ്രിവാള് എന്ന ഈ സാമൂഹിക പ്രവര്ത്തകന് ഡല്ഹി ജനതയുടെ മേല് നടത്തിയത്?കോണ്ഗ്രസിന്റെ നീണ്ട വര്ഷങ്ങളിലെ ആധിപത്യം അത്രയേറെ മടുപ്പിച്ചിട്ടുണ്ടാകണം ജനങ്ങളെ. അല്ലെങ്കില് ഒറ്റ അക്കത്തില് കോണ്ഗ്രസ്സിന്റെ സീറ്റ് ചുരുങ്ങി പോകില്ലല്ലോ. കൂടുതല് സീറ്റു നേടിയ ഒറ്റക്കക്ഷിയായ ബി ജെ പിയോട് അത്ര താല്പ്പപര്യമില്ലാതിരുന്നിട്ടും വോട്ടു വീണിട്ടുണ്ടെങ്കില് അത് മോഡി ഇഫക്ടിന്റെ ഫലം കൂടിയാണ്. ചുരുക്കത്തില് ഡല്ഹി നിയമസഭാ സീറ്റുകള് കെജ്രിവാളും ബിജെപിയും പിടിച്ചെടുക്കുമ്പോള് നഗരത്തിലെ ചേരികളില് ഭരണകൂടം സമ്മാനിച്ച മുറിപ്പാടുകള് ഓര്ത്തുവച്ച ഒരു ജനതയോട് നന്ദി പറയേണ്ടതുണ്ട്. ഈ മുറിപ്പാടുകള് കാണാനുള്ള കണ്ണുണ്ടായതാണ്, കെജ്രിവാളിന്റെ ജയത്തിന്റെ സ്വാദ് കൂട്ടിയത്. ഇങ്ങനെ ഒരു വിഭാഗം ഉണ്ടെന്നും അവര്ക്കും അവകാശങ്ങളുണ്ടെന്നും എവിടെ വോട്ടു കുത്തണമെന്ന തിരിച്ചറിവ് ഉണ്ടെന്നും അധികാരികളെ അറിയിച്ച ആം ആദ്മി പാര്ട്ടിയുടെ പോരാളികള് ജയിക്കുക തന്നെ വേണം.
വൃത്തിയാക്കാനുള്ളതാണ്, ചൂല്. കുമിഞ്ഞു കൂടിക്കിടക്കുന്ന ചപ്പുചവറുകളും മാറാലയും അടിച്ചു വൃത്തിയാക്കി കഴിയുമ്പോള് ഐശ്വര്യം താനേ വരുമെന്ന് പണ്ടുള്ളവര് പറയും. അര്ത്ഥവത്തായ ഈ ആശയം നടപ്പാക്കാനായിരിക്കണം ആം ആദ്മി പാര്ട്ടി ചൂലു തന്നെ പാര്ട്ടി ചിഹ്നമായി തിരഞ്ഞെടുത്തത്. വോട്ടെണ്ണലില് ബിജെപിയുടെ തൊട്ടു പിന്നില് ഇരുപത്തിയൊന്പത് സീറ്റോടെ എത്തി ഡല്ഹിയെ തിശങ്കുവിലാക്കാന് സാധിച്ച കെജ്രിവാളിന്റെ പ്രതിപക്ഷസ്ഥാന തീരുമാനവും അഭിനന്ദനീയമാണ്. ഒരു സംസ്ഥാനത്തിന്റെ ഭരണം കൈകാര്യം ചെയ്യുന്നതിനേക്കാള് സ്ഥിരതയും ആത്മാര്ത്ഥതയും വേണം പ്രതിപക്ഷത്തിരിക്കാന്. ഇവിടെയും കെജ്രിവാള് ഒരു ബുദ്ധിയുള്ള നേതാവാണെന്ന് തെളിയിച്ചു. ഡല്ഹിയില് ബി.ജെ.പി. ഒരു സര്ക്കാരുണ്ടാക്കിയാല് ഇനിയുള്ള വര്ഷങ്ങള് അദ്ദേഹത്തിന് നിര്ണായകമാണ്, ഇത്ര നാള് അറിയാത്ത പാര്ലമെന്ററി രാഷ്ട്രീയത്തിന്റെ വഴിയില് ഏറെ ദൂരം മുന്നോട്ടു നടക്കാനും അടവുകള് പഠിക്കാനും അഴിമതിക്കെതിരേ പോരാടാനും പ്രതിപക്ഷ നേതൃസ്ഥാനം തന്നെയാണ് മികച്ചത്. മറിച്ച് നിയമസഭ പിരിച്ചുവിട്ട് വീണ്ടും തെരഞ്ഞെടുപ്പാണെങ്കില് പാര്ട്ടിയെ ഭരണത്തിലേയക്ക് നയിക്കാനുള്ള ദൗത്യവും.എന്താണ് ഈ ആം ആദ്മി പാര്ട്ടി? ആരാണീ അരവിന്ദ് കെജരിവാള്?
ആം ആദ്മി എന്ന വാക്കിന്റെ അര്ത്ഥമായ സാധാരണക്കാരന് എന്ന നിലയില് തന്നെയാണ്, ഈ പാര്ട്ടിക്കു പ്രസക്തിയുള്ളത്. അഴിമതി വിരുദ്ധമായ ജനകീയ നിലപാടുകള്കൊണ്ട് ശ്രദ്ധയാകര്ഷിക്കാന് പാര്ട്ടിയുടെ തലതൊട്ടപ്പനായ കെജരിവാളിനു കഴിഞ്ഞുതാനും. ഇടയ്ക്ക് ആം ആദ്മി പാര്ട്ടിയ്ക്കെതിരേ സാമ്പത്തിക ആരോപണം ഉന്നയിച്ചിരുന്നുവെങ്കിലും അതൊന്നും പൊതുജനങ്ങളുടെ മുമ്പില് വിലപ്പോയില്ല. വരവിന്റേയും ചിലവിന്റേയും കണക്കൊന്നും ആരും ആവശ്യപ്പെട്ടതുമില്ല, ഒരു ബദല് സംവിധാനമായിരുന്നു പൊതുജനത്തിനു വേണ്ടിയിരുന്നതെന്ന് ഈ തെരഞ്ഞെടുപ്പു ഫലത്തിലൂടെ സമൂഹം ഉറക്കെ വിളിച്ചു പറയുന്നു.
ആം ആദ്മി പാര്ട്ടിയുടെ ആദ്യ വിപ്ലവം ദില്ലിയിലെ ഉള്നാടന് പ്രദേശങ്ങളിലായിരുന്നു. ഇലക്ഷനു വോട്ടുചെയ്യാന് പോവുകപോലും ചെയ്യാത്ത, എല്ലാ രാഷ്ട്രീയപാര്ട്ടികളും ഉപേക്ഷിച്ച ഒരു ഗ്രാമത്തിലെ വൈദ്യുതിപ്രശ്നത്തെ നേരിടാന് കെജ്രിവാള് അവര്ക്ക് പഠിപ്പിച്ചു കൊടുത്തു. ആയിരത്തിനു മുകളില് വരുന്ന വൈദ്യുതബില് സ്വകാര്യവത്കരിച്ച വൈദ്യുത വകുപ്പിന്റെ അഹങ്കാരമായിരുന്നു. അതിനെതിരേ കെജ്രിവാളിന്റെ നേതൃത്വത്തിലാണ്, ജനകീയ സമരം നടന്നത്, അത് വിജയമാവുകയും ചെയ്തു. സിവില് സര്വ്വീസ് എന്ന ഗ്ലാമറുള്ള കുപ്പായം ഊരി മാറ്റിയിട്ടാണ്, അരവിന്ദ് കെജരിവാള് എന്ന നായകന് അങ്കക്കളത്തില് ഇറങ്ങിയത്. അഴിമതിവിരുദ്ധ സേന രൂപീകരിച്ചത്. വിവരാകാശ നിയമങ്ങള് ഉപയോഗിച്ച് ജനസേവനം നടത്താന് അദ്ദേഹത്തിനായിട്ടുമുണ്ട്.

ആം ആദ്മി പാര്ട്ടിയുടെ ചൂല് ഒരു അടയാളമാണ്, ഒരു ചൂണ്ടു പലകയുമാണ്. മനുഷ്യന്റെ കണ്ണില് പൊടിയിട്ട് ഭരണത്തില് കയറി അവിടെ ഇരുന്ന് കോടികള് സ്വന്തം ഖജനാവിലും സ്വിസ്സ് ബാങ്കിലും നിറയ്ക്കുന്നവര്ക്കെതിരേയുള്ളപ്രതിഷേധമാണ്  ഡൽഹി  തെരഞ്ഞടുപ്പീലൂടെ  പുറത്തുവന്നത് .

No comments: