തൊടിയിലെ മരുന്നുചെടികളെ തിരിച്ചറിയുക
പല രോഗങ്ങൾക്കും നല്ല മരുന്ന് വീട്ടുത്തൊടിയിലും അടുക്കളയിലും അതല്ലെങ്കിൽ കൈയ്യെത്തും ദൂരത്തുമുണ്ട്, നമ്മളത് അറിയാറില്ലെങ്കിൽ പോലും. പണ്ടുകാലത്ത് മുത്തശ്ശിമാർ നിർദ്ദേശിക്കുന്ന മരുന്നും വീട്ടിലുള്ളതായിരുന്നു. കാലം മാറിയപ്പോൾ വീട്ടുമരുന്നുകളും മറവിയിലായി. അവ ഏതാണെന്ന് നോക്കാം.
കുന്പളങ്ങനീരിൽ തേൻചേർത്ത് രാത്രി കിടക്കുന്നതിനുമുന്പ് സേവിച്ചാൽ നല്ല ഉറക്കം കിട്ടും. രാവിലെ അമ്പതു മില്ലിലിറ്റർ കുന്പളങ്ങനീരു കുടിച്ചാൽ പൊണ്ണത്തടി കുറയുകയും കുടവയർ ചുരുങ്ങുകയും ചെയ്യും. കുന്പളങ്ങ ധാരാളമുപയോഗിച്ചാൽ മൂത്രം ഒഴിക്കുന്പോഴുണ്ടാകുന്ന എരിച്ചിലും മൂത്രതടസ്സവും ഉണ്ടാകില്ല. കുന്പളങ്ങയുടെ കുരു ഉണക്കിപ്പൊടിച്ച് രാവിലെ ചൂടുവെള്ളത്തിൽ കലർത്തി കുടിച്ചാൽ മൂത്രാശ്മരി (മൂത്രത്തിലെ കല്ല്) എന്ന രോഗം മാറിക്കിട്ടും. വയറ്റിലുണ്ടാകുന്ന കൃമികൾ നശിക്കാനും ഇതു നല്ലതാണ്.
തഴുതാമ കരളിന്
ചുവന്ന തഴുതാമ നിക്ടാജിനേസി കുടുംബത്തിൽപ്പെട്ട ബൊയർഹാവിയ ഡിഫ്യൂസയും, വെളുത്ത തഴുതാമ ഐസോനേസി കുടുംബത്തിൽപ്പെട്ട ട്രയാന്തിമ പോർട്ടുല കോസ്ട്രവും ആണ്. രണ്ടിനത്തിനും ഔഷധഗുണം ഏതാണ്ട് ഒരുപോലെയാണ്. തഴുതാമയിൽ ട്രയാന്തിവിൻ, പുനർന്നവിൻ എന്നീ ആൽക്കലോയിഡുകൾ അടങ്ങിയിട്ടുണ്ട്. പൊട്ടാസിയം നൈട്രേറ്റ് ധാരാളം അടങ്ങിയിട്ടുള്ളതുകൊണ്ട് മൂത്രവിസർജക (ഡയൂറെറ്റിക്ക്) ഉത്തേജകഔഷധമായി തഴുതാമ ഉപയോഗിച്ചുവരുന്നുണ്ട്. തഴുതാമയുടെ ഇല, തണ്ട്, വേര് എന്നിവയ്ക്കെല്ലാം ഔഷധഗുണമുണ്ട്. തഴുതാമ സമൂലം ഇടിച്ചുപിഴിഞ്ഞ നീരിൽ തഴുതാമവേര് കൽക്കമാക്കി വെളിച്ചെണ്ണകാച്ചി തലയിൽ തേച്ചാൽ വാതരക്തം ശമിക്കുകയും നീരിറക്കം വിട്ടുമാറുകയും ചെയ്യും.
ബ്ളീഡിംഗ് പൈൽസ് (രക്താർശ്ശസ്) ഉള്ള രോഗികൾക്ക് തഴുതാമ വേര് ചതച്ച് കിഴിക്കെട്ടി പശുവിൻപാലിൽ ഇട്ട് കാച്ചിക്കൊടുത്താൽ രക്തസ്രാവം നിൽക്കും. തഴുതാമ സമൂലം അരച്ച് പത്തുഗ്രാം അല്പം തേൻചേർത്ത് മൂന്നുനേരം സേവിച്ചാൽ പഴുതാര, തേൾ ഇവ കുത്തിയാലുണ്ടാകുന്ന നീരും വേദനയും മാറും.
തഴുതാമ വേരും ഞെരിഞ്ഞിലും സമം കഷായംവച്ച് അതിരാവിലെ വെറും വയറ്റിൽ കുടിച്ചാൽ മൂത്രത്തിലെ കല്ല് അലിഞ്ഞുപോകും. മൂത്രം ഒഴിക്കുന്പോഴുണ്ടാകുന്ന എരിച്ചിലും മൂത്രക്കടച്ചിലും മാറിക്കിട്ടും. തഴുതാമയില ഒന്നാന്തരം ഇലക്കറിയായിട്ടുപയോഗിക്കാവുന്നതാണ്. ഹൃദ്രോഹം, വൃക്കരോഗം, കരൾരോഗം, പ്ളീഹരോഗം എന്നീ അസുഖമുള്ളവർക്ക് തഴുതാമയിലക്കറി പഥ്യാഹാരമാണ്. മൂത്രം ധാരാളം ഒഴിഞ്ഞുപോവുകയും മലശോധന ക്രമമായിട്ടുണ്ടാകുകയും ചെയ്യും.
നായ്ക്കുരണ വാജീകരണത്തിന്
നായ്ക്കുരണവേരിട്ട് കാച്ചിക്കുറുക്കിയ പാലിൽ പഞ്ചസാര ചേർത്ത് കഴിച്ചാലും ലൈംഗികശേഷി വർദ്ധിക്കും. നായ്ക്കുരണ വേരിട്ട് കുറുക്കിയ പാലിൽ എള്ള് അരച്ച് ഉണക്കിപ്പൊടിച്ച് പഞ്ചസാരയും തേനും ചേർത്തുകഴിച്ചാൽ ലൈംഗിക ബലഹീനത ഉണ്ടാകില്ല.നായ്ക്കുരണ വിത്തിന്റെ തോടിനുപുറത്തുണ്ടാകുന്ന രോമം ദേഹത്ത് വീണാൽ അസഹ്യമായ ചൊറിച്ചിലുണ്ടാകും. (നെയ്യ് ദേഹത്തു തേച്ച് ചൂടുവെള്ളത്തിൽ കുളിച്ചാൽ ചൊറിച്ചിൽ ശമിക്കും). എന്നാൽ വയറ്റിലുണ്ടാകുന്ന വിരകളെ നശിപ്പിക്കാൻ നായ്ക്കുരണപ്പൊടി ഒന്നാംതരം ഔഷധമാണ്. നായ്ക്കുരണയില അരച്ചിട്ടാൽ കുരു പെട്ടെന്ന് പൊട്ടിപോകും.
അസ്ഥിസ്രാവത്തിന് മുക്കുറ്റി
ശുചിത്വം പാലിക്കാത്തതുകൊണ്ടും മലിനവസ്ത്രങ്ങൾ ധരിക്കുന്നതുകൊണ്ടും ത്രിദോഷങ്ങൾ (വാത,പിത്ത, കഫങ്ങൾ) കോപിച്ചുള്ള ഈ അസുഖം ഉണ്ടാകുന്നു. മുളക്, പുളി, ഉണക്കമത്സ്യം ഇവ വർജിക്കണം. മത്സ്യമാംസാദികൾ പ്രത്യേകിച്ചും കോഴിമുട്ട, കോഴിയിറച്ചി ഇവ ഉപേക്ഷിക്കണം. മുക്കുറ്റി സമൂലം അരച്ചത് ഒരു ടീസ്പൂൺ, ഒരു ടീസ്പൂൺ ചെറുതേനും ചേർത്ത് കാലത്തും വൈകിട്ടും രണ്ടാഴ്ച കഴിച്ചാൽ ഈ അസുഖം പൂർണമായി സുഖപ്പെടും. ഈ ഔഷധസേവകൊണ്ട് ദോഷഫലങ്ങൾ ഒന്നുംഉണ്ടാകില്ല. ശതാവരിക്കിഴങ്ങ് 30 ഗ്രാം ആരും മൊരിയും കളഞ്ഞ് ചതച്ച് കിഴികെട്ടി ഉരി പശുവിൻ പാലിൽ നാഴി വെള്ളം ചേർത്ത് പാലളവാക്കി വറ്റിച്ച് പഞ്ചസാര ചേർത്ത് കഴിച്ചാലും അസ്ഥിസ്രാവം മാറും.
പ്രൊഫ്.ജോണ് കുരാക്കാർ
No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar