Pages

Thursday, December 12, 2013

എന്റെ കഥാപാത്രങ്ങള്‍ വേദനയില്‍ നിന്ന് ജനിച്ചവര്‍

എന്റെ കഥാപാത്രങ്ങള്‍
വേദനയില്‍ നിന്ന് ജനിച്ചവര്‍
 കിം കി ഡുക്ക്

''മനുഷ്യരുടെ വേദനയില്‍ നിന്നാണ് ഞാന്‍ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത്. നിരന്തരം യാത്ര ചെയ്യുന്നു. ചില സ്ഥലങ്ങളിലെത്തുമ്പോള്‍ ഇവിടെയാണിനി എന്റെ അടുത്ത സിനിമ ചിത്രീകരിക്കേണ്ടത് എന്ന് തീരുമാനിക്കുന്നു. മനുഷ്യരുള്ളയിടങ്ങളെല്ലാം ലൊക്കേഷനുകളാണ്. കേരളവും മനോഹരമായ ലൊക്കേഷനാണ്'' - തിങ്ങിനിറഞ്ഞ പത്രലേഖകര്‍ക്ക് മുന്നില്‍ വിശ്രുത ചലച്ചിത്രകാരന്‍ കിം കി ഡുക്ക് പറഞ്ഞു. കേരളത്തെയും മലയാളത്തെയും ഇവിടത്തെ ആരാധകരെയും കുറിച്ച് നേരത്തേ അറിയില്ലായിരുന്നുവെന്ന് കിം കി ഡുക്ക് നിഷ്‌കളങ്കതയോടെ പറഞ്ഞു. കേരളത്തെക്കുറിച്ച് കേള്‍ക്കുന്നത് കഴിഞ്ഞതവണ ഗോവന്‍ ചലച്ചിത്രമേളയില്‍ വെച്ചാണ്. അവിടെ വെച്ചാണ് അറിയുന്നത് ഇവിടെ എന്റെ സിനിമകള്‍ക്ക് ആരാധകരുണ്ടെന്ന്. ഇവിടെയെത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു, മലയാളമെന്നാല്‍ എന്താണെന്ന്. പ്രഭാത നടത്തത്തിനിടയില്‍ മനസ്സിലാക്കി ഇവിടം സിനിമയ്ക്ക് പറ്റിയ മനോഹരമായ സ്ഥലമാണ്. മനുഷ്യ ജീവിതങ്ങളുള്ളിടങ്ങളെല്ലാം സിനിമയുടെ ലൊക്കേഷനുകളാണ്. 
           കിം കി ഡുക്ക് സിനിമകളില്‍ വയലന്‍സിന്റെ അതിപ്രസരത്തെക്കുറിച്ചുള്ള ചോദ്യത്തിന് ചിരിച്ചുകൊണ്ട് കിം കി ഡുക്കിന്റെ മറുപടി ഇതായിരുന്നു. ''വയലന്‍സില്‍ സൗന്ദര്യമുണ്ട്. വയലന്‍സ് എന്നെയും അസ്വസ്ഥമാക്കുന്നുണ്ട്. എന്നാല്‍ സിനിമയില്‍ വയലന്‍സിന്റെ സുന്ദരമുഖമാണ് ആവിഷ്‌കരിക്കുന്നത്. അതിന്റെ വികൃതമുഖമല്ല.'' 'മോബിയസ്' എന്ന ചിത്രത്തില്‍ ലിംഗം ഛേദിക്കുന്ന ദൃശ്യം പ്രതീകാത്മകമാണെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ ക്രൂരമായ രംഗങ്ങളെ വേര്‍തിരിച്ചു കാണേണ്ടതില്ല. സിനിമയുടെ പൂര്‍ണതയാണ് നോക്കേണ്ടത്.ഋതുഭേദങ്ങളുടെ വിവിധ ഭാവങ്ങള്‍ ചിത്രീകരിച്ച 'സ്​പ്രിങ്ങ് സമ്മര്‍ വിന്റര്‍ ഫാള്‍' എന്ന കിം കി ഡുക്ക് ചിത്രത്തിന്റെ ഷൂട്ടിങ് ഒരു വര്‍ഷം നീണ്ടിരുന്നുവല്ലോ എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ''വെറും ഇരുപതുദിവസം കൊണ്ടാണ് ആ സിനിമ ചിത്രീകരിച്ചത്.'' ഈ വെളിപ്പെടുത്തലിന് മുന്നില്‍ വിസ്മയഭരിതരായവരോട് അദ്ദേഹം പറഞ്ഞു. ''അതങ്ങനെ അങ്ങ് ഷൂട്ട് ചെയ്യുകയായിരുന്നു.'' 'ശിശിരകാലം' എങ്ങനെ ഷൂട്ട് ചെയ്തുവെന്ന് ചോദ്യത്തിന് മഞ്ഞ് പൊഴിഞ്ഞുവീഴുന്നതായി ആംഗ്യത്തിലൂടെ കാണിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു: അതങ്ങനെ ഷൂട്ട് ചെയ്തു.സെന്‍ ബുദ്ധിസ്റ്റാണോയെന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താന്‍ മാന്ത്രികനുമല്ല. തന്റെ കഥാപാത്രങ്ങളെല്ലാം മാനുഷിക മൂല്യങ്ങളുള്ളവരാണ്. എല്ലാ മതങ്ങളും ഒരുപോലെയാണ്.
30 വയസ്സുവരെ സിനിമ പോലും കണ്ടിട്ടില്ലെന്ന് ഈ വിഖ്യാത സംവിധായകന്‍ പറഞ്ഞു. കോഫി മേക്കിങ് ഉള്‍പ്പെടെ പല ജോലികളും ചെയ്തിട്ടുണ്ട്. എല്ലാ ജോലികളും ചെയ്യാന്‍ ഇഷ്ടവുമാണ്. ഇതിലേറ്റവുമിഷ്ടം കോഫി മേക്കര്‍ ഉണ്ടാക്കാനാണ്. തന്റെ സിനിമകളില്‍ സ്ത്രീ-പുരുഷ ബന്ധങ്ങളെ വികലീകരിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് കിം കി ഡുക്കിന്റെ മറുപടി ഇതായിരുന്നു. ''സിനിമ ജീവിതത്തിന്റെ പ്രതിഫലനമാണ്. ജീവിതം തന്നെ ഒരു ഇമേജാണ്. ഈ ഇമേജുകളാണ് തന്റെ സിനിമകളിലും വരുന്നത്. മനുഷ്യന്റെ ദുഃഖങ്ങളെല്ലാം അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. കഥാപാത്രങ്ങളുടെ സംവേദനക്ഷമതയുടെ അളവ് ജീവിതത്തിന്റെ ദുഃഖങ്ങളില്‍ നിന്നാണ് വരുന്നത്. മനുഷ്യന്റെ വേദനകള്‍ തന്നെയാണ് സിനിമയിലുമുള്ളത്'' - കിം കി ഡുക്ക് പറഞ്ഞു. 

                                                    പ്രൊഫ്‌. ജോണ്‍ കുരാക്കാർ 
                                      


No comments: