ഉത്രാടം തിരുനാള് മാര്ത്താണ്ഡവര്മയ്ക്ക് നാടിന്റെ സ്നേഹാഞ്ജലി.
രാജയുഗപ്പെരുമയ്ക്ക്
അവസാനത്തെ എഴുന്നള്ളത്ത്. രാജഭരണകാലത്തിന്റെ അവസാനത്തെ പ്രതീകവും തിരുവിതാംകൂര്‍ രാജവംശത്തിന്റെ ഇപ്പോഴത്തെ
'വലിയ തമ്പുരാനുമായ'ഉത്രാടം തിരുനാള്
മാര്ത്താണ്ഡവര്മയ്ക്ക്
നാടിന്റെ സ്‌നേഹാഞ്ജലി. തിരുവിതാംകൂറിലെ അവസാനത്തെ
ഇളയരാജാവും ചേരവംശത്തിന്റെ അമ്പത്തിയഞ്ചാമത് അധികാരിയുമായ ഉത്രാടം തിരുനാള്‍
മാര്‍ത്താണ്ഡവര്‍മയുടെ
ഭൗതിക ശരീരം കവടിയാര്‍
കൊട്ടാരവളപ്പിലെ ചിതയില്‍ അഗ്‌നിയേറ്റുവാങ്ങിയതോടെ
രാജഭരണത്തിന്റെ കുലീന പര്‍വം ഓര്‍മയായി.
തിങ്കളാഴ്ച പുലര്‍ച്ചെ
2.20 നാണ് പട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ
അന്ത്യശ്വാസം വലിച്ചത്. 91 വയസ്സായിരുന്നു. ശ്വാസതടസ്സത്തെത്തുടര്‍ന്ന്
ഡിസംബര്‍ ആറിനായിരുന്നു അദ്ദേഹത്തെ
ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച
അര്‍ധരാത്രിവരെ
ആരോഗ്യ നില തൃപ്തികരമായിരുന്നുവെങ്കിലും
തിങ്കളാഴ്ച പുലര്‍ച്ചെ
ആന്തരിക രക്തസ്രാവമുണ്ടായതോടെ വഷളായിത്തുടങ്ങി. രണ്ടേമുക്കാലോടെ അദ്ദേഹം നാടുനീങ്ങിയതായി, അനന്തിരവനും
രാജകുടുംബത്തിന്റെ അനന്തരാവകാശിയുമായ മൂലംതിരുനാള്‍ രാമവര്‍മ സ്ഥിരീകരിച്ചു.
ഉത്രാടം തിരുനാളിന്റെ സഹാദരി കാര്‍ത്തിക തിരുനാളിന്റെയും ഗോദവര്‍മ
രാജയുടെയും മകനായ മൂലം തിരുനാള്‍ രാമവര്‍മയുടെ കാര്‍മികത്വത്തില്‍, രാവിലെ അഞ്ചുമണിയോടെ
മൃതദേഹം, കോട്ടയ്ക്കകത്ത് ലെവിഹാളിലെത്തിച്ചു.
എല്ലാദിനവും
തിരുവിതാംകൂര്‍ രാജാവ് അനുഷ്ഠിക്കേണ്ട
ക്ഷേത്രപ്രദക്ഷിണം അനുസ്മരിച്ച്, ഒരുതവണ വാഹനത്തില്‍
ക്ഷേത്രം വലംവെച്ചാണ് മൃതദേഹം ലെവിഹാളിലെത്തിച്ചത്.ക്ഷേത്രത്തിലെ
പെരിയനമ്പി മരുതംപാടി നാരായണന്‍
പദ്മനാഭനും ശാന്തി ഗോശാല വിഷ്ണുനാരായണനും
ദിവസവും തമ്പുരാന് നല്‍കുന്ന 'തൃക്കൈ പ്രസാദവും'
ശ്രീപദ്മനാഭന് ചാര്‍ത്തിയ ചുവന്ന പട്ടുമായി
ലെവിഹാളിലെത്തി. മൂലംതിരുനാള്‍ രാമവര്‍മ അവ
ഏറ്റുവാങ്ങി. അദ്ദേഹം അമ്മാവന്റെ നെറ്റിയില്‍ ചന്ദനം ചാര്‍ത്തി.
തീര്‍ത്ഥം
ചുണ്ടിലിറ്റിച്ചു. ചെമ്പട്ട് പുതപ്പിച്ചു. തുടര്‍ന്ന്
ജാതിമതഭേദമെന്യേ ജനം അന്ത്യദര്‍ശനത്തിനായി
ലെവിഹാളിലേക്കൊഴുകി. ആയിരങ്ങളുടെ അശ്രുപുഷ്പങ്ങള്‍ ഏറ്റിവാങ്ങിയശേഷം, മൃതദേഹം
മദ്രാസ് റെജിമെന്റിലെ സൈനികര്‍ ഏറ്റുവാങ്ങി.
സ്വാതന്ത്ര്യാനന്തരം മദ്രാസ് റെജിമെന്റിന്റെ ഭാഗമായ
ട്രാവന്‍കൂര്‍ ആര്‍മിയില്‍ ലഫ്റ്റനന്റ്
കേണലായിരുന്ന ഉത്രാടം തിരുനാളിന്റെ ഭൗതിക
ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര അനന്തപുരിയുടെ ഹൃദയത്തിലൂടെ
നീങ്ങി. വൈകീട്ട് നാലോടെ വിലാപയാത്ര
കവടിയാര്‍ കൊട്ടാരവളപ്പിലെത്തി. തിരുവിതാംകൂറിന്റെ
അവസാന രാജാവ് ചിത്തിര തിരുനാള്‍ ബാലരാമവര്‍മ അന്ത്യവിശ്രമം
കൊള്ളുന്ന പഞ്ചവടിക്കരികിലുള്ള ഗാര്‍ഡ് റൂമില്‍ മൂലംതിരുനാള്‍
അന്ത്യകര്‍മങ്ങള്‍ ചെയ്തു. കാര്‍ത്തിക
തിരുനാളിനെ അടക്കംചെയ്തതിന് തൊട്ടടുത്താണ് ഉത്രാടം തിരുനാളിന് ചിതയൊരുക്കിയത്.
അഞ്ചുമണിയോടെ മൂലംതിരുനാള്‍ രാമവര്‍മ ചിതയ്ക്ക്
തീകൊളുത്തി. ചെങ്കോലും കിരീടവും ശ്രീപദ്മനാഭന്
അടിയറവെച്ച് രാജ്യംഭരിച്ച തിരുവിതാംകൂര്‍ രാജാക്കന്‍മാരുടെ എളിമയും പ്രൗഢിയും
പാണ്ഡിത്യവും എന്നും കാത്തുസൂക്ഷിച്ചിരുന്ന ഉത്രാടം
തിരുനാള്‍ നാളിതുവരെ പാരമ്പര്യ
ആചാരങ്ങളില്‍ മുടക്കം വരുത്തിയിരുന്നില്ല.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ലക്ഷം കോടി
വിലമതിക്കുന്ന മഹാനിധിയുടെ കാര്യം ലോകമറിഞ്ഞ് ഞെട്ടിയപ്പോഴും
ക്ഷേത്ര സംരക്ഷകനായ ഉത്രാടം തിരുനാള്‍ അഭിജാതമായ മൗനം
പാലിച്ചു.
എല്ലാദിനവും
രാവിലെ ഏഴരയ്ക്ക് രാജമുദ്രയുള്ള വാഹനത്തിലെ
ക്ഷേത്രദര്‍ശനം,
ഉടവാളുമേന്തി ആറാട്ടിനും പള്ളിവേട്ടയ്ക്കുമുള്ള അകമ്പടിയേകല്‍ എന്നിവയെല്ലാം അനാരോഗ്യ
കാലത്തുപോലും അദ്ദേഹം തുടര്‍ന്നു. 1922 മാര്‍ച്ച് 22 ന് രവിവര്‍മ
കൊച്ചുകോയിത്തമ്പുരാന്റെയും
മൂലംതിരുനാള്‍ പാര്‍വതിബായിയുടെയും മൂന്നാമത്തെ മകനായാണ് ഉത്രാടം തിരുനാള്‍ ജനിച്ചത്. 56-ാം
ദിനം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ
ഒറ്റക്കല്‍ മണ്ഡപത്തില്‍
കിടത്തി പദ്മനാഭദാസനാക്കി. 1931 ല്‍
ജ്യേഷ്ഠന്‍ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ തിരുവിതാംകൂര്‍ രാജാവായതോടെ, ഉത്രാടം
തിരുനാള്‍ ഇളയരാജാവായി പ്രഖ്യാപിക്കപ്പെട്ടു.
തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ നിന്ന
ഫസ്റ്റ് ക്ലാസോടെ ബിരുദം നേടിയശേഷം
ലണ്ടനില്‍ ഉപരിപഠനം നടത്തി.
1952-ല്‍ ബാംഗ്ലൂരിലേക്ക് താമസം
മാറുകയും പ്ലൈമോത്ത് കമ്പനിയില്‍ ഉദ്യോഗസ്ഥനായി
ചുമതലയേല്‍ക്കുകയും
ചെയ്തു. 1991-ല്‍
ചിത്തിര തിരുനാള്‍ നാടുനീങ്ങിയപ്പോള്‍ അദ്ദേഹം തിരുവനന്തപുരത്തേക്ക്
തിരിച്ചെത്തുകയും തിരുവിതാംകൂര്‍ രാജവംശത്തിന്റെ 'വലിയ
തമ്പുരാന്‍' സ്ഥാനമേറ്റെടുക്കുകയും ചെയ്തു.
പിന്നീട് തലസ്ഥാനത്തിന്റെ സാംസ്‌ക്കാരിക,
സാമൂഹിക മേഖലകളില്‍ ചൈതന്യ
സാന്നിധ്യമാകാന്‍ മാര്‍ത്താണ്ഡവര്‍മയ്ക്ക്
കഴിഞ്ഞു. വേദാന്തം, ശാസ്ത്രം, ഫോട്ടോഗ്രഫി,
ബിസിനസ്, വാഹനം എന്നിവയില്‍
മാര്‍ത്താണ്ഡവര്‍മയുടെ
കമ്പവും ജ്ഞാനവും പ്രസിദ്ധമാണ്. തിരുവിതാംകൂറിന്റെ
ചരിത്രത്തിലേക്കുള്ള ജാലകമാണ് അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫുകള്‍. 'തൃപ്പടിദാനം' എന്ന
ആത്മകഥ 'മാതൃഭൂമി'യാണ് പ്രസിദ്ധീകരിച്ചത്.
വിഷ്ണുസഹസ്രനാമത്തെക്കുറിച്ചുള്ള
ഇംഗ്ലീഷ് വ്യാഖ്യാനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരേതയായ രാധാദേവിയാണ് ഭാര്യ.
മകന്‍ പദ്മനാഭവര്‍മ.
മകള്‍ പാര്‍വതിദേവി.
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ
നിര്യാണത്തെത്തുടര്‍ന്ന്
തിങ്കളാഴ്ച തിരുവനന്തപുരം ജില്ലയ്ക്ക് സര്‍ക്കാര്‍ പൊതുഅവധി
പ്രഖ്യാപിച്ചിരുന്നു. എല്‍.ഡി.എഫിന്റെ
ക്ലിഫ് ഹൗസ് ഉപരോധ സമരവും
മാറ്റിവെച്ചിരുന്നു.
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment