മരങ്ങളിൽ പരസ്യബോർഡുകൾ സ്ഥാപിക്കരുത്--- ഹൈക്കോടതി
മരങ്ങളില് ഹോര്ഡിംഗുകളോ പരസ്യങ്ങളോ സ്ഥാപിക്കുന്നത് തടഞ്ഞ് ഒരു മാസത്തിനകം സര്ക്കാര് ഉത്തരവിടണമെന്നു ഹൈക്കോടതി. മരങ്ങളില് പരസ്യം സ്ഥാപിക്കാന് അനുമതി നല്കുന്ന രീതി നിര്ത്തലാക്കണമെന്നും ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്, ജസ്റ്റിസ് എ.എം. ഷെഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്ബെഞ്ച് ഉത്തരവിട്ടു.മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്സ് ഹയര് സെക്കന്ഡറി സ്കൂള് വിദ്യാര്ഥിനികള് ഇതുസംബന്ധിച്ച് ഹൈക്കോടതിക്കയച്ച പരാതി സ്വമേധയാ ഹര്ജിയായി പരിഗണിച്ചാണ് ഡിവിഷന്ബെഞ്ചിന്റെ ഉത്തരവ്. സ്കൂളിലെ പ്രകൃതി പഠനവുമായി ബന്ധപ്പെട്ട ഒരു കൂട്ടം വിദ്യാര്ഥിനികളാണ് മരങ്ങളുടെ ദുരുപയോഗം ചൂണ്ടിക്കാട്ടി കോടതിക്ക് കത്തയച്ചത്. വഴിയരികിലും പൊതു സ്ഥലങ്ങളിലും നില്ക്കുന്ന മരങ്ങളില് ആണികള് അടിച്ചിറക്കിയും മറ്റും പരസ്യ ബോര്ഡുകള് സ്ഥാപിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് വിദ്യാര്ഥിനികള് കോടതിയെ സമീപിച്ചത്. പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി പ്രവര്ത്തിക്കുന്ന ചില സംഘടനകളെ സമീപിച്ചിട്ടും ഗൗരവത്തിലെടുക്കാതിരുന്നതിനെ തുടര്ന്നാണ് കോടതിയുടെ ഇടപെടല് ആവശ്യപ്പെട്ട് വിദ്യാര്ഥികള് കത്തയച്ചത്. തുടര്ന്നാണ് പരാതി കോടതി സ്വമേധയാ ഹര്ജിയായി സ്വീകരിച്ചത്.
മരത്തിന്റെ നാശത്തിനു കാരണമാകുംവിധം ഹോര്ഡിംഗ്സുകളും പരസ്യങ്ങളും സ്ഥാപിക്കാന് അനുമതി നല്കരുതെന്നു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് സര്ക്കുലറിലൂടെ നിര്ദേശിച്ചിട്ടുള്ളതായി സത്യവാങ്മൂലത്തില് സര്ക്കാര് വ്യക്തമാക്കി.2011 ജൂലൈയില് പുറത്തിറക്കിയ സര്ക്കുലറും സര്ക്കാര് കോടതിയില് ഹാജരാക്കി. എന്നാല് ഇത്തരമൊരു സര്ക്കുലറിലൂടെ വഴിയോരത്തേയും പൊതു സ്ഥലങ്ങളിലും ഉപാധികളോടെ മരങ്ങളില് പരസ്യം പതിക്കാന് അനുമതി നല്കുകയാണ് സര്ക്കാര് ചെയ്തതെന്ന് കോടതി ചൂണ്ടിക്കാട്ടി.പരസ്യം പതിക്കാനോ ഹോര്ഡിംഗ്സുകള് സ്ഥാപിക്കാനോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ അധികാരപ്പെട്ട മറ്റു സ്ഥാപനങ്ങളോ അനുമതി നല്കരുത്. മരങ്ങള് ദുരുപയോഗം ചെയ്യാതിരിക്കാന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്കും പൊതു അധികൃതര്ക്കും നിയമ ഉദ്യോഗസ്ഥര്ക്കും സര്ക്കാര് വ്യക്തമായ നിര്ദേശം നല്കണമെന്നും കോടതി ഉത്തരവിട്ടു.
പ്രൊഫ്. ജോണ് കുരാക്കാർ
No comments:
Post a Comment