Pages

Wednesday, December 4, 2013

സർക്കാർ റബര്‍വ്യവസായികൾക്കൊപ്പം റബര്‍കര്‍ഷകരുടെ വിഷമം കാണാനാളില്ല

 സർക്കാർ  റബര്‍വ്യവസായികൾക്കൊപ്പം 
റബര്‍കര്‍ഷകരുടെ വിഷമം  കാണാനാളില്ല

                 റബര്‍വില സമീപകാലത്തെ ഏറ്റവും വലിയ തകര്‍ച്ചയിലെത്തികൊണ്ടിരിക്കുന്നു  റബര്‍കര്‍ഷകരുടെ കാര്യത്തില്‍ മുതലക്കണ്ണീരൊഴുക്കുന്ന രാഷ്‌ട്രീയപാര്‍ട്ടികള്‍ കർഷകർക്കു  വേണ്ടി  ഒന്നും ചെയ്യുന്നില്ല .  റബര്‍വ്യവസായികള്‍ നൂറുരൂപയ്‌ക്ക്‌ റബര്‍ വാങ്ങണമെന്നു തീരുമാനിച്ചാല്‍ നാളെ അതും നടക്കുമെന്ന അവസ്‌ഥയിലാണു കാര്യങ്ങള്‍ നീങ്ങുന്നത്‌. ഇന്നലെ രാജ്യാന്തര വിപണിയില്‍ റബറിനു നൂറ്റിയറുപതിനു മുകളില്‍ വിലനില്‍ക്കുമ്പോഴാണ്‌ ആഭ്യന്തരവില നൂറ്റമ്പതിലേക്കെത്തിയത്‌. കര്‍ഷകനു ലഭിച്ചത്‌ അതിലും കുറഞ്ഞ വില.
ഇന്ത്യയിലെ റബറിന്റെ വില വ്യവസായികള്‍ നിശ്‌ചയിക്കുന്ന അവസ്‌ഥയിലേക്ക്‌ അധഃപതിച്ചിരിക്കുകയാണ്‌. ഇക്കാര്യത്തില്‍ ഇടപെടാനാകില്ലെന്ന ഉറച്ചനിലപാടിലാണു സര്‍ക്കാരും. കഴിഞ്ഞവര്‍ഷം ഇരുനൂറ്റിയമ്പതു രൂപയ്‌ക്ക്‌ അടുത്തെത്തിയ വിലയാണ്‌ ഇന്നലെ നൂറ്റമ്പതിലേക്കു താണത്‌. ഏതാനും ടയര്‍കമ്പനികളുടെ കൈകളിലേക്ക്‌ റബര്‍വില നിയന്ത്രണം ഏല്‍പിച്ചുകൊടുക്കുന്നതിനു പിന്നില്‍ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പും അതിനാവശ്യമായ ഫണ്ടു സമാഹരണവുമാണെന്ന്‌ ഇടതുവലതു ഭേദമെന്യേയുള്ള രാഷ്‌ട്രീയകക്ഷികളുടെ കൂട്ടായ മൗനം തെളിവുനല്‍കുന്നു.

കേരളത്തിലെ ലക്ഷക്കണക്കിനു റബര്‍കര്‍ഷകര്‍ ഇപ്പോള്‍തന്നെ പ്രതിസന്ധിയിലാണ്‌. റബറിന്റെ ഉത്‌പാദനച്ചെലവിലുണ്ടായ വര്‍ധനയും വിലയും തമ്മില്‍ പൊരുത്തപ്പെടാനാകാതെ റബര്‍കൃഷി നഷ്‌ടക്കണക്കുകള്‍ നിരത്തുമ്പോഴാണു ക്രിയാത്മകമായി ഇടപെടേണ്ട സര്‍ക്കാരിന്റെ പിന്തിരിപ്പന്‍ നയം. ലോകരാഷ്‌ട്രങ്ങളൊക്കെ കാര്‍ഷിക വ്യവസ്‌ഥയെ പിടിച്ചു നിര്‍ത്താന്‍ ആഭ്യന്തരവിപണിയില്‍ ക്രിയാത്മകമായി ഇടപെടാറുണ്ട്‌. കര്‍ഷകരെ രക്ഷിക്കാനായി കാര്‍ഷികോത്‌പന്നങ്ങള്‍ക്കു വിലയിടിവു വരുമ്പോള്‍ സബ്‌സിഡി നല്‍കുക, സംഭരണം നടത്തുക, ന്യായമായ വിലയുറപ്പിക്കുക തുടങ്ങിയ ഇടപെടലുകള്‍ നടത്താറുണ്ട്‌. തായ്‌ലന്‍ഡ്‌ തുടങ്ങിയ രാജ്യങ്ങള്‍ രാജ്യാന്തര വിപണിയില്‍ റബര്‍ വിലയിടിഞ്ഞു തുടങ്ങിയപ്പോള്‍ത്തന്നെ സബ്‌സിഡി ഏര്‍പ്പെടുത്തി ന്യായവിലയില്‍ റബര്‍ സംഭരിക്കാന്‍ തുടങ്ങി. റബറിന്റെ ആഭ്യന്തര ഉത്‌പാദനം ആവശ്യത്തിനനുസരിച്ചുണ്ടാകുന്നില്ലെന്ന ന്യായം വ്യവസായികള്‍ നിരത്തുമ്പോള്‍ ഇറക്കുമതിക്ക്‌ അനുമതി നല്‍കാതിരിക്കാനാകില്ല. കൂടാതെ കയറ്റുമതിയുടെ പേരില്‍ നല്ലയൊരളവ്‌ ഇറക്കുമതിക്കു ടയര്‍കമ്പനികള്‍ക്ക്‌ അനുവാദമുണ്ട്‌ താനും. ഇതിനുശേഷം ആവശ്യമായി വരുന്ന റബര്‍ ഇറക്കുമതിചെയ്യുന്നതിനുള്ള തീരുവ വര്‍ധിപ്പിക്കണമെന്നാണു കര്‍ഷകരുടെ ആവശ്യം.
റബര്‍വില നൂറുരൂപയില്‍ നിന്നപ്പോള്‍ ഇരുപതുശതമാനമായിരുന്നു ഇറക്കുമതിച്ചുങ്കം. റബര്‍വില ഉയര്‍ന്നിട്ടും ചുങ്കം പുനര്‍നിര്‍ണയിക്കാത്തതാണു വ്യവസായികള്‍ക്കു ഇറക്കുമതി നേട്ടമായത്‌. ഇറക്കുമതിച്ചുങ്കം ഉയര്‍ത്തണമെന്ന ആവശ്യമാണ്‌ കര്‍ഷകര്‍ കാലങ്ങളായി ഉന്നയിക്കുന്നത്‌. റബര്‍വിലയില്‍ സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെട്ടില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത്‌ വലിയൊരു ദുരന്തമാണ്‌. റബര്‍കൃഷിയെ ആശ്രയിക്കുന്ന ലക്ഷക്കണക്കിനു കര്‍ഷകരും ചെറുകിടകച്ചവടക്കാരും കടക്കെണിയിലകപ്പെടും. കര്‍ഷക ആത്മഹത്യകള്‍ പുതുമയല്ലാത്ത കേരളത്തില്‍ അവയുടെ എണ്ണം വര്‍ധിക്കും. അതിന്റെ ധാര്‍മിക ഉത്തരവാദിത്തത്തില്‍നിന്നു സര്‍ക്കാരിനോ രാഷ്‌ട്രീയ കക്ഷികള്‍ക്കോ ഒഴിഞ്ഞു മാറാനാകില്ല.

                                                        പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: