Pages

Monday, December 23, 2013

ചന്ദ്രനില്‍ നിന്നെത്തിയ ക്രിസ്മസ് സന്ദേശം

ചന്ദ്രനില്‍ നിന്നെത്തിയ
ക്രിസ്മസ് സന്ദേശം
ജസ്റ്റിന്‍ ജോസഫ്
മനുഷ്യന്‍ ചന്ദ്രനെ വലംവെച്ചിട്ട്, ചന്ദ്രനില്‍നിന്ന് ഭൂമിയെത്തേടി ആദ്യ ക്രിസ്മസ് സന്ദേശമെത്തിയിട്ട് 45 വര്‍ഷം തികയുന്നു. ഭൂമിയുടെ ദൃശ്യം മറ്റൊരു ആകാശഗോളത്തില്‍നിന്ന് മനുഷ്യന്‍ ആദ്യമായി പകര്‍ത്തിയതും അന്നായിരുന്നു. ഭൂമിയിലെത്തിയ ആ അപൂര്‍വ ക്രിസ്മസ് സന്ദേശത്തെക്കുറിച്ചും അപ്പോളോ 8 ദൗത്യത്തെക്കുറിച്ചും1968 ഡിസംബര്‍ 21. അമേരിക്കന്‍ സമയം രാവിലെ ഏഴുമണിയോടടുക്കുന്നു. ഫ്ലോറിഡയിലെ കേപ് കനാവറല്‍ സ്‌പേസ് സ്റ്റേഷനിലെ വിക്ഷേപണത്തറയില്‍ കൊടുമുടി കണക്കെ സാറ്റണ്‍ 5 റോക്കറ്റ് തലയുയര്‍ത്തി നിന്നു. റോക്കറ്റിന്റെ ഉച്ചിയിലുള്ള ഇടുങ്ങിയ കംപാര്‍ട്‌മെന്റിനുള്ളില്‍ മൂന്ന് മനുഷ്യര്‍ നിശ്ശബ്ദരായി ഇരിക്കുകയാണ്. അവരുടെ ക്യാബിന് താഴെയായി തിരനിറച്ച പീരങ്കിപോലെ 15000 ടണ്‍ ഇന്ധനം കരുതിവെച്ച് കാത്തിരിക്കുകയാണ് റോക്കറ്റിലെ ജ്വലന അറകള്‍.ഭൂമിയുടെ ഭ്രമണപഥം വിട്ട് മനുഷ്യരെയും കൊണ്ട് ചാന്ദ്രപഥം തേടിപ്പോയ ആദ്യദൗത്യമായിരുന്നു അപ്പോളോ 8. ബഹിരാകാശചരിത്രത്തില്‍ പുതിയൊരേട് എഴുതിച്ചേര്‍ക്കാനുള്ള യാത്രയ്ക്ക് തയ്യാറെടുത്ത് ക്യാബിന്റെ ഇടത്തേ കോച്ചില്‍ കമാന്‍ഡര്‍ ഫ്രാങ്ക് ബൊര്‍മാന്‍ ഇരുന്നു. കമാന്‍ഡ് മൊഡ്യൂള്‍ പൈലറ്റായിരുന്ന ജെയിംസ് ലോവല്‍ മധ്യത്തിലുള്ള കോച്ചിലും ലൂണാര്‍ മൊഡ്യൂള്‍ പൈലറ്റ് വില്യം ആന്‍ഡേഴ്‌സ് വലത്തെയറ്റത്തെ കോച്ചിലും സന്നിഹിതരായി. 1967 നവംബര്‍ 9 ന് അപ്പോളോ സാറ്റണ്‍ 501 ദൗത്യത്തിലൂടെ രംഗപ്രവേശം ചെയ്ത സാറ്റണ്‍ 5 റോക്കറ്റിന്റെ രണ്ട് മുന്‍ദൗത്യങ്ങളും ആളില്ലാത്തവയായിരുന്നു. മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള അതിന്റെ കന്നിയാത്രയായിരുന്നു അപ്പോളോ 8. രാവിലെ 7.51 ന് 363 അടി ഉയരമുള്ള ആ മഹായാനം ഉഗ്രസ്‌ഫോടനത്തോടെ മൂവര്‍ സംഘത്തെയും വഹിച്ചുകൊണ്ട് കുതിച്ചുയര്‍ന്നു.
മൂന്ന് ദിവസത്തെ യാത്രയ്ക്കുശേഷം ഭൂമിയുടെ ആകര്‍ഷണവലയത്തെ ഭേദിച്ച് അത് ചാന്ദ്രപഥത്തിലേക്ക് കടന്നു. ബോര്‍മാനും ലോവലും ആന്‍ഡേഴ്‌സും ചന്ദ്രനെ വലംവെക്കുന്ന ആദ്യമനുഷ്യരായി. ബഹിരാകാശചരിത്രത്തിലെ സുപ്രധാന നേട്ടമായിരുന്നു അത്. ചന്ദ്രനെ വലം വയ്ക്കുന്ന വേളയില്‍ ഭൂമിയിലെ മനുഷ്യര്‍ക്ക് എന്ത് സന്ദേശം നല്‍കണമെന്ന് നാസ നിഷ്‌കര്‍ഷിച്ചിരുന്നില്ല. 'ഉചിതമായത് ചെയ്യുക' എന്ന് മാത്രമായിരുന്നു നിര്‍ദേശം. ക്രിസ്മസ്ത്തലേന്നാള്‍ ആയിരുന്നു അത്. ലോകമെങ്ങും ക്രിസ്മസിന്റെ ആഘോഷലഹരിയിലേക്ക് വഴുതി വീണുകൊണ്ടിരുന്ന ആ സന്ദര്‍ഭത്തില്‍ ചാന്ദ്രപഥത്തില്‍ നിന്നും ഒരു സന്ദേശം ഭൂമിയിലേക്കൊഴുകിയെത്തി.
'ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു....
..ദൈവം അരുളിച്ചെയ്തു. വെളിച്ചമുണ്ടാകട്ടെ.....
....വെളിച്ചം നല്ലതെന്ന്ദൈവംകണ്ടു. അവിടുന്ന്
വെളിച്ചത്തെ ഇരുളില്‍ നിന്ന് വേര്‍തിരിച്ചു.' 

ബൈബിളിലെ ഉല്‍പ്പത്തിയുടെ പുസ്തകത്തില്‍ നിന്നും ആദ്യത്തെ നാല് വാക്യങ്ങള്‍ വില്യം ആന്‍ഡേഴ്‌സ് വായിച്ചു നിര്‍ത്തി. തുടര്‍ന്നുള്ള നാല് വചനങ്ങള്‍ ജെയിംസ് ലോവലാണ് വായിച്ചത്. ഒന്‍പതാമത്തെയും പത്താമത്തെയും വാക്യങ്ങളില്‍ മുഴങ്ങിയത് ഫ്രാങ്ക് ബോര്‍മാന്റെ ശബ്ദമായിരുന്നു.'നല്ല ഭൂമിയിലുള്ള എല്ലാ മനുഷ്യര്‍ക്കും അപ്പോളോ 8 സംഘാംഗങ്ങളുടെ ക്രിസ്മസ് ആശംസകള്‍' - ബൈബിള്‍ സന്ദേശത്തിന് വിരാമമിട്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഗര്‍ത്തനിബിഢമായ ചന്ദ്രോപരിതലത്തിനുമീതെ പറന്നുകൊണ്ടിരുന്ന പേടകത്തില്‍ നിന്നും ചാന്ദ്രചക്രവാളത്തില്‍ ഉദിച്ചുയരുന്ന ഭൂമിയെക്കണ്ട് അടക്കാനാവാത്ത വിസ്മയത്തോടെ ബോര്‍മാന്‍ വീണ്ടും വിളിച്ചു പറഞ്ഞു. 'ഇതാണ് ...... ഇതാണ് എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരവും ഹൃദയം കവരുന്നതുമായ ദൃശ്യം'. വില്യം ആന്‍ഡേഴ്‌സ് ആ അപൂര്‍വദൃശ്യം ക്യാമറയില്‍ പകര്‍ത്തി.മാലാഖമാരുടെ സ്വര്‍ഗ്ഗീയസന്ദേശം പോലെ ചാന്ദ്രപഥത്തില്‍ നിന്നും ഒഴുകിയെത്തിയ ആ സന്ദേശധാര ചന്ദ്രോപരിതലത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ക്കൊപ്പം മിന്നിമായുന്നത് കാണാന്‍ ആവേശവും അമ്പരപ്പും മറച്ചു വയ്ക്കാതെ പാശ്ചാത്യലോകത്ത് ആ ക്രിസ്മസ്ത്തലേന്ന് ആളുകള്‍ ടെലിവിഷനുമുമ്പില്‍ കണ്ണും കാതും തുറന്നിരുന്നു. ബഹിരാകാശചരിത്രത്തില്‍ ആദ്യത്തെ തത്സമയ ടെലിവിഷന്‍ സംപ്രേഷണമായിരുന്നു അത്.
അപ്പോളോ 8 പേടകം ചന്ദ്രനെ പത്ത് തവണ വലംവെച്ചു. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നും 101 കിലോമീറ്റര്‍ അപ്പോജിയും (ഏറ്റവും കൂടിയ അകലം) 95 കിലോമീറ്റര്‍ പെരിജിയും (ഏറ്റവും കുറഞ്ഞ അകലം) ഉള്ള ഭ്രമണപഥത്തില്‍ നിന്നാണ് അവര്‍ ലോകത്തോട് ടെലിവിഷനിലൂടെ തത്സമയം സംസാരിച്ചത്. ക്രിസ്മസ് ദിവസം രാവിലെ അവര്‍ ഭൂമിയിലേക്ക് തിരിച്ചു. 147 മണിക്കൂര്‍ നീണ്ട യാത്രക്കൊടുവില്‍ ഡിസംബര്‍ 27 ന് പെസഫിക് സമുദ്രത്തില്‍ അവര്‍ സുരക്ഷിതരായി ഇറങ്ങി. അവിസ്മരണീയമായ ആ ക്രിസ്മസ്സിനും ചരിത്രം കുറിച്ച ആ യാത്രയ്ക്കും 45 വയസ്സ് തികയുകയാണ്.അപ്പോളോ 8 യഥാര്‍ത്ഥത്തില്‍ ചന്ദ്രനിലേക്ക് പറക്കാനുള്ള ദൗത്യമായിരുന്നില്ല. ചന്ദ്രനിലിറങ്ങാനുള്ള ലൂണര്‍ മൊഡ്യൂളിന്റെ ( Lunar Module ) നിര്‍മ്മാണം പൂര്‍ത്തിയായിരുന്നില്ല. കമാന്‍ഡ് സര്‍വീസ് മൊഡ്യൂളിന്റെയും ലൂണാര്‍ മൊഡ്യൂളിന്റെയും സംയുക്ത പരീക്ഷണമെന്ന നിലയില്‍ താഴ്ന്ന ഭൗമഭ്രമണപഥത്തില്‍ ഭൂമിയെ വലം വയ്ക്കുകമാത്രമായിരുന്നു ദൗത്യത്തിന്റെ ഉദ്ദ്യേശ്യം.

ലൂണാര്‍ മൊഡ്യൂള്‍ 1969 ഫിബ്രവരിയോടുകൂടി മത്രമേ തയ്യാറാകൂ എന്നുള്ളതുകൊണ്ടും കമാന്‍ഡ് സര്‍വീസ് മൊഡ്യൂള്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നതുകൊണ്ടും അപ്പോളോ 8 ചാന്ദ്രഭ്രമണപഥത്തിലേക്ക് അയക്കാന്‍ നാസ തീരുമാനിക്കുകയായിരുന്നു. ഇതിന് മറ്റൊരു പ്രധാന കാരണം കൂടിയുണ്ടായിരുന്നു. സി.ഐ.എ നല്‍കിയ റിപ്പോര്‍ട്ടിന്റെയടിസ്ഥാനത്തിലായിരുന്നു ആ തീരുമാനം. 1968 അവസാനിക്കുന്നതിനു മുമ്പ് സോവിയറ്റ് യൂണിയന്റെ സോണ്ട് (ZOND) സ്‌പെയ്‌സ്‌ക്രാഫ്റ്റ് ചന്ദ്രനെ ചുറ്റാനൊരുങ്ങുന്നു എന്നായിരുന്നു സി.ഐ.എ റിപ്പോര്‍ട്ട്. മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള യാത്രയാണോ സോണ്ടിന്റെതെന്ന കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നില്ല. പക്ഷെ, അഥവാ അങ്ങനെയായാല്‍ അമേരിക്കക്ക് വന്‍ തിരിച്ചടിയാകും. അതുകൊണ്ട് നാസ പൊടുന്നനെ പദ്ധതിയില്‍ മാറ്റം വരുത്തുകയായിരുന്നു.1968 അമേരിക്കക്ക് ഏറെ രാഷ്ട്രീയ ആഘാതങ്ങളേല്‍ക്കേണ്ടി വന്ന വര്‍ഷമായിരുന്നു. വിയറ്റ്‌നാം സംഘര്‍ഷത്തിന്റെ ഭാഗമായുണ്ടായ രക്തരൂഷിതകലാപം, മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂണിയറിന്റെ കൊലപാതകം, അമേരിക്കന്‍ സെനറ്റര്‍ റോബര്‍ട്ട് ബോബി കെന്നഡിയുടെ വധം തുടങ്ങിയവയെല്ലാം കൊണ്ടും ഇരുളടഞ്ഞുനിന്ന കാലം. ആ ഇരുട്ടിലേക്കാണ് വെള്ളിവെളിച്ചം പോലെ അപ്പോളോ 8 ദൗത്യം വിജയക്കൊടി പാറിച്ചത്. അത് അമേരിക്കന്‍ ജനതയ്ക്ക് നല്‍കിയ ഉണര്‍വ് ചെറുതായിരുന്നില്ല.

'1968 നെ രക്ഷിച്ചതിന് അപ്പോളോ 8 ന് നന്ദി'-ദൗത്യത്തിന് ശേഷം ഫ്രാങ്ക് ബോര്‍മാന് ലഭിച്ച കാര്‍ഡുകളൊന്നിലെ സന്ദേശം അത്രമാത്രമായിരുന്നു.പ്രപഞ്ചസൃഷ്ടിയെക്കുറിച്ചുള്ള ബൈബിള്‍ സങ്കല്പങ്ങള്‍ക്ക് തികച്ചും വിരുദ്ധമായ കാഴ്ചപ്പാട് ശാസ്ത്രലോകത്ത് പ്രബലമായകാലത്ത് അപ്പോളോ 8 സംഘാംഗങ്ങളുടെ ബൈബിള്‍ വായന ശക്തമായ വിമര്‍ശനത്തിനും വിധേയമായി. അമേരിക്കയിലെ പ്രശസ്ത യുക്തിവാദിയായിരുന്ന മാദലിന്‍ മുരേ ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. ബഹിരാകാശത്തുവെച്ച് നടന്ന ആ സംഭവം സുപ്രീംകോടതിയുടെ അധികാരപരിധിക്ക് പുറത്തായിരുന്നതുകൊണ്ട് ആ അന്യായം കോടതിക്ക് തള്ളിക്കളയേണ്ടിവന്നു. ഒരു പത്രപ്രവര്‍ത്തകന്റെ ഭാര്യയുടെ അഭിപ്രായം സ്വീകരിച്ചാണ് സംഘാംഗങ്ങള്‍ ബൈബിളിലെ ഉല്‍പ്പത്തിയുടെ പുസ്തകത്തില്‍ നിന്നുള്ള ആദ്യ പത്ത് വാക്യങ്ങള്‍ വായനയ്ക്കായി തിരഞ്ഞെടുത്തത്. വില്യം ആന്‍ഡേഴ്‌സ് പകര്‍ത്തിയ ചന്ദ്രനില്‍ നിന്നുള്ള ഭൗമോദയത്തിന്റെ ചിത്രമായിരുന്നു, ലോകത്തിന് ലഭിച്ച എക്കാലത്തെയും മികച്ച ക്രിസ്മസ് സമ്മാനം. മനുഷ്യനെ ഏറ്റവുമധികം സ്വാധീനിച്ച ചിത്രങ്ങളിലൊന്നായി ഇന്നും അത് നിലനില്‍ക്കുന്നു. അപ്പോളോ ബഹിരാകാശ പദ്ധതിയുടെ സുപ്രധാന പൈതൃകസ്വത്തായി അത് മാറിയെന്നുള്ളതും യാദൃശ്ചികമല്ല. കാരണം, മാനവരാശി അവരുടെ മാതൃഗ്രഹത്തെ ഭൂഖണ്ഡങ്ങളായോ, സമുദ്രങ്ങളായോ അല്ല, മറിച്ച് എല്ലാമൊതുങ്ങുന്ന ഒരു കൊച്ചുസുന്ദരഗോളമായി കാണുന്നത് ആദ്യമായിട്ടായിരുന്നു.

അന്ധകാരം മൂടിയ അനന്തതയില്‍ ഒറ്റപ്പെട്ടുനിന്ന ആ നീലഗോളത്തില്‍ സ്വന്തം മേല്‍വിലാസം സങ്കല്പിക്കാന്‍ ആളുകള്‍ വെമ്പല്‍കൊണ്ടു. ഒരുപക്ഷേ, സമാനതകളില്ലാത്ത ആ ചിത്രം നല്‍കുന്ന സന്ദേശമാണ് അപ്പോളോ 8 നല്‍കിയ ഏറ്റവും ശക്തമായ സന്ദേശം എന്നു പറയേണ്ടിവരും. വിഖ്യാത ജ്യോതിശാസ്ത്രജ്ഞനായ കാള്‍ സാഗന്‍ ആ ചിത്രം കണ്ട് ഇങ്ങനെ അഭിപ്രായപ്പെട്ടു: 'നമ്മെ നമ്മില്‍ നിന്ന് തന്നെ രക്ഷിക്കാന്‍ പുറത്തുനിന്നെന്തെങ്കിലും സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കാന്‍ തക്ക സൂചനകളൊന്നും കാണാന്‍ കഴിയുന്നില്ല'.അനന്യമായ നമ്മുടെ ഭൂമിയെ പരിരക്ഷിക്കേണ്ട ഉത്തരവാദിത്വബോധത്തിലേക്കുയരാന്‍ അവശ്യം വേണ്ട പരിസ്ഥിതിബോധം ഈ ചിത്രം പകര്‍ന്നു നല്‍കുന്നുണ്ട്. 45 വര്‍ഷങ്ങള്‍ പിന്നിട്ട ഈ ക്രിസ്മസ് കാലത്തും ആ ചിത്രത്തിന്റെ പ്രസക്തി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നെങ്കില്‍ അതിന്റെ കാരണങ്ങളാണ് നമ്മെ ആശങ്കപ്പെടുത്തേണ്ടത് (ചിത്രങ്ങള്‍ കടപ്പാട് : NASA ) 
പ്രൊഫ്‌ ജോണ്‍ കുരാക്കാർ 





No comments: