Pages

Friday, December 20, 2013

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് വിജ്ഞാപനം പിന്‍വലിച്ചു

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്
വിജ്ഞാപനം പിന്‍വലിച്ചു
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തത്വത്തില്‍ നല്‍കിയ അനുമതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം താല്‍ക്കാലികമായി പിന്‍വലിച്ചു. റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള വിജ്ഞാപനത്തോടൊപ്പം കഴിഞ്ഞ നവംബര്‍ 16 ന് പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടമാണ് താല്‍ക്കാലികമായി പിന്‍വലിച്ചത്. റിപ്പോര്‍ട്ട് പരിശോധിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കാനും തീരുമാനമായി. സമിതിയുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ വിജ്ഞാപനം ഇറക്കും. റിപ്പോര്‍ട്ട് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍നിന്ന് വന്‍തോതിലുള്ള രാഷ്ട്രീയ സമ്മര്‍ദം ഉണ്ടായതിനെതുടര്‍ന്നാണ് നടപടി. കേരളത്തിലെ 123 പരിസ്ഥിതി ദുര്‍ബല വില്ലേജുകളില്‍ മാറ്റംവരുത്താന്‍ ഇതോടെ സംസ്ഥാന സര്‍ക്കാരിന് കഴിയും. 

ഇടുക്കി ജില്ലയിലെ ദേവികുളം, പീരുമേട്, തൊടുപുഴ, ഉടുമ്പഞ്ചോല, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി, കൊല്ലം ജില്ലയിലെ പത്തനാപുരം, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചില്‍ , കോഴിക്കോട് ജില്ലയിലെ കോഴിക്കോട്, കൊയിലാണ്ടി, വടകര, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ , മണ്ണാര്‍ക്കാട്, പത്തനംതിട്ടയിലെ കോഴഞ്ചേരി, റാന്നി, തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, നെയ്യാറ്റിന്‍കര, തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം , വയനാട് ജില്ലയിലെ മാനന്തവാടി, വൈത്തിരി എന്നീ താലൂക്കുകളിലാണ് പരിസ്ഥിതി ലോലപ്രദേശങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പശ്ചിമഘട്ടത്തിന്റെ 60 ശതമാനവും മനുഷ്യര്‍ കുടിയേറുകയും തോട്ടങ്ങളും മറ്റും സ്ഥാപിക്കുകയും ചെയ്തുകഴിഞ്ഞതായി കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. 40 ശതമാനം മാത്രമാണ് സ്വാഭാവികനിലയിലുള്ളത്. ജൈവപരമായി സമ്പന്നമായതും തുടര്‍ച്ച നിലനിര്‍ത്തുന്നതുമായ ഭൂഭാഗം ഏതാണ്ട് 59,940 ചതുരശ്രകിലോമീറ്റര്‍ വരും. അതായത് 37 ശതമാനം. ഇവിടെയാണ് സംരക്ഷിതവനങ്ങളും ലോകപൈതൃകപ്രദേശങ്ങളും കടുവ - ആന ഇടനാഴികളും മറ്റുമുള്ളത്. ഈ മേഖലയാണ് സമിതി പരിസ്ഥിതിലോലപ്രദേശമായി കണ്ടെത്തിയിരുന്നത്.

പരിസ്ഥിതിലോലപ്രദേശമായി രേഖപ്പെടുത്തിയിട്ടുള്ള ഇടങ്ങളില്‍ , ഉത്തരവ് പുറപ്പെടുവിച്ച നവംബര്‍ 13 മുതല്‍ ഖനനം, ക്വാറി പ്രവര്‍ത്തനം താപവൈദ്യുതനിലയങ്ങള്‍ , 20,000 ചതുരശ്രമീറ്ററോ അതിലധികമോ വരുന്നകെട്ടിടങ്ങളോ മറ്റ് നിര്‍മിതികളോ ഉണ്ടാക്കുന്നത് എന്നിവ നിരോധിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് നടപ്പാക്കി ഉത്തരവിട്ടത്. 50 ഹെക്ടറിലധികം വിസ്തൃതി വരുന്ന ടൗണ്‍ഷിപ്പും വികസനപദ്ധതികളും 'ചുവപ്പ്' വിഭാഗത്തില്‍പ്പെടുന്ന വ്യവസായങ്ങളും ഇതോടൊപ്പം നിരോധിച്ചിരുന്നു.
                                        പ്രൊഫ്‌ .ജോണ്‍ കുരാക്കാർ 


No comments: