Pages

Tuesday, November 26, 2013

ആരുഷി വധം : തല്‍വാര്‍ ദമ്പതിമാര്‍ക്ക് ജീവപര്യന്തം

ആരുഷി വധം :
തല്‍വാര്‍ ദമ്പതിമാര്‍ക്ക് ജീവപര്യന്തം
ഏകമകള്‍ ആരുഷിയെയും വീട്ടുജോലിക്കാരന്‍ ഹേംരാജിനെയും കൊലപ്പെടുത്തിയ കേസില്‍ തല്‍വാര്‍ ദമ്പതിമാര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഗാസിയാബാദിലെ സി.ബി.ഐ. പ്രത്യേകകോടതി ജഡ്ജി ശ്യാം ലാലാണ് ആരുഷിയുടെ അച്ഛന്‍ രാജേഷ് തല്‍വാറിനും അമ്മ നൂപുര്‍ തല്‍വാറിനും തടവുശിക്ഷ വിധിച്ചത്. ഇതിന് പുറമെ തെളിവ് നശിപ്പിച്ചതിന് ഇവര്‍ക്ക് അഞ്ചു വര്‍ഷത്തെ തടവും പോലീസിന് തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് രാജേഷ് ഒരു വര്‍ഷത്തെ തടവും അധികമായി അനുഭവിക്കണം. ഏറെ കോളിളക്കവും ദുരൂഹതയുമുണ്ടാക്കിയ ഇരട്ടക്കൊലക്കേസില്‍ ദന്തഡോക്ടര്‍മാരായ രാജേഷും നൂപുറും കുറ്റക്കാരാണെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. 

അഞ്ചര വര്‍ഷംമുമ്പ് ഡല്‍ഹിക്കടുത്ത് നോയ്ഡയിലെ വീട്ടിലാണ് ആരുഷി തല്‍വാറും (14), 
ഹേംരാജും (45) കൊല്ലപ്പെട്ടത്. തല്‍വാര്‍ ദമ്പതിമാര്‍ കൊലപാതകത്തിനു പുറമെ തെളിവു നശിപ്പിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി. ഇരുവരും ഇന്ത്യന്‍ ശിക്ഷാനിയമം 34, 302, 201 വകുപ്പുകള്‍പ്രകാരം കുറ്റക്കാരാണെന്ന് സി.ബി.ഐ. പ്രത്യേകജഡ്ജി ശ്യാം ലാല്‍ പറഞ്ഞു. പതിനഞ്ചുമാസം നീണ്ട വിചാരണയ്‌ക്കൊടുവിലാണ്, താമസിയാതെ വിരമിക്കാനിരിക്കുന്ന ജഡ്ജി ശ്യാംലാല്‍ വിധിപറഞ്ഞത്. എന്നാല്‍, സാഹചര്യത്തെളിവുകള്‍പ്രകാരം മറ്റാര്‍ക്കും കുറ്റകൃത്യം നടത്താനാവില്ലെന്ന് കോടതി പറഞ്ഞതായി സി.ബി.ഐ. അഭിഭാഷകന്‍ ആര്‍ .കെ. സെയ്‌നി പറഞ്ഞു. 2008 മെയ് 16-നാണ് നോയ്ഡ ജല്‍വായു വിഹാര്‍ അപ്പാര്‍ട്ടുമെന്റിലെ വീട്ടില്‍ ആരുഷി കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. വീട്ടുജോലിക്കാരന്‍ ഹേംരാജിനെയാണ് യു.പി. പോലീസ് ആദ്യം സംശയിച്ചത്. എന്നാല്‍ പിറ്റേന്ന് വീടിന്റെ ടെറസില്‍നിന്ന് ഹേംരാജിന്റെ മൃതദേഹവും കണ്ടെത്തി. 

                                      പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: