Pages

Monday, November 11, 2013

സമത്വസൂചികയില്‍ കേരളം മുന്നില്‍ സമൃദ്ധിയില്‍ രണ്ടാമത്‌

സമത്വസൂചികയില്‍ കേരളം മുന്നില്‍
സമൃദ്ധിയില്‍ രണ്ടാമത്‌
സ്ഥിതി സമത്വസൂചികയില്‍ കേരളം ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തെന്ന് പഠനറിപ്പോര്‍ട്ട്. അഭിവൃദ്ധിയുടെ കാര്യത്തില്‍ കേരളം രണ്ടാമതാണ്. പഞ്ചാബാണ് കേരളത്തിന് മുന്നിലുള്ള സംസ്ഥാനം. പ്രതിശീര്‍ഷവരുമാനത്തില്‍ മഹാരാഷ്ട്രയ്ക്കാണ് രാജ്യത്ത് പ്രഥമസ്ഥാനം. സമത്വം, അഭിവൃദ്ധി, പ്രതിശീര്‍ഷവരുമാനം എന്നിവ ഒന്നിച്ചെടുത്താല്‍ മൂന്നിലും ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള ഒരേയൊരു സംസ്ഥാനം കേരളം മാത്രമാണ്.പ്രമുഖ റിസര്‍ച്ച് സ്ഥാപനമായ ക്രിസിലിന്റെ പഠനറിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുള്ളത്. ഈട് നില്‍ക്കുന്ന ഉപഭോക്തൃ വസ്തുക്കളുടെ ഉടമസ്ഥരെ ആധാരമാക്കി 2011 ലെ സെന്‍സ് കണക്കുകള്‍ ഉദ്ധരിച്ച് വിവിധ സംസ്ഥാനങ്ങളിലായിട്ടാണ് ക്രിസില്‍ പഠനം നടത്തിയത്. നീണ്ടകാലം നിലനില്‍ക്കുന്ന ഉപഭോക്തൃ വസ്തുക്കള്‍ ഏറ്റവും കൂടുതല്‍ സ്വന്തമായുള്ള പഞ്ചാബികള്‍ക്കാണ്. ഇവിടെ നൂറുപേരില്‍ 10 പേര്‍ക്കും കമ്പ്യൂട്ടര്‍ സ്വന്തമായിട്ടുണ്ട്. ഒരു മോബൈലോ സൈക്കിളോ പോലും സ്വന്തമായിട്ടില്ലാത്തവര്‍ ഏറ്റവും കുറവും പഞ്ചാബിലാണ്. കേവലം നാല് ശതമാനത്തിനാണ് മൊബൈലോ സൈക്കിളോ സ്വന്തമായിട്ടില്ലാത്തത്. കാര്‍ഷികരംഗത്തെ വളര്‍ച്ചയും ധാന്യങ്ങളുടെ സംഭരണവും മെച്ചപ്പെട്ട തറവിലയും സമൃദ്ധിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നു. 

മികച്ച കൃഷി ഭൂമിയും ടൂറിസം മേഖലയുമാണ് സമൃദ്ധിയുടെ കാര്യത്തില്‍ കേരളത്തെ രണ്ടാം സ്ഥാനത്തെത്തിച്ചത്. കേരളത്തില്‍ വന്‍തോതില്‍ പണംകൈമാറ്റം നടക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. കേരളത്തിന് പിന്നിലായി ഹരിയാനയും കര്‍ണാടകവും തമിഴ്‌നാടും യഥാക്രമം പട്ടികയില്‍ വരുന്നു. പട്ടികയില്‍ ഏറ്റവും ഒടുവില്‍ പശ്ചിമബംഗാളും അതിന് മുകളിലായി ഒഡീഷയും, ബീഹാറും ചത്തീസ്ഗഢും മധ്യപ്രദേശും നില്‍ക്കുന്നു. ആസ്ഥിയുടെ കാര്യത്തില്‍ അന്തരം കുറവുള്ളതും പഞ്ചാബിലും കേരളത്തിലുമാണ്. ആന്ധ്രയിലാണ് ഈ അന്തരം ഏറ്റവും കൂടുതല്‍. രാജ്യത്തെ മികച്ച തലസ്ഥാനമായി ചെന്നൈ റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചപ്പോള്‍ ഹൈദരബാദും, ബാംഗ്ലൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഏറ്റവും മോശം പട്‌നയും റായ്പൂരും. പ്രതിശീര്‍വരുമാനത്തില്‍ മുന്നില്‍ നില്‍ക്കുന്ന മഹാരാഷ്ട്രയില്‍ പക്ഷേ സ്വന്തമായി വീടും ഈട് നില്‍ക്കുന്ന ഉത്പന്നങ്ങളും സ്വന്തമായുള്ളവരുടെ എണ്ണമെടുക്കുമ്പോള്‍ ആറ് സംസ്ഥാനങ്ങളെക്കാള്‍ പിന്നിലാണെന്ന വസ്തുതയുമുണ്ട്. ജീവിതരീതിയുടെ കാര്യത്തിലും മഹാരാഷ്ട്രയില്‍ ആളുകള്‍ തമ്മിലുള്ള അന്തരം വളരെക്കൂടുതലാണ്.
മോഡി മോഡല്‍ വികസനം എന്ന് ആഘോഷിക്കപ്പെടുമ്പോഴും അഭിവൃദ്ധിയില്‍ തമിഴ്‌നാടിനൊപ്പം അഞ്ചാം സ്ഥാനത്തും ആളോഹരിവരുമാനത്തില്‍ മൂന്നാം സ്ഥാനത്തുമാണ് ഗുജറാത്ത്. അതേ സമയം സമത്വത്തില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ പോലും ഗുജറാത്തില്ലെന്നത് ശ്രദ്ധേയമാണ്. മോഡിഭരണത്തില്‍ വികസനം നഗരങ്ങളില്‍ മാത്രം ഒതുങ്ങിയെന്ന ആരോപണം നിലനില്‍ക്കുമ്പോഴാണിത്. 

                                                     Prof. John Kurakar



No comments: