Pages

Wednesday, October 9, 2013

കേരളാ കോണ്‍ഗ്രസിന്‌അൻപതാം പിറന്നാൾ

                    കേരളാ കോണ്‍ഗ്രസിന്‌
                     അൻപതാം പിറന്നാൾ 
One of the oldest regional political formations, Kerala Congress (KC), has turned 50 with its various factions active players in the state's coalition set-up despite their fractious nature which has seen them splitting into leader-centric outfits over the years.The largest faction, Kerala Congress (M) led by state Finance Minister K M Mani, is celebrating the golden jubilee at the party's epicentre Kottayam.
mangalam malayalam online newspaper                ചരിത്രമുറങ്ങുന്ന കോട്ടയം തിരുനക്കര മൈതാനത്ത്‌ കേരളാ കോണ്‍ഗ്രസ്‌ എന്നു മന്നത്തു പത്മനാഭന്‍ നാമകരണം ചെയ്‌ത, അധ്വാനവര്‍ഗമെന്നു പിന്നീട്‌ സൈദ്ധാന്തികമായി കെ.എം. മാണി നിര്‍വചിച്ച പ്രസ്‌ഥാനം അമ്പതാണ്ടിലേക്കു കടക്കുന്നു. ജന്മംകൊണ്ട മൈതാനത്തു തന്നെ അമ്പതാം പിറന്നാള്‍ വിളംബരം ചെയ്യുകയാണു കെ.എം. മാണിയുടെ ഗ്രൂപ്പ്‌. തൊട്ടപ്പുറത്ത്‌ മാമ്മന്‍ മാപ്പിള ഹാളില്‍ ടി.എം. ജേക്കബ്‌ ഗ്രൂപ്പ്‌ ജന്മദിനം ആഘോഷിക്കുമ്പോള്‍ കേന്ദ്രത്തിനെതിരേ പോരാട്ടം പ്രഖ്യാപിച്ചുകൊണ്ടാണ്‌ പി.ടി. ചാക്കോയുടെ പുത്രന്‍ പി.സി. തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗം എറണാകുളത്ത്‌ ജൂബിലി ആഘോഷിക്കുന്നത്‌. കേരളാ കോണ്‍ഗ്രസ്‌ സ്‌ഥാപക നേതാക്കളില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏകനായ ആര്‍. ബാലകൃഷ്‌ണപിള്ള നയിക്കുന്ന കേരളാ കോണ്‍ഗ്രസ്‌ വിഭാഗം തിരുവനന്തപുരത്ത്‌ സമ്മേളനം നടത്തി ജൂബിലി ആഘോഷിക്കുന്നതോടൊപ്പം പാര്‍ട്ടിയുടെ ഏക എം.എല്‍.എ. ഗണേഷ്‌കുമാറിന്റെ എം.എല്‍.എ. പദവി മന്ത്രിപദവിയാക്കി മാറ്റാനുള്ള വിലപേശലിലാണ്‌.
                    ഇന്ത്യന്‍ രാഷ്‌ട്രീയത്തിലും കേരള രാഷ്‌ട്രീയത്തിലും കേരള കോണ്‍ഗ്രസിന്‌ ഏറെ പ്രസക്‌തിയുണ്ട്‌. 1964-ലായിരുന്നു കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടിയിലെ 15 അംഗങ്ങള്‍ കേരള നിയമസഭയില്‍ പ്രത്യേക ഗ്രൂപ്പായി മാറിയത്‌. കേന്ദ്രം കേരളത്തെ അവഗണിക്കുന്നു എന്ന വികാരപരമായ മുദ്രാവാക്യമാണ്‌ 15 പേരുടെ കോര്‍ ഗ്രൂപ്പ്‌ മുഴക്കിയത്‌. അന്നത്തെ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രി ആര്‍. ശങ്കറും ആഭ്യന്തരമന്ത്രി പി.ടി. ചാക്കോയും തമ്മില്‍ രണ്ടുവര്‍ഷത്തിലേറെക്കാലം നീണ്ടുനിന്ന അഭിപ്രായഭിന്നതയുടെ പേരില്‍ കോണ്‍ഗ്രസില്‍ ചാക്കോ ഗ്രൂപ്പ്‌ എന്ന സമ്മര്‍ദ ഗ്രൂപ്പ്‌ ചാക്കോ അറിയാതെ തന്നെ രൂപപ്പെട്ടിരുന്നു. ഭിന്നത മൂര്‍ഛിച്ചതിനൊടുവില്‍ 1964 ഫെബ്രുവരി പകുതി കഴിഞ്ഞപ്പോള്‍ ചാക്കോ മന്ത്രിസഭ വിട്ടു. മറ്റൊരു പാര്‍ട്ടി രൂപീകരണമെന്നതിനെപ്പറ്റി ചാക്കോ ആലോചിച്ചതേയില്ല, ഉടുത്ത ഖദറിന്റെ വിശുദ്ധി മൂവര്‍ണക്കൊടി കയ്യിലേന്തി സൂക്ഷിക്കണമെന്ന വിചാരഗതിക്കാരനായിരുന്നു പി.ടി. ചാക്കോ. പക്ഷേ ചാക്കോയോടുള്ള അവഗണനയില്‍ മനം നൊന്ത ഒരു വിഭാഗം ചാക്കോ വികാരം നെഞ്ചേറ്റി. 1964 ജൂലൈ ഏഴിനു സി.പി.ഐ. അഖിലേന്ത്യാ തലത്തില്‍ പിളര്‍ന്നപ്പോള്‍ അക്കൊല്ലം സെപ്‌റ്റംബര്‍ രണ്ടിനു കേരളത്തിലെ കോണ്‍ഗ്രസ്‌ ഘടകവും പിളര്‍ന്നു. കെ.എം. ജോര്‍ജിന്റെ നേതൃത്വത്തില്‍ 15 കോണ്‍ഗ്രസ്‌ എം.എല്‍.എ.മാര്‍ നിയമസഭയില്‍ പ്രത്യേക ഗ്രൂപ്പായി മാറി. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ എസ്‌.എസ്‌.പി.യിലെ പി.കെ. കുഞ്ഞ്‌ കേരള നിയമസഭയില്‍ ശങ്കര്‍ മന്ത്രിക്കെതിരേ അവിശ്വാസപ്രമേയം കൊണ്ടുവന്നു. കോണ്‍ഗ്രസ്‌ വിട്ടുനിന്ന 15 എം.എല്‍.എ.മാരും പ്രമേയത്തെ പിന്തുണച്ചു. 50-നെതിരേ 73 വോട്ടിനു പ്രമേയം പാസായി. ശങ്കര്‍ രാജിവച്ചു. ഇന്ത്യയില്‍ കോണ്‍ഗ്രസ്‌ എം.എല്‍.എ.മാര്‍ രാജി കൊടുത്ത്‌ രൂപീകരിച്ച ആദ്യത്തെ പ്രാദേശിക പാര്‍ട്ടിയായി കേരള കോണ്‍ഗ്രസ്‌. ശക്‌തമായ കേന്ദ്രവും സംതൃപ്‌തമായ സംസ്‌ഥാനവും എന്ന മുദ്രാവാക്യമാണ്‌ അന്നു കേരള കോണ്‍ഗ്രസ്‌ വിളിച്ചത്‌. അതിനു പിന്നില്‍ ഒരു പ്രധാന കാരണമുണ്ട്‌. റബറിന്റെ രാഷ്‌ട്രീയം.
               നെഹ്‌റു മന്ത്രിസഭയുടെ ഭരണവേളയില്‍ അമ്പതുകള്‍ക്കൊടുവില്‍ സിലോണില്‍ നിന്നു റബര്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര വാണിജ്യമന്ത്രാലയം പച്ചക്കൊടി കാട്ടി. പി.ടി. ചാക്കോ ഇതിനെ എതിര്‍ത്തു. കേരളമായിരുന്നു അന്ന്‌ ഇന്ത്യയിലെ ഏറ്റവും പ്രമുഖ റബര്‍ ഉല്‍പാദന സംസ്‌ഥാനം. ലോക വിപണിയിലും ഇന്ത്യയിലെ സ്വാഭാവിക റബറിനായിരുന്നു സ്വാഗതം. കേരള താല്‍പര്യങ്ങളെ ഹനിക്കുന്ന കേന്ദ്രത്തിനെതിരേ കേരളത്തില്‍ പുതിയൊരു പ്രസ്‌ഥാനവും പ്രതിപ്രവര്‍ത്തനവും ഉണ്ടാകണമെന്ന്‌ കേരള കോണ്‍ഗ്രസ്‌ വാദിച്ചു.
കേരള കോണ്‍ഗ്രസ്‌ രൂപീകരണത്തിനു ശേഷമായിരുന്നു ബംഗാളില്‍ അജോയ്‌ മുഖര്‍ജിയുടെ നേതൃത്വത്തില്‍ ബംഗ്‌ളാ കോണ്‍ഗ്രസ്‌ ഉണ്ടായത്‌. അജോയ്‌ മുഖര്‍ജി മുഖ്യമന്ത്രിയായി. കേരള കോണ്‍ഗ്രസിന്‌ ഇതുവരെ എന്തുകൊണ്ട്‌ മുഖ്യമന്ത്രി പദം ലഭിച്ചില്ല? രാഷ്‌ട്രീയ ദുര്യോഗം തന്നെ. 1965-ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ ആദ്യമായി ത്രിശങ്കു പാര്‍ലമെന്റ്‌ (ഹംങ്‌ അസംബ്ലി) ഉണ്ടായത്‌ കേരളത്തിലാണ്‌. ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിച്ചില്ല. 41 അംഗ സി.പി.എം. ആയിരുന്നു ഏറ്റവും വലിയ ഏക കക്ഷി. 36 അംഗ കോണ്‍ഗ്രസ്‌ രണ്ടാമത്‌. പാലക്കാട്ടെ സ്വതന്ത്രന്‍ ഉള്‍പ്പെടെ 24 പേര്‍ കേരളകോണ്‍ഗ്രസില്‍. ഭരണഘടന പ്രകാരം ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സഭ ഉണ്ടായാല്‍ ഏറ്റവും വലിയ ഏകകക്ഷിയെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കണം. പക്ഷേ ഇ.എം.എസിനെ ക്ഷണിച്ചില്ല. ഒന്നാം കക്ഷി കൈമലര്‍ത്തിയാല്‍ രണ്ടാമത്തെ വലിയ കക്ഷിയായ കോണ്‍ഗ്രസിനെ ക്ഷണിക്കണം. ഒന്നാം കക്ഷിയെ വിളിക്കാത്തതുകൊണ്ടാവാം രണ്ടാം കക്ഷിയേയും ഗവര്‍ണര്‍ ക്ഷണിച്ചില്ല. മൂന്നാം കക്ഷിയായി കേരള കോണ്‍ഗ്രസിനെ ഗൗനിച്ചതേയില്ല.
ഇ.എം.എസ്‌. ഭരണപരമായ അനിശ്‌ചിതാവസ്‌ഥ ഒഴിവാക്കാന്‍ രഹസ്യമായി കേരള കോണ്‍ഗ്രസ്‌ നേതാക്കളെ വിളിച്ച്‌ മന്ത്രിസഭയുണ്ടാക്കാന്‍ പുറമേനിന്നു പിന്തുണയ്‌ക്കാമെന്നറിയിച്ചു. ഒരേ ഒരു ഉപാധി. ജയിലില്‍ കഴിയുന്ന കമ്യൂണിസ്‌റ്റുകാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ നിയമസഭയില്‍ കൊണ്ടുവരുന്ന പ്രമേയത്തെ കേരള കോണ്‍ഗ്രസ്‌ അനുകൂലിക്കണം. കമ്യൂണിസ്‌റ്റ് വിരുദ്ധ വികാരമുള്ള അണികളെ പ്രകോപിപ്പിക്കേണ്ട എന്നതുകൊണ്ടായിരിക്കാം കെ.എം. ജോര്‍ജ്‌ ഈ ചൂണ്ടയില്‍ കൊത്തിയില്ല. കോണ്‍ഗ്രസുമായി ചേര്‍ന്നൊരു കൂട്ടുമന്ത്രിസഭ ആകാമെന്ന നിര്‍ദേശം സ്വീകാര്യമായിരുന്നു. പക്ഷേ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു ആയിരുന്ന കേരള കോണ്‍ഗ്രസിനെ വോട്ടിന്റെ മഷി അടയാളം ഉണങ്ങും മുന്‍പ്‌ അധികാരം പങ്കിടാന്‍ ക്ഷണിക്കുന്നത്‌ നീതിയല്ലെന്ന കെ.കെ. മാധവന്റെ വാദമുഖത്തിനു മുന്നില്‍ കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടി മുട്ടുമടക്കേണ്ടി വന്നു. മന്ത്രിസഭയുണ്ടായാല്‍ പട്ടികജാതി വര്‍ഗത്തിന്റെ ഏക പ്രതിനിധി എന്ന നിലയില്‍ മന്ത്രിസ്‌ഥാനം ഉറപ്പായിരുന്ന ആളായിരുന്നു മാധവന്‍. ഭരണഘടനാ വ്യവസ്‌ഥ പരിശോധിക്കാതെ, തെരഞ്ഞെടുക്കപ്പെട്ട നിയമസഭ വിളിച്ചുകൂട്ടാതെ പിരിച്ചുവിട്ടു എന്നത്‌ കേരള കോണ്‍ഗ്രസിനോടു മാത്രമല്ല ഭരണഘടനയോടും ജനാധിപത്യത്തോടും ചെയ്‌ത മഹാപരാധമായിരുന്നു.
പിന്നീട്‌ കേരള കോണ്‍ഗ്രസിനു മുഖ്യമന്ത്രിപദം കപ്പിനും ചുണ്ടിനുമിടയില്‍ എത്തിയത്‌ 1979-ലായിരുന്നു. പി.കെ. വാസുദേവന്‍നായര്‍ സ്വന്തം മന്ത്രിസഭയുടെ തല വെട്ടി തളികയില്‍ വച്ച്‌ ഇടതുപക്ഷമുന്നണി രൂപീകരണത്തിനു വഴിമാറിയപ്പോള്‍ സി.എച്ചിന്റെ ബദല്‍ മന്ത്രിസഭയെ ഒഴിവാക്കാന്‍ ഇ.എം.എസ്‌. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ പി.കെ.വി.യും ബേബി ജോണും സാക്ഷാല്‍ ആര്‍. ബാലകൃഷ്‌ണപിള്ളയും കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട്‌ ഗവര്‍ണര്‍ ജ്യോതി വെങ്കിടചെല്ലത്തിന്റെ മുന്നിലെത്തി. ആ ശ്രമവും ഫലിച്ചില്ല.കായല്‍ രാജാക്കന്മാരുടെയും തോട്ടം ഉടമകളുടെയും പാര്‍ട്ടി എന്നായിരുന്നു കോണ്‍ഗ്രസും സി.പി.എം., സി.പി.ഐ. തുടങ്ങിയ ഇടതുപക്ഷ കക്ഷികളും കേരള കോണ്‍ഗ്രസിനെ ആക്ഷേപിച്ചിരുന്നത്‌. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, കോട്ടയം, പാലാ, കോതമംഗലം, തൃശൂര്‍, തലശേരി ബിഷപ്പുമാരുടെ അല്‍മായ സംഘടനയായും പലരും കേരളാ കോണ്‍ഗ്രസിനെ അധിക്ഷേപിച്ചു. രൂപതാധ്യക്ഷന്മാരുടെ വിരല്‍തുമ്പില്‍ നിന്ന്‌ കടലോരങ്ങളിലും മലയോരങ്ങളിലും സമതലങ്ങളിലും വിയര്‍പ്പൊഴുക്കുന്ന അധ്വാനവര്‍ഗത്തിന്റെ പ്രസ്‌ഥാനമായി കേരള കോണ്‍ഗ്രസിനെ മാറ്റിയത്‌ കെ.എം. മാണി എന്ന ബഹുതല ശോഭിത വ്യക്‌തിത്വമാണ്‌.
1972-ല്‍ കെ.എം. മാണി അവതരിപ്പിച്ച ആലുവ സാമ്പത്തിക പ്രമേയമാണ്‌ കേരളാ കോണ്‍ഗ്രസിനെ ഇടത്‌-വലതു പക്ഷങ്ങള്‍ക്കു സ്വീകാര്യമാക്കിയത്‌. അടിയന്തരാവസ്‌ഥക്കാലത്ത്‌ ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച ഇരുപതിന പരിപാടിയില്‍ പോലും കെ.എം. മാണിയുടെ സാമ്പത്തിക പ്രമേയത്തിലെ സത്തയുടെ സാന്നിധ്യമുണ്ടായിരുന്നു. പിന്നീടാവിഷ്‌കരിച്ച അധ്വാനവര്‍ഗ സിദ്ധാന്തത്തില്‍ 1964 മുതല്‍ കേരള കോണ്‍ഗ്രസ്‌ പ്രതിനിധാനം ചെയ്യുന്നത്‌ അധ്വാനിക്കുന്ന വിഭാഗത്തെയാണെന്നു വരച്ചുകാട്ടാന്‍ കെ.എം. മാണിക്കു കഴിഞ്ഞു.പ്രത്യയശാസ്‌ത്രപരമായ ഈ പ്രതിബദ്ധത കെ.എം. മാണിയുടെ ബജറ്റ്‌ പ്രസംഗങ്ങളിലെല്ലാം കാണാം. അതുകൊണ്ടാണ്‌ ജൂബിലിക്കു വളരെ മുന്‍പുതന്നെ പി.ജെ. ജോസഫിന്റെയും പി.സി. ജോര്‍ജിന്റെയും നേതൃത്വത്തിലുണ്ടായിരുന്ന ഗ്രൂപ്പുകള്‍ മാണിയെന്ന മഹാപ്രവാഹത്തില്‍ ലയിച്ചത്‌.

                                                 പ്രൊഫ്‌. ജോണ്‍ കുരാക്കാർ 
-

No comments: