Pages

Wednesday, October 9, 2013

മതത്തെ യുവാക്കളെ കുടുക്കുന്ന കെണിയാക്കരുത്‌

മതത്തെ യുവാക്കളെ 
കുടുക്കുന്ന കെണിയാക്കരുത്

                മലയാളി യുവാക്കളെ ഭീകരപ്രവര്‍ത്തനത്തിനായി കാശ്‌മീരിലേക്കു റിക്രൂട്ട്‌ ചെയ്‌ത കേസിലെ പതിമൂന്നു പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ നല്‍കിക്കൊണ്ടുള്ള കോടതിയുടെ വിധി, ഛിദ്രശക്‌തികളുടെ പ്രലോഭനങ്ങള്‍ക്കും പ്രേരണകള്‍ക്കും വഴങ്ങി ഭീകരതയുടെ വഴിയിലേക്ക്‌ ഇറങ്ങിത്തിരിക്കാന്‍ തയാറാകുന്ന യുവത്വത്തിനുള്ള മുന്നറിയിപ്പാണ്‌.ലോകത്തിലെതന്നെ ഏറ്റവും വലിയ ജനാധിപത്യരാജ്യങ്ങളിലൊന്നായ ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും തകര്‍ക്കുവാനും ഇന്ത്യ മുറുകെപ്പിടിക്കുന്ന മതേതരസ്വഭാവത്തിനു വെല്ലുവിളിയുയര്‍ത്താനും ശത്രുരാജ്യങ്ങള്‍ നടത്തുന്ന ശ്രമങ്ങളില്‍ ഒരു കാരണവശാലും ഇവിടത്തെ ഒരു യുവാവും പങ്കാളിയായിക്കൂടാ. പങ്കാളിയാകുന്നവര്‍ അര്‍ഹമായ ശിക്ഷ അനുഭവിക്കുകതന്നെ വേണം. ശിക്ഷയ്‌ക്കു വിധേയരായ പ്രതികള്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും ഭീഷണിയാണെന്നാണ്‌ കോടതി ചൂണ്ടിക്കാട്ടിയത്‌. പ്രതികളില്‍ മൂന്നുപേര്‍ക്ക്‌ ഇരട്ടജീവപര്യന്തം തടവുവിധിക്കുകയും ചെയ്‌തു. ഒരു  മതവും  യുവാക്കളെ  വഴി തെറ്റിക്കരുത് .
                     മതത്തിന്റെ പേരുപറഞ്ഞ്‌ യുവാക്കളെ മയക്കി തീവ്രവാദത്തിലേക്കു നയിക്കുന്നു. അവരെ പ്രലോഭിപ്പിച്ച്‌ അതിര്‍ത്തികടത്തി ശത്രുമേഖലയില്‍ എത്തിച്ച്‌ തീവ്രവാദ പരിശീലനം നല്‍കുന്നു. പിന്നീട്‌ സ്വന്തം രാജ്യത്തേക്ക്‌ പറഞ്ഞയച്ച്‌ അവിടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കുകയും ചെയ്യുന്നു. ഇത്തരം വിദേശ തീവ്രവാദ സംഘടനകളുടെ കൈയിലെ പാവകളാവുന്നവര്‍ സ്വന്തം രാജ്യത്തോടും ജനങ്ങളോടും ചെയ്യുന്നത്‌ പൊറുക്കാനാവാത്ത തെറ്റുതന്നെയാണ്‌. അത്തരം തെറ്റു ചെയ്യുന്നവര്‍ തീര്‍ച്ചയായും കടുത്ത ശിക്ഷ അനുഭവിക്കുകതന്നെ വേണം.കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ കേരളത്തില്‍നിന്നു റിക്രൂട്ട്‌ ചെയ്‌ത നാലു യുവാക്കളും കാശ്‌മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേനയുടെ വെടിയേറ്റു മരിക്കുകയായിരുന്നു. മരിച്ചവരില്‍ ഫയാസ്‌ എന്ന ചെറുപ്പക്കാരന്റെ മാതാവ്‌ വിധിയറിഞ്ഞശേഷം പറഞ്ഞത്‌; നിരപരാധിയായ തന്റെ മകനെ പറഞ്ഞുമയക്കി വിളിച്ചുകൊണ്ടു പോകുകയും ഭീകരപ്രവര്‍ത്തനത്തിലേക്കു നയിക്കുകയും ഒടുവില്‍ സൈന്യത്തിന്റെ വെടിയേറ്റുമരിക്കാന്‍ കാരണക്കാരാകുകയും ചെയ്‌ത പ്രതികള്‍ക്ക്‌ വധശിക്ഷയാണു നല്‍കേണ്ടിയിരുന്നത്‌ എന്നാണ്‌. മകനെ നഷ്‌ടപ്പെട്ട മാതാവിന്റെ ഹൃദയം നൊന്തുള്ള ആ വാക്കുകള്‍ കോടതിവിധിയേക്കാള്‍ വലുതാണ്‌.
                 മതം ഒരിക്കലും തീവ്രവാദത്തിനോ ഭീകരവാദത്തിനോ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കോ കാരണമാകാനുള്ളതല്ല. മതം എപ്പോഴും മനുഷ്യരെ ഒന്നിച്ചു നിര്‍ത്താനുള്ളതാണ്‌. സ്‌നേഹവും സാഹോദര്യവും സമാധാനവും സംരക്ഷിക്കപ്പെടാനാണ്‌ മതത്തെ ഉപയോഗിക്കേണ്ടത്‌. മതത്തിന്റെ പേരുപറഞ്ഞ്‌ പ്രലോഭിപ്പിച്ച്‌ തീവ്രവാദത്തിലേക്ക്‌ ആരെങ്കിലും വിളിക്കുമ്പോള്‍ ഇറങ്ങിപ്പോകുന്നവര്‍ ഒരിക്കലും മതവിശ്വാസിയോ മതസ്‌നേഹിയോ ആകുന്നില്ല. ഏതു മതത്തില്‍പ്പെട്ട ആളായാലും അവന്‍ എന്നും മതത്തിന്റെ ശത്രുതന്നെയായിരിക്കും. ചെറുപ്പക്കാരെ കെണിയില്‍ കുടുക്കാന്‍ തീവ്രവാദികള്‍ ഏറ്റവും വലിയ ആയുധമാക്കുന്നത്‌ പലപ്പോഴും മതത്തെയാണ്‌. മാതാപിതാക്കളെയും സഹോദരങ്ങളെയും നാടിനെയും വീടിനെയും രാജ്യത്തെതന്നെയും ഒറ്റിക്കൊടുത്ത്‌ ആ പ്രലോഭനത്തിനു കീഴടങ്ങാന്‍ യഥാര്‍ഥ മതവിശ്വാസി തയാറാകാന്‍പാടില്ല.
                  നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത്തരം തീവ്രവാദ ഭീഷണികള്‍ ഏറ്റവും കൂടുതല്‍ നേരിടേണ്ടിവരുന്നത്‌ പാകിസ്‌താനില്‍നിന്നുതന്നെയാണ്‌. അവിടെനിന്നു നുഴഞ്ഞുകയറിവന്ന്‌ ഇവിടെ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നതിനൊപ്പം തന്നെ ഇവിടത്തെ ചെറുപ്പക്കാരുടെ മനസില്‍ തീവ്രവാദ ഭ്രാന്തിന്റെ അണുക്കളെ നിറച്ച്‌ വിധ്വംസക പ്രവര്‍ത്തനത്തിനു കളമൊരുക്കുകകൂടി ചെയ്യുന്നു അവര്‍. അടുത്തകാലത്തായി പാകിസ്‌താന്‍ അതിരുവിട്ട രീതിയിലുള്ള പ്രകോപനങ്ങളാണ്‌ ഇന്ത്യയുടെ അതിര്‍ത്തിയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. ജമ്മുകാശ്‌മീരിലെയും മറ്റും നിയന്ത്രണരേഖയില്‍ തീവ്രവാദികള്‍ക്കു നുഴഞ്ഞുകയറാന്‍ പാക്‌ സൈന്യംതന്നെ സഹായം നല്‍കുന്നുവെന്ന ആക്ഷേപം ശക്‌തമാണ്‌. പലപ്പോഴും യാതൊരു പ്രകോപനവുമില്ലാതെ ഇന്ത്യന്‍ സൈന്യത്തിനുനേരെ വെടിയുതിര്‍ക്കാന്‍വരെ അവര്‍ തയാറാകുന്നു. ഇന്ത്യയുടെയും പാകിസ്‌താന്റെയും രാഷ്‌ട്രീയ നേതൃത്വം നടത്തുന്ന സമാധാന ചര്‍ച്ചകളെ എതിര്‍ക്കുന്ന രീതിയിലാണ്‌ അവരുടെ സൈന്യത്തിന്റെയും തീവ്രവാദികളുടെയും സമീപനം. സമാധാന ചര്‍ച്ചകള്‍ക്കു കളമൊരുങ്ങിവരുമ്പോള്‍തന്നെ അതു തകര്‍ക്കത്തക്കരീതിയിലുള്ള നടപടികള്‍ സൈന്യവും തീവ്രവാദികളും ആരംഭിച്ചിരിക്കും. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും പാക്‌ പ്രധാനമന്ത്രി നവാസ്‌ ഷെറീഫും അമേരിക്കയില്‍ കണ്ടുമുട്ടേണ്ട ദിവസത്തിന്റെ തൊട്ടുതലേന്നുപോലും പാക്‌ സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടുത്ത പ്രകോപനപരമായ നീക്കങ്ങളാണ്‌ സൃഷ്‌ടിച്ചത്‌.അതുകൊണ്ടുതന്നെ അവര്‍ ഇവിടെ ആഭ്യന്തരമായ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാനും സദാ ശ്രമിച്ചുകൊണ്ടിരിക്കും. അത്‌ മതത്തിന്റെ പേരുപറഞ്ഞോ മറ്റേതെങ്കിലും രീതിയിലോ ആയിരിക്കും. പക്ഷേ, അത്തരം പ്രലോഭനങ്ങളിലോ കെണികളിലോ കുടുങ്ങാതിരിക്കാനാണ്‌ ചെറുപ്പക്കാര്‍ ശ്രദ്ധിക്കേണ്ടത്‌. ശത്രുരാജ്യത്തിന്റെ കുത്സിത തന്ത്രങ്ങളിലൂടെ ഉണ്ടാകുന്ന ഏതൊരു ഭീഷണിയേയും ചെറുത്തുതോല്‌പിക്കാനാണ്‌ ഓരോ ഇന്ത്യന്‍ പൗരനും ശ്രമിക്കേണ്ടത്‌. അവിടെ മതത്തിന്റെയോ ജാതിയുടെയോ വിവേചനമേ വേണ്ട.

                            പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: