Pages

Friday, October 25, 2013

മരണത്തെയും തോല്‌പിക്കുന്ന അനശ്വര ഗായകന്‍

മരണത്തെയും തോല്പിക്കുന്ന
അനശ്വര ഗായകന്

നാലായിരത്തോളം പാട്ടുകളിലൂടെ ഭാരതീയരുടെയാകെ മനസുകളില്‍ സംഗീത വിസ്‌മയം വിരിയിക്കുകയും ഒരൊറ്റ പാട്ടിലൂടെ കേരളീയരുടെയാകെ ഹൃദയങ്ങളില്‍ സ്‌ഥിരവാസമുറപ്പിക്കുകയും ചെയ്‌ത അനശ്വര ഗായകനായിരുന്നു ഇന്നലെ ഈ ലോകത്തോടു വിടപറഞ്ഞ മന്നാ ഡേ. ഏഴു പതിറ്റാണ്ടായി ഇന്ത്യന്‍ സംഗീത ലോകത്തു നിറഞ്ഞുനിന്ന്‌ ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷകളിലുമായി അദ്ദേഹം പാടിത്തീര്‍ത്ത ആയിരക്കണക്കിനു പാട്ടുകള്‍ ആ മഹാഗായകനെ മരണത്തിനും അതീതനാക്കുമെന്നതില്‍ സംശയമില്ല. അരനൂറ്റാണ്ടു മുമ്പ്‌ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ്‌ സിനിമയായ ചെമ്മീനിലൂടെ അദ്ദേഹം നമുക്കു സമ്മാനിച്ച 'മാനസമൈനേ വരൂ...' എന്ന വിരഹഗാനം ഇന്നും നമ്മുടെയൊക്കെ കാതുകളില്‍ നൊമ്പരശബ്‌ദമായി മുഴങ്ങുകയും ഹൃദയങ്ങളില്‍ നൊമ്പരത്തിന്റെ തന്ത്രികളുണര്‍ത്തുകയും ചെയ്യുന്നു. ആ അനുഗൃഹീത പാട്ടുകാരന്റെ വേര്‍പാട്‌ ഇന്ത്യന്‍ സംഗീതലോകത്തിന്‌ വലിയ നഷ്‌ടംതന്നെയാണ്‌.
തൊണ്ണൂറ്റിനാലുവര്‍ഷം മുമ്പ്‌ ബംഗാളിലെ കൊല്‍ക്കത്തയില്‍ പൂര്‍ണചന്ദ്രയുടെയും മഹാമായയുടെയും മകനായി ജനിച്ച പ്രബോധ്‌ചന്ദ്ര ഡേ ആണ്‌ പില്‍ക്കാലത്ത്‌ ആരെയും വിസ്‌മയിപ്പിക്കുന്ന ശബ്‌ദത്തിനുടമയായ മന്നാ ഡേ എന്ന പാട്ടുകാരനായി മാറിയത്‌. 1929ല്‍ പഠിക്കുന്ന കാലത്തുതന്നെ സ്‌കൂള്‍ സ്‌റ്റേജുകളില്‍ പാട്ടുപാടി സമ്മാനം വാങ്ങിക്കൊണ്ടായിരുന്നു മന്നാ ഡേയുടെ തുടക്കം. കോളജ്‌ പഠനകാലത്തും നിരവധി പാട്ടുമത്സരങ്ങളില്‍ സമ്മാനിതനായി. മന്നാഡേയുടെ കഴിവു ശ്രദ്ധയില്‍പ്പെട്ട അന്ധഗായകന്‍കൂടിയായ അമ്മാവന്‍ കൃഷ്‌ണചന്ദ്ര ഡേയാണ്‌ സംഗീതത്തിന്റെ വലിയ ലോകത്തേക്ക്‌ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയത്‌. കൊല്‍ക്കത്തയില്‍നിന്നു മുംബൈയിലെത്തിയശേഷം കൃഷ്‌ണചന്ദ്ര ഡേ തന്നെ സംഗീത സംവിധാനം നിര്‍വഹിച്ച 'തമന്ന' എന്ന ഹിന്ദി ചിത്രത്തില്‍ മന്നാഡേ പാടിയതോടെയാണ്‌ സിനിമാ പാട്ടിന്റെ ലോകത്തേക്കുള്ള അദ്ദേഹത്തിന്റെ വഴി തുറക്കപ്പെട്ടത്‌. പ്രശസ്‌ത സംഗീത സംവിധായകനായ എസ്‌.ഡി. ബര്‍മന്റെ സഹായിയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത്‌ സംഗീതലോകത്തേക്കുള്ള പ്രവേശനത്തിനു കൂടുതല്‍ സഹായമായി.
വിവിധ ഭാഷകളിലെ ചലച്ചിത്രഗാനാലാപനരംഗത്ത്‌ നിറഞ്ഞുനില്‌ക്കുമ്പോഴാണ്‌ 1965ല്‍ ചെമ്മീനില്‍ പാടുന്നതിനായി സംവിധായകന്‍ രാമുകാര്യാട്ട്‌ അദ്ദേഹത്തെ ക്ഷണിച്ചത്‌. സ്വന്തം നാട്ടുകാരനായ സലീല്‍ ചൗധരിയാണു സംഗീത സംവിധായകനെന്നറിഞ്ഞിട്ടുപോലും ആദ്യമദ്ദേഹം വിസമ്മതിക്കുകയായിരുന്നു. പിന്നീട്‌ രാമു കാര്യാട്ടിന്റെ ശ്രമവും കണ്ണൂര്‍കാരിയായ ഭാര്യ സുലോചനയുടെ പ്രേരണയുമാണ്‌ അദ്ദേഹത്തെ 'മാനസമൈനേ വരൂ.... മധുരം നുള്ളി തരൂ....' എന്ന ഗാനം പാടാന്‍ നിര്‍ബന്ധിതനാക്കിയത്‌. അന്നദ്ദേഹമതു പാടിയില്ലായിരുന്നെങ്കില്‍ അരനൂറ്റാണ്ടായി മലയാളിയുടെ മനസില്‍ നൊമ്പരമുണര്‍ത്തിക്കൊണ്ടിരിക്കുന്ന ആ അനശ്വര വിരഹഗാനം പിറക്കില്ലായിരുന്നു. കറുത്തമ്മയെ നഷ്‌ടപ്പെടുന്ന പരീക്കുട്ടി കടപ്പുറത്തുകൂടി പാടിനടക്കുന്ന ആ പാട്ട്‌, പരീക്കുട്ടി എന്ന ദുഃഖ കാമുകന്റെ സര്‍വ ഹൃദയനൊമ്പരവും ഉള്‍ക്കൊണ്ടുകൊണ്ടാണ്‌ മന്നാഡേ പാടിയത്‌.
മുഹമ്മദ്‌ റാഫിയും കിഷോര്‍കുമാറും മുകേഷും തലത്‌ മഹ്‌മൂദും അടക്കമുള്ള പ്രഗത്ഭരായ ഗായകര്‍ ഹിന്ദി സിനിമാരംഗത്തെ സംഗീതരാജാക്കന്മാരായി നില്‌ക്കുന്നകാലത്താണ്‌ വ്യത്യസ്‌തമായ ശബ്‌ദത്തിലൂടെ മന്നാഡേ അവിടെ സ്‌ഥാനമുറപ്പിച്ചത്‌. മുഹമ്മദ്‌ റാഫിയോടൊപ്പം അമ്പതോളം പാട്ടുകള്‍ മന്നാഡേ പാടിയിട്ടുണ്ട്‌. രണ്ടു ഗായകര്‍ക്കും പരസ്‌പരം ബഹുമാനവും ഇഷ്‌ടവുമായിരുന്നു. മലയാള സിനിമയില്‍ അദ്ദേഹം രണ്ടാമതൊരിക്കല്‍കൂടി പാടിയെങ്കിലും മാനസമൈനേ... എന്ന ഗാനത്തിനൊപ്പമെത്താന്‍ ആ പാട്ടിനു കഴിഞ്ഞില്ല. രാമു കാര്യാട്ടിന്റെതന്നെ 'നെല്ല്‌' എന്ന സിനിമയിലെ 'ചെമ്പാ ചെമ്പാ' എന്ന ഗാനമായിരുന്നു അത്‌.
ചലച്ചിത്രലോകത്തെ അംഗീകാരത്തിന്റെ ഒരു നിരയ്‌ക്കൊപ്പം രാജ്യം പദ്‌മശ്രീയും പദ്‌മഭൂഷണും നല്‍കി ഈ അനശ്വരഗായകനെ ആദരിച്ചിരുന്നു. ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള ദാദാസാഹെബ്‌ ഫാല്‍ക്കെ അവാര്‍ഡും മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡുകളുമടക്കം അദ്ദേഹത്തിനു ലഭിച്ച അംഗീകാരങ്ങള്‍ ഏറെയാണ്‌.

ആ വലിയ പാട്ടുകാരനു പകരംവയ്‌ക്കാന്‍ മറ്റൊരു പാട്ടുകാരനുമില്ലെന്നു നമുക്കറിയാം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മരണത്തിലൂടെ ഇന്ത്യന്‍ സംഗീതലോകത്തിനു നഷ്‌ടമാകുന്നത്‌ അനുഗൃഹീതനും അനശ്വരനുമായ പാട്ടുകാരനെയാണ്‌. അനിവാര്യമായ മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകുമ്പോഴും അദ്ദേഹം നമുക്കു സമ്മാനിച്ചിട്ടുപോയ ആയിരക്കണക്കിനു ഗാനങ്ങള്‍ മരണത്തെയും തോല്‌പിച്ച്‌ നമ്മുടെയൊക്കെ കാതുകളില്‍ എന്നും മുഴങ്ങിക്കൊണ്ടിരിക്കും. മലയാളിയുടെ പ്രിയപ്പെട്ട മാനസമൈന ഉള്‍പ്പെടെയുള്ള അനശ്വരമായ ഗാനങ്ങള്‍...

                                       പ്രൊഫ്‌ . ജോണ്‍ കുരാക്കാർ 

No comments: