Pages

Friday, October 25, 2013

പാത്രിയര്‍ക്കീസ്‌ വിഭാഗത്തിന്റെ പ്രചാരണം സത്യവിരുദ്ധം:

പാത്രിയര്ക്കീസ്വിഭാഗത്തിന്റെ പ്രചാരണം
സത്യവിരുദ്ധം: ഓര്ത്തഡോക്സ് സഭ
 കോലഞ്ചേരി പള്ളി പ്രശ്‌നത്തില്‍ നീതി തങ്ങളുടെ ഭാഗത്തു മാത്രമാണെന്നു തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സത്യവും മിഥ്യയും കൂട്ടിക്കലര്‍ത്തി പാത്രിയര്‍ക്കീസ്‌ വിഭാഗം നടത്തുന്ന പ്രചാരണങ്ങള്‍ വിലപ്പോകില്ലെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭ വൈദികട്രസ്‌റ്റി ഫാ. ഡോ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌.
സത്യവിശ്വാസികളെ പള്ളിയില്‍നിന്ന്‌ ഇറക്കിവിടാന്‍ ഓര്‍ത്തഡോക്‌സ്‌ സഭ ശ്രമിക്കുന്നുവെന്ന വ്യാഖ്യാനം ശരിയെല്ലന്നും വിശ്വാസികള്‍ക്ക്‌ അവിടെ ആരാധനയില്‍ സംബന്ധിക്കുന്നതിനു തടസം സൃഷ്‌ടിക്കില്ലെന്നും നിയമാനുസൃതം നിയമിതരാകുന്ന വൈദികര്‍ക്കേ കാര്‍മികരാവാന്‍ അനുവാദമുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
‘പള്ളിയിലെ ഭൂരിപക്ഷത്തിന്റെ കാര്യത്തിലും പാത്രിയര്‍ക്കീസ്‌ വിഭാഗം തെറ്റായ കണക്കുകളാണ്‌ അവതരിപ്പിക്കുന്നത്‌. 80 ശതമാനം ആളുകള്‍ തങ്ങളുടെ കൂടെയുണ്ടെന്ന അവരുടെ പ്രചാരണം വസ്‌തുതകള്‍ക്കു നിരക്കുന്നതല്ല. ഓര്‍ത്തഡോക്‌സ്‌ സഭ 2002 ല്‍ തയാറാക്കിയ കണക്കനുസരിച്ച്‌, 1631 ഭവനങ്ങള്‍ 1934ലെ ഭരണഘടന അംഗീകരിച്ചു തങ്ങളെ ഇടവകാംഗങ്ങളായി ചേര്‍ക്കണമെന്ന്‌ അപേക്ഷിച്ചിട്ടുണ്ട്‌. അവിടെ 2200 ല്‍ അധികം ഭവനങ്ങളില്ല. അപ്പോള്‍ ഭൂരിപക്ഷം ആര്‍ക്കാണ്‌? സഭാഭരണഘടന അനുസരിച്ചു തെരഞ്ഞെടുപ്പ്‌ നടത്തുമ്പോള്‍ ഭൂരിപക്ഷമുള്ളവര്‍ക്കു വിജയിച്ചു ഭരണത്തില്‍ പങ്കാളികളാകാം. എല്ലാവരെയും ഉള്‍ക്കൊണ്ട്‌ തെരഞ്ഞെടുപ്പു നടത്താന്‍ സഭ സന്നദ്ധമാണ്‌. 1934 ലെ സഭാഭരണഘടന അടിച്ചേല്‍പ്പിക്കാനോ അതനുസരിച്ചു പള്ളി പിടിച്ചെടുക്കാനോ ആരും ശ്രമിച്ചിട്ടില്ല. 1995 ലെ സുപ്രീം കോടതി വിധിയില്‍ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നു പറയുന്നവര്‍ ആ വിധി അനുസരിക്കാന്‍ തയാറാകണം. പ്രശ്‌നപരിഹാരമുണ്ടാകും. സുപ്രീം കോടതി വിധിയിലും അതംഗീകരിച്ച സഭാ ഭരണഘടനയിലും അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനു നല്‍കിയിട്ടുള്ള എല്ലാ സ്‌ഥാനമാനങ്ങളും നല്‍കാന്‍ ഓര്‍ത്തഡോക്‌സ്‌ സഭ സന്നദ്ധമാണെന്നു പല തവണ പറഞ്ഞിട്ടുള്ളതാണ്‌.
സുപ്രീം കോടതി വിധി നടത്തിപ്പിന്റെ ഭാഗമായി 2002 ല്‍ കോടതിനിരീക്ഷകന്റെ സാന്നിധ്യത്തില്‍ നടത്തിയ അസോസിയോഷന്‍ യോഗം പാത്രിയര്‍ക്കീസ്‌ വിഭാഗം ബഹിഷ്‌കരിച്ചത്‌ എന്തുകൊണ്ടാണ്‌? എന്നും എന്തിനും ഭൂരിപക്ഷമുണ്ടെന്നു വാദിക്കുന്നവര്‍ അതു തെളിയിക്കാന്‍ ലഭിച്ച സുവര്‍ണാവസരം എന്തുകൊണ്ടു വിനിയോഗിച്ചില്ല? കോലഞ്ചേരി പള്ളിയില്‍ 1934ലെ ഭരണഘടനയല്ല 1913ലെ ഉടമ്പടിയാണു നടപ്പാക്കേണ്ടതെന്ന വാദം വാദികളായ പാത്രിയര്‍ക്കീസ്‌ വിഭാഗം ഉന്നയിച്ചെങ്കിലും കോടതി നിഷ്‌കരുണം തള്ളി. സകല തെളിവുകളും സമര്‍പ്പിച്ചു പ്രഗത്ഭരായ വക്കീലന്മാര്‍ വാദിച്ചിട്ടും ജഡ്‌ജിമാര്‍ക്കു ബോധ്യപ്പെടാത്ത കാര്യം സത്യമെന്നു വാദിക്കാന്‍ വീണ്ടും ശ്രമിക്കുന്നതു മൗഠ്യമാണ്‌. പാത്രിയര്‍ക്കീസ്‌ വിഭാഗത്തിനുവേണ്ടി വാദിക്കുന്ന ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പോലീത്ത വിളപ്പില്‍ശാലയുടെ കാര്യം ഉദ്ധരിച്ച്‌ സ്വന്തം നിലപാടു ന്യായീകരിക്കാന്‍ ശ്രമിക്കുമ്പോള്‍, കൂടംകുളത്ത്‌ എന്തു സംഭവിച്ചു എന്നും ഓര്‍ക്കണം. കളിക്കാന്‍ കളിക്കളത്തിലേക്കു ക്ഷണിച്ചുവരുത്തിയിട്ടു ക്ഷണിച്ചവര്‍തന്നെ കളി തോല്‍ക്കുമ്പോള്‍ ഈ കളി ഞങ്ങള്‍ അംഗീകരിക്കില്ല എന്നു പറയുന്നതു മാന്യതയാണോ?’അദ്ദേഹം ചോദിച്ചു.ക്രൈസ്‌തവ ദൗത്യത്തിനു ചെലവാക്കേണ്ട പണം കേസുകള്‍ക്കു ചെലവാക്കുന്നതില്‍ ധാര്‍മികരോഷം കൊള്ളുന്നവര്‍ രാജ്യത്തിന്റെ നിയമവ്യവസ്‌ഥയെ വെല്ലുവിളിക്കുന്നതു ക്രിസ്‌തീയ നേതൃത്വത്തിനു ചേര്‍ന്നതാണോ എന്നും ചിന്തിക്കണമെന്നു ഫാ. ഡോ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌ പ്രസ്‌താവനയില്‍ പറഞ്ഞു
                                                     Prof. John Kurakar


No comments: