Pages

Friday, October 25, 2013

എ .കെ ആന്റണിയും ഇന്ത്യയുടെ പ്രതിരോധവകുപ്പും

                                          എ .കെ  ആന്റണിയും 
                       ഇന്ത്യയുടെ പ്രതിരോധവകുപ്പും 

               ഇന്ത്യയുടെ പ്രതിരോധമന്ത്രിസ്ഥാനം ഒരു സുഖമെത്തയൊന്നുമല്ല. രാജ്യരക്ഷയുടെ പരിപൂര്‍ണ ഉത്തരവാദിത്വമുള്ള ഒരു ചുമതലയാണത്. ഇന്ത്യയുടെ പ്രതിരോധമന്ത്രാലയത്തിന്റെ അമരത്ത് ഏഴുവര്‍ഷം പൂര്‍ത്തിയാക്കുന്ന ആദ്യത്തെ പ്രതിരോധവകുപ്പുമന്ത്രി. ഇപ്പോള്‍ രാഷ്ട്രപതിയായി ഇരിക്കുന്ന പ്രണബ്കുമാര്‍ മുഖര്‍ജിയില്‍നിന്നാണ് എ.കെ. ആന്റണി പ്രതിരോധവകുപ്പ് ഏറ്റുവാങ്ങിയത്. 2006 ഒക്ടോബര്‍ 24-ന് സത്യപ്രതിജ്ഞചെയ്തു. പിറ്റേ ദിവസം സൗത്ത് ബ്ലോക്കിലുള്ള പ്രതിരോധവകുപ്പ് ആസ്ഥാനത്ത് ചാര്‍ജെടുത്തു.
              സംഘര്‍ഷഭരിതമായ അയല്‍പക്ക അന്തരീക്ഷത്തിന് നടുവിലാണ് ഇന്ത്യയുടെ നിലനില്‍പ്. മാലിയിലും ശ്രീലങ്കയിലും നേപ്പാളിലും മ്യാന്‍മറിലും ബംഗ്ലാദേശിലും പാകിസ്താനിലുമൊക്കെ എപ്പോഴും പ്രശ്‌നങ്ങളാണ്. ഇന്ത്യയുടെ അതിര്‍ത്തിരേഖയ്ക്കപ്പുറം ഇന്ത്യാസമുദ്ര പ്രദേശത്തിന്റെ ഭദ്രതകൂടി നമ്മുടെ ഉത്തരവാദിത്വമാണ്. സാമ്പത്തിക-രാഷ്ട്രീയ താത്പര്യങ്ങളുമായി സൈനികചേരികളുണ്ട്. ഏറ്റവും വലിയ തലവേദന അതിര്‍ത്തിയില്‍ സദാ ശല്യമായ പാകിസ്താനും ചൈനയുമാണ്. പക്ഷേ, ഒരു യുദ്ധം ജയിക്കുന്നതിലല്ല ഒരു രാജ്യത്തിന്റെ കഴിവ്. യുദ്ധം ഒഴിവാക്കുന്നതിലാണ്. പ്രതിരോധശക്തി കാര്യക്ഷമമാക്കുകയും അതേസമയം, അയല്‍പക്കങ്ങളുമായി സൗഹൃദം വളര്‍ത്തുകയും ചെയ്യുകയാണ് ഇക്കാര്യത്തില്‍ യുക്തമായ തന്ത്രം. ആന്റണിയെ ഏഴുവര്‍ഷം പ്രതിരോധവകുപ്പില്‍ വിജയകരമായി നിലനിര്‍ത്തിയതിന് അടിസ്ഥാനമായ ഘടകങ്ങളില്‍ ഒന്നാണിത്.ലോകത്തിലെ വന്‍കിട സൈനികശക്തികളിലൊന്നായ ഇന്ത്യയുടെ ആയുധപ്പുരയില്‍ ആയുധവിപണിയിലെ വന്‍സ്രാവുകള്‍ക്കുള്ള ആര്‍ത്തിയെപ്പറ്റി പ്രത്യേകിച്ച് പറയേണ്ടതില്ല. ആയുധവ്യാപാരികള്‍ തമ്മിലുള്ള കിടമത്സരങ്ങള്‍ പലപ്പോഴും പ്രതിരോധവകുപ്പിനെത്തന്നെ ഉലയ്ക്കാറുണ്ട്. പല കേന്ദ്രങ്ങളില്‍നിന്നും ലോബികളില്‍നിന്നും സമ്മര്‍ദം, പണത്തിന്റെ ഒഴുക്ക്, രാഷ്ട്രനേതാക്കള്‍പോലും സമ്മര്‍ദത്തിനിറങ്ങുന്ന അനുഭവങ്ങള്‍... എങ്ങനെ ഇതിനെയൊക്കെ നേരിട്ടു എന്നുചോദിക്കുമ്പോള്‍ തികച്ചും വിനയാന്വിതനായി, അതൊന്നും അത്രവലിയ കാര്യമല്ല എന്ന മട്ടില്‍ പുഞ്ചിരിക്കുകമാത്രമാണ് അദ്ദേഹത്തിന്റെ മറുപടി.

ഡല്‍ഹിയിലെ അമേരിക്കന്‍ എംബസിയില്‍നിന്ന് വാഷിങ്ടണിലേക്ക് അയച്ചകുറിപ്പുകളിലൊന്നില്‍, 'ആന്റണിയെ കൈകാര്യം ചെയ്യുക പ്രയാസമാണെ'ന്ന് പറയുന്നതായി വിക്കിലീക്‌സിന്റെ വെളിപ്പെടുത്തലുകളില്‍ കണ്ടിട്ടുണ്ട്. താത്പര്യമില്ലാത്ത കാര്യങ്ങളില്‍ നോ പറയാതെതന്നെ ഫലത്തില്‍ നോ ആക്കുന്നതിനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. ഫൈറ്റര്‍ വിമാനങ്ങള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ നല്‍കിയ രാജ്യങ്ങളില്‍ മുന്‍പന്തിയിലുണ്ടായിരുന്നത് അമേരിക്കയും ഫ്രാന്‍സുമായിരുന്നു. ആണവസഹകരണവും മറ്റുമായുള്ള സമ്മര്‍ദംമൂലം തങ്ങള്‍ക്ക് കിട്ടുമെന്നാണ് അമേരിക്ക കരുതിയിരുന്നത്. പക്ഷേ, ഇന്ത്യ താത്പര്യപ്പെട്ടത് ഫ്രാന്‍സിന്റെ വിമാനങ്ങളായിരുന്നു. ആ സംഭവത്തെ അമേരിക്ക ചെറുതായല്ല എടുത്തത്. അതിന്റെ പേരിലാണെന്നുപറയുന്നു, അന്ന് അംബാസഡറായിരുന്ന റോമറെ അവര്‍ മാറ്റി.ആയുധശേഖരണം സംബന്ധിച്ച് വലിയ പരാതികളൊന്നും ഈ ഏഴുവര്‍ഷത്തിനിടയ്ക്ക് വന്നിട്ടില്ല. വന്ന പരാതികളൊക്കെയും അന്വേഷണത്തിന് വിട്ടിട്ടുമുണ്ട്. തന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതില്‍ അദ്ദേഹം ജാഗരൂകനാണ്. അക്കാര്യത്തില്‍ പ്രതിപക്ഷത്തിനുപോലും സംശയമില്ലെന്ന് പാര്‍ലമെന്റിനകത്തുതന്നെ ബോധ്യപ്പെട്ടതാണ്. സത്യ സന്ധതയും  ആത്മാർതയുമാണ്  എ.കെ  ആന്റണിയുടെ  മുഖ മുദ്ര .ആന്റണി കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്തെ ഒരു അനുഭവം ഓര്‍മവരുന്നു. കോഴിക്കോട്ടുവന്ന അദ്ദേഹം ഏതാനും യുവ കോണ്‍ഗ്രസ് നേതാക്കളുമായി തന്റെ ഹോട്ടല്‍മുറിയില്‍ സംസാരിക്കയായിരുന്നു. അതില്‍ ഒന്നുരണ്ടുപേര്‍ മദ്യം കഴിക്കുമെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. നല്ല ഭാവിയുള്ള ചെറുപ്പക്കാര്‍ എന്നനിലയില്‍ അദ്ദേഹം വിശദമായ ഉപദേശംതന്നെ അവര്‍ക്ക് നല്‍കി. പൊതുപ്രവര്‍ത്തനം നടത്താനാഗ്രഹിക്കുന്നവര്‍ ജീവിതത്തില്‍ ചില ത്യാഗങ്ങള്‍ക്ക് തയ്യാറാവണം. ആര്‍ഭാടത്തിനോ പ്രലോഭനത്തിനോ സ്വഭാവദൂഷ്യത്തിനോ വശംവദരാകരുത്.
കഴിഞ്ഞ ഏഴുവര്‍ഷം പ്രതിരോധമേഖലയില്‍ പ്രശംസാര്‍ഹമായ ഒട്ടേറെ കാര്യങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. സേനയെ ശക്തിപ്പെടുത്തുന്നതില്‍ മാത്രമല്ല, പടക്കോപ്പ് നിര്‍മാണത്തിലും ആയുധശേഖരണത്തിലും ഇന്ത്യയുടെ പ്രതിരോധമേഖല വളരെ മുന്നോട്ടുപോയിട്ടുണ്ട്. കേരളത്തിലും പ്രതിരോധസ്ഥാപനങ്ങള്‍ കൊണ്ടുവരുന്നതില്‍ അദ്ദേഹം പ്രത്യേകതാത്പര്യം കാണിച്ചു. പ്രതിരോധവ്യവസായ മാപ്പില്‍ കേരളം പ്രത്യക്ഷപ്പെടുന്നതുതന്നെ ആന്റണിയുടെ കാലത്താണ്. യുവതലമുറയ്ക്ക്  എ.കെ  ആന്റണി  ഒരു  മാതൃകാ  പുരുഷനാണ് .


                                                         Prof. John Kurakar

                                      


No comments: