Pages

Friday, October 25, 2013

പുനലൂരില്‍ ജുവലറി തുരന്ന് സ്വര്‍ണവും വെള്ളിയും കവര്‍ന്നു

പുനലൂരില്‍ ജുവലറി തുരന്ന്
സ്വര്‍ണവും വെള്ളിയും കവര്‍ന്നു

പുനലൂര്‍പട്ടണമധ്യത്തിലെ ജുവലറിയുടെ ഭിത്തിതുരന്ന് നാലോളം പവന്‍ സ്വര്‍ണവും മുപ്പത് കിലോഗ്രാം വെള്ളിയും കവര്‍ന്നു. പുനലൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് എതിര്‍വശത്തുള്ള ജയലക്ഷ്മി ജുവലറിയിലാണ് മോഷണം നടന്നത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം. ഉടമയുടെ പാന്‍കാര്‍ഡ്, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും നഷ്ടപ്പെട്ടിട്ടുണ്ട്. ലോക്കര്‍ തുറക്കാന്‍ കഴിയാതിരുന്നതിനാല്‍ അധികം സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ല. പട്ടണത്തില്‍ അടിക്കടി മോഷണം നടക്കുന്ന കെട്ടിട സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന ജുവലറിയാണിത്. പിന്‍ഭാഗത്തെ ഭിത്തി തുരന്നാണ് മോഷ്ടാവ് ജുവലറിയുടെ ഉള്ളില്‍ കടന്നിട്ടുള്ളത്. വില്പനയ്ക്കും പ്രദര്‍ശനത്തിനുമായി സൂക്ഷിച്ചിരുന്ന ഉരുപ്പടികളാണ് കവര്‍ന്നത്. ലോക്കര്‍ തുറക്കാന്‍ പരമാവധി ശ്രമിച്ചതിന്റെ തെളിവുകളുണ്ട്. അരനൂറ്റാണ്ട് പഴക്കമുള്ള ലോക്കറാണിത്. വ്യാഴാഴ്ച രാവിലെ എട്ടരയ്ക്ക് ഉടമ പി.ബി.വിജയന്‍ കടതുറക്കുമ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. പരാതിയെത്തുടര്‍ന്ന് എസ്.ഐ. കെ.എസ്.ഗോപകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. സയന്റിഫിക് അസിസ്റ്റന്റ് ജി.ആര്‍.ഗോപികയും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും തെളിവെടുത്തു. കൊല്ലം റൂറല്‍ എസ്.പി. എസ്.സുരേന്ദ്രന്‍ സ്ഥലം സന്ദര്‍ശിച്ചു. 

ജുവലറി ഉള്‍പ്പെടെ ഏഴ് കടമുറികള്‍ ഉള്‍പ്പെടുന്ന ഈ കെട്ടിട സമുച്ചയത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ നാല് തവണയാണ് മോഷണം നടന്നിട്ടുള്ളത്. ഇതേ സമുച്ചയത്തിലുള്ള മറ്റൊരു ജുവലറിയില്‍നിന്ന് കഴിഞ്ഞവര്‍ഷം മൂന്ന് കിലോഗ്രാം വെള്ളി കവര്‍ന്നിരുന്നു. തൊട്ടുചേര്‍ന്ന കടകളില്‍നിന്ന് പണവും സാധന സാമഗ്രികളും മോഷണം പോയി. മോഷ്ടാവിനെ പിടികൂടാന്‍ രണ്ട് വര്‍ഷമായിട്ടും പോലീസിന് കഴിഞ്ഞിട്ടില്ല. പലതവണ മോഷണം നടന്നിട്ടും മോഷ്ടാക്കളെ പിടികൂടാന്‍ പോലീസിന് കഴിയാത്തതില്‍ പുനലൂര്‍ മര്‍ച്ചന്റ് ചേംബര്‍ പ്രസിഡന്റ് എസ്.നൗഷറുദ്ദീന്‍ പ്രതിഷേധിച്ചു. പുനലൂര്‍ ചന്തയില്‍ ആസൂത്രിതമായ അഗ്‌നിബാധ ഉണ്ടായി ആഴ്ചകള്‍ പിന്നിട്ടിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

                             പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: