Pages

Monday, October 21, 2013

ദുരന്തനിവാരണം ഫലപ്രദമായി നടത്താൻ ഭാരതത്തിനു കഴിഞ്ഞു

ദുരന്തനിവാരണം ഫലപ്രദമായി
നടത്താൻ ഭാരതത്തിനു  കഴിഞ്ഞു 
ഫൈലിന്‍ കൊടുങ്കാറ്റ് ഉയര്‍ത്തിയ ഭീഷണിയെ ഇന്ത്യ നേരിട്ടവിധം വ്യാപകമായ പ്രശംസ നേടുകയുണ്ടായി. ദുരന്തനിവാരണം ഫലപ്രദമായി നടത്തുന്നതിനുള്ള തയ്യാറെടുപ്പുകളുടെ ഗുണഫലമായിരുന്നു ഇത്
                                                                                                   

കഴിഞ്ഞയാഴ്ച ഒഡിഷ, ആന്ധ്ര കടലോരപ്രദേശത്ത് ഉണ്ടായ  ഫൈലിന്‍ ചുഴലിക്കൊടുങ്കാറ്റ് ഈ പ്രദേശത്ത്  വലിയ  ആൾനാശം  വരുത്തുമെന്ന്  ഭയപെട്ടിരുന്നു . അവിടെ ഭാഗ്യവശാല്‍ മരണം രണ്ടക്കത്തില്‍ ചുരുങ്ങി.എന്നാല്‍, കൊടുങ്കാറ്റിന് പിറ്റേദിവസം തൊട്ടടുത്ത മധ്യപ്രദേശില്‍ രത്‌നഗഢ് ക്ഷേത്രത്തിനടുത്ത ഒരു പാലത്തിനുമുകളിലെ തിക്കുംതിരക്കും കാരണം മരിച്ചവര്‍ 100 പേരായിരുന്നു. ഇത് ഒരു നാണക്കേടാണെങ്കില്‍ ഒഡിഷയിലേത് അഭിമാനമാണ്.

ഫൈലിന്‍ സംബന്ധിച്ച കാലാവസ്ഥാപ്രവചനം രാജ്യത്തെ, പ്രത്യേകിച്ചും ഒഡിഷ, ആന്ധ്ര തീരപ്രദേശങ്ങളെ കിടിലംകൊള്ളിച്ചത് 1999-ലെ സൂപ്പര്‍ ചുഴലിക്കൊടുങ്കാറ്റിന്റെയും 2005-ലുണ്ടായ സുനാമിയുടെയും ദുരന്തത്തിന്റെ ഓര്‍മകളാണ്. ഫൈലിന്റെ താണ്ഡവത്തില്‍ മരങ്ങളും കെട്ടിടങ്ങളും കാറ്റില്‍ പറന്നു. പക്ഷേ, മനുഷ്യജീവന്‍ രക്ഷിക്കാന്‍ രക്ഷാസന്നാഹങ്ങള്‍ക്ക് കഴിഞ്ഞു. ഭാരതത്തിനു  അഭിമാനിക്കാൻ  പറ്റിയ  നിമിഷം . എങ്ങനെയിത് സംഭവിച്ചെന്നത് ഇന്ത്യയാകെ അദ്ഭുതപ്പെട്ടു. ഇതില്‍ ഏറ്റവും പ്രധാനമായ പങ്കുവഹിച്ചത് കാലാവസ്ഥാ നിരീക്ഷണകേന്ദ്രംതന്നെ. ഫൈലിന്‍ ഒഡിഷാതീരത്തേക്ക് അടിച്ചുകയറുന്നതിനും ആറുദിവസംമുമ്പ് ഇതേപ്പറ്റി പ്രവചിക്കാന്‍ ഇന്ത്യന്‍ മീറ്റിരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന് (ഐ.എം.ഡി.) കഴിഞ്ഞു. അന്തമാന്‍ ദ്വീപിന് തെക്കുഭാഗത്ത് കടലിനുമീതെ പരത്തിയിട്ട പരീക്ഷണപ്പൊങ്ങുകളില്‍  നിന്നത്രെ ശാസ്ത്രജ്ഞര്‍ക്ക് ഫൈലിനെപ്പറ്റിയുള്ള സൂചനകള്‍ ലഭിക്കുന്നത്. അതിനുശേഷമാണ് അമേരിക്കയില്‍നിന്നും ബ്രിട്ടനില്‍നിന്നും ഫൈലിനെപ്പറ്റി പേടിപ്പെടുത്തുന്ന പ്രവചനങ്ങള്‍ വന്നത്. മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കുമെന്നും മൂന്നുമീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ചീറിയടിക്കുമെന്നുമൊക്കെയായിരുന്നു അവരുടെ പ്രവചനങ്ങള്‍. എന്നാല്‍, ആ ഭയപ്പെടുത്തലിനുമുന്നിലും ഇന്ത്യന്‍ശാസ്ത്രജ്ഞര്‍ പതറിയില്ല. കൂടിയാല്‍ അമേരിക്കന്‍ പ്രവചനത്തിന്റെ പകുതിവേഗമേ കാറ്റിനുണ്ടാകൂ എന്നാണ് ഇന്ത്യന്‍ശാസ്ത്രജ്ഞര്‍ കണ്ടത്.
1999-ലുണ്ടായ സൂപ്പര്‍ സൈക്ലോണിനും 2005-ലുണ്ടായ സുനാമിക്കുംശേഷം പ്രകൃതിദുരന്തത്തെ നേരിടുന്നതിനുള്ള സംവിധാനമുണ്ടാക്കുന്നതില്‍ പ്രത്യേകം ശ്രദ്ധചെലുത്തുകയുണ്ടായി. കാലാവസ്ഥാപ്രവചനം കുറ്റമറ്റതാക്കുന്നതിനും ദുരന്തനിവാരണം ഫലപ്രദമാക്കുന്നതിനും കാര്യമായ നിക്ഷേപംനടത്തി. കാലാവസ്ഥാനിരീക്ഷണത്തിനായി ഐ.എം.ഡി. കാര്യക്ഷമമായ റഡാര്‍ശൃംഖല സ്ഥാപിച്ചിട്ടുണ്ട്. ദുരന്തനിവാരണത്തിനായി നിയമമുണ്ടാക്കിയതിനെത്തുടര്‍ന്ന് ദുരന്തനിവാരണസേനയും സന്നാഹങ്ങളും ഒരുക്കി. ഫൈലിന്‍ ഓപ്പറേഷന്‍ ഈ സന്നാഹങ്ങള്‍ക്കുള്ള ഒരു പൂച്ചെണ്ടാണ്. ഭരണമില്ല, സര്‍ക്കാറില്ല എന്നുള്ള നിരന്തര പരാതികള്‍ക്കിടയില്‍ ആശ്വാസം നല്‍കുന്ന ഒരു നിമിഷം!നിയമവും നാനാസംവിധാനങ്ങളും ഉള്ളതുകൊണ്ടുമാത്രം കാര്യം നടക്കണമെന്നില്ല. ബന്ധപ്പെട്ട എല്ലാ ഏജന്‍സികളും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും തികഞ്ഞ ജാഗ്രതയോടെ പ്രവര്‍ത്തിച്ചതാണ് ഈ വിജയത്തിന് കാരണം. ഫൈലിന്‍ ആപത്തിന്റെ കാഠിന്യം കുറയ്ക്കുന്നതില്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഐ.എം.ഡി.യില്‍നിന്ന് വിവരം ലഭിച്ചയുടനെത്തന്നെ സംസ്ഥാന സര്‍ക്കാറുകളെയും ബന്ധപ്പെട്ട ഏജന്‍സികളെയും വിവരമറിയിച്ചു. ചുഴലിക്കാറ്റിന് വളരെ നേരത്തേതന്നെ ആവശ്യമായ സജ്ജീകരണങ്ങളും സന്നാഹങ്ങളും അതതുസ്ഥലങ്ങളില്‍ എത്തിക്കാന്‍ ഇത് സഹായകമായി. കേന്ദ്രത്തില്‍ ഈ ഏകോപനം നിര്‍വഹിച്ചതിന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രത്യേകം പ്രശംസയര്‍ഹിക്കുന്നുണ്ട്. ഫൈലിന്റെ ദുരന്തം ലഘൂകരിച്ചതിന്റെ ബഹുമതി തങ്ങള്‍ക്കാണെന്ന് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അവകാശപ്പെടുമ്പോള്‍ അതിന് മറുപടിപറയാന്‍ എ.ഐ.സി.സി. നടത്തിയ പത്രസമ്മേളനത്തിലേക്ക് മുല്ലപ്പള്ളി ചെന്നത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നിര്‍ദേശപ്രകാരമായിരുന്നു.

ചുഴലിക്കൊടുങ്കാറ്റ് ഒഡിഷാതീരത്ത് ആദ്യംതൊട്ട ഗോപാലപുരത്തെത്തുന്നതിന് 48 മണിക്കൂര്‍മുമ്പ് ജനങ്ങളെ മുഴുവന്‍ മാറ്റിപ്പാര്‍പ്പിച്ചതിന്റെ ബഹുമതി ഒഡിഷ സര്‍ക്കാറിനുതന്നെയാണ്. അവിടത്തെ ജില്ലാധികാരികള്‍ ഓരോ വീട്ടിലും കയറിച്ചെന്ന്, ഇറങ്ങാന്‍ മനസ്സില്ലാത്തവരെപ്പോലും പിടിച്ചിറക്കി. നല്ല സൂര്യവെളിച്ചവും ശാന്തമായ സമുദ്രാന്തരീക്ഷവും തെളിഞ്ഞ ആകാശവും നിലനില്‍ക്കുമ്പോഴാണത്രെ മഹാമാരിയും ചുഴലിക്കാറ്റും വരാന്‍ പോകുന്നുവെന്ന പ്രചാരണം വരുന്നത്. പണ്ടത്തെ കാലാവസ്ഥാപ്രവചനം (നടക്കാത്തകാര്യം) എന്നായിരിക്കും ജനങ്ങള്‍ കരുതിയിട്ടുണ്ടാവുക.ചുഴലിക്കാറ്റില്‍ നിലംപതിച്ച മരങ്ങളും കെട്ടിടങ്ങളും 24 മണിക്കൂറിനകംതന്നെ നീക്കി. മാറ്റിപ്പാര്‍പ്പിക്കപ്പെട്ടവരെ അവര്‍ താമസിച്ചിരുന്നിടത്തേക്ക് തിരിച്ചെത്തിക്കുകയും ചെയ്തു. വലിയൊരു ദുരന്തത്തെ ലഘൂകരിച്ചപോലെത്തന്നെ മഹത്തായ മറ്റൊരു നേട്ടമാണിത്. പ്രകൃതിക്ഷോഭം തടയാനോ ഒഴിവാക്കാനോ നമുക്ക് കഴിയില്ല. അപ്പോള്‍ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാനും ഫലപ്രദമായി പുനരധിവാസം നടത്താനും കഴിയുന്നത് വലിയ നേട്ടംതന്നെ. മഹാ  ദുരന്തം  ഒഴിവാക്കിയതിൽ  സർക്കാരിനെയും  വിവിധ വകുപ്പുകളെയും  അനുമോദിക്കുന്നു .

                                             പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

                                        


No comments: