Pages

Tuesday, October 29, 2013

തെങ്ങുകള്‍ക്ക്‌ കീടബാധ: തേങ്ങാവില റോക്കറ്റു പോലെഉയരുന്നു

തെങ്ങുകള്ക്ക്കീടബാധ:
തേങ്ങാവില റോക്കറ്റു പോലെഉയരുന്നു 

mangalam malayalam online newspaperസംസ്‌ഥാനത്ത്‌ തേങ്ങാവില സര്‍വകാല റെ​ക്കാഡില്‍ . തലസ്‌ഥാനത്ത്‌ ഒരു തേങ്ങക്ക്‌ 22.50 രൂപയായി ഉയര്‍ന്നു. മധ്യകേരളത്തിലാകട്ടെ ഒരു കിലോയ്‌ക്ക് 30 രൂപയായും വില ഉയര്‍ന്നിട്ടുണ്ട്‌. സംസ്‌ഥാനത്തെ തെങ്ങുകള്‍ക്ക്‌ ഉണ്ടായ കീടബാധ മൂലം കര്‍ഷകര്‍ വന്‍പ്രതിസന്ധിയാണ്‌ അഭിമുഖീകരിക്കുന്നത്‌. കേരം തിങ്ങും കേരള നാടെന്ന്‌ പേരുണ്ടെങ്കിലും സംസ്‌ഥാനത്തേക്ക്‌ തേങ്ങ കൂടുതലായി എത്തുന്നത്‌ തമിഴ്‌നാട്ടില്‍ നിന്നാണ്‌. സംസ്‌ഥാനത്തിനു പുറമേ ഇവിടെയും തെങ്ങുകള്‍ കീടബാധ ഭീഷണയിലാണ്‌.
കേരളത്തിലേക്ക്‌ കൂടുതല്‍ തേങ്ങയെത്തുന്ന പൊള്ളാച്ചി ഉള്‍പ്പെടെയുള്ളയിടങ്ങളില്‍ തെങ്ങുകള്‍ക്ക്‌ കീടബാധ ഉണ്ടായതു മൂലം സംസ്‌ഥാനത്തേക്കുള്ള തേങ്ങയുടെ വരവ്‌ ഗണ്യമായി കുറഞ്ഞതാണ്‌ വില കുതിച്ചുയരാന്‍ കാരണമെന്ന്‌ വ്യാപാരികള്‍ പറയുന്നു. സംസ്‌ഥാനത്ത്‌ മണ്ഡരി നിയന്ത്രണവിധേയമാകാത്തതും കൃഷിഭവനുകള്‍ നിര്‍ജ്‌ജീവമായതും തെങ്ങുകര്‍ഷകരെ കൃഷിയില്‍ നിന്ന്‌ അകറ്റിയത്‌ തേങ്ങക്ഷാമത്തിനു കാരണമാകുന്നുണ്ട്‌. പാലക്കാടും തേങ്ങാ ഉല്‌പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്‌. തേങ്ങവില കൂടിയതോടെ വെളിച്ചെണ്ണ വിലയും കുതിക്കുകയാണ്‌. വെളിച്ചെണ്ണ ചില്ലറ വില 110 രൂപയായി ഉയര്‍ന്നിട്ടുണ്ട്‌.
            സംസ്‌ഥാനത്തെ തെങ്ങുകളില്‍ ചെമ്പന്‍ ചെല്ലിയുടെയും കൊമ്പന്‍ ചെല്ലിയുടെയും ശല്യം രൂക്ഷമായിട്ടും കൃഷിഭവനുകള്‍ തിരിഞ്ഞുനോക്കുന്നില്ലെന്നാണ്‌ കര്‍ഷകരുടെ പരാതി. മുന്‍പ്‌ ഇവയെ പിടികൂടുന്നതിനായി ഫിറമോണ്‍ കെണി കൃഷിഭവനുകള്‍ വഴി നല്‍കിയിരുന്നു. മണ്ഡരിക്കു പുറമേ തെങ്ങുകളുടെ ഓല കരിഞ്ഞുണങ്ങുന്നതാണ്‌ സംസ്‌ഥാനത്തെ കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. വെള്ളക്ക കൊഴിയുന്നതും തടയാനായിട്ടില്ല. മണ്ഡരി പോലെ ഗുരുതരമല്ലെങ്കിലും കീടബാധ മൂലം തെങ്ങുകളില്‍ കായ്‌ഫലം നന്നേ കുറഞ്ഞതായി കര്‍ഷകര്‍ പറയുന്നു. പൊള്ളാച്ചിയില്‍ നിന്നും സംസ്‌ഥാനത്തേക്ക്‌ തേങ്ങയുടെ വരവ്‌ നാലിലൊന്നായി കുറഞ്ഞതാണ്‌ മധ്യകേരളത്തില്‍ വില ഉയരാന്‍ കാരണം.
                കഴിഞ്ഞ ആഴ്‌ച കിലോയ്‌ക്ക് 20 രൂപയില്‍ നിന്ന വിലയാണ്‌ 10 രൂപ കൂടി 30 രൂപയിലെത്തിയത്‌. തലസ്‌ഥാന ജില്ലയിലെ ഗ്രാമപ്രദേശങ്ങളില്‍ തേങ്ങ വില കാര്യമായി ഉയര്‍ന്നിട്ടില്ല. ഹോര്‍ട്ടികോര്‍പ്പ്‌ സ്‌റ്റാളുകളില്‍ തേങ്ങ കിട്ടാക്കനിയായിട്ട്‌ നാളുകള്‍ ഏറെയായി. തെങ്ങുകളില്‍ ബോഡാ മിശ്രിതം തളിക്കുന്നതും മണലും സെറിനും ചേര്‍ത്ത മിശ്രിതം കവുളുകളില്‍ വെയ്‌ക്കുന്നതും ചെലവേറിയതും തെങ്ങുകളുടെ കീടബാധക്ക്‌ കാരണമായിട്ടുണ്ട്‌. മെയ്‌, സെപ്‌റ്റംബര്‍ മാസങ്ങളില്‍ ഉള്‍പ്പെടെ വര്‍ഷത്തില്‍ മൂന്നുതവണ ഇങ്ങനെ കര്‍ഷകര്‍ തെങ്ങ്‌ പരിപാലനം നടത്തിയിരുന്നു. എന്നാല്‍ ഇതിനായി തെങ്ങ്‌ ഒന്നിന്‌ നൂറു രൂപയാണ്‌ തെങ്ങുക്കയറ്റക്കാര്‍ ഈടാക്കുന്നത്‌.
സംസ്‌ഥാനത്ത്‌ ചൂട്‌ അധികരിച്ചതോടെ കരിക്കിന്‌ ആവശ്യക്കാര്‍ ഏറിയതും തേങ്ങവില ഉയരാന്‍ കാരണമായിട്ടുണ്ട്‌. മൂപ്പെത്തും മുന്‍പ്‌ കരിക്കിനായി വെട്ടുന്നതു മൂലം തേങ്ങായ്‌ക്ക് കടുത്തക്ഷാമമാണ്‌ സംസ്‌ഥാനത്തും അനുഭവപ്പെടുന്നത്‌. ഒരു കരിക്കിന്‌ 25 മുതല്‍ 30 രൂപാ വരെ വില ഉയരുന്നതിനാല്‍ തേങ്ങാ ആകും മുന്‍പേ കര്‍ഷകര്‍ വിറ്റഴിക്കുകയാണ്‌. പത്തു മുതല്‍ പതിനഞ്ചു രൂപ വരെ ഒരു കരിക്കിന്‌ ചെറുകിട കച്ചവടക്കാര്‍ നല്‍കുന്നതിനാല്‍ കര്‍ഷകര്‍ക്കും കരിക്ക്‌ നല്‍കാനാണ്‌ താല്‌പര്യം.തെങ്ങില്‍ കയറാന്‍ ആളെക്കിട്ടാത്തതും കര്‍ഷകരെ തെങ്ങുകൃഷിയില്‍ നിന്നും അകറ്റി. തെങ്ങ്‌ ഒന്നിന്‌ നാല്‌പതു രൂപാ മുകളിലോട്ടാണ്‌ ഗ്രാമപ്രദേശങ്ങളിലെ നിരക്ക്‌. നഗരത്തില്‍ നൂറു രൂപാ വരെ വാങ്ങുന്നവരുണ്ട്‌. നാളികേര വികസബോര്‍ഡ്‌ തെങ്ങുകയറ്റത്തില്‍ സൗജന്യപരിശീലനം നല്‍കുന്നുണ്ട്‌. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക്‌ ഉപകരണങ്ങളും ഒരു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും നല്‍കും. തെങ്ങ്‌ ഒന്നിന്‌ 15 രൂപ നല്‍കിയാല്‍ മതിയെന്നാണ്‌ നാളികേര വികസബോര്‍ഡ്‌ പറയുന്നത്‌. എന്നാല്‍ പരിശീലനം കിട്ടിയവരില്‍ ഏറെ പേരും 40 രൂപയില്‍ കുറഞ്ഞ്‌ തെങ്ങില്‍ക്കയറാന്‍ കൂട്ടാക്കുന്നില്ല. അതുകൊണ്ടു തന്നെ തെങ്ങുകൃഷിയില്‍ നിന്നും കര്‍ഷകര്‍ അകലുന്നതും തേങ്ങാക്ഷാമത്തിന്‌ കാരണമായിട്ടുണ്ട്‌. മണ്ഡല-മകരവിളക്ക്‌ ഉത്സവത്തിന്‌ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ തേങ്ങയുടെ വില വരും നാളുകളിലും ഉയരുമെന്ന്‌ ഉറപ്പാണ്‌.

                              പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: