ഉമ്മൻചാണ്ടി കോളജില്‍
രാഷ്ട്രീയം കളിക്കാത്ത വിദ്യാര്ഥി നേതാവായിരുന്നു
കെ.ജെ. മാത്യു, (റിട്ടയേര്‍ഡ് എസ്.പി.)
ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ ഞങ്ങളുടെ അധ്യാപകനായിരുന്നു. കെ.കെ. ഫ്രാന്‍സിസ് സാറും ടി.വി. വര്‍ക്കി സാറും മറ്റും വളരെ വേഗത്തില്‍ നോട്ട് പറഞ്ഞിരുന്നതിനാല്‍ എഴുതിയെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. അതിനാല്‍ ഞാനും ഉമ്മന്‍ ചാണ്ടിയും മറ്റു ചിലരും ക്ലാസിലെ മിടുക്കന്മാരായ ജോസ് തോമസ്, കെ.എം. ചാക്കോ, വേണു, ഈശ്വരന്‍ നമ്പൂതിരി എന്നിവരുടെ നോട്ട് ബുക്ക് വാങ്ങി പകര്‍ത്തിയെഴുതുകയായിരുന്നു പതിവ്.
ഇക്കോണമിക്‌സ് ഡിപ്പാര്‍ട്ടുമെന്റ് മേധാവിയും കേരള യൂണിവേഴ്‌സിറ്റി സിന്‍സിക്കേറ്റ് അംഗവും ആയിരുന്ന പ്രഗത്ഭനായ പ്രഫ. സി.ഇസഡ്. സക്കറിയാസ് സാറായിരുന്നു കോളജില്‍ ഉമ്മന്‍ ചാണ്ടിയുടെ ഗോഡ്‌ഫാദര്‍. ഞങ്ങളുടെ പ്രിന്‍സിപ്പല്‍ അച്ചടക്കത്തില്‍ അണുവിട വിടവ് അനുവദിക്കാത്ത ഫാ. ഫ്രാന്‍സിസ് കാളാശേരിയും.
എസ്.ബി. കോളജില്‍ അക്കാലത്തു കോളജ് യൂണിയന്‍ അനുവദിച്ചിരുന്നില്ല. സ്‌റ്റുഡന്‍സ് യൂണിയന്റെ പ്രവര്‍ത്തനവും ഇല്ലായിരുന്നു.
1963-ല്‍ കോളജില്‍ ബി.എയ്‌ക്കു ചേര്‍ന്നപ്പോള്‍ തന്നെ ഉമ്മന്‍ ചാണ്ടി കെ.എസ്.യുവിന്റെ സംസ്‌ഥാന ഭാരവാഹിയായിരുന്നു. എന്നാല്‍ അവിടെ പഠിച്ച മൂന്നു വര്‍ഷവും കോളജില്‍ യാതൊരു യൂണിയന്‍ പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിരുന്നില്ല. അച്ചടക്കമുള്ള വിദ്യാര്‍ഥിയായിട്ടാണു മൂന്നു വര്‍ഷവും കോളജില്‍ കഴിച്ചുകൂട്ടിയത്. ഇപ്പോള്‍ എം.എല്‍.എയായ കെ.സി. ജോസഫ് ഡിഗ്രി രണ്ടാം വര്‍ഷമായപ്പോള്‍ എസ്.ബിയില്‍നിന്നു തിരുവല്ല മാര്‍ത്തോമ്മ കോളജിലേക്കു മാറ്റം വാങ്ങിപ്പോയിരുന്നു.എന്റെ ഉപഭാഷ മലയാളമായിരുന്നു. ഹിന്ദിയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ഉപഭാഷ. ഹിന്ദി ക്ലാസില്‍ ഉമ്മന്‍ ചാണ്ടിയുടെ സഹപാഠികളായിരുന്നു ജസ്‌റ്റിസ് സിറിയക് ജോസഫും ആലപ്പുഴയിലെ ഡോ. പി.ടി. സക്കറിയാസും മറ്റും. 1964-ലോ 1965-ലോ ആയിരുന്നു ആ ഹിന്ദി വിരുദ്ധസമരം. എസ്.ബി. കോളജിലെയും എസ്.ബി. ഹൈസ്‌കൂളിലെയും വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിനിറങ്ങി. രാഷ്‌ട്രഭാഷാ സ്‌നേഹികളായ ഉമ്മന്‍ ചാണ്ടിയും സിറിയക്ക് ജോസഫുമൊന്നും സമരത്തിനിറങ്ങിയില്ല. ഞങ്ങള്‍ നിര്‍ബന്ധിച്ച് ഉമ്മന്‍ ചാണ്ടിയെ ക്ലാസില്‍നിന്ന് ഇറക്കി കോളജ് കവാടം വരെ കൊണ്ടുപോയി. പക്ഷേ, അവിടെനിന്നു മുങ്ങിക്കളഞ്ഞു.
പ്രതിഷേധത്തിനിറങ്ങിയ ഞങ്ങള്‍ പോസ്‌റ്റ് ഓഫീസ് ജംഗ്‌ഷന്‍വരെ പോയി. പോസ്‌റ്റ് ഓഫീസിലെ ഹിന്ദി ബോര്‍ഡുകളൊക്കെ വലിച്ചുകീറി. പിരിഞ്ഞുവന്നവര്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്‌റ്റാന്‍ഡിനു മുമ്പില്‍ പോലീസിനെ കല്ലെറിഞ്ഞു. പോലീസിന്റെ ലാത്തിയടിയേറ്റ് തലപൊട്ടി ബോധം കെട്ടു വീണത്, കോട്ടയത്തിനുള്ള ബസും കാത്ത് സ്‌റ്റാന്‍ഡില്‍നിന്നിരുന്ന കോട്ടയം മുട്ടമ്പലത്തു താമസിക്കുന്ന കെ.കെ. ഉതുപ്പ്. ഞങ്ങളുടെ സഹപാഠിയായിരുന്ന ഉതുപ്പിന്റെ നെറ്റിയില്‍ ഇപ്പോഴും ലാത്തിയടിയേറ്റ പാടുണ്ട്. ഉമ്മന്‍ ചാണ്ടി അന്നേ നല്ല പ്രസംഗകനായിരുന്നെങ്കിലും കോളജില്‍ പ്രസംഗ മത്സരങ്ങള്‍ക്കൊന്നും ചേര്‍ന്നിരുന്നില്ല. അവസാനവര്‍ഷം ഇക്കണോമിക്‌സ് ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ എടുത്തപ്പോള്‍ വന്നുമില്ല.കെ.എസ്.യു. ക്യാമ്പും അഞ്ചിടങ്ങഴി അരിയും
1965-ല്‍ കെ.എസ്.യുവിന്റെ കോട്ടയം ജില്ലാ ക്യാമ്പ് ഉമ്മന്‍ ചാണ്ടിയുടെ കുടുംബം വകയായുള്ള പുതുപ്പള്ളി ഉമ്മന്‍ മെമ്മോറിയല്‍ സ്‌കൂളില്‍ നടത്തി. ഞാനും ക്യാമ്പില്‍ പങ്കെടുത്തിരുന്നു. ക്യാമ്പിന്റെ ആദ്യദിവസം വൈകുന്നേരം സമീപത്തുള്ള ആറ്റില്‍ കുളിക്കാന്‍ ഞങ്ങള്‍ ചില ക്യാമ്പ് അംഗങ്ങള്‍ പോയി. പെണ്‍കുട്ടികളുള്ള ഒരു വീടിന്റെ അടുത്താണു ഞങ്ങള്‍ കുളിക്കാനിറങ്ങിയത്.
കുളിക്കാനിറങ്ങിയ ഞങ്ങളുടെ ബഹളം കേട്ട് വീട്ടുകാര്‍ ഇറങ്ങിവന്നു. ഞങ്ങള്‍ ഭയന്ന് ക്യാമ്പിലേക്കു തിരിച്ചോടി. വീട്ടുകാര്‍ പുറകെ വന്ന് ഉമ്മന്‍ ചാണ്ടിയെ കണ്ടു. ഉമ്മന്‍ ചാണ്ടി പിന്നീട് ഇതേക്കുറിച്ചു ഞങ്ങളോടു പറഞ്ഞത് ഇങ്ങനെയാണ്: അവര്‍ സാധുക്കളായിരുന്നു. അത്താഴം വയ്‌ക്കാന്‍ ക്യാമ്പില്‍നിന്ന് അഞ്ചിടങ്ങഴി അരി കൊടുത്തപ്പോള്‍ അവര്‍ തൃപ്‌തരായി പോയി. അതല്ലാതെ ഞങ്ങളെ കുറ്റപ്പെടുത്തുന്ന ഒന്നും ഒ.സി.യുടെ വാക്കുകളില്‍ ഉണ്ടായില്ല.നെഹ്‌റു ജ്യോതി തടയല്‍
1965-ല്‍ ആണെന്നു തോന്നുന്നു. പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ മരണാനന്തരം കേരളത്തില്‍ മുഴുവന്‍ കൊണ്ടുപോയ നെഹ്‌റുജ്യോതി ചങ്ങനാശേരി ടൗണില്‍ തടയപ്പെട്ടു. ഹോട്ടല്‍ പാര്‍ക്ക് ലാന്‍ഡിന്റെ മുന്‍ഭാഗത്തു (ഇന്നത്തെ സംഗീതാ ടെക്‌സ്‌റ്റൈല്‍സ്) വച്ചായിരുന്നു തടഞ്ഞത്. വാഹനത്തില്‍നിന്നു ജ്യോതി വലിച്ചുതാഴെയിട്ടു. അതിനെതിരേ കോണ്‍ഗ്രസ്, കെ.എസ്.യു. പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനവും യോഗവും നടത്തി. യോഗത്തില്‍ ഉമ്മന്‍ ചാണ്ടി പ്രസംഗിച്ചു. വിദ്യാര്‍ഥി ജീവിതകാലത്ത് ഉമ്മന്‍ ചാണ്ടി ചങ്ങനാശേരിയില്‍ നടത്തിയ ഏക രാഷ്‌ട്രീയപ്രസംഗം അതായിരിക്കണം.
അതേവര്‍ഷം തന്നെ ഞങ്ങള്‍ കോളജില്‍ ക്ലാസിലിരിക്കുമ്പോള്‍ അറിവു കിട്ടി തിരുവല്ലാ മാര്‍ത്തോമ്മ കോളജിനു മുന്നില്‍ വിദ്യാര്‍ഥികള്‍ ബസുകള്‍ തടഞ്ഞ്, വലിയ സംഘര്‍ഷാവസ്‌ഥ ആയിരിക്കുന്നുവെന്ന്. അന്ന് അവിടെ വിദ്യാര്‍ഥിയായിരുന്ന കെ.സി. ജോസഫാണ് അറിയിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ കൂടെ ഞാനും മറ്റുചിലരും തിരുവല്ലയിലേക്കു പോയി. ഫസ്‌റ്റ് പീരിയഡ് കഴിഞ്ഞയുടന്‍ മാര്‍ത്തോമ്മാ കോളജിനു മുമ്പില്‍ കല്ലേറുണ്ടായി. കെ.എസ്.ആര്‍.ടി.സി. ബസുകള്‍ തടഞ്ഞിട്ട് ഗതാഗതം തടസപ്പെട്ടിരുന്നു.കോളജിനുള്ളില്‍ വിദ്യാര്‍ഥികള്‍ കൂട്ടംകൂടി നിന്നിരുന്നു. റോഡില്‍ ശക്‌തമായ പോലീസ് സാന്നിധ്യം. വിദ്യാര്‍ഥികള്‍ക്കു പുറത്തേക്കിറങ്ങാന്‍ പറ്റുന്നില്ല. ഉമ്മന്‍ ചാണ്ടി കോളജ് അധികാരികളും പോലീസ് മേധാവികളുമായി സംസാരിച്ചു. ഉച്ചയ്‌ക്കു മുമ്പേ പ്രശ്‌നങ്ങള്‍ പറഞ്ഞൊതുക്കി സംഘര്‍ഷം അവസാനിപ്പിച്ചു. വിദ്യാര്‍ഥി ആയിരിക്കെ തികഞ്ഞ ശാന്തശീലനായിരുന്നു ഉമ്മന്‍ ചാണ്ടി. അന്നും പോക്കറ്റ് ശൂന്യമായിരുന്നു. വണ്ടിക്കൂലിക്കുള്ള പൈസ മാത്രമാകും കൈയിലുണ്ടാകുക.
പ്രൊഫ്. ജോണ്‍ കുരാക്കാർ
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment