Pages

Tuesday, October 22, 2013

ഷാമിൽ വിളി കേട്ടു സ്കൂളിൽആഹ്ലാദം

ഷാമില്‍ വീണ്ടും വിളികേട്ടു;
ആഹ്ലാദത്തോടെ കൂട്ടുകാര്‍
മസ്തിഷ്‌ക ജ്വരം ബാധിച്ചതിനെത്തുടര്‍ന്നാണ് രണ്ടുവര്‍ഷംമുമ്പ് ഷാമിലിന് കേള്‍വിയും സംസാരശേഷിയും നഷ്ടമായി )

 ഷാമില്‍... ഷാമില്‍... രണ്ടുവര്‍ഷംമുമ്പ് കേട്ട വിളി മുഹമ്മദ് ഷാമില്‍ വീണ്ടും കേട്ടു. കൂട്ടുകാരെയും അധ്യാപകരെയും അവനും വിളിച്ചു. അതിന്റെ സന്തോഷം സ്‌കൂളില്‍ നിറഞ്ഞു. അവരുടെ സ്‌നേഹസഹായത്തിന്റെ ചിറകില്‍ നടത്തിയ കോക്ലീയാര്‍ ഇംപ്ലാന്‍േറഷന്‍ ശസ്ത്രക്രിയയിലൂടെയാണ് മുഹമ്മദ് ഷാമില്‍ എന്ന അഞ്ചാംക്ലാസ് വിദ്യാര്‍ഥി ശബ്ദത്തിന്റെയും സംസാരത്തിന്റെയും ലോകത്തേക്ക് തിരികെയെത്തിയത്.ഷാമില്‍ പരിയാപുരം ഫാത്തിമമാത സ്‌കൂളിന്റെ കവാടത്തിലെത്തുമ്പോള്‍ത്തന്നെ പൂക്കളും ബലൂണുകളും മിഠായികളുമായി കൂട്ടുകാര്‍ കാത്തുനിന്നു. സ്‌കൂള്‍ മുറ്റത്തെത്തിയപ്പോഴേക്കും ആരവത്തോടെ എടുത്തുയര്‍ത്തി. ആ സ്‌നേഹവായ്പിന് സാക്ഷിയായി കണ്ണും മനസ്സും നിറച്ച് ഷാമിലിന്റെ ഉമ്മ സബിദയുമുണ്ടായിരുന്നു.
മസ്തിഷ്‌ക ജ്വരം ബാധിച്ചതിനെത്തുടര്‍ന്നാണ് രണ്ടുവര്‍ഷംമുമ്പ് ഷാമിലിന് കേള്‍വിയും സംസാരശേഷിയും നഷ്ടമായത്. കോഴിക്കോട് ഡോ. മനോജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഇന്‍സ്റ്റിറ്റിയൂട്ട് ആന്‍ഡ് റിസര്‍ച്ച് സെന്‍ററിലാണ് ശസ്ത്രക്രിയ നടത്തിയത്. കഴിഞ്ഞ 17ന് സൗണ്ട് പ്രോസസര്‍ ഘടിപ്പിച്ച് പ്രവര്‍ത്തനക്ഷമമാക്കിയതോടെ നഷ്ടപ്പെട്ടതെല്ലാം ഷാമിലിന് തിരിച്ചുകിട്ടി. ചികിത്സാ ചെലവിലേക്കായി പരിയാപുരം ഫാത്തിമ യു.പി സ്‌കൂളിലെയും സെന്‍റ്‌മേരീസ് ഹയര്‍സെക്കന്‍ഡറിയിലെയും വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് 3.62 ലക്ഷം രൂപ സമാഹരിച്ചിരുന്നു. താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് ഏജന്‍സി സ്‌നേഹനിധിയില്‍നിന്ന് 1,11,111 രൂപ നല്‍കി. ഒട്ടേറെ വിദ്യാലയങ്ങളും സംഘടനകളും പ്രവാസി മലയാളികളും നാട്ടുകാരും ഗ്രാമപ്പഞ്ചായത്തും കൈകോര്‍ത്തതോടെയാണ് ശസ്ത്രക്രിയയ്ക്ക് വഴിയൊരുങ്ങിയത്.സ്‌കൂളില്‍ നടന്ന സ്വീകരണയോഗത്തില്‍ മാനേജര്‍ ഫാ. ജോസഫ് അരഞ്ഞാണി ഓലിക്കല്‍ ഷാമിലിനെ സ്വീകരിച്ചു. പ്രധാനാധ്യാപകന്‍ ഇ.ജെ. ആന്‍റണി, പി.ടി.എ പ്രസിഡന്‍റ് മനോജ് വീട്ടുവേലിക്കുന്നേല്‍,റോണ്‍ കെ. സെബാസ്റ്റിയന്‍, ഷീല ജോസഫ് എന്നിവര്‍ സംസാരിച്ചു.


No comments: