ലോകസമാധാനം
ജനമനസ്സുകളിൽ നിറയണം
ലോകത്ത് ഇനിയുമൊരു യുദ്ധമുണ്ടാവരുതെന്നാണ് സമാധാനപ്രീയരായ ജനം ആഗ്രഹിക്കുന്നത് .അമേരിക്കൻ ജനതയുടെ ആഗ്രഹവും ഇതുതന്നെയാണ് . . പക്ഷേ, സിറിയയ്‌ക്കുമേല്‍ അമേരിക്കയുടെ ആക്രമണം ഏതു നിമിഷവും ഉണ്ടായേക്കാമെന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ തന്നെ സൂചനകള്‍ സമാധാനപ്രേമികളില്‍ കടുത്ത ആശങ്കയാണുളവാക്കിയിരുന്നത്. ആ ആശങ്കകള്‍ക്കിടയില്‍ ആശ്വാസത്തിന്റെ കുളിര്‍സ്‌പര്‍ശമായാണ് കഴിഞ്ഞദിവസം ഒബാമയുടെ വാക്കുകള്‍ ജനങ്ങള്‍ ശ്രവിച്ചത്. സിറിയയ്‌ക്കെതിരേ തത്‌ക്കാലം യുദ്ധത്തിനില്ലെന്ന ഒബാമയുടെ വാക്കുകള്‍ ലോകമെമ്പാടുമുള്ള സമാധാനപ്രേമികള്‍ സ്വാഗതം ചെയ്യുകയും ചെയ്‌തു. പക്ഷേ, ഇന്നലെ പെട്ടെന്നു വീണ്ടും ഒബാമ വാക്കുമാറ്റി പറഞ്ഞത് സ്വന്തം രാജ്യത്തെ ജനങ്ങളെയുള്‍പ്പെടെ വീണ്ടും ആശങ്കയിലാഴ്‌ത്തിയിരിക്കുന്നു.
സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ ഗവണ്‍മെന്റ് തന്നെയാണ് രാസായുധ പ്രയോഗം നടത്തിയതെന്നും ഈ ചെയ്‌തിയിലൂടെ സിറിയ രാജ്യാന്തര നിയമലംഘനം നടത്തിയിരിക്കുന്നുവെന്നും അതുകൊണ്ട് സിറിയ്‌ക്കെതിരേ നിയന്ത്രിത സൈനികനടപടി വേണമെന്നുമാണ് ഒബാമയുടെ പുതിയ ഭാഷ്യം. സിറിയയുടെ രാസായുധ പ്രയോഗത്തിനെതിരേ കണ്ണടച്ചാല്‍ അതു മറ്റ് ആയുധപ്രയോഗങ്ങള്‍ക്കും കാരണമാകുമെന്നും ആഗോള സുരക്ഷയുടെ ചുക്കാന്‍ അമേരിക്കയുടെ കൈയിലാണെന്നും അതിനാലാണ് അമേരിക്ക മറ്റു രാജ്യങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നതെന്നുമാണ് ഒബാമയുടെ ന്യായീകരണം. ഇന്നലെ അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്യവേയാണ് ഒബാമ തലേദിവസത്തെ വാക്കുകളില്‍നിന്ന് മലക്കം മറിഞ്ഞത്. മാറ്റിമാറ്റി പറഞ്ഞ് വ്യക്‌തതയൊട്ടുമില്ലാത്ത ഒരുതരം 'വേണ്ടണം' നയമാണ് ഒബാമ ഇപ്പോള്‍ സ്വീകരിക്കുന്നത്.
സിറിയയിലെ രാസായുധ ശേഖരങ്ങള്‍ അന്താരാഷ്‌ട്ര സംരക്ഷണയിലേക്കു മാറ്റണമെന്നും പിന്നീടതു നശിപ്പിക്കണമെന്നുമുള്ള റഷ്യയുടെ നിര്‍ദേശത്തോടു സിറിയ യോജിക്കുകയും തങ്ങളത് അംഗീകരിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്‌തതോടെയാണ്, എങ്കില്‍ സിറിയക്കെതിരേയുള്ള സൈനിക നടപടി തല്‍ക്കാലം ഒഴിവാക്കാമെന്ന് ഒബാമ പ്രതികരിച്ചത്. യഥാര്‍ഥത്തില്‍ സൈനിക നടപടിയില്‍നിന്നു പിന്‍വാങ്ങാന്‍ ഒബാമയെ പ്രേരിപ്പിച്ചത് റഷ്യയുടെ നിര്‍ദ്ദേശമോ സിറിയ അത് അംഗീകരിച്ചതോകൊണ്ടല്ല. അമേരിക്കയോടു സഖ്യം പുലര്‍ത്തുന്ന രാജ്യങ്ങള്‍പോലും സിറിയക്കെതിരേയുള്ള സൈനിക നീക്കത്തോടു യോജിച്ചില്ല എന്നത് ഒബാമയെ ത്രിശങ്കുസ്വര്‍ഗത്തിലാക്കിയിരുന്നു. അതോടൊപ്പംതന്നെ സ്വന്തം ജനതയില്‍ ഭൂരിഭാഗത്തിന്റെയും എതിര്‍പ്പും ഒബാമയ്‌ക്കു തിരിച്ചടിയായി. നൂറ് സെനറ്റ് അംഗങ്ങളില്‍ 25 പേര്‍ മാത്രമാണ് ഒബാമയെ അനുകൂലിക്കുന്നത്.
ജനപ്രതിനിധിസഭയില്‍നിന്നും കാര്യമായ പിന്തുണയില്ലായിരുന്നു. ഈ സാഹചര്യത്തില്‍ സിറിയക്കെതിരേയുള്ള സൈനിക നടപടിയില്‍നിന്നു തന്ത്രപൂര്‍വം പിന്‍വാങ്ങാനുള്ള ഒരു മാര്‍ഗം റഷ്യയുടെ നിര്‍ദ്ദേശത്തില്‍നിന്ന് ഒബാമയ്‌ക്കു വീണുകിട്ടുകയായിരുന്നു. അത് ബുദ്ധിപൂര്‍വം ഉപയോഗിച്ചു. സിറിയന്‍ പ്രശ്‌നത്തില്‍ സുപ്രധാനമായ വഴിത്തിരിവുണ്ടായെന്ന് പ്രഖ്യാപനം നടത്തുകയും ചെയ്‌തു. അതിനുശേഷമാണ് ഇന്നലെ നയം മാറ്റിയത്.ഇപ്പോള്‍തന്നെ പതിനായിരക്കണക്കിനു സിറിയക്കാര്‍ അതിര്‍ത്തി രാജ്യങ്ങളിലേക്കു പലായനം ചെയ്‌തുകഴിഞ്ഞു. സ്വന്തം നാടും വീടും സ്വത്തുക്കളുമൊക്കെ വിട്ട് അയല്‍രാജ്യങ്ങളില്‍ അഭയാര്‍ഥികളായെത്തി ദുരിതമനുഭവിക്കുന്നവരായിരിക്കുന്നു അവര്‍. കുഞ്ഞുങ്ങളും സ്‌ത്രീകളും വൃദ്ധരുമൊക്കെ യുദ്ധഭീഷണിയുടെ ബലിയാടുകളായി മാറിയിരിക്കുന്നു.
മലയാളികളടക്കം ആയിരക്കണക്കിന് ഇന്ത്യക്കാരും സിറിയയിലുണ്ട്. അതുപോലെതന്നെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരും. അവരൊക്കെയും എല്ലാം ഉപേക്ഷിച്ച് ആ രാജ്യം വിടേണ്ട അവസ്‌ഥയിലാണ്. ഭൂരിഭാഗംപേരും ജീവനെങ്കിലും കിട്ടട്ടെ എന്ന ആഗ്രഹത്തോടെ എല്ലാമുപേക്ഷിച്ച് സ്വന്തം രാജ്യങ്ങളിലേക്കു മടങ്ങുകയാണ്.
തങ്ങളുടെ രാസായുധ ശേഖരം അന്താരാഷ്ട്ര സംരക്ഷണയിലേക്കു മാറ്റാമെന്നും പിന്നീടതു നശിപ്പിക്കാമെന്നും റഷ്യയുടെ നിര്ദ്ദേശപ്രകാരം സിറിയ സമ്മതിച്ചസ്ഥിതിക്ക് സൈനിക നീക്കത്തില്‍നിന്ന് പിന്മാറുകയും അവര്‍ സമ്മതിച്ചപ്രകാരം കാര്യങ്ങള്‍ നീക്കാന്‍ റഷ്യയുടെകൂടി സഹകരണത്തോടെ നടപടികള്‍ ആരംഭിക്കുകയുമാണ് അമേരിക്ക ചെയ്യേണ്ടത്. അതല്ലാതെ മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിനുമേല്‍ കടന്നുകയറി അവരോടു യുദ്ധം ചെയ്യുകയല്ല വേണ്ടത്. രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ എല്ലാ രാജ്യങ്ങള്ക്കും സമ്മതമായ ഐക്യരാഷ്ട്രസഭയുണ്ട്. അത്തരമൊരു സംഘടനയെപ്പോലും നിഷ്പ്രഭമാക്കികൊണ്ടുള്ള നടപടികള്‍ നല്ലതല്ല. ഉപരോധങ്ങളോ, സാമ്പത്തിക നിയന്ത്രണങ്ങളോ, വ്യാപാര നിയന്ത്രണങ്ങളോ ഒക്കെഏര്പ്പെടുത്തുന്നതുപോലെയല്ലല്ലോ യുദ്ധം ചെയ്യല്‍. ഭരണാധിപനോടോ ഭരണകൂടത്തിനോടോ ഉള്ള എതിര്പ്പിന്റെ പേരില് ആ രാജ്യത്തെ ജനങ്ങളെ ഇഞ്ചിഞ്ചായി കൊല്ലണോ. അവരൊക്കെ യുദ്ധത്തിന്റെ തീ തുപ്പലില്‍ ഈയാംപാറ്റകളെപ്പോലെ മരിച്ചുവീഴണോ. ഭരണകൂടങ്ങളെ എതിര്ക്കുന്ന വിമത ഗ്രൂപ്പുകളെ പ്രോത്സാഹിപ്പിച്ച് ഒരു രാജ്യത്തെ നശിപ്പിക്കുന്നതും ശരിയായ നടപടിയല്ലല്ലോ. യുദ്ധാനുകൂലികളല്ലാത്ത രാജ്യങ്ങളുടെകൂടി സഹകരണത്തോടെ രക്തം ചീന്താത്ത നടപടികളിലൂടെ പ്രശ്നം പരിഹരിക്കാനാണ് അമേരിക്കയെപോലുള്ള രാജ്യങ്ങള്‍ ശ്രമിക്കേണ്ടത് ലോക സമാധാനത്തിനു വേണ്ടി പ്രവർത്തിക്കുന്ന യു .ആർ .ഐ യുടെ നേതൃത്വത്തിൽ സമാധാനം ആഗ്രഹിക്കുന്ന എല്ലാവരും ഒന്നിക്കണം.പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment