മരണംവിതക്കുന്ന
ടിപ്പർലോറികളെനിയന്ത്രിക്കണം
കേരളത്തിൽ ടിപ്പര്‍ ലോറികള്‍ വീണ്ടും അന്തകവേഷം കെട്ടിയിരിക്കുകയാണ് .കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടിപ്പര്‍ ലോറികള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഏറിവരികയാണ്. ബുധനാഴ്‌ച തൃശൂര്‍ നഗരത്തില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വ്യാപാരിയെ അമിതവേഗത്തിലെത്തിയ ടിപ്പര്‍ലോറി ഇടിച്ചു തെറിപ്പിച്ചു. തെറിച്ചുവീണ അദ്ദേഹത്തിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയാണ് ടിപ്പര്‍ നിന്നത്.ബുധനാഴ്‌ചതന്നെ ചങ്ങനാശേരിയില്‍ അമിതവേഗത്തിലെത്തിയ ടിപ്പര്‍ ലോറി കാറിലിടിച്ച് വയനാടുകാരായ ഭാര്യയും ഭര്‍ത്താവും മരിച്ചു. ആലപ്പുഴ ജില്ലയിലെ കരുവാറ്റയിലുള്ള ഭാര്യയുടെ കുടുംബവീട് സന്ദര്‍ശിച്ച് വെളുപ്പിനെ വയനാട്ടിലേക്കുള്ള മടക്കയാത്രയിലാണ് ഇവരുടെ കാര്‍ ടിപ്പര്‍ ലോറി ഇടിച്ചു തകര്‍ത്തത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ ആകെ തകര്‍ന്നുപോയി. ഇന്നലെ അടൂരില്‍ ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ച് അടൂര്‍ ഡിവൈ.എസ്.പി. ഓഫീസിലെ എ.എസ്.ഐ. മരിച്ചു. അമിതവേഗത്തിലായിരുന്നു ടിപ്പര്‍.
കുറച്ചുനാള്‍ മുമ്പ് കണ്ണൂരിലെ മേക്കുന്നില്‍ വെട്ടുകല്ലും കയറ്റിവന്ന ടിപ്പര്‍ ലോറി അമിതവേഗത്തെ തുടര്‍ന്ന് വഴിയരികിലെ കടകളിടിച്ചുതകര്‍ത്ത് ഡ്രൈവറടക്കം മൂന്നുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. അതിനു മുമ്പും ടിപ്പറുകളുടെ മരണപ്പാച്ചിലും ഉണ്ടായ അപകടങ്ങളും മരണങ്ങളും നിരവധിയാണ്. അമിതവേഗംമൂലം ടിപ്പറുകള്‍ വരുത്തുന്ന അപകടങ്ങള്‍ വര്‍ധിച്ചുവന്നപ്പോള്‍ മുമ്പ് ടിപ്പറുകള്‍ക്ക് റോഡിലിറങ്ങുന്നതിനു പ്രത്യേക സമയപരിധി നിശ്‌ചയിച്ചിരുന്നതാണ്. സ്‌കൂള്‍ ആരംഭിക്കുന്ന സമയത്തും സ്‌കൂള്‍ വിടുന്ന സമയത്തും ടിപ്പറുകള്‍ ഓടാന്‍പാടില്ലെന്നും നിയമമുണ്ടായിരുന്നു. അതുപോലെ ടിപ്പറുകളില്‍ മണ്ണും മണലും മറ്റു വസ്‌തുക്കളുമൊക്കെ കൊണ്ടുപോകുമ്പോള്‍ അത് ടാര്‍പോളിന്‍ ഉപയോഗിച്ച് മൂടിക്കൊണ്ടുപോകണമെന്നും അങ്ങനെ ചെയ്യാത്തവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും തീരുമാനമുണ്ടായിരുന്നു. പക്ഷേ, ഇത്തരം നിയമങ്ങളൊക്കെ പലപ്പോഴും കാറ്റില്‍പറത്തുന്ന രീതിയാണ് ഉണ്ടാകുന്നത്.
മണ്ണും മണലും കല്ലും മറ്റും കയറ്റുന്ന ടിപ്പര്‍ ലോറികള്‍ ഓരോദിനവും പരമാവധി ലോഡുകള്‍ കയറ്റിറക്കു നടത്തുന്നതിനുവേണ്ടി അമിതവേഗത്തിലോടുന്നതാണ് പലപ്പോഴും അപകടത്തിനു കാരണമാകുന്നത്. ലോഡുകളുടെ എണ്ണം കൂട്ടുന്നതിനുവേണ്ടിയുള്ള പാച്ചിലിനിടയില്‍ റോഡില്‍ മറ്റുവാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും തെല്ലുപോലും പരിഗണന നല്‍കാന്‍ ടിപ്പര്‍ ഡ്രൈവര്‍മാര്‍ തയാറാകുന്നില്ല. നിരോധിത സമയങ്ങളില്‍ അധികൃതരുടെ കണ്ണില്‍പെടാതിരിക്കാന്‍ മെയിന്‍ റോഡുകള്‍ ഉപേക്ഷിച്ച് ഇടറോഡുകളെ ആശ്രയിക്കുന്നതും സൗകര്യം കുറഞ്ഞ റോഡുകളിലൂടെ അതിവേഗം പായുന്നതും കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ്. ഇരുചക്രവാഹനങ്ങളും കാല്‍നട യാത്രക്കാരും ഭാഗ്യംകൊണ്ടു മാത്രമാണ് പലപ്പോഴും ടിപ്പറിന്റെ മരണപ്പാച്ചിലില്‍നിന്നു രക്ഷപ്പെടുന്നത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ക്കു കാരണമാകുന്നത് ഡ്രൈവര്‍മാരുടെ ലക്കും ലഗാനുമില്ലാത്ത ഡ്രൈവിംഗ് രീതിയാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഓരോവര്‍ഷവും ഇവിടെ വാഹനാപകടങ്ങള്‍ ഏറുന്നതല്ലാതെ കുറയുന്നില്ല. 2000ല്‍ 2710 പേരാണു വാഹനാപകടങ്ങളില്‍ മരണമടഞ്ഞതെങ്കില്‍ 2012 ആയപ്പോള്‍ അത് 4286 ആയി ഉയര്‍ന്നു. 2012ല്‍ ആകെ 4013 വാഹനാപകടങ്ങളാണു കേരളത്തില്‍ ഉണ്ടായത്. അതില്‍ 3652 എണ്ണവും ഡ്രൈവര്‍മാരുടെ കുഴപ്പങ്ങള്‍കൊണ്ടു സംഭവിച്ചതാണെന്നാണ് പോലീസിന്റെ രേഖകള്‍ പറയുന്നത്. ആകെയുണ്ടായ 4286 മരണങ്ങളില്‍ 3913 എണ്ണവും ഡ്രൈവര്‍മാര്‍ വരുത്തിവച്ച അപകടങ്ങളിലാണു സംഭവിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അധികൃതര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതും കര്‍ശനമായ നടപടികള്‍ സ്വീകരിക്കേണ്ടതും ഇത്തരം അപകടങ്ങള്‍ വരുത്തിവയ്‌ക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരേയാണ്. അവിചാരിതമായോ യന്ത്രത്തകരാറുകള്‍മൂലമോ റോഡിന്റെ കുഴപ്പംകൊണ്ടോ ഒക്കെ അപകടങ്ങള്‍ സംഭവിക്കാം. പക്ഷേ, മനപ്പൂര്‍വം, അനാസ്‌ഥകൊണ്ട് അപകടം ഉണ്ടാക്കുന്ന ഡ്രൈവര്‍മാര്‍ക്ക് അര്‍ഹമായ ശിക്ഷതന്നെ നല്‍കണം. ടിപ്പര്‍ ലോറികള്‍ക്കു നിശ്‌ചയിച്ചിരിക്കുന്ന സമയപരിധികളും നിബന്ധനകളും പാലിക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പുവരുത്തണം. മരണപ്പാച്ചില്‍ നടത്തുന്ന ടിപ്പറുകളുടെ ഡ്രൈവര്‍മാര്‍ക്കും ഉടമകള്‍ക്കുമെതിരേ കടുത്ത നിലപാടു സ്വീകരിക്കണം.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment