ലോകത്തിലെ എല്ലാ മലയാളികൾക്കും
ഓണംആശംസിക്കുന്നു.
മലയാളി മനസ്സുകളിൽ നവോന്മേഷം നിറയ്ക്കുന്ന അപൂർവാവസരങ്ങളിലൊന്നാണ് ഓണം. കേരളത്തിൽ മാത്രമല്ല, മലയാളികൾ ചെന്നുപറ്റിയിട്ടുള്ള ലോകത്തിന്റെ ഏതുഭാഗത്തും മലയാളികൾക്ക് ഓണം ആഹ്ളാദത്തിന്റെ ദിനങ്ങൾ തന്നെയാണ്.ആഗ്രഹിച്ചതിലും പ്രതീക്ഷിച്ചതിലുമേറെ അനുഗ്രഹിച്ച കാലവർഷം ധാരാളം കെടുതികൾ വിതച്ച് കടന്നുപോയിട്ടും മഴ പിന്നെയും ബാക്കിയായി നിൽക്കുകയാണ്. സംസ്ഥാനത്തെല്ലായിടത്തും അനവസരത്തിൽ വീണ്ടും എത്തിയ മഴ ഓണ ഒരുക്കങ്ങളുടെ പൊലിമ വല്ലാതെ നഷ്ടപ്പെടുത്തി. .എന്നിട്ടും എങ്ങും ഓണത്തിന്റെ അലകൾ കാണാനുമുണ്ട്. കടകമ്പോളങ്ങൾ ജനത്തിരക്കിൽ വീർപ്പുമുട്ടുന്നു. എല്ലാത്തരം വാഹനങ്ങളും നിറഞ്ഞുകവിഞ്ഞാണ് ഓടുന്നത്. സർക്കാരാഫീസുകൾ ദിവസങ്ങൾക്ക് മുൻപേ ഓണലഹരിയുടെ ആലസ്യത്തിലായിക്കഴിഞ്ഞിരുന്നു. രണ്ടു ദിവസം അവധി എടുത്താൽ ഒൻപതുദിവസത്തെ തുടർച്ചയായ ഓണ അവധി ആസ്വദിക്കാം. വിദ്യാലയങ്ങൾക്കും പത്തുദിവസത്തെ ഓണാവധി തുടങ്ങി. എവിടെയും ഓണത്തിരക്കും ആഘോഷപരിപാടികളും തന്നെ.
ഇന്നേവരെ അനുഭവപ്പെടാത്ത തരത്തിലുള്ള ദുർവഹമായ വിലക്കയറ്റത്തിനിടയിലാണ് മലയാളികൾ ഇക്കുറി ഓണം ആഘോഷിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പാടേ പരാജയപ്പെട്ടിരിക്കെ, ഓണം ഒരുക്കാൻ മുൻവർഷത്തേതിന്റെ ഇരട്ടി തുകയും പോരാതെ വന്നിരിക്കുകയാണ്. സാധാരണക്കാർക്ക് ആശ്വാസം നൽകാൻ സംസ്ഥാന സിവിൽ സപ്ളൈസ് കോർപ്പറേഷനും ഹോർട്ടികോർപ്പും സഹകരണവകുപ്പുമെല്ലാം രംഗത്തുണ്ട്. എന്നാൽ, ചെറിയൊരു വിഭാഗത്തിന്റെ ആവശ്യങ്ങൾ നേരിടാനേ ഈ സംവിധാനത്തിന് കഴിയുന്നുള്ളൂ. പരസ്യവിപണിയിലെ വിലയിൽ നിന്ന് ഇരുപതോ മുപ്പതോ ശതമാനം കുറച്ച് ഇവിടങ്ങളിൽ നിന്ന് അവശ്യസാധനങ്ങൾ ലഭ്യമാണ്. എന്നാൽ, പരസ്യവിപണി ഒരുവിധ നിയന്ത്രണത്തിനും വഴങ്ങാതെ മണിക്കൂർ വച്ചാണ് വില കൂട്ടിക്കൊണ്ടിരിക്കുന്നത്. അവശ്യസാധനങ്ങൾ മാത്രമല്ല, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പുതിയ നികുതി നയങ്ങൾ കാരണം വസ്‌ത്രങ്ങൾക്കും ഗൃഹോപകരണങ്ങൾക്കുമെല്ലാം വില വല്ലാതെ വർദ്ധിച്ചിട്ടുണ്ട്. വൻനിര കമ്പനികൾ ഈ ഓണക്കാലത്ത് സംസ്ഥാനത്തുനിന്ന് ആയിരംകോടിയിൽപ്പരം രൂപ ഇലക്ട്രോണിക് ഉല്പന്നങ്ങളുടെ വില്പനവഴി മാത്രം കൊണ്ടുപോകുന്നുണ്ട്. ജനങ്ങളുടെ ഒരുവർഷത്തെ അദ്ധ്വാനത്തിന്റെ ഫലമായി നേടുന്നതത്രയും നേരെ ചെന്നെത്തുന്നത് ഇത്തരം വിപണികളിലാണ്. തിരുവോണമുണ്ണാൻ വാഴയിലയ്ക്കുവരെ അയൽസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന മലയാളിയുടെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്കിനും അങ്ങനെ അവകാശികൾ അന്യസംസ്ഥാനക്കാരാണെന്ന് പറയാം. ഓണം കാർഷിക സമൃദ്ധിയുടേതാണെന്ന് പറയാമെങ്കിലും ഈ മേഖലയിലും മലയാളികളുടെ സംഭാവനകൾ നേർത്ത് നേർത്ത് വരികയാണ്. കൃഷിയിടങ്ങളിൽ കൃഷി നന്നേ ചുരുങ്ങിയിരിക്കുന്നു. ഒൻപതു ലക്ഷം ഹെക്ടർ നെൽവയലുകളായിരുന്നത് കഷ്ടിച്ച് രണ്ടുലക്ഷം ഹെക്ടറായി ചുരുങ്ങി. കളപറിക്കാനും വളമിടാനും കൊയ്യാനും മെതിക്കാനുമൊക്കെ തൊഴിലാളികളെ പുറത്തുനിന്നു കൊണ്ടുവരേണ്ട പതനത്തിലുമായി. പരിമിതികളിൽ നിന്നുകൊണ്ട് ഓണം പരമാവധി കെങ്കേമമാക്കാൻ മലയാളികൾ കാണിക്കുന്ന ആവേശം സമാനതകളില്ലാത്തതാണ്. ഒത്തുചേരലിന്റെ അതിരറ്റ ആഹ്ളാദമാണ് ഓരോ ഓണവും സമ്മാനിക്കുന്നത്. ഓണം പകർന്നുനൽകുന്ന മധുരസ്മരണകളും നിറഞ്ഞ മനസ്സും ഉള്ളവനെയും ഇല്ലാത്തവനെയും സംബന്ധിച്ചിടത്തോളം ഒരുപോലെതന്നെയാണ്. മലയാളിക്ക് ഓണം ഏറ്റവും പ്രിയപ്പെട്ടതാകുന്നതും അതുകൊണ്ടാണ്. സന്തോഷത്തിന്റേതായ ഈ നാളുകൾ എല്ലാവർക്കും കൂടുതൽ ആസ്വാദ്യകരമാകട്ടെ എന്ന് ആശംസിക്കുന്നു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment