Pages

Saturday, September 14, 2013

PUNATHIL KUNJABDULLA WINS MATHRUBHUMI LITERARY AWARD

മാതൃഭൂമി സാഹിത്യപുരസ്‌കാരം
പുനത്തില്‍ കുഞ്ഞബ്ദുള്ളയ്ക്ക്‌
Novelist and short story writer Dr Punathil Kunjabdulla was selected for this year's Mathrubhumi literary award. The award, which is the biggest literature award in Malayalam, consist of a cash prize of Rs 2 lakh, a plaque and certificate. The jury consisting Sachithanandhan as chairman and N S Madhavan and Sara Joseph as members, selected Kunjabdulla as this year's achiever. At a function to be held in Kozhikode on October 24, Kunjabdulla would be presented with the award.
A modernist in Malayalam literature, Kunjabdulla won the Kendra Sahithya Academy Award for his novel Smarakasilakal (Memorial Stones) in 1980.A doctor by profession, Kunjabdulla was born in Vadakara and runs a hospital in Vadakara. 
 ഈ വര്‍ഷത്തെ മാതൃഭൂമി സാഹിത്യപുരസ്‌കാരത്തിന് കഥാകൃത്തും നോവലിസ്റ്റുമായ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള അര്‍ഹനായി. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. സച്ചിദാനന്ദന്‍ ചെയര്‍മാനും എന്‍ .എസ്. മാധവന്‍ , സാറാ ജോസഫ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയെ ഈ വര്‍ഷത്തെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ഒക്ടോബര്‍ 24-ന് കോഴിക്കോട് വെച്ചു നടക്കുന്ന ചടങ്ങില്‍ ഡോ. കുഞ്ഞബ്ദുള്ളയ്ക്ക മാതൃഭൂമിയുടെ പന്ത്രണ്ടാമത് സാഹിത്യപുരസ്‌കാരം സമര്‍പ്പിക്കും.മലയാളത്തിലെ ആധുനിക കഥാസാഹിത്യത്തിന് അതുല്യമായ സംഭാവനകള്‍ നല്‍കിയ എഴുത്തുകാരനാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന് പുരസ്‌കാര നിര്‍ണയസമിതി വിലയിരുത്തി. ആയിരത്തി തൊള്ളായിരത്തി അറുപതുകളില്‍ തന്നെ അപൂര്‍വമായ അലിഗഢ് കഥകളുമായി അദ്ദേഹം ആഖ്യാന സാഹിത്യത്തിലേക്ക് കടന്നുവന്നു. ആദ്യം മുതലേ അന്യാദൃശവും ആകര്‍ഷകവുമായ ഒരു ഭാഷാശൈലിയുടെ ഉടമയായിരുന്നു അദ്ദേഹം. മുഖ്യധാരയില്‍ ഇടം നേടാത്ത പ്രാദേശിക സ്വത്വങ്ങള്‍, ഭാഷ, ദേശം, വ്യക്തിത്വങ്ങള്‍ , ജീവിതാസക്തികള്‍ , ജീവിതാന്വേഷണങ്ങള്‍ എന്നിവ പുനത്തിലിന്റെ രചനകളെ കൂടുതല്‍ ആഴമുള്ളതാക്കിത്തീര്‍ത്തു. പ്രാദേശികമായ മുസ്‌ലിം ജീവിതപരിസരങ്ങള്‍ തൊട്ട് ആധുനിക നഗരജീവിതത്തിന്റെ ആന്തരികവും ബാഹ്യവുമായ സംഘര്‍ഷ ങ്ങള്‍വരെ പുനത്തിലിന്റെ രചനകളില്‍ ലീനമാണ്: സമിതി വിലയിരുത്തി.

'കത്തി'യും 'മലമുകളിലെ അബ്ദുള്ള'യും 'അലിഗഢിലെ തടവുകാരും' 'ദുഃഖിതര്‍ക്ക് ഒരു പൂമര'വും പോലുള്ള ആദ്യകഥകള്‍ തന്നെ സരളതീക്ഷ്ണമായ ഭാഷകൊണ്ട് കേരളീയ വായനാസമൂഹത്തെ ആകര്‍ഷിച്ചു. തുടര്‍ന്നുള്ള നൂറിലേറെ കഥകളിലും വലുതും ചെറുതുമായ നോവലുകളിലും കഥകള്‍പോലെ മനോഹരമായ സ്മരണാഖ്യാനങ്ങളിലുംകൂടി തന്റേതു മാത്രമായ വായനക്കാരുടെ വന്‍ സമൂഹത്തെ കുഞ്ഞബ്ദുള്ള സൃഷ്ടിച്ചു. വൈക്കം മുഹമ്മദ് ബഷീര്‍ , ഉറൂബ്, എം.ടി. വാസുദേവന്‍ നായര്‍ എന്നിവരുടെ പിന്തുടര്‍ച്ചയും നവീകരണവും കുഞ്ഞബ്ദുള്ളയുടെ സര്‍ഗപ്രപഞ്ചത്തിലുണ്ട്.

'സ്മാരകശിലകള്‍ ' മലയാളത്തിലെ എക്കാലത്തെയും മികച്ച നോവലുകളില്‍ ഒന്നാണെന്ന് പുരസ്‌കാരസമിതിയുടെ തീരുമാനം വിശദീകരിച്ചുകൊണ്ട് സച്ചിദാനന്ദന്‍ പറഞ്ഞു. ''ഖാന്‍ ബഹാദൂര്‍ പൂക്കോയത്തങ്ങളെപ്പോലെ നന്മതിന്മകള്‍ ഇടകലര്‍ന്ന വലിയ ദുരന്തകഥാപാത്രങ്ങള്‍ നമ്മുടെ സാഹിത്യത്തില്‍ ഏറെ ഇല്ല. കുഞ്ഞബ്ദുള്ളയുടെ സാഹിത്യം സ്ഥിതവ്യവസ്ഥയുടെ മൂല്യബോധങ്ങളെയും സദാചാരസംഹിതകളെയും അടിമുടി ചോദ്യം ചെയ്യുന്നു. സമൂഹത്തെ അതിന്റെ മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കാന്‍ പ്രേരിപ്പിക്കുന്നു''-സച്ചിദാനന്ദന്‍ വിശദീകരിച്ചു.
'മരുന്നും' 'കന്യാവനങ്ങളും' 'പരലോകവും' ഉള്‍പ്പെടെയുള്ള കുഞ്ഞബ്ദുള്ളയുടെ നോവലുകളിലൊന്നുംതന്നെ കേവലമായ നന്മയോ കേവലമായ തിന്മയോ കാണുകയില്ല. ആധുനികതയുടെ മൂല്യപരമായ സംശയങ്ങളും അസ്തിത്വപരമായ ഉദ്വിഗ്‌നതകളും പേറുമ്പോള്‍ത്തന്നെ കുഞ്ഞബ്ദുള്ള ദോഷൈകദൃക്കാവുന്നില്ലെന്ന് സമിതി നിരീക്ഷിച്ചു. ബഷീറിലും ഉറൂബിലും എന്നപോലെ, മനുഷ്യന്റെ ഇരുവശങ്ങളെ കാണുമ്പോള്‍ത്തന്നെ ചെറുനന്മകളിലും പുനത്തില്‍ വിശ്വസിക്കുന്നു. ആത്മസ്തുതിയില്‍ നിന്ന് വ്യത്യസ്തമായ അദ്ദേഹത്തിന്റെ ആത്മകഥാഖ്യാനങ്ങളാകട്ടെ, സമകാലീന സമൂഹത്തിനു മുന്നില്‍ പിടിച്ച കണ്ണാടികള്‍ ആണ്. അസാമ്പ്രദായികമായ ഈ കല്‍പ്പനാ ലോകത്തിനാണ് മാതൃഭൂമിയുടെ വിശിഷ്ടമായ ഈ പുരസ്‌കാരം നല്‍കുന്നതെന്ന് സമിതി വിലയിരുത്തി.

1940 ഏപ്രില്‍ മൂന്നിന് കോഴിക്കോട് ജില്ലയിലെ വടകരയില്‍ സൈനയുടെയും മമ്മുവിന്റെ മകനായി ജനിച്ച പുനത്തില്‍ കുഞ്ഞബ്ദുള്ള തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് ബിരുദവും അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.ബി.ബി.എസ്സും നേടി. അലീമയാണ് ഭാര്യ.സ്മാരകശിലകള്‍ , മരുന്ന്, പരലോകം, കന്യാവനങ്ങള്‍ , അഗ്നിക്കിനാവുകള്‍ , നവഗ്രഹങ്ങളുടെ തടവറ (സേതുവുമായി ചേര്‍ന്നെഴുതിയത്) എന്നിവയാണ് പ്രധാന നോവലുകള്‍ . അലിഗഢ് കഥകള്‍, ക്ഷേത്രവിളക്കുകള്‍ , കുറേ സ്ത്രീകള്‍ , മലമുകളിലെ അബ്ദുള്ള, പ്രണയകഥകള്‍ , പുനത്തിലിന്റെ 101 കഥകള്‍ എന്നിവയാണ് പ്രധാന കഥാസമാഹാരങ്ങള്‍. 'നഷ്ടജാതകം' എന്ന ആത്മകഥയും 'ആത്മവിശ്വാസം വലിയമരുന്ന്', 'പുതിയ മരുന്നും പഴയ മരുന്നും' തുടങ്ങിയ ലേഖനസമാഹാരങ്ങളും 'വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍ ' എന്ന യാത്രാവിവരണവും ശ്രദ്ധേയമായ രചനകളാണ്. പുനത്തിലിന്റെ ഭൂരിഭാഗം രചനകളും മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെയാണ് പുറത്തുവന്നത്.സ്മാരകശിലകള്‍ക്ക് 1978-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1980-ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. മലമുകളിലെ അബ്ദുള്ളയ്ക്ക് 1980-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 13 വര്‍ഷമായി മാതൃഭൂമി ആരോഗ്യമാസികയില്‍ കോളമിസ്റ്റാണ് ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള. 2000 മുതല്‍ ഏര്‍പ്പെടുത്തിയ മാതൃഭൂമി സാഹിത്യപുരസ്‌കാരം തിക്കോടിയന്‍ , എം.വി ദേവന്‍ , പാലാ നാരായണന്‍ നായര്‍ , ഒ.വി. വിജയന്‍ , എം.ടി. വാസുദേവന്‍ നായര്‍ , എം. മുകുന്ദന്‍, അക്കിത്തം, കോവിലന്‍ , വിഷ്ണുനാരായണന്‍ നമ്പൂതിരി, ഡോ. സുകുമാര്‍ അഴീക്കോട്, ഡോ. എം. ലീലാവതി എന്നിവര്‍ക്കാണ് മുന്‍വര്‍ഷങ്ങളില്‍ ലഭിച്ചത്.

                                  പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: