Pages

Tuesday, September 10, 2013

VALUE OF EDUCATION

                  മൂല്യവിദ്യാഭ്യാസം എന്ന വെല്ലുവിളി

                                               കെ.പി. രാമനുണ്ണി


           ഉന്നതവിദ്യാഭ്യാസത്തിന് പോകുന്ന വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ നല്ല പ്രാവീണ്യമുണ്ടായിരിക്കണം. അതില്‍ സംശയമില്ല. എന്നാല്‍, ഇക്കാര്യം മാതൃഭാഷയ്‌ക്കോ പഠനമാധ്യമം മാതൃഭാഷയില്‍ നിലനിര്‍ത്തുന്നതിനോ എതിരായ വാദമല്ല. ഇംഗ്ലീഷില്‍ പ്രാവീണ്യമുണ്ടാക്കാന്‍ പഠനമാധ്യമം ഇംഗ്ലീഷാക്കുകയല്ല, നല്ലപോലെ ഇംഗ്ലീഷ് പഠിപ്പിക്കുകയാണ് വേണ്ടത്. പഠനമാധ്യമം അന്യഭാഷയാക്കുകയാണെങ്കില്‍ അത് ചെലുത്തുന്ന ഘര്‍ഷണം വിഷയങ്ങളുടെ അനായാസ സ്വാംശീകരണത്തിന് കുട്ടികളില്‍ തടസ്സമുണ്ടാക്കുന്നു. മറിച്ചാണെങ്കിലോ, മാതൃഭാഷയുടെ വിദഗ്ധ പ്രയോഗത്താല്‍ വളര്‍ച്ച പ്രാപിക്കുന്ന കുട്ടികളുടെ ഭാഷേന്ദ്രിയം ഇംഗ്ലീഷും മറ്റു ഭാഷകളും എളുപ്പത്തില്‍ പഠിക്കുന്നു. ഇംഗ്ലീഷില്‍ നല്ല വ്യുല്‍പത്തി വന്നുചേര്‍ന്ന വിദ്യാര്‍ഥിക്ക് സയന്‍സും കണക്കുമൊന്നും ഉപരിപഠനസമയത്ത് ഇംഗ്ലീഷില്‍ പഠിക്കാന്‍ പ്രയാസവുമുണ്ടാകില്ല. 
ഇന്ന് ഇംഗ്ലീഷ് മീഡിയം പഠിച്ച് പുറത്തിറങ്ങുന്ന മിക്കകുട്ടികള്‍ക്കും ഒരു ഖണ്ഡിക തെറ്റില്ലാത്ത ഇംഗ്ലീഷില്‍ എഴുതാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ഭൂരിപക്ഷം ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും ഫിസിക്‌സും കെമിസ്ട്രിയും ബയോളജിയും മാത്തമാറ്റിക്‌സുമെല്ലാം അധ്യാപകര്‍ കുട്ടികള്‍ക്ക് മലയാളത്തിലാണ് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കുന്നത്. പിന്നെ അക്കാര്യം വിദ്യാര്‍ഥികള്‍ ഇംഗ്ലീഷ് വാചകങ്ങളില്‍ കരണ്ടെടുത്ത് ഉത്തരക്കടലാസുകളില്‍ ഛര്‍ദിക്കുകയാണ് പതിവ്. സമയത്തിന്റെയും ഊര്‍ജത്തിന്റെയും സുഗമമായ ചിന്താപ്രവാഹത്തിന്റെയും കനത്ത പാഴാക്കലാണ് ഈ ഏര്‍പ്പാട്. 

ഗവണ്‍മെന്റ് ഓഫ് ഇന്ത്യാസ് റിപ്പോര്‍ട്ട് ഓണ്‍ വാല്യൂ ബേസ്ഡ് എജ്യുക്കേഷനും എന്‍.സി.എഫിന്റെ എജ്യുക്കേഷന്‍ ഫോര്‍ പീസും മൂല്യവിദ്യാഭ്യാസത്തിന്റെ സംസ്ഥാപ
നത്തെക്കുറിച്ച് വളരെ വേവലാതിപ്പെടുന്നുണ്ട്. എജ്യുക്കേഷന്‍ ഫോര്‍ വാല്യൂസ് ഇന്‍ സ്‌കൂള്‍സ്- എ ഫ്രേം വര്‍ക്ക് എന്ന രേഖ കുട്ടികളില്‍ സംഭവിക്കുന്ന മൂല്യശോഷണത്തെ അക്കമിട്ട് നിരത്തിക്കൊണ്ട് വെറും വസ്തുതാപഠനത്തോടുള്ള അമിതാഭിമുഖ്യത്തിന്റെ ദുരന്തഫലങ്ങളെ സൂചിപ്പിക്കുന്നു. സ്‌നേഹവും സമാധാനവും ശാന്തിയും സമൂഹത്തില്‍ പുലരാന്‍ അവശ്യം ആവശ്യമായ മൂല്യതത്ത്വങ്ങളിലേക്ക് കുട്ടികള്‍ ഉണരണമെങ്കില്‍ ഇന്നത്തെ പാഠ്യഭാഗങ്ങളില്‍ നിന്ന് വിഭിന്നമായൊരു വിദ്യോദയസാധന സ്‌കൂളുകളില്‍ വേണ്ടിവരും. അതിനെയാണ് സൗന്ദര്യാത്മകവിദ്യാഭ്യാസം എന്ന നാമത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരണസമിതിക്കുവേണ്ടി ഞാന്‍ ശുപാര്‍ശ ചെയ്യാന്‍ ആഗ്രഹിക്കുന്നത്.

ബുദ്ധിപരവും വൈകാരികവുമായ മേഖലകള്‍ തമ്മിലുള്ള സമന്വയമാണ് മൂല്യങ്ങളില്‍ കലാശിക്കുന്നതെങ്കില്‍ സാഹിതീയവും സൗന്ദര്യാത്മകവുമായ തലങ്ങളിലൂടെയാണ് ആ പ്രക്രി
യ സാക്ഷാത്കാരത്തിലെത്തുന്നത്. കലയും സാഹിത്യവും ആസ്വദിക്കാനുള്ള ശേഷി വളര്‍ത്തുന്നതിനുള്ള ഉപാധികൂടിയായിരിക്കണം വിദ്യാഭ്യാസം. ബുദ്ധിപരമായ ശേഷിയോടൊപ്പം സൗന്ദര്യാസ്വാദനശേഷിയും വികസിക്കണമെങ്കില്‍ സാഹിത്യപഠനം നിര്‍ബന്ധമായി വേണം. സാഹിത്യപഠനം എന്നത് സൗന്ദര്യാത്മക വിദ്യാഭ്യാസമാണ്.

അത് വൈകാരിക വിദ്യാഭ്യാസം കൂടിയാണ് (എഫക്റ്റിവിറ്റി). ആസ്വാദനശേഷി വര്‍ധിപ്പിക്കുന്ന തരത്തില്‍ മാതൃഭാഷയിലൂടെയുള്ള ശരിയായ സാഹിത്യപഠനം ഒരേസമയം മൂല്യപരവും സൗന്ദര്യാത്മകവുമായ അവബോധം വിദ്യാര്‍ഥിക്ക് നല്‍കുന്നു. അതിനാല്‍ എല്ലാ ക്ലാസുകളിലും മാതൃഭാഷയും മാതൃഭാഷാസാഹിത്യവും നിര്‍ബന്ധ പഠനവിഷയമാക്കണം.പല വികസിതരാജ്യങ്ങളിലും പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖലയില്‍കൂടി സാഹിത്യ-കലാപഠനം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന കാര്യം ഈയവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. ആരോഗ്യനികേതനം ആത്മാവില്‍ അലിയിച്ച ഒരു ഡോക്ടര്‍ അക്ഷരവിരോധിയായ മറ്റൊരുവനില്‍ നിന്ന് താരതമ്യങ്ങളില്ലാത്തവിധം വ്യത്യസ്തനായിരിക്കും. ഏത് പ്രൊഫഷണല്‍ മിടുക്കും പ്രവര്‍ത്തനക്ഷമമാകേണ്ടത് സമൂഹത്തിലായതിനാല്‍ പ്രൊഫഷണല്‍ വിദ്യാര്‍ഥികളുടെ സഹജീവിയോടുള്ള മനോഭാവം നിര്‍ണായകമാകുകയും അത് നിര്‍ണയിക്കാനുള്ള ഉപാധിയെന്ന നിലയ്ക്ക് സാഹിത്യത്തിലൂടെയുള്ള സൗന്ദര്യാത്മകവിദ്യാഭ്യാസം അതിപ്രധാനമാകുകയും ചെയ്യുന്നു.

ജീവലോകമാണ് പ്രാഥമികം
എത്രയധികം ആധുനികമായ മാധ്യമങ്ങളും വിവരസാങ്കേതികവിദ്യയുടെ സാധ്യതകളും പ്രയോജനപ്പെടുത്തിയാലും അതിനെല്ലാം പുറത്തുള്ള യഥാര്‍ഥലോകമാണ് (അതിനെ ജീവലോകം- ലൈഫ് വേള്‍ഡ് എന്ന് വിളിക്കാം) പ്രാഥമികവും പ്രധാനവുമെന്ന കാര്യം മറന്നുപോകരുത്. പഞ്ചേന്ദ്രിയങ്ങളെല്ലാം അറിവിന്റെ സ്രോതസ്സുകളാണ്. അവയെല്ലാം ഉണര്‍ന്നിരിക്കുന്നത് ജീവലോകത്താണ്. അതിനാല്‍ത്തന്നെ വിദ്യാര്‍ഥിയെ യഥാര്‍ഥജീവലോകവുമായി നിരന്തരം ബന്ധിപ്പിച്ചുനിര്‍ത്താനും അതുമായുള്ള ബന്ധത്തിന്റെ നിലവാരം പരിശോധിക്കുന്നത് മൂല്യനിര്‍ണയത്തിന്റെ ഭാഗമാക്കാനും ശ്രമിക്കേണ്ടതാണ്. കമ്പ്യൂട്ടറിനകത്തെ വെര്‍ച്വല്‍ ലോകത്ത് ഉള്ള കാര്യങ്ങള്‍ യഥാര്‍ഥലോകമല്ല, അതിന്റെ ഇമേജുകള്‍ മാത്രമാണ് എന്ന് വിദ്യാര്‍ഥിയെ ഓര്‍മിപ്പിക്കേണ്ടതുണ്ട്. യഥാര്‍ഥലോകത്ത് യഥാര്‍ഥത്തിലുള്ള സഹജീവീവിനിമയങ്ങളുടെ, സാമൂഹികബന്ധങ്ങളുടെ, പ്രാഥമികത്വം ഉറപ്പിക്കേണ്ടതുമുണ്ട്.ലൈഫ് വേള്‍ഡുമായുള്ള ബന്ധക്കുറവ് കുട്ടികളില്‍ ഒരുതരം വസ്തുരതി ഉത്പാദിപ്പിക്കുന്നതായി കണ്ടിട്ടുണ്ട്. ജീവപ്രകൃതിയോട് മനുഷ്യനുള്ള നൈസര്‍ഗികമായ അടുപ്പം (ബയോഫീലിയ) കൂടി അവരില്‍ പലപ്പോഴും നശിച്ചുപോകുന്നു. വികസിതരാജ്യങ്ങളിലെ കൗമാരക്കാര്‍ രാപകല്‍ മൊബൈല്‍ഫോണിലെ വെര്‍ച്വല്‍ ലോകത്ത് മുഴുകി സഹപാഠികളെയോ അയല്‍ക്കാരെയോ എന്തിന്, സഹോദരനെയോ സഹോദരിയെയോ പോലും തിരിഞ്ഞുനോക്കാത്തത് ലൈഫ് വേള്‍ഡ് നഷ്ടത്തിന്റെ ഗുരുതരാവസ്ഥ തന്നെയാണ്. എന്‍.സി.എഫില്‍ പറഞ്ഞപോല വൃക്ഷങ്ങളും സസ്യങ്ങളും മൃഗങ്ങളും പറവകളും കീടങ്ങളുമെല്ലാമടങ്ങുന്ന ജീവലോകത്തിന്റേതായ ജൈവവൈവിധ്യത്തോട് (ബയോഡൈവേഴ്‌സിറ്റിയോട്) കുട്ടികളില്‍ സ്‌നേഹവും ആദരവും പരിഗണനയും സൃഷ്ടിക്കണമെങ്കില്‍ അവരില്‍ ലൈഫ് വേള്‍ഡ് ബന്ധം ഉറപ്പിക്കുകതന്നെ വേണം.
മൂന്നാംലോക പരിപ്രേക്ഷ്യം
തീര്‍ത്തും വ്യക്തിവത്കരണത്തിന് വിധേയമായി സാമൂഹികമൂല്യങ്ങള്‍ പലതും നഷ്ടപ്പെട്ട അവസ്ഥയിലാണ് പാശ്ചാത്യസമൂഹങ്ങള്‍. എന്നാല്‍, ഇപ്പോഴും സാമൂഹികബന്ധങ്ങളും മനുഷ്യ-പ്രകൃതി ബന്ധവും നിലനില്ക്കുന്ന ഇടമാണ് മൂന്നാംലോക സമൂഹങ്ങള്‍. ആ സാമൂഹികതയില്‍നിന്ന് വിദ്യാര്‍ഥിയെ പറിച്ചെടുത്ത് കേവലം കമ്പനി എക്‌സിക്യൂട്ടീവുകളാക്കി മാറ്റുക എന്നതായിരിക്കരുത് നമ്മുടെ വിദ്യാഭ്യാസത്തിലെ ആധുനികീകരണം. പരമ്പരാഗതമായ സമൂഹരൂപങ്ങളില്‍ നിലനിന്ന സാമൂഹികബോധത്തെ നമ്മുടെ രാഷ്ട്രം വിഭാവനംചെയ്യുന്ന മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് മൂല്യങ്ങളായി പരിവര്‍ത്തനംചെയ്ത് വികസിപ്പിക്കുകയാണ്‌വേണ്ടത്. ആധുനികീകരിക്കുക എന്നാല്‍, പ്രാദേശിക മുദ്രകളെയും സവിശേഷതകളെയും അവഗണിക്കലാണ് എന്ന് പലരും തെറ്റിദ്ധരിക്കുന്നുണ്ട്. പ്രാദേശികതയുടെ സാംസ്‌കാരികവും ചരിത്രപരവും പാരിസ്ഥിതികവുമായ ഘടകങ്ങളെ ഉയര്‍ത്തിപ്പിടിക്കുമ്പോഴാണ് നാം ശരിയായ രീതിയില്‍ ലോകമാനവികതയ്ക്ക് സംഭാവന ചെയ്യുന്നത്. പ്രീ-പ്രൈമറി, പ്രൈമറി, സെക്കന്‍ഡറി ഘട്ടങ്ങളിലെല്ലാം പഠനം ആരംഭിക്കേണ്ടത് മുമ്പിലുള്ള ലോകത്തോടും സമൂഹത്തോടും പരിസ്ഥിതിയോടുമുള്ള ബന്ധത്തിലൂടെയാണ്. സാംസ്‌കാരികവും പാരിസ്ഥിതികവും ബോധപരവുമായി തനിമ ഉത്പാദിപ്പിക്കുന്നതായിരിക്കണം പാഠ്യപദ്ധതി. 

വിജ്ഞാനശാഖകള്‍ തമ്മിലുള്ള വ്യത്യാസം

പ്രകൃതിശാസ്ത്രം (നാച്വറല്‍ സയന്‍സ്), സാമൂഹികശാസ്ത്രം (സോഷ്യല്‍ സയന്‍സ്), മാനവികതാപഠനങ്ങള്‍ (ഹ്യുമാനിറ്റീസ്) എന്നിവ മൂന്നും പരസ്​പരം വ്യത്യസ്തമായ സമീപനങ്ങളാണ് ആവശ്യപ്പെടുന്നത്. പാഠ്യപദ്ധതിയും പഠനരീതിയും രൂപവത്കരിക്കുമ്പോള്‍ ഈ വ്യത്യാസം ശ്രദ്ധിക്കേണ്ടതുണ്ട്. വിവരം (ഇന്‍ഫര്‍മേഷന്‍), വിജ്ഞാനം (നോളജ്), അവബോധം (എവേര്‍നസ്) എന്നിവ തമ്മിലുള്ള അനുപാതവും ഇവയില്‍ വ്യത്യസ്തമാണ്. ജീവനില്ലാത്ത പ്രകൃതിവസ്തുക്കളോട് ഇടപെടുന്നതുപോലെയല്ല, സമൂഹത്തിലെ ഇതരമനുഷ്യരോട് ഇടപെടുന്നത്. അതുപോലെയല്ല ഇന്ദ്രിയാനുഭവപരവും ആത്മബോധത്തെതന്നെ സ്​പര്‍ശിക്കുന്നതുമായ സാഹിത്യപരവും കലാപരവുമായ തലങ്ങളെ നോക്കിക്കാണേണ്ടത്. വിവരം സ്വയംപൂര്‍ണമല്ല, അതത് വിജ്ഞാനവ്യവസ്ഥയുമായി ബന്ധപ്പെട്ടാണ് അത് അര്‍ഥം നേടുന്നത്. അടിസ്ഥാനപരമായ സങ്കല്പനങ്ങളിലാണ് ഓരോ വിജ്ഞാനവ്യവസ്ഥയും നിലനില്ക്കുന്നത്. സങ്കല്പനങ്ങളുള്‍പ്പെടുന്ന വിജ്ഞാനവ്യവസ്ഥയെ ആന്തരികവത്കരിക്കുമ്പോഴാണ് അവബോധമായി മാറുന്നത്.അധ്യാപക, വിദ്യാര്‍ഥി ബന്ധത്തിലും ഈ വ്യത്യാസം പ്രതിഫലിക്കേണ്ടതുണ്ട്. കേവലം വിവരങ്ങള്‍ കൈമാറുന്നതും സങ്കല്പനപരമായ വിജ്ഞാനവ്യവസ്ഥ വിദ്യാര്‍ഥിയുമായി പങ്കുവെക്കുന്നതും അവബോധപരമായ തലത്തില്‍ വിദ്യാര്‍ഥിയുമായി ബന്ധം സ്ഥാപിക്കുന്നതും വ്യത്യസ്തമായ കാര്യങ്ങളാണ്. കേവലം വിവരങ്ങള്‍ കൈമാറുന്നതിനുപരി സങ്കല്പനപരമായ വിജ്ഞാനവ്യവസ്ഥ വിദ്യാര്‍ഥിയുമായി പങ്കുവെക്കുകയും അവബോധപരമായ തലത്തില്‍ തങ്ങളുടെ ശിഷ്യന്മാരുമായി ബന്ധം സ്ഥാപിക്കുകയും അധ്യാപകന്‍ ചെയ്യേണ്ടതുണ്ട്. അതുകൊണ്ടുതന്നെ അധ്യാപകന്‍ കേവലം 'ഫെസിലിറ്റേറ്റര്‍' ആയാല്‍ പോര, അളവുകളെ അതിവര്‍ത്തിക്കുന്ന ജ്ഞാനവ്യക്തിത്വപ്രഭാവമാകണം. 

                             പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: