വെളിയം ഭാർഗ്ഗവൻ രാഷ്ട്രീയത്തിലെ നന്മയുടെയും വിശുദ്ധിയുടെയുംആൾരൂപം
കമ്മ്യുണിസ്റ്റ് പാർട്ടിക്കും അനുയായികൾക്കും മാത്രമല്ല, സമൂഹത്തിനാകെ കാലങ്ങളോളം ഓർമ്മിക്കാനും പിന്തുടരാനും ധാരാളം നന്മകൾ നീക്കിവച്ചുകൊണ്ടാണ് വെളിയം ഭാർഗ്ഗവൻ എന്ന വലിയ നേതാവ് വിടവാങ്ങിയത്. ആറു പതിറ്റാണ്ടിനപ്പുറം നീളുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതം അക്ഷരാർത്ഥത്തിൽ കളങ്കരഹിതമാണ്. തുടക്കം മുതൽ ഒടുക്കംവരെ രാഷ്ട്രീയത്തിലെ നന്മയും വിശുദ്ധിയും ഒരുപോലെ കാത്തുസൂക്ഷിച്ച ഈ വലിയ മനുഷ്യൻ അതുകൊണ്ടുതന്നെ എല്ലാ വിഭാഗം ജനങ്ങളുടെയും ആരാധനാപാത്രമായി. നിസ്വാർത്ഥമായ പൊതുപ്രവർത്തനത്തിലൂടെ അദ്ദേഹം കീഴടക്കിയത് സമൂഹത്തെ ഒന്നടങ്കമാണ്. രാഷ്ട്രീയത്തിന്റെ വകഭേദങ്ങൾക്കതീതമായി കഷ്ടപ്പെടുന്നവരുടെ ജീവിതദുരിതങ്ങൾ എന്നും അദ്ദേഹത്തെ വല്ലാതെ സ്പർശിച്ചിരുന്നു. ദുർബ്ബലരുടെയും ആലംബഹീനരുടെയും പുരോഗതിക്കു വേണ്ടിയുള്ള രാഷ്ട്രീയ പോരാട്ടത്തിൽ മുഴുകിയ അദ്ദേഹത്തിന്റെ ജീവിതം നിർമ്മലവും ലളിതവുമായിരുന്നു. ആദർശങ്ങളിലും നിലപാടുകളിലും അതീവ കാർക്കശ്യം പുലർത്തുന്പോഴും എതിരാളികളുടെ ആദരവും സ്നേഹവും ആർജ്ജിച്ചിരുന്ന സവിശേഷ വ്യക്തിത്വത്തിനുടമയായിരുന്നു വെളിയം.
സംസ്കൃതം പഠിച്ച് സന്യാസിയാകാൻ തിരിച്ച് ഒടുവിൽ രാഷ്ട്രീയത്തിലെത്തിയ വെളിയം ഭാർഗ്ഗവൻ ഒരിക്കൽ പോലും അധികാര രാഷ്ട്രീയത്തിന്റെ പിറകേ പോയില്ലെന്നതാണ് ഏറെ പ്രകീർത്തിക്കപ്പെടുന്ന സ്വഭാവമഹിമ. നിയമസഭയിലേക്ക് രണ്ടേരണ്ടു തവണയേ അദ്ദേഹം മത്സരിച്ചിട്ടുള്ളൂ. രണ്ടു തവണയും ചടയമംഗലം സീറ്റിൽ നിന്ന് ജയിച്ച് നിയമസഭയിലെത്തുകയും ചെയ്തു. അതോടെ തിരഞ്ഞെടുപ്പു രാഷ്ട്രീയ രംഗത്തുനിന്ന് മാറിനിന്ന വെളിയത്തെ പിന്നീട് പലകുറി മത്സരരംഗത്തേക്കു കൊണ്ടുവരാൻ പാർട്ടി ശ്രമിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. സമകാലികരിൽ പലരെയും പോലെ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു പ്രവർത്തനം തുടങ്ങിയ വെളിയം 1949ലാണ് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുന്നത്. ആറര പതിറ്റാണ്ടിനിടയിൽ പാർട്ടിയിൽ അനവധി സ്ഥാനങ്ങൾ വഹിച്ചു. ഏറ്റവും ഒടുവിൽ പന്ത്രണ്ടു വർഷക്കാലം തുടർച്ചയായി സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി സേവനമനുഷ്ഠിച്ചശേഷം സ്വാഭീഷ്ടപ്രകാരമാണ് തൽസ്ഥാനത്തുനിന്നു വിടുതൽ വാങ്ങിയത്. സജീവരാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങിയശേഷവും പാർട്ടി സംസ്ഥാന കൗൺസിൽ അംഗമായി അദ്ദേഹം തുടർന്നു.
ടി.വി. തോമസിനും കെ.വി. സുരേന്ദ്രനാഥിനുമൊപ്പം സി.പി.ഐയിൽ ആശാനായി അറിയപ്പെട്ടിരുന്ന വെളിയം അനുയായികൾക്ക് കർക്കശക്കാരനായ ആശാൻ തന്നെയായിരുന്നു. പാർട്ടി നേതാക്കൾ വഴിവിടുന്നു എന്നു കണ്ടാൽ ഒട്ടും ദാക്ഷണ്യമില്ലാതെയാണ് അദ്ദേഹം അവരെ നേരിട്ടുകൊണ്ടിരുന്നത്. ഏതെങ്കിലുമൊരു ഘട്ടത്തിൽ അദ്ദേഹത്തിന്റെ ശകാരം ഏറ്റുവാങ്ങാത്ത ഒരു നേതാവും ഇന്ന് പാർട്ടിയിലില്ല. വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും കറകളഞ്ഞ വ്യക്തിത്വം ഉയർത്തിപ്പിടിച്ച വെളിയം പ്രായഭേദമന്യേ മുഴുവൻ ജനങ്ങൾക്കും സമാരാദ്ധ്യനായ ആശാൻ തന്നെയായിരുന്നു. കുറച്ചുകാലമെങ്കിലും സന്യാസിയായി ജീവിച്ചതിന്റെ ലാളിത്യവും അനാസക്തിയും വെളിയത്തിന്റെ പൊതുജീവിതത്തിലെ തിളങ്ങുന്ന രണ്ടു ഗുണവിശേഷങ്ങളാണ്. തീർത്തും അനാർഭാടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. സി.പി.ഐ സംസ്ഥാന ഭരണത്തിൽ പങ്കാളിത്തം വഹിച്ച അവസരങ്ങൾ നിരവധിയാണ്. അപ്പോഴും അധികാരകേന്ദ്രങ്ങളിൽ നിന്ന് കഴിയുന്നത്ര അകന്നുനിൽക്കാനേ അദ്ദേഹം ആഗ്രഹിച്ചിട്ടുള്ളൂ. യുവനിരയെ പാർട്ടിയിൽ ഉയർത്തിക്കൊണ്ടുവരുന്നതിലും അദ്ദേഹം വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തിരുന്നതായി കാണാം. ഒരു നേതാവിനും തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ മത്സരിക്കാൻ അനുമതി നൽകരുതെന്ന പാർട്ടി ശാസനയ്ക്കു പിന്നിലും വെളിയമാണുണ്ടായിരുന്നത്.
ഇടതുമുന്നണിയുടെ നിലനില്പിനായി വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവന്ന ഘട്ടങ്ങളിലും തനിക്കു പറയാനുള്ളതെല്ലാം മുന്നണി നേതൃയോഗങ്ങളിൽ വെട്ടിത്തുറന്ന് പറയാൻ അശേഷം സങ്കോചം കാട്ടാത്ത ആർജ്ജവമുള്ള നേതാവായിരുന്നു വെളിയം. ഇത്തരം സന്ദർഭങ്ങളിൽ പലപ്പോഴും പരുഷമായി തന്നെയായിരിക്കും അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ.
കമ്യൂണിസ്റ്റ് പാർട്ടികളുടെ ഐക്യം വെളിയം ഭാർഗ്ഗവന്റെ വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു. സംസ്ഥാനത്തും ദേശീയതലത്തിലും കിട്ടിയ സന്ദർഭങ്ങളിലെല്ലാം അദ്ദേഹം ഈ ആശയം മുന്നോട്ടുവച്ചിരുന്നു. ജനങ്ങളുടെ നന്മയും പുരോഗതിയും കാംക്ഷിക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനം പല കൊടികൾക്കു കീഴിൽ തുടരുന്നതിലെ നിരർത്ഥകത പലപ്പോഴും അദ്ദേഹം ചൂണ്ടിക്കാട്ടുമായിരുന്നു. ജനങ്ങൾക്കുവേണ്ടി ചിന്തിക്കാത്തതുകൊണ്ടാണ് കമ്യൂണിസ്റ്റ് പാർട്ടികളുടെ ഐക്യമുണ്ടാകാത്തത് എന്ന് അദ്ദേഹം പലതവണ പറഞ്ഞിട്ടുള്ളതാണ്.
സമൂഹത്തിലെ ദുർബ്ബല വിഭാഗങ്ങൾക്കുവേണ്ടി സദാ തുടിച്ചിരുന്ന മനസ്സായിരുന്നു വെളിയത്തിന്റേത്. കയർ, കശുഅണ്ടി, കർഷകത്തൊഴിലാളികളുടെ ദുരിതജീവിതം എന്നും അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ട്. അവരുടെ ഉന്നമനത്തിനായി പാർട്ടിയും സർക്കാരും ആകാവുന്നത്ര ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. രാഷ്ട്രീയപ്രവർത്തനം പാവപ്പെട്ടവരെ ഉദ്ധരിക്കാൻ വേണ്ടിയുള്ളതാകണമെന്ന പക്ഷക്കാരനായിരുന്നു വെളിയം. രാഷ്ട്രീയത്തിൽ ആദർശവും പ്രതിബദ്ധതയുമൊക്കെ കുറഞ്ഞുവരുന്ന ഇക്കാലത്ത് വെളിയത്തെപ്പോലെയുള്ള വഴിവിളക്കുകൾ ഒന്നൊന്നായി അണഞ്ഞുകൊണ്ടിരിക്കുകയാണ്. ഇങ്ങനെയൊരാളെ ചൂണ്ടിക്കാട്ടാൻ ചുറ്റും അധികമില്ലെന്ന് ഓർക്കുന്പോഴാണ് നഷ്ടമൂല്യം തിരിച്ചറിയുന്നത്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
|
No comments:
Post a Comment