അമേരിക്കയിൽ സിക്കുകാരനെ തീവ്രവാദിയെന്നുംവിളിച്ച് മർദ്ദിച്ചു
അമേരിക്കയിൽ സിക്കുകാരനു വംശീയമായി അധിക്ഷേപിച്ച ശേഷം ക്രൂരമായി മർദ്ദിച്ച സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. കൊളംബിയ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഒഫ് ഇന്റർനാഷണൽ ആൻഡ് പബ്ളിക് അഫയേഴ്സിൽ പ്രൊഫസറായ പ്രഭ്ജോത് സിംഗാണ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ കഴിയുന്നത്. ന്യൂയോർക്കിന് സമീപത്തെ ഹാർലെമിൽ ശനിയാഴ്ച രാത്രിയാണ് സിംഗ് ആക്രമിക്കപ്പെട്ടത്. ഭാര്യയ്ക്കും മകനുമൊപ്പം പുറത്തു നിന്ന് ആഹാരം കഴിച്ച അവരെ വീട്ടിലാക്കി നടക്കാനിറങ്ങിയതായിരുന്നു സിംഗ്. അതിനിടെ ഒരു സംഘം യുവാക്കൾ പ്രഭ്ജോത് സിംഗിനെ വളഞ്ഞ ശേഷം ഒസാമയെന്നും തീവ്രവാദിയെന്നും വിളിച്ച് അധിക്ഷേപിക്കുകയും നീണ്ട താടിയിൽ പിടിച്ച് വലിക്കുകയും ചെയ്തു. എതിർത്തപ്പോൾ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തെ തുടർന്ന് സിംഗിന്റെ കീഴ്ത്താടി തകർന്നു. മുഖത്തും ശക്തമായ ഇടിയേറ്റു. പല്ലുകളും നഷ്ടപ്പെട്ട സിംഗ് ഇപ്പോൾ സംസാരിക്കാൻ കഴിയാത്ത അവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ആക്രമണത്തിനിടെ യുവാക്കളിൽ ഒരാൾ ധരിച്ചിരുന്ന കോട്ടിൽ നിന്ന് തോക്ക് എടുക്കാൻ ശ്രമിക്കുന്നത് കണ്ടതായി സിംഗ് പൊലീസിനോട് പറഞ്ഞു. സംഭവത്തെ കുറിച്ച് മറ്റൊന്നും പറയാൻ സിംഗിന് കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ന്യൂയോർക്കിലെ പേരുകേട്ട ഒരു ആശുപത്രിയിലെ റെസിഡന്റ് ഫിസിഷ്യൻ കൂടിയാണ് പ്രഭ്ജോത് സിംഗ്.
പ്രൊഫ്. ജോണ് കുരാക്കാർ
No comments:
Post a Comment