Pages

Tuesday, September 24, 2013

നമ്മെ നശിപ്പിക്കുന്നത്‌ നമുക്കെന്തിനാണ്‌

നമ്മെ നശിപ്പിക്കുന്നത്
 നമുക്കെന്തിനാണ്

 നിയമംമൂലം നിരോധിച്ചിട്ടും പുകയിലയും നിക്കോട്ടിനുമടങ്ങിയ ലഹരിവസ്‌തുക്കള്‍ സംസ്‌ഥാനത്താകെ വിറ്റഴിക്കുന്നുവെന്നത്‌ നിയമ വ്യവസ്‌ഥയ്‌ക്കുനേരെയുള്ള കടുത്ത വെല്ലുവിളിതന്നെയാണ്‌. അടുത്തിടെയായി സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി കോടിക്കണക്കിനു രൂപയുടെ, അനധികൃത വില്‌പനയ്‌ക്കായി സൂക്ഷിച്ചിരുന്ന ഇത്തരം ലഹരിവസ്‌തുക്കള്‍ പിടിച്ചെടുക്കുകയുണ്ടായി. മലപ്പുറം ജില്ലയിലെ തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്നു മാത്രം കഴിഞ്ഞയാഴ്‌ച ഒരു കോടി രൂപയുടെ ലഹരിവസ്‌തുക്കളാണ്‌ പിടിച്ചത്‌. ഇതേ സ്‌റ്റേഷനുമായി ബന്ധപ്പെട്ട്‌ നേരത്തെയും ലക്ഷക്കണക്കിനു രൂപയുടെ ലഹരി വസ്‌തുക്കള്‍ പിടിച്ചെടുത്തിരുന്നു. തമിഴ്‌നാട്ടില്‍നിന്നും മറ്റുമാണ്‌ ട്രെയിനില്‍ ഇവിടെ ഈ നിരോധിത ലഹരി വസ്‌തുക്കള്‍ എത്തുന്നത്‌. ഇവിടെനിന്ന്‌ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ എത്തുന്നു. കേരളമുള്‍പ്പെടെ ഇന്ത്യയിലെ മിക്കവാറും സംസ്‌ഥാനങ്ങളിലെയും ഹൈക്കോടതികള്‍ ഈ ലഹരിവസ്‌തുക്കള്‍ വില്‌ക്കുന്നത്‌ നിയമംമൂലം തടഞ്ഞിട്ടുള്ളതാണ്‌. എന്നിട്ടും അനധികൃതമായി ഇതു സംസ്‌ഥാനത്തുടനീളം വിറ്റഴിക്കപ്പെടുന്നത്‌ കര്‍ശനമായി തടയാന്‍ നമ്മുടെ പോലീസ്‌, എക്‌സൈസ്‌ സംവിധാനങ്ങള്‍ക്കു കഴിയുന്നില്ല എന്നത്‌ ആക്ഷേപകരമാണ്‌.
         ഫുഡ്‌ ആന്‍ഡ്‌ സേഫ്‌റ്റി ആക്‌ട് പ്രകാരം 2012 മേയ്‌ 22നാണ്‌ ഇതു വില്‍ക്കുന്നതും ഉത്‌പാദിപ്പിക്കുന്നതും നിരോധിച്ചുകൊണ്ട്‌ സര്‍ക്കാര്‍ ഉത്തരവിറക്കിയത്‌. പക്ഷേ, നഗരങ്ങളിലും അതിലുപരി ഗ്രാമങ്ങളിലും ആവശ്യക്കാര്‍ക്ക്‌ നേരത്തേതിനേക്കാള്‍ വന്‍തോതില്‍ ഉയര്‍ന്നവിലയ്‌ക്ക് സുലഭമായി ഇതു ലഭ്യമാക്കാന്‍ മാഫിയകളുണ്ട്‌. നാട്ടുകാരും അതിലേറെ അന്യസംസ്‌ഥാന തൊഴിലാളികളും ഇപ്പോഴും ഇത്‌ ഉപയോഗിക്കുന്നു. വായിലെയും മറ്റും കാന്‍സര്‍ ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ്‌ കേരളമുള്‍പ്പെടെ മിക്ക സംസ്‌ഥാനങ്ങളും ഇതു നിരോധിക്കാന്‍ തീരുമാനിച്ചത്‌.ഇന്ത്യയില്‍ പന്ത്രണ്ടുകോടിയോളം പേര്‍ പുകയില ഉത്‌പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണെന്നാണ്‌ കഴിഞ്ഞവര്‍ഷം നടത്തിയ ചില പഠനങ്ങളില്‍നിന്നു വ്യക്‌തമായത്‌. അതായത്‌ ഇന്ത്യയിലെ ഒമ്പതുപേരില്‍ ഒരാള്‍വീതം ഇത്തരം വസ്‌തുക്കള്‍ക്കടിമയാണ്‌. ഇതില്‍ 16 ശതമാനം സിഗരറ്റ്‌ വലിക്കുന്നവര്‍, 44 ശതമാനം ബീഡി വലിക്കുന്നവര്‍, ബാക്കി 40 ശതമാനംപേര്‍ വായിലിട്ടു ചവയ്‌ക്കുന്ന പുകയില വസ്‌തുക്കള്‍, മൂക്കുപ്പൊടി, പാന്‍മസാല, ശംഭു തുടങ്ങിയവ ഉപയോഗിക്കുന്നവര്‍. കാന്‍സര്‍ ബാധിക്കാനുള്ള സാധ്യത പുകവലിക്കാര്‍ക്ക്‌ 20-25 ശതമാനം കൂടുതലാണ്‌. സിഗരറ്റിനേക്കാള്‍ ബീഡി ഇതിന്റെ സാധ്യത കൂട്ടുന്നു. അതിലും മാരകമാണ്‌ പാന്‍മസാലപോലെ വായിലിട്ട്‌ ചവച്ചുപയോഗിക്കുന്ന വസ്‌തുക്കള്‍. വായിലെ കാന്‍സറിന്റെ കാര്യത്തില്‍ ലോകത്ത്‌ ഒന്നാമതാണ്‌ ഇന്ത്യ. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ പുകയില വസ്‌തുക്കളുപയോഗിക്കുന്നതുമായി ബന്ധപ്പെട്ട രോഗങ്ങളാല്‍ മരിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണെന്നാണ്‌.

                2011-12ല്‍ നടന്ന ഗ്ലോബല്‍ അഡല്‍റ്റ്‌ ടുബാക്കോ സര്‍വേ പ്രകാരം കണ്ടെത്തിയ ചില വിവരങ്ങള്‍ കേരളത്തില്‍ ഏറെ ആശങ്ക സൃഷ്‌ടിച്ചിരുന്നു. ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നതോതിലാണ്‌ കേരളത്തിലെ പുകവലി ശീലം. ദേശീയ ശരാശരി 24 ശതമാനമാണെങ്കില്‍ കേരളത്തിലത്‌ 28 ശതമാനമാണ്‌. ഒന്നല്ലെങ്കില്‍ മറ്റൊരുതരത്തില്‍ പുരുഷന്മാരില്‍ മൂന്നിലൊന്നില്‍ കൂടുതല്‍ പേരും പുകയില ഉത്‌പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണ്‌. പുകവലിക്കാരനായ ഓരോ കേരളീയനും അവന്റെ വരുമാനത്തിന്റെ ഒമ്പതു ശതമാനം സിഗരറ്റിനോ ബീഡിക്കോ ആയി ചെലവഴിക്കപ്പെടുന്നത്രേ.മാനസിക സംഘര്‍ഷം, ജീവിതശൈലിമാറ്റം, ഉയര്‍ന്ന വരുമാനം എന്നിവയൊക്കെ പുകവലിയടക്കമുള്ള ശീലങ്ങള്‍ കൂട്ടാന്‍ കാരണമാകുന്നുവെന്നും പഠനങ്ങള്‍ പറയുന്നു. കേരളത്തിലെ ചെറുപ്പക്കാരില്‍ കൂടുതലും ഉയര്‍ന്ന തരത്തിലുള്ള സിഗരറ്റുകള്‍ ഉപയോഗിക്കുന്നു. ഒരു ദിവസം എട്ടു മുതല്‍ പത്തുവരെ സിഗരറ്റുകള്‍ വലിക്കുന്ന യുവാക്കളുണ്ടത്രേ. പക്ഷേ, ഒരു കാര്യം ഇവര്‍ അറിയുന്നില്ല. ഓരോ സിഗരറ്റും അതു വലിക്കുന്നയാളുടെ എട്ടുമിനിറ്റുവീതം ആയുസു കുറയ്‌ക്കുന്നുണ്ടെന്നു വിദഗ്‌ധര്‍ പറയുന്നു. പുരുഷ പുകവലിക്കാരില്‍ ആകെ ആറുവര്‍ഷവും സ്‌ത്രീകളില്‍ എട്ടുവര്‍ഷവും ജീവിതത്തില്‍ നഷ്‌ടപ്പെടുമത്രേ. ഇന്ത്യയില്‍ നടക്കുന്ന അഞ്ചു പുരുഷമരണത്തില്‍ ഒന്ന്‌ പുകവലി കാരണമായിട്ടുള്ളതാണെന്നും സ്‌ത്രീ മരണത്തില്‍ 20ല്‍ ഒന്ന്‌ എന്ന തോതിലാണെന്നും കണക്കുകള്‍ പറയുന്നു. ഇത്രയും മാരകമായ ഫലങ്ങള്‍ ഉളവാക്കുന്ന ഈ ലഹരി വസ്‌തുക്കള്‍ ഉപയോഗിക്കേണ്ടതുണ്ടോ? നാം ആസ്വദിച്ചു പുകയ്‌ക്കുന്ന സിഗരറ്റില്‍ അടങ്ങിയിരിക്കുന്നത്‌ മാരകമായ രാസപദാര്‍ഥങ്ങളാണ്‌. ഓരോ കവിള്‍ പുകയെടുക്കുമ്പോഴും മനസിലാക്കുക, അത്‌ ഉള്ളിലെത്തി സെക്കന്‍ഡുകള്‍ക്കുള്ളില്‍ 4800ലധികം വിഷവസ്‌തുക്കളായാണ്‌ രക്‌തത്തില്‍ രൂപാന്തരപ്പെടുന്നത്‌. പുകവലിക്കുന്നയാളുടെ ഓരോ സിരയിലേക്കും അതു ചെന്നെത്തും. നിയമംകൊണ്ടോ ശിക്ഷകള്‍കൊണ്ടോ ഒരു പരിധിവരെയേ ഇത്തരം ലഹരിവസ്‌തുക്കളുടെ ഉപയോഗം തടയാനാവൂ. ഓരോ വ്യക്‌തിയേയും സമൂഹത്തേയും രാജ്യത്തേയും ലോകത്തെതന്നേയും കാര്‍ന്നു തിന്നു നശിപ്പിക്കുന്ന ഇത്തരം വസ്‌തുക്കള്‍ നമുക്കു വേണോ? ഓരോ വ്യക്‌തിയും തീരുമാനിക്കേണ്ട കാര്യമാണിത്‌. ആലോചിക്കൂ.... നമ്മെ നശിപ്പിക്കുന്നത്‌ നമുക്കെന്തിനാണ്‌?

                          പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: