യുവത്വത്തിന്റെ സാഹസികതയും വാഹനങ്ങളുടെ തകരാറും
അപകടങ്ങൾക്ക് കാരണമായി തീരുന്നു
അപകടത്തിൽപ്പെട്ട ബസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലായിരുന്നുവെന്നും തേഞ്ഞുതീരാറായ മുൻവശത്തെ ടയർ പൊട്ടിയതാണ് അപകടത്തിനു വഴിവച്ചതെന്നുമൊക്കെ പറഞ്ഞുകേൾക്കുന്നുണ്ട്. ഇത്തരം വലിയ അപകടങ്ങളുണ്ടാകുന്പോൾ സ്ഥിരമായി കേൾക്കുന്ന കാര്യങ്ങളാണിതൊക്കെ. പരിശോധനകളും കാരണം കണ്ടെത്തലും കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന പ്രഖ്യാപനങ്ങളുമെല്ലാം ഒട്ടേറെ പേരുടെ ജീവനെടുക്കുന്ന അപകടം നടന്നശേഷമേ സാധാരണ ഉണ്ടാകാറുള്ളൂ. അശ്രദ്ധമായും അമിതവേഗത്തിലും ബസ് ഓടിച്ച ഡ്രൈവർക്കെതിരെയോ? നടപടി ഏറ്റുവാങ്ങാൻ നിൽക്കാതെ അയാൾ പരലോകം പൂകിയ നിലയ്ക്ക് ഇരുപത്തിരണ്ടുകാരനെ ഡ്രൈവറായി നിയമിച്ച് സർവീസ് നടത്തിയ ബസുടമയെ വേണം ഒന്നാം പ്രതിയാക്കി കേസെടുക്കാൻ. യാത്രാബസുകൾ ഓടിക്കാനാവശ്യമായ ലൈസൻസ് ഉണ്ടെന്നു ഉറപ്പുവരുത്തിയിട്ടാവില്ല ബസുകളിൽ ഡ്രൈവറെ നിയമിച്ചതെന്ന കാര്യം തീർച്ചയാണ്. കാരണം അത്തരത്തിലൊരു ലൈസൻസ് ലഭിക്കാനുള്ള പ്രായം എത്തിയിട്ടില്ലെന്നതുതന്നെ.ഓട്ടോ റിക്ഷാ
ഓടിച്ചുകൊണ്ടിരുന്ന പലരും ഇന്ന് പ്രൈവറ്റ് ബസ് ഡ്രൈവർ മാരാണ് .
ബസുകൾക്കെല്ലാം സ്പീഡ് ഗവർണർ നിർബന്ധമാക്കുമെന്നും സ്വകാര്യബസുകളുടെ സമയക്രമം പുതുക്കിനിശ്ചയിക്കുമെന്നും മറ്റുമാണ് ഗതാഗത കമ്മിഷണർ ഋഷിരാജ് സിംഗിന്റെ പ്രഖ്യാപനങ്ങൾ. എത്രയോ കാലമായി പറഞ്ഞു കേൾക്കുന്ന കാര്യങ്ങളാണിതൊക്കെ. ബസ് മുതലാളിമാരുടെ സംഘടിതശക്തിക്കു മുന്പിൽ ഒരു കർശന നടപടിയും ഫലിക്കാൻ പോകുന്നില്ലെന്നതിന് തെളിവാണ് സ്പീഡ് ഗവർണർ സംബന്ധിച്ച് വർഷങ്ങൾക്ക് മുന്പേ കൊണ്ടുവന്ന നിബന്ധന. ഹെൽമറ്റ് പിടിത്തമൊഴികെ ഒരു ഗതാഗത നിയമവും ഇവിടെ നടപ്പിലാകുന്നില്ലെന്നതാണു സത്യം. അനിയന്ത്രിതമായ വാഹനപ്പെരുപ്പവും റോഡുകളുടെ ദുരവസ്ഥയും വാഹനാപകടങ്ങൾ വർദ്ധിക്കുന്നതിൽ നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്. ഇപ്പോഴത്തെ നിലയ്ക്ക് അതൊക്കെ മെച്ചപ്പെടാനും സാദ്ധ്യത കാണുന്നില്ല. അപകടത്തിനിരയായവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം വർദ്ധിച്ച തോതിൽ ഉയർത്താൻ നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. എല്ലാത്തരം വാഹനങ്ങൾ ഓടിക്കുന്നവരിലും ചുമതലാബോധം അധികരിപ്പിക്കാൻ ഒരുപക്ഷേ ഇത് സഹായിച്ചേക്കും.
സംസ്ഥാനത്ത് ദുരന്തനിവാരണ സേനയുടെ പ്രവർത്തനം ഇതുപോലുള്ള അപകടസ്ഥലങ്ങളിൽ എത്രയുംവേഗം ലഭ്യമാക്കാനുള്ള അടിയന്തര നടപടികൾ എടുക്കേണ്ടിയിരിക്കുന്നു. തേലക്കാട് ബസ് അപകടം നടന്നത് പ്രായേണ അധികം ആൾവാസമില്ലാത്ത സ്ഥലത്തായതിനാൽ രക്ഷാപ്രവർത്തനങ്ങൾ ഏറെ വൈകിയിരുന്നു. അറിഞ്ഞും കേട്ടും എത്തിയവർ ചെയ്ത വിലപ്പെട്ട സേവനങ്ങൾ മറക്കാവതല്ല. മറിഞ്ഞുകിടന്ന ബസ് പൊക്കി നേരെയാക്കാനും വെട്ടിപ്പൊളിച്ച് പരിക്കേറ്റവരെ മുഴുവൻ പുറത്തെടുക്കാനും അത്യധികം പ്രാകൃതമായ മുറകളാണ് നാട്ടുകാർക്ക് അവലംബിക്കേണ്ടിവന്നത്. പരിക്കേറ്റവരെ എത്രയുംവേഗം ആശുപത്രിയിലെത്തിക്കാൻ വാഹനങ്ങൾ തേടിയും രക്ഷാപ്രവർത്തകർക്ക് ഏറെ ശ്രമപ്പെടേണ്ടിവന്നു. എല്ലാ ജില്ലകളിലും അപകടനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പാകത്തിൽ പരിചയസന്പന്നരായ ദൗത്യസംഘങ്ങൾ ഉണ്ടാകണം. ഞൊടിയിടയിൽ അപകടസ്ഥലത്ത് കുതിച്ചെത്താൻ കഴിയുംവിധം ഈ ദൗത്യസേനയ്ക്ക് വാഹനങ്ങളും രക്ഷാപ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളും ഉണ്ടാകണം. വർദ്ധിച്ചുവരുന്ന വാഹനാപകടങ്ങൾ കണ്ടിട്ടെങ്കിലും സർക്കാരിന്റെ ആലോചനാവിഷയങ്ങളിൽ ഇക്കാര്യം ഉൾപ്പെടാതെ പോകുന്നത് വിസ്മയകരമാണ്.
എല്ലാത്തരം വാഹനങ്ങളുടെയും അമിതവേഗം തടയാൻ കഴിഞ്ഞില്ലെങ്കിൽ ഇതുപോലുള്ള അപകടങ്ങൾ തുടർക്കഥയാകുമെന്നതിൽ സംശയമില്ല. ഗതാഗതനിയമം ഫലപ്രദമായി നടപ്പിലാക്കണമെങ്കിൽ സംസ്ഥാനത്ത് ട്രാഫിക് പൊലീസ് വിഭാഗം ഇപ്പോഴത്തേതിന്റെ പത്തുമടങ്ങെങ്കിലും ശക്തമാക്കേണ്ടതുണ്ട്. ഇന്നും ഏറെ അവഗണിക്കപ്പെട്ടുകിടക്കുന്ന മേഖലയാണിത്. നാൽക്കവലകളിലെ ഗതാഗത നിയന്ത്രണത്തിനപ്പുറം ട്രാഫിക് സേനാവിഭാഗത്തിന് കാര്യമായ റോളില്ലെന്ന ചിന്താഗതി ആദ്യം മാറണം. നാൽക്കവലകളിലല്ല വാഹനാപകടങ്ങൾ ഉണ്ടാകാറുള്ളത്. നീണ്ടു വിശാലമായി കിടക്കുന്ന റോഡുകളിലാണ് എപ്പോഴും മനുഷ്യക്കുരുതി. ഇന്ന് ഇത് എഴുതുന്പോഴും മലപ്പുറത്തു നിന്നുതന്നെ മറ്റൊരു വാഹനാപകടവാർത്തയും എത്തിയിട്ടുണ്ട്. സ്വകാര്യ ബസും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും ആറുപേർക്കു പരിക്കേൽക്കുകയും ചെയ്തു. ചെറുതും വലുതുമായ എത്രയോ അപകടങ്ങൾ ദിവസേന നടക്കുന്പോഴും വാഹനം ഓടിക്കുന്നവരുടെ മനോഭാവത്തിൽ യാതൊരു മാറ്റവും കാണാത്തതാണ് ദുഃഖകരമായ മറ്റൊരു കാര്യം.
പ്രൊഫ്. ജോണ് കുരാക്കാർ
No comments:
Post a Comment