വി ഐ തോമസ്
അര്‍ജുന അവാര്‍ഡ് നല്‍കാതെ ദേശീയ വോളിബോള്‍
താരം ടോം ജോസഫിനെ ഒരിക്കല്‍ കൂടി അപമാനിച്ചിരിക്കുന്നു. പപ്പനും (ടി ഡി ജോസഫ്)
ജിമ്മി ജോര്‍ജിനും ശേഷം ലോകോത്തര നിലവാരത്തിലേക്ക് കേരളത്തില്‍ നിന്നുമുയര്‍ന്ന
ഒരുതാരമാണ് ടോം. അതിനാലാണ് ഇറ്റാലിയന്‍ ലീഗില്‍ കളിക്കാനുള്ള ക്ഷണം കിട്ടിയത്.
കഴിഞ്ഞ ഒന്നരദശകമായി ദേശീയ, സംസ്ഥാനടീമുകളുടെ അവിഭാജ്യഭാഗമായി തുടരുന്ന ടോമിന്
നേട്ടങ്ങളുടെ കഥ ഏറെയുണ്ട്. അങ്ങനെയുള്ള ഒരു താരം അവഗണിക്കപ്പെട്ടപ്പോള്‍
ഇന്ത്യന്‍ ക്രിക്കറ്റിലെ ഇളംമുറക്കാരനായ വിരാട് കോഹ്‌ലിക്കു പോലും അര്‍ജുന
ലഭിച്ചു. ഇവിടെ അവഗണിക്കപ്പെട്ടത് ടോമിനേക്കാളുപരി വോളിബോള്‍ എന്ന കളിതന്നെയാണ്.
കേരളത്തോടുള്ള അവഗണന, വടക്കേ ഇന്ത്യന്‍ലോബിയുടെ സ്വാധീനം, കളിക്കളത്തിനു പുറത്തെ
കളികള്‍ തുടങ്ങി പലകാരണങ്ങളും പറഞ്ഞുകേള്‍ക്കുന്നു. ടോമിന് അവാര്‍ഡ്
നിഷേധിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ജൂറി അംഗമായിരുന്ന മുന്‍ക്രിക്കറ്റ്
താരം രവിശാസ്ത്രിയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. വോളിബോളിന് അവാര്‍ഡ്
എന്തിനു നല്‍കണമെന്ന് അദ്ദേഹം ചോദിച്ചത്രെ. പണ്ട് നിലനിന്നിരുന്ന സവര്‍ണാധിപത്യ
സമൂഹത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇന്ത്യന്‍ കായികരംഗത്തെ ക്രിക്കറ്റിന്റെ
ആധിപത്യം. ചാതുര്‍വര്‍ണ്യ വ്യവസ്ഥിതി സമൂഹപുരോഗതിയെ തടഞ്ഞതുപോലെ ക്രിക്കറ്റിന്റെ
അതിപ്രസരം മറ്റു കായിക ഇനങ്ങളില്‍ ഇന്ത്യയുടെ പിന്നോക്കാവസ്ഥക്ക്
കാരണമാകുന്നുണ്ട് എന്നത് ഒരു വസ്തുതമാത്രമാണ്.
വോളിബോളിന് അവാര്‍ഡു നിഷേധിച്ച രവിശാസ്ത്രി
മനസിലാക്കേണ്ട വസ്തുത, അദ്ദേഹം കളിച്ച ക്രിക്കറ്റിനേക്കാള്‍ ലോകത്ത് മേല്‍വിലാസമുള്ള
കളിയാണതെന്നതാണ്. ക്രിക്കറ്റില്‍ ടെസ്റ്റ്, ഏകദിനം, ട്വന്റി 20 വിഭാഗങ്ങളില്‍
ലോക റാങ്കിംഗില്‍ ഇന്ത്യ ഉന്നതസ്ഥാനങ്ങളിലാണ്. പക്ഷെ ക്രിക്കറ്റ് കളിക്കുന്ന
രാഷ്ട്രങ്ങളുടെ എണ്ണം പരിമിതമാണ്. കായികരംഗത്ത് മുന്‍നിരയില്‍ നില്‍ക്കുന്ന
രാഷ്ട്രങ്ങളിലൊന്നും ക്രിക്കറ്റിനു പ്രചാരവുമില്ല. പതിനാറാം നൂറ്റാണ്ടില്‍
ഇംഗ്ലണ്ടില്‍ ഉല്‍ഭവിച്ച ക്രിക്കറ്റ് കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളുടെ അതിരുകള്‍ക്കപ്പുറത്തേക്ക്
ഇനിയും വളര്‍ന്നിട്ടില്ല. അടുത്തിടെ ബി ബി സിയുടെ ഒരു സ്‌പോര്‍ട്‌സ് ലേഖകന്
ചൈനയിലുണ്ടായ അനുഭവം ശ്രദ്ധേയമാണ്. ഒരു ക്രിക്കറ്റ് ബാറ്റുയര്‍ത്തിക്കാണിച്ചുകൊണ്ട്
ഇതെന്താണെന്ന് വഴിപോക്കരോടദ്ദേഹം ചോദിച്ചു. ആര്‍ക്കും അറിയില്ലായിരുന്നു. ചെറിയ
മത്സരവള്ളം തുഴയുന്ന പങ്കായമെന്ന് ചിലര്‍ പറഞ്ഞു. ക്രിക്കറ്റ് പ്രചരിപ്പിക്കാന്‍
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ സി സി) തിരഞ്ഞെടുത്തിട്ടുള്ള
രാജ്യങ്ങളിലൊന്നാണ് ചൈനയെന്നോര്‍ക്കണം.
1895 ല്‍ അമേരിക്കയിലാണ് വോളിബോള്‍
ജന്മമെടുത്തത്. പക്ഷെ ക്രിക്കറ്റിനേക്കാള്‍ അതിവേഗതയില്‍ അത് പ്രചാരം നേടി.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വോളിബോള്‍ കളിക്കുന്നുണ്ട്. ഫുട്‌ബോള്‍ കഴിഞ്ഞാല്‍
ജനപ്രിയമായ ഗെയിമുകളിലൊന്നാണത്. 1924 മുതല്‍ ഒളിമ്പിക്‌സില്‍ പ്രദര്‍ശന
ഇനമായിരുന്ന വോളിബോള്‍ 1964 മുതല്‍ മത്സരയിനമാണ്. യൂറോപ്പിലും അമേരിക്കയിലും
മറ്റും പ്രൊഫഷനല്‍ ലീഗുകള്‍ ശക്തമാണ്. ലോകറാങ്കിംഗില്‍ ഇന്ത്യക്ക് 27-ാം
സ്ഥാനമാണുള്ളത്. ഏഷ്യയില്‍ അഞ്ചാംസ്ഥാനവും. ക്രിക്കറ്റില്‍ രണ്ട് ഡസനില്‍പ്പരം
രാഷ്ട്രങ്ങളുടെ കൂട്ടത്തിലെ ഒന്നാംറാങ്കിനേക്കാള്‍ എന്തുകൊണ്ടും
അഭിമാനിക്കത്തക്കതാണ് വോളിബോളില്‍ ഇന്ത്യയുടെ സ്ഥാനം.
ക്രിക്കറ്റും മറ്റ് കളികളും തമ്മിലുള്ള
വ്യത്യാസവും കണക്കിലെടുക്കണം. ക്രിക്കറ്റില്‍ സ്‌ക്കോര്‍ ആണ് പ്രധാനം. കളി
കണ്ടില്ലെങ്കിലും എത്രറണ്‍സ് നേടിയെന്നും എത്ര വിക്കറ്റ് വീണെന്നും അറിഞ്ഞാല്‍
മതി. ബൗണ്ടറിയിലേക്കോ അതിനു പുറത്തേക്കോ വല്ലപ്പോഴും പായുന്ന പന്തുകള്‍ മാത്രമെ
നേരിട്ട് ആസ്വദിക്കാനുള്ളൂ. അതേസമയം മറ്റു കളികളില്‍ ആക്ഷനാണ് പ്രധാനം.
പ്രീമിയര്‍ ലീഗിലെ അവസാന സ്ഥാനക്കാരായ ഹള്‍സിറ്റിയും കാര്‍ഡിഫ് സിറ്റിയും
തമ്മിലുള്ള ഒരു ഗോള്‍രഹിതമത്സരം പോലും ആവേശകരമാണ്.
ക്രിക്കറ്റ് താരങ്ങളുടെയും മറ്റ് കായിക
താരങ്ങളുടെയും ശാരീരികക്ഷമതയിലുമുണ്ട് വ്യത്യാസം. തടിയനും
കുടവയറനുമായിരുന്നെങ്കിലും ഓസ്‌ട്രേലിയയുടെ മുന്‍നിര ബാറ്റ്‌സ്മാനായിരുന്നു ഡേവിഡ്
ബൂണ്‍. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറായ കപില്‍ദേവിന് കരിയറിലെ
പ്രഭാവകാലത്തുപോലും 'സായി' (സ്‌പോര്‍ട്‌സ് അതോറിട്ടി ഓഫ് ഇന്ത്യ) സ്‌കൂളിലെ ഒരു
പത്താംക്ലാസ് വിദ്യാര്‍ഥിയുടെ ശാരീരികക്ഷമതപോലും ഇല്ലായിരുന്നുവെന്ന് ആരോ
എഴുതിയിരുന്നു. മറ്റേതൊരു കായികഇനത്തിലും ഒരുഘട്ടം കഴിഞ്ഞാല്‍ പിടിച്ചുനില്‍ക്കുക
പ്രയാസമാണ്. ഒന്നരദശകത്തിനുശേഷം 33-ാം വയസിലും ഇന്ത്യന്‍ വോളിബോളിലെ
നിറസാന്നിധ്യമായ ടോമിന്റെ പ്രത്യേകത ഇതാണ്.
വാണിജ്യതാല്‍പ്പര്യങ്ങളുടെ പിന്‍ബലത്തിലാണ്
ഇന്ത്യയില്‍ ക്രിക്കറ്റ് വളരുന്നത്. പരസ്യങ്ങള്‍ നല്‍കാന്‍ അനുയോജ്യമാണ്
ക്രിക്കറ്റിന്റെ ഘടന. ഓരോ ഓവറിനും വിക്കറ്റ് വീഴ്ചക്കുമിടയില്‍ പരസ്യങ്ങള്‍ നല്‍കാന്‍
കഴിയും. ആക്ഷന്‍ പ്രധാനമായ മറ്റൊരു ഗെയിമില്‍ അത് പറ്റില്ല. 100 കോടിയില്‍പ്പരം
ജനസംഖ്യയുള്ള ഇന്ത്യ കോര്‍പറേറ്റ് ശക്തികള്‍ക്ക് വലിയവിപണിയാണ്. അത്
പിടിച്ചടക്കാന്‍ അവര്‍ ക്രിക്കറ്റിനെ വളര്‍ത്തും; ക്രിക്കറ്റ് താരങ്ങളെ
ദൈവങ്ങളാക്കും.
ക്രിക്കറ്റ് താരങ്ങള്‍ക്ക് ലഭിക്കുന്ന പണവും
പ്രശസ്തിയും യുവാക്കളെ അതിലേകര്‍ഷിക്കുക സ്വാഭാവികം. മുമ്പ് തുറസ്സായ
സ്ഥലങ്ങളില്‍ ഫുട്‌ബോളും വോളിബോളും കളിച്ചിരുന്നു. ഇന്നിപ്പോള്‍ മൈതാനങ്ങളില്ല.
അല്‍പ്പം സ്ഥലംകിട്ടിയാല്‍ അവിടം ക്രിക്കറ്റ് പിച്ചുകളാക്കി മാറ്റുകയാണ് നമ്മുടെ
യുവതലമുറ. മറ്റ് കളികള്‍ക്കുനേരെ അവര്‍ മുഖം തിരിക്കുന്നു. ഫുട്‌ബോളിലും
ഹോക്കിയിലും മുമ്പുണ്ടായിരുന്ന നിലവാരം പുലര്‍ത്താന്‍ ഇന്ത്യക്ക് കഴിയാത്തതിന്റെ
കാരണങ്ങളിലൊന്ന് ഇതാണ്. പ്രതികൂലസാഹചര്യത്തിലും പിടിച്ചുനില്‍ക്കാന്‍
കുറച്ചെങ്കിലും കഴിഞ്ഞിട്ടുള്ളത് വോളിബോളിനാണ്. അതില്‍ കേരളത്തിന്റെ സംഭാവന
ചെറുതല്ല. ശക്തമായ സ്മാഷുകളിലൂടെ കേരളത്തിന്റെയും ഇന്ത്യയുടെയും കരുത്ത്
പ്രകടമാക്കിയ ടോം ജോസഫിനെ ആദരിച്ചില്ലെങ്കിലും അപമാനിക്കരുതായിരുന്നു. അര്‍ജുന
അവാര്‍ഡ് നിഷേധിക്കപ്പെട്ടപ്പോള്‍ കേരളം ഒറ്റക്കെട്ടായി ടോമിനു വേണ്ടി
നിലകൊണ്ടു. അര്‍ജുനയേക്കാള്‍ ടോമിനു ലഭിച്ച വലിയ അവാര്‍ഡാണ് ഈ പിന്തുണ.
പ്രൊഫ്. ജോണ്‍ കുരാക്കാർ
|
No comments:
Post a Comment