Pages

Thursday, August 29, 2013

THE FINANCIAL CONDITION OF INDIA

                  രാജ്യത്തെ ധന സ്ഥിതി യെ

                    കുറിച്ച്  ജനങ്ങൾക്ക്‌  ആശങ്ക 

രാജ്യത്തെ സമ്പദ് വ്യവസ്ഥയെകുറിച്ചു്  ജനങ്ങൾ  ആശങ്കാകുലരാണ് . രൂപയെ രക്ഷിക്കാന്‍ പത്തിനപരിപാടി പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രി പി. ചിദംബരം. എന്നാല്‍ ഈ നടപടി വൈകിപ്പോയി എന്ന് പറയാതിരിക്കാനാവില്ല. എല്ലാ താത്കാലിക പ്രതിരോധങ്ങളെയും അമ്പേ പരാജയപ്പെടുത്തി രൂപ അടിക്കടി നിലംപൊത്തുന്നു. ബുധനാഴ്ച വിനിമയം അവസാനിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ വില 68.80 രൂപയായിരുന്നു. സാമ്പത്തിക വിദഗ്ധരില്‍ ചിലരെങ്കിലും പ്രവചിച്ചപോലെ രൂപയുടെ വില എഴുപതോട് അടുക്കുന്നു. രൂപയെ രക്ഷിക്കാന്‍ കുറുക്കുവഴികള്‍ക്കാവില്ലെന്ന് തെളിഞ്ഞിരിക്കുന്നു. സാമ്പത്തിക സുനാമി വാപിളര്‍ന്നെത്തുന്നു. ഓഹരിക്കമ്പോളം ചാഞ്ചാട്ടത്തിലാണ്. ഇതിന്റെയെല്ലാം ഉത്തരവാദിത്വം സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയാണെന്ന് പ്രതിപക്ഷം മുറവിളിക്കുന്നു. രൂപയ്ക്ക് തകര്‍ച്ച തുടങ്ങിയപ്പോഴും സാമ്പത്തികരംഗത്ത് രോഗലക്ഷണങ്ങള്‍ കണ്ടപ്പോഴും ഒരു പ്രശ്‌നവുമില്ലെന്നുപറഞ്ഞ് ആത്മവിശ്വാസം പ്രകടിപ്പിക്കുകയായിരുന്നു ഇതുവരെ നമ്മുടെ നേതൃത്വം. എന്നാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുതുടങ്ങിയപ്പോളാണ് ദീര്‍ഘകാല ലക്ഷ്യങ്ങളോടെയുള്ള രക്ഷാപദ്ധതികളുമായി മുന്നോട്ടുവന്നിരിക്കുന്നത്. എന്തുകൊണ്ട് ഇതിന് നേരത്തേ തയ്യാറായില്ല എന്നാണ് സാമ്പത്തികമേഖലയെ നിരീക്ഷിക്കുന്നവര്‍ ചോദിക്കുന്നത്. അവസരങ്ങളെല്ലാം നഷ്ടപ്പെടുത്തി അലസതയും കെടുകാര്യസ്ഥതയുമായി കാലംകഴിച്ചതിന്റെ ഫലമാണ് ഇന്ന് രാജ്യം അനുഭവിക്കുന്നത്. 

രാജ്യത്തിന്റെ ധനസ്ഥിതി മോശമാണെന്ന് സമ്മതിച്ചുകൊണ്ടാണ് ധനമന്ത്രി പത്തിനപരിപാടി പ്രഖ്യാപിച്ചത്. ധനക്കമ്മി 4.8 ശതമാനത്തില്‍ നിര്‍ത്തുക, കറന്റ് അക്കൗണ്ട് കമ്മി 8,800 കോടിയില്‍ നിന്ന് 7,000 കോടിയായി കുറയ്ക്കുക, നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോത്സാഹിപ്പിച്ച് വിദേശനാണ്യശേഖരം വര്‍ധിപ്പിക്കുക എന്നിവയാണ് അടിയന്തര സാമ്പത്തിക ലക്ഷ്യങ്ങള്‍. ഇതിനായി ഇറക്കുമതി കുറയ്ക്കുന്നതും സര്‍ക്കാറിന്റെ ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതുമൊക്കെ ജനജീവിതത്തെ ബാധിച്ചേക്കാം. ഇതിനുപുറമേ പ്രതികൂല സാഹചര്യങ്ങള്‍ ഇല്ലാതാക്കി രാജ്യത്ത് വീണ്ടും നിക്ഷേപത്തിന്റെ അന്തരീക്ഷം ഉണ്ടാക്കാനായി 1.87 ലക്ഷം കോടിയുടെ വന്‍കിട പദ്ധതികള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. വൈദ്യുതി മേഖലയില്‍ ഉള്‍പ്പെടെ അടിസ്ഥാന വികസന സൗകര്യ പദ്ധതികള്‍ വേഗത്തിലാക്കിയാലേ ഉത്പാദനം വര്‍ധിപ്പിക്കാനും നിക്ഷേപം ആക
ര്‍ഷിക്കാനുമാവൂ. കയറ്റുമതി വര്‍ധിക്കണമെങ്കില്‍ മാനുഫാക്ചറിങ് രംഗം പുഷ്ടിപ്പെടണം.വ്യാപാരമിച്ചം ഉറപ്പാക്കി സുസ്ഥിരമായ സാമ്പത്തികവ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന ദീര്‍ഘകാല ലക്ഷ്യത്തിന് അനിവാര്യമാണ് ഈ നടപടികള്‍. ഇവ എന്തിന് ഇതുവരെ വൈകിച്ചുവെന്നതിന് ചിദംബരത്തിനുപോലും വിശദീകരണമില്ല. അദ്ദേഹം തന്റെ മുന്‍ഗാമിയുടെ നടപടികളെ പരോക്ഷമായി കുറ്റപ്പെടുത്തുകയാണ് ചെയ്തത്. മാനുഫാക്ചറിങ് രംഗത്ത് ശക്തമായ അടിത്തറ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് ഈ ഗതികേട് ഉണ്ടാകുമായിരുന്നില്ല.

സാമ്പത്തികരംഗത്ത് ഫലം കാണണമെങ്കില്‍ ശരിയായ ദിശയിലുള്ള തിരുത്തലുകള്‍ വരുത്തണം. നയങ്ങളിലെ വൈരുധ്യങ്ങള്‍ സമ്പദ്‌വ്യവസ്ഥയെ തളര്‍ത്തും. രൂപയെ രക്ഷിക്കാന്‍ ഇതുവരെ എടുത്ത നടപടികള്‍ പണലഭ്യതകുറച്ചും വിലക്കയറ്റമുണ്ടാക്കിയും ജനജീവിതം ദുസ്സഹമാക്കുകയാണ് ചെയ്തത്. ഭക്ഷ്യസുരക്ഷയ്ക്കായി വന്‍തോതില്‍ സബ്‌സിഡി നല്‍കുന്നത് ഒരുവശത്ത്. മറുവശത്ത്, ഇന്ധനവിലക്കയറ്റം കാരണം ജീവിതച്ചെലവ് അസഹ്യമായി ഉയരുന്നു. ഒരുകൈകൊണ്ട് നല്‍കുന്നത് മറുകൈകൊണ്ട് കവരുന്ന വൈരുധ്യമാണിത്. ഡീസലിന് വീണ്ടും വിലകൂടാനിരിക്കുന്നു. ചരക്കുകൂലി കൂട്ടുമെന്ന പ്രഖ്യാപനവും വന്നുകഴിഞ്ഞു. ഇവയെല്ലാം വിലക്കയറ്റം ഇനിയും രൂക്ഷമാക്കും. അത് തടയാനുള്ള നയംകൂടി ഉണ്ടായില്ലെങ്കില്‍ രാജ്യത്തെ കരകയറ്റാനാവില്ല. സാമ്പത്തികസുനാമി ജനജീവിതത്തിന്റെ അടിത്തറതോണ്ടും. പത്തിനപരിപാടി പ്രഖ്യാപിച്ചുകൊണ്ട് ചിദംബരം പറഞ്ഞത് രാജ്യം തിരിച്ചുവരവിന്റെ പാതയിലേക്ക് ചുവടുവെച്ചുകഴിഞ്ഞുവെന്നാണ്. വിദേശകടം നിയന്ത്രിക്കാനായതും അമേരിക്കന്‍ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നതോടെ സേവനമേഖലയില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ചയും മികച്ച കാലവര്‍ഷം ലഭിച്ചതുമെല്ലാം ഈ ഇരുട്ടിലും തിളങ്ങുന്ന വെള്ളിരേഖകളാണ്. അശുഭചിന്തകളുടെ ഈ കാലത്ത് അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി സമ്പദ് വ്യവസ്ഥ സുസ്ഥിരമാക്കാനും മാന്ദ്യത്തിന്റെ ആഘാതത്തില്‍ നിന്ന് ജനതയെ സംരക്ഷിക്കാനും സര്‍ക്കാറിന് കഴിയണം.

                                                പ്രൊഫ്‌. ജോണ്‍ കുരക്കാർ 


No comments: