കുട്ടികളും പ്രകൃതി പഠനവും
ചുറ്റുപാടുമുള്ള
ലോകത്തെ കൗതുകപൂര്‍വം നോക്കികാണുന്നവരാണ് കുട്ടികള്‍. ചുറ്റുപാടുകളുമായുള്ള
നിരന്തര സമ്പര്‍ക്കത്തിലൂടെയാണ് ജ്ഞാന സമ്പാദനം സാധ്യമാവുക. കുട്ടിക്ക് ലഭിക്കുന്ന
ഓരോ അനുഭവവും ഓരോ പുതിയ ആശയ രൂപീകരണത്തിന് കാരണമാകുന്നു. കണ്ടും കേട്ടും
അന്വേഷിച്ചറിഞ്ഞും സ്വയം ചെയ്തു നോക്കിയും നേടുന്ന ആശയങ്ങള്‍, നേരത്തെ
രൂപപ്പെടുത്തിയ ആശയങ്ങളോട് കൂട്ടിച്ചേര്‍ത്ത് അറിവു നിര്‍മിക്കുകയാണ് ഓരോ പഠിതാവും
ചെയ്യേണ്ടത്.പരിസരപഠന
ലക്ഷ്യങ്ങളില്‍ ഏറ്റവും പ്രധാനമായത് കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്തുക
എന്നതാണ്. ഇതിന് ശാസ്ത്രപഠനത്തിന്റെ പ്രവര്‍ത്തനരീതി സ്വായത്തമാക്കേണ്ടതുണ്ട്.
പ്രശ്‌നപരിഹാരത്തിനായി ശാസ്ത്രീയരീതി സ്വീകരിക്കുകയും പരിസ്ഥിതിപ്രശ്‌നങ്ങളോട്
ക്രിയാത്മകമായി ഇടപെടാന്‍ കഴിയുകയും വേണം. കാര്യകാരണബോധത്തില്‍ അധിഷ്ഠിതമായ
യുക്തിചിന്ത വളര്‍ത്തുക എന്നിവയും പരിസരപഠനലക്ഷ്യങ്ങളാണ്.
കുട്ടിയുടെ
ജീവിതപരിസരവുമായി ഏറ്റവുമധികം ബന്ധമുള്ള കാര്യങ്ങളാണ് പ്രൈമറി ക്ലാസുകളില്‍
പഠിക്കേണ്ടത്. ചുറ്റുപാടുമുള്ള സസ്യങ്ങള്‍, ജന്തുക്കള്‍, ഭൂപ്രകൃതി, കാലാവസ്ഥ,
കൃഷി, ജലം, വായു, മണ്ണ്, ആരോഗ്യപരിപാലനം, പരിസരശുചിത്വം, തൊഴിലുകള്‍, സംസ്‌ക്കാരം,
സാമൂഹ്യ ചുറ്റുപാടുകള്‍, പരിസ്ഥിതി സംരക്ഷണം തുടങ്ങി കുട്ടിയുടെ ജൈവപരിസരവുമായി
ബന്ധപ്പെടുന്ന വിഷയങ്ങളെക്കുറിച്ചുള്ള പ്രാഥമികമായ ജ്ഞാനം കുട്ടിയില്‍ ഉണ്ടാകണം.കേരള
സമൂഹം നേരിടുന്ന സാമൂഹ്യപ്രശ്‌നങ്ങളെ പൊതുവില്‍ 8 മേഖലകളായി തരംതിരിച്ചിക്കുകയും
കുട്ടിയുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെടുന്ന ഇത്തരം പ്രശ്‌നങ്ങളെ
അഭിമുഖീകരിക്കാനും പരിഹരിക്കാനും ഉള്ള ശേഷികള്‍ കുട്ടികളില്‍ രൂപപ്പെടുന്നതിന്
സഹായകമായ പ്രശ്‌നാധിഷ്ഠിത സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.
പ്രശ്‌നപരിഹാരത്തിന്റെ
ഭാഗമായി ചുറ്റുപാടുകളില്‍ നിന്നും നമുക്ക് ലഭിക്കുന്ന വിവരങ്ങളെ അപഗ്രഥിച്ച്
ഇഴചേര്‍ത്ത് സൃഷ്ടിച്ചെടുക്കുന്നതാണ് ജ്ഞാനം.
അന്വേഷണ പ്രക്രിയയിലൂടെയാണ് അറിവ്
രൂപപ്പെടുന്നത്. സ്വന്തം ആര്‍ജിതബോധത്തെയും അത് നിര്‍മിച്ച സമൂഹത്തെയും
പ്രകൃതിയേയും വിമര്‍ശനാത്മകമായി പരിശോധിക്കണം. പുതിയ അറിവ് നിര്‍മ്മിക്കപ്പെടുന്നതിന്റെ
രീതി വിമര്‍ശനാത്മകമാണ്. ഇതിനായി കുട്ടികള്‍ വിവരങ്ങള്‍ ശേഖരിച്ച്
രേഖപ്പെടുത്തുകയും വിവരങ്ങളുടെ ഉറവിടങ്ങളെയും അവ രൂപപ്പെട്ട സാഹചര്യങ്ങളെയും വിമര്‍ശനപരമായി
വിലയിരുത്തുകയും വേണം. കുട്ടികളുടെ ചോദ്യം ചെയ്യാനുള്ള കഴിവ് അറിവ് നിര്‍മാണത്തിന്റെ
പ്രധാന ഘടകമാണ്. നമ്മള്‍ കണ്ടെത്തേണ്ട ഉത്തരങ്ങള്‍ക്കുള്ള ചോദ്യങ്ങള്‍ ചോദിക്കാന്‍
ഉള്ള കഴിവ് നേടുന്നതിന് വിമര്‍ശനാത്മക പഠനരീതി അത്യന്താപേക്ഷിതമാണ്. പരിസരപഠന
ലക്ഷ്യങ്ങള്‍ നേടുവാന്‍ ഏറ്റവും അനുയോജ്യവും ഫലപ്രദവും ശാസ്ത്രീയവുമായ രീതി നാം
അവലംബിക്കേണ്ടതുണ്ട്. ജീവിതാനുഭവങ്ങളുടെ ഭാഗമായി കുട്ടി നേടിയ ആശയങ്ങളില്‍നിന്ന്
പുതിയ അന്വേഷണം നടത്താനുള്ള അവസരങ്ങള്‍ കുട്ടിക്ക് ലഭിക്കണം. അന്വേഷണാത്മകപഠനം
കൊണ്ട് അറിവിന്റെ തലങ്ങള്‍ വിശാലമാകണം. അറിവ് നേടുന്നതിനുള്ള പ്രക്രിയാശേഷികളുടെ
വികസനത്തിന് ഉതകുന്നതാകണം പഠനരീതി. കുട്ടി നേടിയ ജ്ഞാനവും നൈപുണിയും ജീവിതത്തിലെ
പ്രസക്തസന്ദര്‍ഭങ്ങളില്‍ പ്രയോഗിക്കാനുള്ള മനോഭാവവും താല്‍പര്യവും പ്രചോദനവും
ജനിപ്പിക്കുന്നതാവണം. ചുറ്റുപാടുകളെ എനിക്കും സമൂഹത്തിനും അനുകൂലമാക്കി
പരുവപ്പെടുത്തുന്നതിനുള്ള അറിവുനേടുകയും പ്രയോഗിക്കുകയും ചെയ്യുന്നതിനുള്ള
അവസരങ്ങള്‍ ഉണ്ടാക്കാന്‍ കഴിയണം. ആശയരൂപീകരണത്തിനാവശ്യമായ നിരീക്ഷണം, ആശയവിനിമയം,
വര്‍ഗീകരണം, അളക്കല്‍, നിഗമനം രൂപീകരിക്കല്‍ തുടങ്ങിയ പ്രക്രിയാനൈപുണികളുടെ
ഫലപ്രദമായ ഉപയോഗം അനിവാര്യമാക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകണം. സാങ്കേതിക വിദ്യയുടെ
ഫലപ്രദമായ ഉപയോഗം സാധ്യമാക്കുന്ന പഠന സന്ദര്‍ഭങ്ങള്‍ ഉണ്ടാകണം.
ആശയരൂപീകരണംപ്രക്രിയാശേഷികളെ
ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ആശയരൂപീകരണമാണ് പരിസരപഠനത്തിന്റെ രീതി. നിരീക്ഷണം, ആശയവിനിമയം,
അളക്കല്‍, വര്‍ഗീകരണം, നിഗമനം രൂപീകരിക്കല്‍ കൂടാതെ പ്രക്രിയാശേഷികളുടെ
പ്രാഥമികതലങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഉദ്പ്രഥിതപ്രക്രിയാശേഷികളും പഠന
പ്രശ്‌നപരിഹാരപ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ ഉപയോഗപ്പെടുത്തണം. പരീക്ഷണങ്ങള്‍
നടത്തുക, പ്രവചിക്കുക, ഉത്തരങ്ങള്‍ രേഖപ്പെടുത്തുക, വ്യാഖ്യാനിക്കുക, ചോദ്യങ്ങള്‍
ഉയര്‍ത്തുക, പ്രശ്‌നപരിഹാരം കണ്ടെത്തുക തുടങ്ങിയ ഉദ്ഗ്രഥിത പ്രക്രിയാശേഷികള്‍
പ്രയോജനപ്പെടുത്തേണ്ടതുണ്ട്. പഠനലക്ഷ്യമായ അറിവ് നിര്‍മാണത്തോടൊപ്പം തന്നെ പഠനമാര്‍ഗത്തിന്റെ
ഭാഗമായുള്ള പ്രക്രിയാശേഷികളുടെ വികാസത്തിനും തുല്യപ്രാധാന്യമുണ്ട്.
പ്രക്രിയാശേഷികള്‍ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ആശയരൂപീകരണം
സാധ്യമാക്കുകയാണ് വേണ്ടത്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment