കേരളം കേന്ദ്രമായി പുതിയ റയില്‍വേ സോണ്‍
രൂപീകരിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പലപ്പോഴും അട്ടിമറിക്കപെട്ടിരിക്കുകയാണ്. സംസ്ഥാനത്തിന്റെ റയില്‍ സംബന്ധമായ ആവശ്യങ്ങള്‍
നിരാകരിക്കപ്പെടുന്നുവെന്നു മാത്രമല്ല കേരളത്തിന്റെ റയില്‍വേ ഡിവിഷനുകളെ തന്നെ
പരിമിതപ്പെടുത്തി മുരടിപ്പിക്കാനാണ് നീക്കം. പാലക്കാട് ഡിവിഷന്‍ വിഭജിച്ച്
മംഗലാപുരം ഡിവിഷനും തിരുവനന്തപുരം, മധുര ഡിവിഷനുകള്‍ വിഭജിച്ച് തിരുനെല്‍വേലി
ഡിവിഷനും രൂപീകരിക്കാനാണ് ശ്രമം. ഇത് പാലക്കാട് തിരുവനന്തപുരം ഡിവിഷനുകളുടെ
സംയോജനത്തിന് വഴിതെളിക്കും. നിലവില്‍ തിരുവനന്തപുരം ഡിവിഷനിലുള്ള നെയ്യാറ്റിന്‍കര
വരെയുള്ള പ്രദേശങ്ങളും പാലക്കാട് ഡിവിഷനിലുള്ള ഷൊര്‍ണൂര്‍ വരെയുള്ള പ്രദേശങ്ങളും
പുതുതായി രൂപം കൊള്ളുന്ന തിരുനെല്‍വേലി, മംഗലാപുരം ഡിവിഷനുകളില്‍ ലയിക്കും. ഇത്
ഫലത്തില്‍ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളുടെ പ്രസക്തിയും നിലനില്‍പ്പും
തന്നെ അപകടത്തിലാക്കും. ആവശ്യമായ ദൂരപരിധിയും വരുമാനവും ഇല്ലാതെ അവശിഷ്ട
ഡിവിഷനുകള്‍ സംയോജിപ്പിച്ച് ഒറ്റ ഡിവിഷനാക്കി മാറ്റുകയും അതുവഴി കേരളം ആസ്ഥാനമായുള്ള
പുതിയ സോണ്‍ എന്ന ആവശ്യം തന്നെ അട്ടിമറിക്കാനുമാണ് നീക്കം. ഇത്തരമൊരു ലക്ഷ്യം
മുന്നില്‍കണ്ട് തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളെ ദുര്‍ബലമാക്കി
ശിഥിലീകരിക്കാനുള്ള നടപടികള്‍ ബഹുദൂരം മുന്നേറിക്കഴിഞ്ഞു. സംസ്ഥാനത്തെ
പ്രധാനപ്പെട്ട യാത്രാവണ്ടികള്‍ ഒന്നൊന്നായി വിവിധ ന്യായങ്ങള്‍ നിരത്തി നാഗര്‍കോവിലിലേക്കും
തിരുനെല്‍വേലിയിലേക്കും ഇതിനകം നീട്ടിക്കഴിഞ്ഞു. കൊച്ചുവേളി, കഴക്കൂട്ടം, നേമം
എന്നീ സ്റ്റേഷനുകളുടെ വിപുലീകരണ പദ്ധതികള്‍ പലവിധ കാരണങ്ങളുടെ പേരില്‍
അട്ടിമറിക്കപ്പെടുന്നു. ജീവനക്കാരെ കൂട്ടത്തോടെ കേരളത്തിലെ ഡിവിഷനുകളില്‍
നിന്നും മാറ്റിക്കൊണ്ടു പോകുന്നു. ജീവനക്കാര്‍ക്ക് നിലവിലുണ്ടായിരുന്ന പല
സൗകര്യങ്ങളും സംസ്ഥാനത്ത് നിന്നും കൂട്ടത്തോട പിഴുതുമാറ്റുന്നു. ഇവയെല്ലാം
കേരളത്തിന്റെ റയില്‍വേ വികസനം സംബന്ധിച്ച് വ്യക്തമായ ദുസൂചനകളാണ്.
കേരളത്തിന്റെ റയില്‍വേ വികസന ആവശ്യങ്ങളോട് മാറിമാറി
വന്ന കേന്ദ്രഭരണകൂടങ്ങള്‍ തികഞ്ഞ അവഗണനയാണ് പുലര്‍ത്തി പോന്നിരുന്നത്. ഇപ്പോള്‍
ആ അവഗണനാ മനോഭാവം അട്ടിമറിയുടെ മാനം കൈവരിച്ചിരിക്കുന്നു. കൈക്കൂലി വിവാദത്തില്‍
പുറത്തുപോയ പവന്‍കുമാര്‍ ബന്‍സലിനെ തുടര്‍ന്ന് തല്‍സ്ഥാനത്ത് അവരോധിക്കപ്പെട്ട
കര്‍ണാടകക്കാരനായ കേന്ദ്ര റയില്‍മന്ത്രി മല്ലികാര്‍ ജുന ഖാര്‍ഗെയുടെ കാര്‍മികത്വത്തിലാണ്
കേരളത്തിന്റെ റയില്‍ വികസനത്തിന്റെ കൂമ്പടപ്പിക്കുന്ന നടപടികള്‍ മുന്നേറുന്നത്.
അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം സഹമന്ത്രി രഞ്ജന്‍ ചൗധരിയുടെ സാന്നിധ്യത്തില്‍
പുതിയ ഡിവിഷന്‍ രൂപീകരണം, സംയോജനം എന്നിവയെപ്പറ്റി ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു.
തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ ഉന്നത ഉദ്യോഗസ്ഥരും തങ്ങള്‍ നേതൃത്വം നല്‍കുന്ന
ഡിവിഷനുകളുടെയും സംസ്ഥാനത്തിന്റെയും താല്‍പര്യങ്ങളെക്കാള്‍ ഉപരി നിക്ഷിപ്ത താല്‍പര്യക്കാരായ
രാഷ്ട്രീയ യജമാനന്മാരുടെ ഇംഗിതങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്.
കേരളത്തിന്റെ റയില്‍വേ വികസനത്തിന് എക്കാലത്തും വിലങ്ങുതടിയായി നിന്നിരുന്ന
തമിഴ്‌നാട് ലോബിയും ഉദ്യോഗസ്ഥരുടെ മേല്‍ വന്‍സ്വാധീനമാണ് ചെലുത്തിവരുന്നത്.
ഇന്നത്തെ നില തുടരാന്‍ അനുവദിക്കുന്നത് കേരളത്തിന്റെ ഏറ്റവും ന്യായമായ റയില്‍വേ
വികസന ആവശ്യങ്ങളെപ്പോലും അപകടത്തിലാക്കും. കേരളം ഏറെ പ്രതീക്ഷ വച്ചു പുലര്‍ത്തിയിരുന്ന
കൊല്ലം ആസ്ഥാനമായുള്ള മെമു സര്‍വീസ് സൗകര്യങ്ങള്‍ ഇതിന്റെ ഉത്തമ ഉദാഹരണമാണ്.
കൊല്ലത്തെ മെമു മെയ്ന്റനന്‍സ് ഷെഡിന്റെ നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍
പിന്നിട്ടിട്ടും, ആവശ്യമായ ജീവനക്കാരെ നിയമിക്കാതെ, അതിന്റെ പ്രവര്‍ത്തനം
അനിശ്ചിതത്വത്തിലാണ്.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്രയധികം
മലയാളികള്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരിക്കെയാണ് കേരളത്തിന്റെ ഈ ദുര്‍ഗതി.
മന്‍മോഹന്‍ മന്ത്രിസഭയില്‍ രണ്ടാമനെന്ന് കൊണ്ടാടപ്പെടുന്ന പ്രതിരോധമന്ത്രി ഏ കെ
ആന്റണി മുതല്‍ അരഡസന്‍ കോണ്‍ഗ്രസ് നേതാക്കളും മുസ്‌ലിം ലീഗ് നേതാവ് ഇ അഹമ്മദും ആ
പട്ടികയില്‍ ഉള്‍പ്പെടുന്നു. പോരെങ്കില്‍ തങ്ങള്‍ അധികാരത്തിലുണ്ടായാല്‍ മാത്രമേ
കേരളത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുവെന്ന് നിരന്തരം വാദിച്ചുപോന്നിരുന്ന
കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു ഡി എഫ് ഭരണത്തിലാണ് സംസ്ഥാന താല്‍പര്യങ്ങളെ
അപ്പാടെ അട്ടിമറിക്കുന്ന സംഭവങ്ങള്‍ അരങ്ങേറുന്നത്. സ്വന്തം ഓഫീസ് പോലും
തട്ടിപ്പുകാരുടെ താവളമാക്കി മാറ്റി അത്തരക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടിയാവട്ടെ ആശങ്കാജനകമായ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ പോലും
കുറ്റകരമായ നിഷ്‌ക്രിയത്വമാണ് തുടര്‍ന്നു വരുന്നത്. കേരളതാല്‍പര്യത്തിന്
വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉന്നത റയില്‍വേ ഉദ്യോഗസ്ഥര്‍ക്ക്
കേന്ദ്രമന്ത്രിമാരുടെ തന്നെ പിന്തുണയും സംരക്ഷണയുമുള്ളതായി ആരോപണമുണ്ട്.
ഇത്തരമൊരു സാഹചര്യത്തില്‍ കേരളത്തിന്റെ ഭാവിവളര്‍ച്ചക്കും പുരോഗതിക്കും അത്യന്തം
നിര്‍ണായകമായ റയില്‍വേ വികസനം ഉറപ്പു വരുത്താനും സംസ്ഥാന റയില്‍വേ താല്‍പര്യങ്ങള്‍
സംരക്ഷിക്കാനും ജനങ്ങള്‍ കക്ഷി രാഷ്ട്രീയ ഭിന്നതകള്‍ക്ക് അതീതമായി രംഗത്ത്
ഇറങ്ങേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ കാലവിളംബം വരുത്തുന്നത്
ആത്മഹത്യാപരമായിരിക്കും.
പ്രൊഫ്. ജോണ്‍ കുരാക്കാർ
|
No comments:
Post a Comment