Pages

Saturday, August 17, 2013

HIROSHIMA -(ദുരന്തസ്മരണകളിരമ്പുന്ന ശ്മശാന ഭൂമി)

                          ഹിരോഷിമ –
         ദുരന്തസ്മരണകളിരമ്പുന്ന ശ്മശാന ഭൂമി 
                                                            On August 6, 1945, the United States used a massive, atomic weapon against Hiroshima, Japan. This atomic bomb, the equivalent of 20,000 tons of TNT, flattened the city, killing tens of thousands of civilians. While Japan was still trying to comprehend this devastation three days later, the United States struck again, this time, on Nagasaki.
                             ദുരന്തസ്മരണകളിരമ്പുന്നഹിരോഷിമബോംബാക്രമണത്തി്‌ന്റെ68മത്  വാര്‍ഷികദിനമാണിന്ന്. 1945 ഓഗസ്റ്റ് 6-നാണ് ജപ്പാനില്‍ ഹിരോഷിമ നഗരം അഗ്നിക്കിരയാക്കി അമേരിക്ക ബോംബ് വര്‍ഷിച്ചത്. നിമിഷങ്ങള്‍ക്കകം ഒരുലക്ഷത്തി നാല്‍പതിനായിരം മനുഷ്യര്‍ കത്തിചാമ്പലായി. അന്തരീക്ഷത്തിലെ ഊഷ്മാവ് 2500 ഡിഗ്രിയിലധികം ഉയര്‍ന്ന് സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം സകല ജീവജാലങ്ങളും കത്തിക്കരിഞ്ഞു. വെന്തുകരിഞ്ഞ ശരീരങ്ങളുമായി ആര്‍ത്തലച്ച് ജീവനുവേണ്ടി കൊതിച്ച് ജനങ്ങള്‍ നാലുപാടും ഓടി. എന്നാല്‍ ഈ കൊടും ക്രൂരതയുടെ അഗ്നിജ്വാലകള്‍ സകലതും ഭസ്മമാക്കിത്തീര്‍ത്തു. അണുബോംബിന്റെ പാര്‍ശ്വഫലങ്ങളായി ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങളും പകര്‍ച്ചവ്യാധികളും ശേഷിച്ച ജപ്പാന്‍ ജനതയെ പതിറ്റാണ്ടുകളായി കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്നു.

            അമേരിക്കല്‍ പ്രസിഡന്റ് ഹാരി എസ് ട്രൂമാനാണ് ലിറ്റില്‍ ബോയി എന്ന ബോംബ് ഹിരോഷിമയില്‍ വര്‍ഷിക്കാന്‍ ഉത്തരവിട്ടത്. കോടികള്‍ മുടക്കി തങ്ങള്‍ വികസിപ്പിച്ചെടുത്ത അണുബോംബ് പരീക്ഷിക്കാന്‍ പറ്റിയ അവസരമായി കണ്ട് ഹിരോഷിമയിലെ നിരപരാധികളായ ജനങ്ങളെ ആളിക്കത്തുന്ന ഉഗ്ര തീയിലേക്കു വലിച്ചെറിയുകയായിരുന്നു. അണുബോംബു നിര്‍മാണം നടത്തിയ ശാസ്ത്രലോകം തങ്ങളുടെ കണ്ടുപിടുത്തങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്ന ദുരന്തത്തെയോര്‍ത്ത് അസ്വസ്ഥരായിരുന്നു. ആറ്റംബോബിനു ജന്മം നല്‍കിയ അമേരിക്കന്‍ ഗവേഷക സംഘത്തിന്റെ തലവന്‍ റോബര്‍ട്ട് ഓപ്പന്‍ ഹൈമര്‍ ഞാന്‍ ലോകം നശിപ്പിക്കുന്നവനായി എന്നു ദു:ഖിതനായി വിളിച്ചു പറഞ്ഞാണു  ലോകത്തോട് വിടവാങ്ങിയത്.
       തലമുറകളെ ദുരന്തത്തിലാക്കിയ ഈ കൊടും ക്രൂരതയ്ക്കുശേഷവും വിജയഭേരി മുഴക്കി അമേരിക്കന്‍ പ്രസിഡന്റ് ഹാരി എസ് ട്രൂമാന്‍ മൂന്ന് ദിവസം കഴിഞ്ഞ് ഓഗസ്റ്റ്  ഒന്‍പതിന് ജപ്പാന്‍ നഗരമായ നാഗസാക്കിയെ അണുബോംബിന്റെ അടുത്ത ഇരകളാക്കി. 80,000 മനുഷ്യരാണ് നാഗസാക്കിയില്‍ വെന്തുമരിച്ചത്. 
ഹിരോഷിമ നഗരത്തില്‍ വെന്തുവെണ്ണിറായ ജനതക്കുവേണ്ടി പണിതുയര്‍ത്തിയ സ്മാരകത്തിന്റെ കവാടത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു' സമാധാനമായി വിശ്രമിക്കു-ഇനിയെങ്കിലും തെറ്റ് ആവര്‍ത്തിക്കാതിരിക്കട്ടെ'.
ഭൂമിയെ ആണവായുധമുക്തമാക്കാന്‍ ഐക്യരാഷ്ട്രസഭക്കും കഴിഞ്ഞില്ല എന്നുമാത്രമല്ല മുമ്പുള്ള ആണവായുധങ്ങളുടെ സ്‌ഫോടനശേഷിയേക്കാള്‍ കരുത്തുള്ള ആയുധങ്ങളുടെ കലവറയായി ലോകം മാറിക്കഴിഞ്ഞു. ഹിരോഷിമയില്‍ പ്രയോഗിച്ച 20,000-ടി എന്‍ ടി സ്‌ഫോടനശേഷിയുള്ള അണുവായുധത്തിന്റെ മൂവായിരം ഇരട്ടിയിലധികം സ്‌ഫോടനശേഷിയുള്ള 70,000ല്‍ അധികം അണുവായുധങ്ങള്‍ ലോകരാഷ്ട്രങ്ങളുടെ കൈവശമുണ്ടെന്നാണു കണക്കാക്കിയിരിക്കുന്നത്. ഇന്നുള്ളത് മെഗാ- മെഗാട്ടണ്‍ അണുസംയോജന (ഫ്യൂഷന്‍) ബോംബുകളാണ്.
കാര്‍ഗില്‍ യുദ്ധസമയം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഒരു ആണവയുദ്ധം നാം ഭയന്നു. പാകിസ്ഥാന്റെ കൈവശം 50 അണുവായുധം ഉള്ളപ്പോള്‍ ഇന്ത്യക്കു സ്വന്തമായി 100 അണുവായുധം ഉണ്ടെന്ന് നാം അഹങ്കരിച്ചു. എന്നാല്‍ അമേരിക്കയുടെ കൈവശം 10,240 അണുവായുധങ്ങളാണ് ഉള്ളതെന്ന് കണക്കുകള്‍ പറയുന്നു.  ഈ അണുവായുധങ്ങള്‍ ഭൂമിയെ എത്ര തവണ ചുട്ടുചാമ്പലാക്കാന്‍ പര്യാപ്തമാണ്! ഈ സര്‍വ നാശത്തിന്റെ കാവല്‍ക്കാരായി ഭീതിയുടെ നിഴലില്‍ ലോകജനത നില്‍ക്കേണ്ടതുണ്ടോ?.
         ആണവ ഇന്ധനം വലിയ ചെലവേറിയതാണ്. യുറേനിയവും, പഌട്ടോണിയവുമാണ് ആണവ ഇന്ധനങ്ങള്‍. അമേരിക്കയുടെ സാമ്പത്തിക അടിത്തറ ആയുധക്കച്ചവടമാണ്. ഒരു സെക്കന്‍ഡില്‍ മാത്രം ലോകത്താകെ നാലര ലക്ഷം രൂപ യുദ്ധാവശ്യത്തിനായി നാം ചെലവഴിക്കുന്നു. പോഷകാഹാരം ലഭിക്കാത്തതിനാല്‍ നവജാതശിശുക്കള്‍ മരിച്ചു  വീഴുന്ന ഇന്ത്യയും ലോകത്തിലെ സമ്പന്ന രാഷ്ട്രങ്ങളോടു മത്സരിച്ച്  ആയുധങ്ങള്‍ വാങ്ങിച്ചുകൂട്ടുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 25,169 കോടിയുടെ വര്‍ദ്ധനവുവരുത്തി 2013ല്‍ 2,03,672 കോടി രൂപ ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ പ്രതിരോധത്തിനായി വകയിരുത്തി. ഫ്രാന്‍സിനേയും ബ്രിട്ടനേയും ജപ്പാനേയും പിന്‍തള്ളി പ്രതിരോധത്തിനായി വാര്‍ഷിക ബഡ്ജറ്റില്‍ മുന്തിയ തുക വകയിരുത്തുന്ന രാഷ്ട്രമായി ഇന്ത്യ മാറിയിരിക്കുന്നു. വന്‍ അഴിമതിയുടെ കേന്ദ്രമായ  ഇന്ത്യയുടെ പ്രതിരോധ മേഖല നൂറുശതമാനവും വിദേശ നിക്ഷേപത്തിനു വാതില്‍ തുറന്നിടുകയാണ്. 
        മനുഷ്യത്വത്തിനെതിരായ ആണവായുധങ്ങളുടെ കലവറയാക്കി ഈ ഭൂമിയെ മാറ്റാന്‍ ആരെയും അനുവദിക്കാന്‍ പാടുള്ളതല്ല. വന്‍പിച്ച ജനകീയ പ്രതിരോധം ഉയര്‍ത്തി സമാധാനത്തിനു വേണ്ടി ലോക മന:സാക്ഷിയെ ഉണര്‍ത്തുക എന്നതാണ് ഈ ദുരവസ്ഥയ്ക്കുള്ള പരിഹാരം.

                                പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: