Pages

Friday, August 23, 2013

FEAR OF TRAIN TRAVEL

                                                    ട്രെയിൻ യാത്ര
                               ജനങ്ങളെഭയപെടുത്തുന്നു  
ബിഹാറിലെ ഖഗാരിയ ജില്ലയിലെ ധമാരഘട്ട് റെയില്‍വേ സ്റ്റേഷനിലുണ്ടായ അപകടംവിവരം  ഭാരതം  ഞെട്ടലോടെയാണ്  ശ്രവിച്ചത് .ലോക്കല്‍ വണ്ടിയില്‍നിന്നിറങ്ങി പാളം മുറിച്ചുകടക്കുമ്പോഴാണ് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള തീര്‍ഥാടകസംഘം മറ്റൊരു ട്രെയിനിടിച്ച് കൂട്ടത്തോടെ മരിച്ചത്. സഹര്‍ഷയില്‍നിന്ന് പട്നയിലേക്ക് പോകുകയായിരുന്ന രാജ്യറാണി എക്സ്പ്രസിന് ധമാരഘട്ടില്‍ സ്റ്റോപ്പില്ല; അതുകൊണ്ടാണ് അപകടമുണ്ടായത് എന്ന റെയില്‍വേയുടെ നിലപാട് അപകടത്തെ ലഘൂകരിക്കുന്നതുമാത്രമാണ്. ട്രെയിന്‍ വരുന്ന മുന്നറിയിപ്പ് വകവയ്ക്കാതെ യാത്രക്കാര്‍ പാളം മുറിച്ചുകടന്നതാണ് അപകടത്തിന് കാരണമായതെന്നാണ് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അരുണേന്ദ്രകുമാര്‍ പറയുന്നത്. ഇത്ര വലിയ ജനക്കൂട്ടം പാളം മുറിച്ചുകടക്കുന്നത് മിന്നല്‍വേഗത്തിലല്ല. പാളത്തിലൂടെ നടക്കാന്‍ പാടില്ലെന്ന് സാങ്കേതികമായി പറയാമെങ്കിലും ഇന്ത്യന്‍ സാഹചര്യത്തില്‍ മഹാഭൂരിപക്ഷം സ്റ്റേഷനുകളിലും അത് നടപ്പുള്ള കാര്യമല്ല. സിഗ്നല്‍ സംവിധാനവും ആധുനിക വിവരവിനിമയ ഉപാധികളും റെയില്‍വേയ്ക്കുണ്ട്. അവയില്‍ ഏതെങ്കിലുമൊന്ന് സമയോചിതം പ്രയോജനപ്പെടുത്തിയിരുന്നെങ്കില്‍, വിലയേറിയ 37 ജീവന്‍ രക്ഷപ്പെട്ടേനെ. അതല്ലെങ്കില്‍ വിലക്കപ്പെട്ട പാളത്തിലൂടെ ജനങ്ങള്‍ കൂട്ടത്തോടെ പോകുന്നത് തടഞ്ഞ് അപകടമൊഴിവാക്കാനുള്ള മിനിമം ബാധ്യത റെയില്‍വേ അധികൃതര്‍ നിറവേറ്റണമായിരുന്നു. നൂലിഴ കീറിയുള്ള ചട്ടങ്ങളല്ല- ജനങ്ങളുടെ ജീവനാണ് വലുതെന്ന് ചിന്തിക്കാത്തതുകൊണ്ടാണ് പാളത്തില്‍ ചോരപ്പുഴ ഒഴുകിയതെന്ന് വ്യക്തം.

മൂന്നുപതിറ്റാണ്ടുമുമ്പ് തലശേരി ജഗന്നാഥ ക്ഷേത്രപരിസരത്തുണ്ടായതുപോലെ സ്റ്റേഷനില്‍നിന്ന് അകലെ കണ്ണില്‍പ്പെടാത്തിടത്ത് പാളത്തില്‍ നിന്ന ജനക്കൂട്ടമല്ല ചതഞ്ഞരഞ്ഞത്- സ്റ്റേഷനില്‍ വണ്ടിയിറങ്ങിയവരാണ്. അതിനര്‍ഥം റെയില്‍വേയുടെ കണ്‍മുന്നില്‍ നടക്കുന്ന അപകടംപോലും ഒഴിവാക്കാനുള്ള സംവിധാനവും സന്മനസ്സും വിവേകവും ഉണ്ടാകുന്നില്ലെന്നാണ്. പാളത്തില്‍ ജനങ്ങളുണ്ടെങ്കില്‍ ട്രെയിന്‍ സ്റ്റേഷനിലെത്താതെ നിര്‍ത്തിക്കാനുള്ള സിഗ്നല്‍- വയര്‍ലെസ് സംവിധാനം ഇല്ലെന്ന് റെയില്‍വേയ്ക്ക് പറയാനാകില്ല. അതുകൊണ്ടുതന്നെ രാജ്യറാണി എക്സ്പ്രസ് ദുരന്തം റെയില്‍വേയുടെ നിരുത്തരവാദിത്തത്തിന്റെ സൃഷ്ടിയാണ്. ട്രെയിനപകടങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. സുരക്ഷിതയാത്ര ഉറപ്പാക്കാനും അപകടം കുറയ്ക്കാനും എഴുപതിനായിരം കോടി രൂപയുടെ പദ്ധതിയാണ് റെയില്‍മന്ത്രാലയം കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചത്. അപകടങ്ങള്‍ തടയുന്ന സംവിധാനം, ആളില്ലാ ലെവല്‍ക്രോസുകള്‍ ഇല്ലാതാക്കല്‍, ട്രാക്കുകളുടെ അറ്റകുറ്റപ്പണി, സിഗ്നല്‍- കമ്യൂണിക്കേഷന്‍ സംവിധാനത്തിന്റെ പരിഷ്കരണം എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ അതിലുള്‍പ്പെടുത്തുകയും ചെയ്തു. ഏതൊക്കെ പദ്ധതികള്‍ എത്രയൊക്കെ പ്രാവര്‍ത്തികമായി എന്ന് ആര്‍ക്കും തിട്ടമില്ല. അടിസ്ഥാനസൗകര്യ വികസനത്തിന് നീക്കിവയ്ക്കേണ്ട തുക സാമ്പത്തികപ്രതിസന്ധി പറഞ്ഞ് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു. സുരക്ഷാവിഭാഗത്തില്‍ ഒന്നേകാല്‍ലക്ഷം ഒഴിവ് നികത്താതെ തുടരുന്നു.

ഇന്ത്യന്‍ റെയില്‍വേ വലുപ്പത്തില്‍ ലോകോത്തരമെന്ന് അഹങ്കരിക്കുമ്പോള്‍, നടത്തിപ്പില്‍ ഏറ്റവും പുറകിലാണ്. മികച്ചതും കാലാനുസൃതവുമായ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനംപോലും "വലിയ" റെയില്‍വേയ്ക്കില്ല. എറണാകുളം മരുസാഗര്‍ എക്സ്പ്രസില്‍ അമ്പതോളംപേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവം റെയില്‍വേനടത്തിപ്പിന്റെ വൈകൃതം വ്യക്തമാക്കുന്ന ഒരുദാഹരണംമാത്രം. പഴകിയതും വൃത്തിയില്ലാത്തതുമായ ഭക്ഷണം യാത്രക്കാര്‍ക്ക് നല്‍കുകയായിരുന്നു. ഒരു സ്വകാര്യ ഏജന്‍സിയാണ് ആ വണ്ടിയിലെ ഭക്ഷണവിതരണ കരാറുകാര്‍. പാന്‍ട്രി കാറില്‍നിന്ന് പാകം ചെയ്യുന്നതിനുപകരം പുറത്തുനിന്നാണ് ഭക്ഷണം കൊണ്ടുവന്നത്. അത് ചൂടാക്കി യാത്രക്കാരെക്കൊണ്ട് കഴിപ്പിച്ചപ്പോഴാണ് അമ്പതോളംപേര്‍ ആശുപത്രിയിലായത്. പാന്‍ട്രി കാറില്‍ ഫുഡ് സേഫ്റ്റി ലൈസന്‍സ് സൂക്ഷിച്ചിരുന്നില്ല. ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. ഭക്ഷണസാധനങ്ങള്‍ പഴക്കംവന്ന് ദുര്‍ഗന്ധം വമിക്കുന്നതായിരുന്നു. ഇതെല്ലാം പരിശോധിക്കേണ്ടതും നിയന്ത്രിക്കേണ്ടതും റെയില്‍വേയാണ്. അതിനുള്ള കാശുകൂടി യാത്രക്കൂലിയില്‍ ഈടാക്കുന്നുമുണ്ട്.

സ്വകാര്യവല്‍ക്കരണത്തിനായുള്ള ഭ്രാന്തന്‍പാച്ചിലില്‍ യാത്രക്കാരെ മറക്കുകയാണ്; ഉത്തരവാദിത്തം മറക്കുകയാണ്. കേരളത്തില്‍ ഓടുന്ന പകല്‍വണ്ടികളില്‍ ഇപ്പോള്‍ പാന്‍ട്രി കാറുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല. ട്രെയിനില്‍ വിതരണംചെയ്യുന്ന ഭക്ഷണം പ്രതീക്ഷിച്ച് യാത്ര തുടങ്ങുന്നവര്‍ പലപ്പോഴും പട്ടിണി കിടക്കുകയേ നിര്‍വാഹമുള്ളൂ. ട്രെയിനുകളിലെ മോഷണവും അക്രമങ്ങളും സ്ത്രീപീഡനവും ഇടവേളയില്ലാതെ തുടരുകയാണ്. അപകടവും അക്രമവും കവര്‍ച്ചയും ഏതു നിമിഷവും ചാടിവീണേക്കാവുന്ന ഒന്നായി ട്രെയിന്‍യാത്ര മാറുന്നു എന്നതാണ് പൊതുചിത്രം. ഈ നില അവസാനിപ്പിച്ചേ മതിയാകൂ. സാധാരണക്കാര്‍ ഏറ്റവുമധികം ആശ്രയിക്കുന്ന യാത്രാസംവിധാനത്തെ സുരക്ഷിതവും പ്രയാസരഹിതവുമാക്കാനുള്ള നടപടികള്‍ റെയില്‍വേയില്‍നിന്ന് ഉണ്ടാകണം. ബിഹാറിലേതുപോലുള്ള അപകടമുണ്ടാകുമ്പോള്‍ നഷ്ടം സംഭവിക്കുന്നവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കാനും തയ്യാറാകണം.

നിയമലംഘനത്തിന്റെ സാങ്കേതികന്യായം പറഞ്ഞ് പാവപ്പെട്ട ജനങ്ങളുടെ ജീവനെടുത്തതിനെ ന്യായീകരിച്ചുകൂടാ. അവിടെ ജനങ്ങള്‍ രോഷാകുലരായി നടത്തിയ അക്രമങ്ങളില്‍ റെയില്‍വേയ്ക്ക് 90 കോടി രൂപ നഷ്ടമായി എന്നാണ് കണക്ക്. അത്തരം രോഷപ്രകടനങ്ങളും അതുമൂലമുണ്ടാകുന്ന നഷ്ടവും ഒഴിവാക്കിയാല്‍തന്നെ അപകടരഹിതമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ റെയില്‍വേയ്ക്ക് കഴിയുമെന്നതാണ് യാഥാര്‍ഥ്യം. ലാഭം കുന്നുകൂട്ടാന്‍ പ്രവര്‍ത്തിക്കേണ്ട കച്ചവടസ്ഥാപനമല്ല, പൊതുജനങ്ങള്‍ക്ക് പരമാവധി സൗകര്യം നല്‍കാന്‍ പൊതുസ്വത്ത് ഉപയോഗിച്ചുണ്ടാക്കിയ സേവന സ്ഥാപനമാണ് ഇന്ത്യന്‍ റെയില്‍വേ എന്ന അടിസ്ഥാനധാരണ അധികൃതര്‍ക്കുണ്ടായാലേ അത്തരം മുന്‍കരുതലുകള്‍ സാധ്യമാകൂ. എല്ലാം ലാഭാധിഷ്ഠിത കച്ചവടമാണെന്ന ചിന്ത നവ ഉദാര വല്‍ക്കരണനയങ്ങളുടെ അഭേദ്യഭാഗമായിരിക്കാം- അതുപക്ഷേ, ജനങ്ങളുടെ ജീവന്‍ പന്താടുന്ന തലത്തിലെത്തുമ്പോള്‍, രൂക്ഷമായ പ്രതികരണവും ഉയര്‍ന്നുവരുമെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കേണ്ടതുണ്ട്.

                                          പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: