Pages

Wednesday, August 28, 2013

CHATTAMBI SWAMIKAL

ചട്ടമ്പിസ്വാമികള്‍
മനുഷ്യനെ ഒന്നിപ്പിച്ചു 
ജാതിമതങ്ങള്‍ക്കതീതമായി മനുഷ്യനെ ഒന്നിപ്പിച്ച മനുഷ്യസ്‌നേഹിയായ ആത്മീയാചാര്യനായിരുന്നു ചട്ടമ്പിസ്വാമികളെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. പന്മന ആശ്രമത്തില്‍ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 160-ാം ജയന്തിദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവോത്ഥാനകാലഘട്ടത്തില്‍ ചട്ടമ്പിസ്വാമികളുടെ മഹത്തായ സേവനങ്ങള്‍ കേരള ജനതയ്ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.അജ്ഞതയുടെ അന്ധകാരത്തില്‍നിന്ന് അറിവിന്റെ വെളിച്ചത്തിലേക്ക് കേരളജനതയെ കൊണ്ടുവരാന്‍ ചട്ടമ്പിസ്വാമികള്‍ക്ക് കഴിഞ്ഞു. ബ്രാഹ്മണരുടെമാത്രം കുത്തകയായിരുന്ന വേദങ്ങള്‍ അക്കാലത്ത് താഴ്ന്ന ജാതിക്കാര്‍ക്കുപോലും പഠിക്കാന്‍ അവസരമൊരുക്കിയ നന്മയുടെ വക്താവായിരുന്നു അദ്ദേഹമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥലമായ പന്മന ആശ്രമം മതത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്ത് സ്‌നേഹസൗഹൃദങ്ങളുടെ തുരുത്തായി മാറുകയാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച മുന്‍മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു. കരിമ്പിന്‍പുഴ മഠാധിപതി സ്വാമി ശങ്കരാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. ഇന്‍ഫോസിസ് അവാര്‍ഡ് ജേതാവ് ഡോ. അജയഘോഷിന് വിദ്യാധിരാജ സംസ്‌കൃതി പുരസ്‌കാരം സമ്മാനിച്ചു. ചട്ടമ്പിസ്വാമി രചിച്ച പ്രാചീന മലയാളത്തിന്റെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട പുസ്തകത്തിന്റെ പുനഃപ്രകാശനം ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ നിര്‍വഹിച്ചു. കേരള യൂണിവേഴ്‌സിറ്റി ലക്‌സിക്കണ്‍ ഡയറക്ടര്‍ ഡോ. സി.ജി.രാജേന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. തമിഴ്‌നാട് നായര്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് സി.കെ.വാസുക്കുട്ടന്‍ വിദ്യാധിരാജ സ്മരണാഞ്ജലി അവതരിപ്പിച്ചു. പ്രണവാനന്ദതീര്‍ത്ഥപാദര്‍ ജയന്തിസന്ദേശം നല്‍കി. സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം കെ.വരദരാജന്‍, പന്മന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.യൂസഫ്കുഞ്ഞ് എന്നിവര്‍ സംസാരിച്ചു. ശ്രീരംഗം രാധാകൃഷ്ണപിള്ള സ്വാഗതവും പന്മന മഞേ്ജഷ് നന്ദിയും പറഞ്ഞു.

പ്രൊഫ്‌. ജോണ് കുരാക്കാർ 


No comments: