മാലിന്യസംസ്കരണത്തിന് ടെറാക്കോട്ട ചട്ടി
വീണാറാണി ആര്
ഇന്ന് നമ്മള്‍ നേരിടുന്ന
ഏറ്റവും വലിയ പ്രശ്നമാണ് മാലിന്യസംസ്കരണം. ആവശ്യമില്ലാത്തതെന്തും എവിടെയും
വലിച്ചെറിയുന്ന നമ്മുടെ ശീലം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചില്ലറയല്ല.
പരിമിതമായ സ്ഥലസൗകര്യത്തെയും നവീന ജീവിതശൈലിയെയും പഴിക്കുന്ന നമ്മള്‍ മാലിന്യത്തെ
കമ്പോസ്റ്റാക്കാനുള്ള സാങ്കേതികവിദ്യ കൈയെത്തും ദൂരത്താണെന്ന കാര്യം സൗകര്യപൂര്‍വം
മറക്കുന്നു.
ടെറാക്കോട്ട
ചട്ടിയുണ്ടെങ്കില്‍ ഫ്ളാറ്റില്‍പോലും മാലിന്യം പ്രശ്നമാകില്ല. ഏകദേശം മുക്കാല്‍മീറ്റര്‍
ഉയരവും മധ്യഭാഗത്ത് ഒരുമീറ്റര്‍ ചുറ്റളവുള്ളതുമായ മണ്‍കലവും അടച്ചുവയ്ക്കാന്‍
പാകത്തിലുള്ള ചട്ടി അടപ്പുമാണ് ടെറാക്കോട്ട ടാങ്കിന്റെ പ്രധാന ഭാഗങ്ങള്‍.
വെള്ളംനിറച്ച ചെറിയ ഒരു ബേസിനിലാണ് ടാങ്ക് ഇറക്കിവയ്ക്കുന്നത്. നേരിട്ട് വെയിലും
മഴയും അടിക്കാത്ത സ്ഥലത്തു മാത്രമേ ടാങ്ക് വയ്ക്കാന്‍പാടുള്ളു. ടാങ്കിന്റെ
അടിഭാഗത്തുള്ള സുഷിരത്തിലൂടെ അമിതമായുള്ള ഈര്‍പ്പം ശേഖരിക്കാം. ജൈവമാലിന്യങ്ങളായ
ആഹാര അവശിഷ്ടം, പച്ചക്കറി അവശിഷ്ടം, ഉണക്കയില തുടങ്ങിയവ മണ്ണിര കമ്പോസ്റ്റാക്കി
മാറ്റാന്‍ ടെറാക്കോട്ട ടാങ്ക് ഉത്തമമാണ്. ഇതിനായി വെള്ളം നിറച്ച ബേസിനില്‍വച്ച
ടാങ്കിനകത്ത് ഒരട്ടി ചകിരി നിരത്താം. ഇതിനു മുകളിലായി ചാണകപ്പൊടി വിതറി
അടിസ്ഥാനനിര ഇട്ടതിനുശേഷം മണ്ണിര നിക്ഷേപിക്കണം. യൂഡ്രിലസ് യൂജിനിയ ആണ്
ടെറാക്കോട്ട ചട്ടിക്ക് അനുയോജ്യമായ മണ്ണിര.
ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കാനും
വളരെ പെട്ടെന്ന് പെറ്റുപെരുകാനും ഇതിന് അപാരമായ കഴിവുണ്ട്. ഇനി അടുക്കളവെയ്സ്റ്റ്
ഉള്‍പ്പെടെയുള്ള മാലിന്യങ്ങളുടെ ഊഴമാണ്. ദിവസവും ഒരുനേരം വെള്ളം തളിച്ചുകൊടുക്കണം.
ടാങ്ക് നിറയുന്നതുവരെ ജൈവമാലിന്യം ചേര്‍ക്കാം. ഇനി ചെറുതായി ഒന്ന് ഇളക്കിയശേഷം
അനക്കാതെ വയ്ക്കണം. മണ്ണിരയുടെ പ്രവര്‍ത്തനത്താല്‍ ജൈവാവശിഷ്ടങ്ങള്‍ പൊതുവേ കുറഞ്ഞ
സമയത്തിനുള്ളില്‍ മേന്മയേറിയ ജൈവവളമായി മാറും. ഇനി ടെറാക്കോട്ട ടാങ്ക് ചെറുതായി
സൂര്യപ്രകാശം തട്ടുന്ന രീതിയില്‍ വയ്ക്കണം. ഒന്നുരണ്ട് ദിവസത്തിനകം മണ്ണിരകള്‍
ടാങ്കിന്റെ താഴേതട്ടിലേക്ക് വലിയും. മേല്‍ഭാഗത്തുനിന്ന് കമ്പോസ്റ്റ് വാരിമാറ്റാം.
വീണ്ടും ജൈവാവശിഷ്ടങ്ങള്‍ ടാങ്കില്‍ നിക്ഷേപിക്കാം. പച്ചക്കറികള്‍ക്കും
അലങ്കാരച്ചെടികള്‍ക്കുമെല്ലാം ഉത്തമ ജൈവവളമാണ് മണ്ണിര കമ്പോസ്റ്റ്.ഉറുമ്പാണ് മണ്ണിരയുടെ
പ്രധാന ശത്രു. ഉറുമ്പിന്റെ ഉപദ്രവം ഒഴിവാക്കാനാണ് വെള്ളം നിറച്ച ബേസിനില്‍ ടാങ്ക്
വയ്ക്കുന്നത്. ധാരാളം എണ്ണമയമുള്ളതും എരിവുകൂടിയതുമായ ഭക്ഷണാവശിഷ്ടങ്ങള്‍ ടാങ്കില്‍
നിക്ഷേപിക്കരുത്. ഒരു വീട്ടില്‍ രണ്ടു ടെറാക്കോട്ടാ ചട്ടികളുണ്ടെങ്കില്‍ ഒന്ന്
നിറയുമ്പോള്‍ അടുത്തതില്‍ ജൈവാവശിഷ്ടം ചേര്‍ക്കാം. തുടര്‍ച്ചയായി മാലിന്യസംസ്കരണം
നമ്മുടെ നിയന്ത്രണത്തില്‍ത്തന്നെ നടക്കുന്നുവെന്നതാണ് അധികമേന്മ. ഒപ്പം സസ്യവളര്‍ച്ചയ്ക്ക്
ആവശ്യമായ പോഷകമൂലകങ്ങളും ജീവകങ്ങളും ചെടികള്‍ക്ക് പെട്ടെന്ന് ആഗിരണം ചെയ്യാന്‍കഴിയുന്ന
രീതിയില്‍ അടങ്ങിയിരിക്കുന്ന ഏക ജൈവവളമായ മണ്ണിരകമ്പോസ്റ്റും തുടര്‍ച്ചയായി
ലഭിക്കുന്നു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment