Pages

Saturday, August 17, 2013

സാധാരണക്കാരന്റെ ജീവിതവും രൂപയുടെ മൂല്യത്തകര്‍ച്ചയും

സാധാരണക്കാരന്റെ  ജീവിതവും
 രൂപയുടെ മൂല്യത്തകര്‍ച്ചയും 



സാധാരണക്കാരന്റെ ജീവിതം  രൂപയുടെ മൂല്യത്തെ ആശ്രയിച്ചാണ്  ഇന്ന്  പോകുന്നത് .  രൂപയുടെ മൂല്യമിടിഞ്ഞാല്‍ അടുത്ത ദിവസം തന്നെ അത് സാധാരണക്കാര്‍ വാങ്ങുന്ന അരിയുടെയും പയറിന്റെയും വിലയില്‍ പ്രതിഫലിക്കുമെന്നുറപ്പ്. ഇറക്കുമതി ചെയ്യുന്ന ക്രൂഡിന് കൂടുതല്‍ തുക നല്‍കേണ്ടിവരുന്ന പേരില്‍ ഡീസലിന് വിലകൂടും. പച്ചക്കറിയും പലവ്യഞ്ജനങ്ങളുമുള്‍പ്പെടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് ഇപ്പോള്‍ത്തന്നെ വില ഉയര്‍ന്നു നില്‍ക്കുകയാണ്. അത് ഇനിയും കുതിച്ചുയരുമെന്നതില്‍ സംശയമില്ല. അക്കാര്യം ഉള്‍ക്കൊണ്ട് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കടിഞ്ഞാണിടാന്‍ ഭരണാധികാരികള്‍ സമഗ്ര നടപടികള്‍ എടുക്കേണ്ടതുണ്ട്. എന്നാല്‍, ഇറക്കുമതിത്തീരുവ ഉയര്‍ത്തിയും മറ്റുമുള്ള ഉപരിപ്ലവമായ നടപടികളാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. രണ്ട് ദിവസം മുന്‍പ് എക്കാലത്തെയും കുറഞ്ഞ നിലവാരമായ 62.03-ലേക്ക് രൂപ കൂപ്പുകുത്തിയിരിക്കയാണ്. ഈ ഘട്ടത്തിലെങ്കിലും സര്‍ക്കാര്‍ പ്രശ്‌നപരിഹാരത്തിന് സമഗ്ര നടപടിയെടുക്കണം. 
അമേരിക്കയിലെ സാമ്പത്തിക മാന്ദ്യം നീങ്ങുന്നതാണ്, ഡോളര്‍ ശക്തമാകാനും അതിനെതിരെ രൂപയുടെ മൂല്യം കുറയാനുമുള്ള പ്രധാന കാരണമായി പറയുന്നത്. എന്നാല്‍, രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് ഇന്ത്യയുടെ സാമ്പത്തികാവസ്ഥയുമായി ബന്ധമില്ലെന്ന് കരുതാനാവില്ല. അമേരിക്കയില്‍ നിക്ഷേപത്തിന് കൂടുതല്‍ പേരെത്തുന്നതും ഡോളറിന് ആവശ്യക്കാരേറുന്നതുമാണ് ഡോളറിന്റെ മൂല്യം ഉയരാന്‍ കാരണമായി പറയുന്നത്. ഇന്ത്യയുടെ സാമ്പത്തികാവസ്ഥയും വ്യാവസായിക പുരോഗതിയും ആശാവഹമായിരുന്നെങ്കില്‍ വിദേശനിക്ഷേപസ്ഥാപനങ്ങള്‍ അമേരിക്കയില്‍ മുതല്‍മുടക്കിനായി ഇന്ത്യയിലെ നിക്ഷേപം പിന്‍വലിക്കാന്‍ മടിക്കുമായിരുന്നു. വ്യാപാരക്കമ്മിയാണ് മറ്റൊരു പ്രശ്‌നം. ഇന്ത്യന്‍ രൂപയുടെ വിലയിടിയുമ്പോള്‍ ഇറക്കുമതിച്ചെലവ് കൂടും. 2011 ആഗസ്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 44 രൂപയായിരുന്നു. 2013 ആഗസ്തില്‍ അത് 62 രൂപ വരെയെത്തി. അസംസ്‌കൃത പെട്രോളിയവും സ്വര്‍ണവുമാണ് ഇന്ത്യയുടെ ഇറക്കുമതിയുടെ മുഖ്യപങ്ക്. എന്നാല്‍ ഇന്ത്യയുടെ കയറ്റുമതിയില്‍ വലിയ വര്‍ധന ഉണ്ടാകുന്നില്ല. അതുമൂലം, രാജ്യത്തെ കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വ്യത്യാസമായ വ്യാപാരക്കമ്മി വര്‍ധിക്കുന്നത് വലിയ പ്രതിസന്ധിയാണെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് തന്നെ സമ്മതിക്കുന്നു. ഇത് മറികടക്കാന്‍ രാജ്യത്ത് ഇറക്കുമതിയെ ആശ്രയിക്കേണ്ടാത്ത കയറ്റുമതി ഉത്പന്നങ്ങളേതെന്ന് കണ്ടെത്തി അവയ്ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കാവുന്നതാണ്.
സ്വര്‍ണത്തിന്റെ ഇറക്കുമതി അസ്വാഭാവികമായി കുതിച്ചുയരുന്നതില്‍ ധനകാര്യവിദഗ്ധര്‍ കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. നടപ്പുസാമ്പത്തികവര്‍ഷം ആദ്യ മൂന്നുമാസത്തില്‍ സ്വര്‍ണ ഇറക്കുമതി തലേക്കൊല്ലം ഇക്കാലയളവിനേക്കാള്‍ 87 ശതമാനം വര്‍ധിച്ചുവെന്നാണ് കണക്കാക്കപ്പെടുന്നത്. സ്വര്‍ണത്തിന്റെ ഇറക്കുമതിച്ചുങ്കം ഉയര്‍ത്തി ഇതിന് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സാധാരണക്കാര്‍ ഉറപ്പുള്ള നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ കൂടുതലായി ആശ്രയിക്കുന്നതാണ് ഇറക്കുമതി കൂടാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. സ്വര്‍ണത്തേക്കാള്‍ മികച്ച മറ്റ് നിക്ഷേപ മാര്‍ഗങ്ങള്‍ മുന്നിലുണ്ടെങ്കില്‍ സാധാരണക്കാര്‍ അത് സ്വീകരിക്കുമെന്നുറപ്പ്. എന്നാല്‍, നിലവില്‍ വ്യവസായ, കാര്‍ഷിക മേഖലകളും ഓഹരിവിപണിയുമെല്ലാം അനിശ്ചിതത്വത്തിന്റെ ആശങ്കയാണ് സാധാരണക്കാരിലുയര്‍ത്തുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തണം. അതിന് സ്വീകരിക്കുന്ന നടപടികള്‍ ഫലത്തില്‍ രാജ്യത്തിന്റെ ആഭ്യന്തര സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക തന്നെ ചെയ്യും. രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്തുന്നതിന് താത്കാലിക നടപടികള്‍ മാത്രം പോരാ. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനുള്ള സമഗ്രവും ശാശ്വതവുമായ പരിഹാരമാര്‍ഗങ്ങളെക്കുറിച്ചാണ് ഭരണാധികാരികള്‍ ആലോചിക്കേണ്ടത്. അല്ലാത്ത പക്ഷം ജനജീവിതം ഭാരതത്തിൽ ദുസഹമായി തീരും.

                            പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: