പകര്ച്ചപ്പനി
ഡോ. ബി.പദ്മകുമാര്
കേരളം ഇപ്പോള്‍ പനിപ്പേടിയിലാണ്. മഴക്കാലമായതോടെ ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറഞ്ഞു. പ്രത്യേകിച്ച് മഴക്കാലത്ത് വൈറസുപോലുള്ള രോഗാണുക്കളുടെ ജീവിതദൈര്‍ഘ്യം കൂടുകയും മനുഷ്യരുടെ പ്രതിരോധശേഷി കുറയുകയും ചെയ്യുന്നതാണ് പകര്‍ച്ചപ്പനിയുടെ പ്രധാന കാരണം. വായു, വെള്ളം, പ്രാണികള്‍ (കൊതുക്, ഈച്ച) എന്നിവ വഴിയാണ് രോഗാണുക്കള്‍ മനുഷ്യശരീരത്തില്‍ കയറിക്കൂടുന്നത്. മഴക്കാലത്ത് പൊതുവേ അന്തരീക്ഷവും മണ്ണും മലിനമാകുന്നു; ശരിയായ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കാന്‍ പറ്റാതെ വരുന്നു. ഇത് രോഗാണുക്കള്‍ക്ക് രോഗം പരത്താന്‍ സാഹചര്യമൊരുക്കുകയും ചെയ്യുന്നു.
പനി പകരാതിരിക്കാന്
ചികിത്സയും വിശ്രമവും
ശ്രദ്ധിക്കേണ്ട പ്രധാനകാര്യം പനി ശക്‌തമാകാതെ സൂക്ഷിക്കണം എന്നതാണ്. ശരീരത്തിന്റെ താപനില നിയന്ത്രിക്കാന്‍ ശരീരം മുഴുവന്‍ നനഞ്ഞതുണികൊണ്ട് ഇടയ്‌ക്കിടയ്‌ക്ക് തുടയ്‌ക്കുന്നത് നല്ലതാണ്. കൊച്ചുകുട്ടികളില്‍ പനി നിയന്ത്രണാധീതമായാല്‍ അപസ്‌മാരംപോലുള്ള അവസ്‌ഥ വന്നു ചേരുന്നത് കണ്ടുവരാറുണ്ട്. പനിക്കുള്ള പാരസെറ്റമോള്‍ ദിവസത്തില്‍ മൂന്നോ നാലോ പ്രാവശ്യം ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം കൊടുക്കാം. പാരസെറ്റമോളിന്റെ അളവ് കൂടുന്നത് കരളിന് ഹാനികരമാണെന്ന വസ്‌തുത കുട്ടികള്‍ക്കിത് കൊടുക്കുമ്പോള്‍ ഓര്‍മ്മിക്കണം.
പനി പിടികുടുന്നതോടെ ശരീര ത്തിന്റെ ജൈവ പരിവര്‍ത്തനങ്ങളുടെ താളം തെറ്റുന്നു. പനിയെത്തുടര്‍ന്നുണ്ടാകുന്ന പല ശാരീരിക അസ്വസ്‌ഥതകള്‍ക്കും സങ്കീര്‍ണതകള്‍ക്കും കാരണം ശാരീരിക പ്രവര്‍ത്തനങ്ങളുടെ ഈ താളം തെറ്റലാണ്. പനിയുണ്ടാകുമ്പോള്‍ ഹൃദയസ്‌പന്ദന നിരക്കും ശ്വാസഗതിയും വര്‍ധിക്കുന്നു. താപനില ഒരു ഡിഗ്രി സെന്റീഗ്രേഡ് ഉയരുമ്പോള്‍ ഹൃദയസ്‌പന്ദന നിരക്ക് 18 മുതല്‍ 19 വരെ കൂടുന്നു. ഫലത്തില്‍ ഹൃദയത്തിന് ഇത് അധിക ജോലിഭാരം കൊടുക്കുന്നു. മലേറിയ, ന്യുമോണിയ തുടങ്ങിയ ഗുരുതര പനികളിലാണ് ഈ മാറ്റം കൂടുതലായും മനസിലാകുന്നത്. എന്നാല്‍ ടൈഫോയ്‌ഡ്, എലിപ്പനി തുടങ്ങിയ പനികളില്‍ നാഡീസ്‌പന്ദന നിരക്ക് കുറയുകയാണ് ചെയ്യുന്നത്. ശരീരത്തിന്റെ താപനില ഉയരുമ്പോള്‍ നിര്‍ജലീകരണം സംഭവിക്കാനിടയുണ്ട്. ഇതോടൊപ്പം ലവണ നിലയുടെ അസന്തുലിതാവസ്‌ഥയ്‌ക്കും സാധ്യതയുണ്ട്. പനിയുള്ളസമയത്ത് ശരീരം ക്രമാതീതമായി വിയര്‍ക്കുന്നതും പനിയോടൊപ്പം ഛര്‍ദിയും വയറിളക്കവും പോലുള്ള പ്രശ്‌നങ്ങളുണ്ടാകുന്നതും നിര്‍ജലീകരണത്തിനും ക്ഷീണത്തിനുമിടയാക്കും. തിളപ്പിച്ചാറ്റിയ വെള്ളം ധാരാളമായി കുടിക്കുകയാണ് പനിയെത്തുടര്‍ന്നുള്ള ക്ഷീണം ഒഴിവാക്കാന്‍ ഏറ്റവും നല്ല മാര്‍ഗം.
സന്ധിവേദന
പകര്‍ച്ചപ്പനികളുടെ മുഖ്യ ലക്ഷണമാണ് സന്ധിവേദന. ചിക്കുന്‍ ഗുനിയ, പാര്‍വോവൈറസുകള്‍, റൂബെല്ല, ഹെപ്പറ്റെറ്റിസ് ബി,സി, എയ്‌ഡ്സ് വൈറസുകള്‍ തുടങ്ങിയവ രോഗ ബാധിതരില്‍ പനിയോടൊപ്പം അസഹ്യമായ സന്ധിവേദനയുമുണ്ടാക്കും. ചിലരില്‍ ശരീരത്തിന്റെ പല ഭാഗങ്ങളിലായി പാടുകളും കാണപ്പെടും. വൈറസുകള്‍ പലവിധത്തില്‍ സന്ധികളുടെ ഘടനയെ ബാധിച്ച് സന്ധിവേദനയ്‌ക്ക് കാരണമാകും. സന്ധികളെ നേരിട്ട് ആക്രമിച്ച് സൈനോവിയല്‍സ്‌തരത്തിനു നീര്‍ക്കെട്ട് ഉണ്ടാക്കുന്നതാണ് ചിക്കന്‍ഗുനിയ ഉള്‍പ്പെടെയുള്ള വൈറസുകളുടെ പ്രധാന പ്രവര്‍ത്തന രീതി. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിന്റെ അമിത പ്രതികരണമാണ് ചിലയിനം വൈറല്‍ പനിയോടൊപ്പമുള്ള സന്ധിവേദനകള്‍ക്ക് കാരണം. ചില വൈറസുകള്‍ക്ക് മനുഷ്യശരീരത്തിലെ സന്ധികളുടെ ഘടനയുമായി സാമ്യമുണ്ട്. അതുകൊണ്ട് വൈറസിനെതിരായി ശരീരം പുറപ്പെടുവിക്കുന്ന ആന്റീബോഡികള്‍ ചിലപ്പോള്‍ സന്ധികളെ ബാധിച്ച് വേദനയ്‌ക്കും നീര്‍ക്കെട്ടിനും ഇടയാക്കും. ചിക്കുന്‍ ഗുനിയ വൈറസ് ബാധയില്‍ ശക്‌തമായ പനിയും പേശിവേദനകളോടുമൊപ്പം പ്രത്യക്ഷപ്പെടുന്ന സന്ധിവേദനകള്‍ പ്രധാനമായും കൈവിരലുകളിലെയും കാല്‍വിരലുകളിലെയും ചെറിയ സന്ധികളെയാണ് ബാധിക്കുന്നത്.
പനി വേഗം വിട്ടുമാറുന്നതിന് വിശ്രമം അത്യാവശ്യമാണ്. പനി ബാധിച്ച ശരീരത്തിന് വിശ്രമം നല്‍കാതിരുന്നാല്‍ പനിയുടെ കാഠിന്യം വര്‍ധിക്കുവാനും പനി ശമിക്കാനും താമസമെടുക്കും. പനി കുറയുവാനും പെട്ടെന്ന് സുഖം പ്രാപിക്കുവാനും പൂര്‍ണ വിശ്രമം സഹായിക്കും. കാറ്റും വെളിച്ചവും യഥേഷ്‌ടം ലഭിക്കുന്ന തുറസായ മുറിവേണം പനിബാധിച്ചവര്‍ തെരഞ്ഞെടുക്കാന്‍. ഇടുങ്ങിയ മുറിയില്‍ പനിബാധിച്ചവര്‍ കിടക്കുന്നത് ഒഴിവാക്കണം. വിശ്രമിക്കുമ്പോള്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി മെച്ചപ്പെടുന്നത് രോഗാണുക്കളെ ഫലപ്രദമായി ചെറുത്തു തോല്‍പ്പിക്കാന്‍ ശരീരത്തിന് കരുത്തു നല്‌കും. കുടുംബത്തില്‍തന്നെയാെണങ്കിലും പനിയില്ലാത്തവരുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കണം. പനി വ്യാപിക്കാതിരിക്കാന്‍ ഇത് സഹായിക്കും. പനിയുള്ളയാള്‍ യാത്രകള്‍ ഒഴിവാക്കണം. കൂടാതെ മറ്റ് ജോലികളില്‍നിന്നും മാറിനല്‍ക്കുകയും വേണം. വിശ്രമമില്ലാത്തവരില്‍ ബാക്‌ടീരിയല്‍ രോഗബാധയ്‌ക്ക് സാധ്യത കൂടുതലാണ്.
ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്
എളുപ്പം ദഹിക്കാന്‍ കഴിവുള്ള ആഹാര സാധനങ്ങള്‍ വേണം പനി ബാധിതര്‍ കഴിക്കാന്‍. ഇതിനായി ലളിതമായ ഭക്ഷണ രീതി സ്വീകരിക്കുക. പനിബാധയെത്തുടര്‍ന്നുണ്ടാകുന്ന നിര്‍ജലീകരണം തടയാന്‍ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. തിളപ്പിച്ചാറിയ വെള്ളം, കരിക്കിന്‍ വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത് തയാറാക്കിയ പാനീയം തുടങ്ങിയവ രോഗിക്ക് കുടിക്കാന്‍ നല്‍കണം. പനി മാറിയതിനു ശേഷം ഒന്നു രണ്ടു ആഴ്‌ചകള്‍ ഈ ശീലം തുടരുന്നത് ക്ഷീണം അകറ്റാന്‍ സഹായിക്കും. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ശരീരത്തിന് രോഗപ്രതിരോധ ശേഷി കൈവരിക്കാന്‍ സഹായിക്കും.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment