വിദ്യാഭ്യാസവും ബാങ്ക് വായ്പയും
വിദ്യാ ഭ്യാസത്തിനു ബാങ്ക് വായ്പ്പാ ഇന്ന് സാധാരണ സംഭവമാണ് .വായ്പയെടുക്കാതെ തുടര്‍വിദ്യാഭ്യാസം
നടത്തുകയെന്നത് മഹാഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്കും അസാധ്യമായ സാഹചര്യത്തില്‍
ഇതുസംബന്ധിച്ച് സമഗ്രമായ ഒരു നയരൂപവത്കരണം നടത്തുകയെന്നത് അടിയന്തരമായ
സാമൂഹികാവശ്യം തന്നെയാണിന്ന്. വിദ്യാഭ്യാസവായ്പ സംബന്ധിച്ച് കഴിഞ്ഞദിവസമുണ്ടായ
രണ്ട് തീരുമാനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല .ആദ്യത്തേത് മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കും
പലിശരഹിതവായ്പ നല്‍കാനുള്ള ബാങ്കുകളുടെ നിര്‍ദേശമാണ്. രണ്ടാമത്തേത്
വിദ്യാഭ്യാസവായ്പയുടെ പലിശ എഴുതിത്തള്ളുന്ന പദ്ധതിയില്‍ മൂന്നുലക്ഷംരൂപവരെ വാര്‍ഷികവരുമാനമുള്ള
കുടുംബങ്ങളെയും ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ ഉത്തരവാണ്. നേരത്തേ ഇത് ബി.പി.എല്‍.
കുടുംബങ്ങളിലുള്ളവര്‍ക്ക് മാത്രമുള്ള ആനുകൂല്യമായിരുന്നു. രണ്ട് തീരുമാനങ്ങളും
തുടര്‍പഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് ഗുണംചെയ്യും.
മാനേജ്മെന്റ്ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ക്കും പലിശരഹിതവായ്പ നല്‍കാനുള്ള തീരുമാനം നേരത്തേതന്നെ കേന്ദ്രസര്‍ക്കാര്‍ എടുത്തതാണെങ്കിലും ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ ഇപ്പോഴാണ് എല്ലാ ബാങ്കുകള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കുന്നത്. കഴിഞ്ഞവര്‍ഷമെടുത്ത വിദ്യാഭ്യാസവായ്പകള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. പ്രതിവര്‍ഷം നാലരലക്ഷം രൂപവരെ വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്കുമാത്രമാണ് ഈ ആനുകൂല്യം. ഇവരുടെ 10 ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്കാണ് പൂര്‍ണമായും പലിശ ഒഴിവാക്കുന്നത്. ഇതുവരെ മെറിറ്റ് സീറ്റില്‍ പ്രവേശനം നേടിയവര്‍ക്കുമാത്രമാണ് ഇത്തരം ആനുകൂല്യം ലഭിച്ചിരുന്നത്. ഉപരിപഠനത്തിന് പോകുന്നുണ്ടെങ്കില്‍ തുടര്‍കോഴ്‌സ് കാലയളവിലും വായ്പയ്ക്ക് പലിശ നല്‍കേണ്ടതില്ലെന്ന് പുതിയ ഉത്തരവിലുണ്ട്. ഉപരിപഠന കോഴ്‌സും കഴിഞ്ഞ് ഒരുവര്‍ഷത്തിനുശേഷംമാത്രമേ പലിശ ഈടാക്കുകയുള്ളൂ. പ്രൊഫഷണല്‍ കോളേജുകളില്‍ മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശനം നേടുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഗുണംചെയ്യുന്ന നടപടിയാണിത്. ഇതോടൊപ്പം 2004 ഏപ്രില്‍ ഒന്നുമുതല്‍ 2009 മാര്‍ച്ച് 31 വരെ വിദ്യാഭ്യാസവായ്പയെടുത്ത് ജോലിലഭിക്കാത്ത മൂന്നുലക്ഷംരൂപവരെ വാര്‍ഷിക വരുമാനമുള്ളവരുടെ പലിശബാധ്യതയാണ് ഇപ്പോള്‍ സര്‍ക്കാര്‍ വിദ്യാഭ്യാസവായ്പ എഴുതിത്തള്ളുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കില്‍നിന്ന്, ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അനുവദനീയമായ കോഴ്‌സ് സ്വദേശത്ത് പഠിക്കുന്നതിന് വായ്പയെടുത്തവര്‍ക്കാണ് പലിശയിളവിന് അര്‍ഹതയുള്ളത്. ആയിരങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്ന നടപടിയാണിത്.
സര്‍ക്കാര്‍ കോളേജുകളില്‍ ചുരുങ്ങിയ ഫീസില്‍ വിദ്യാഭ്യാസമെന്ന സങ്കല്പം മിക്കവാറും ഇല്ലാതായിക്കഴിഞ്ഞ കാലമാണിത്. കമ്പോളത്തില്‍ വാങ്ങാന്‍ കിട്ടുന്ന മറ്റേത് സേവനമേഖലയിലുമെന്നപോലെ വിദ്യാഭ്യാസവും ചെലവേറിയ ഒരു പദ്ധതിയായി മാറിക്കഴിഞ്ഞു. സാമാന്യം ഭേദപ്പെട്ട വരുമാനമുള്ളവര്‍ക്കുപോലും വായ്പയെടുക്കാതെ ഉന്നതവിദ്യാഭ്യാസം അപ്രാപ്യമായിക്കഴിഞ്ഞു എന്നര്‍ഥം. പലിശരഹിത വിദ്യാഭ്യാസവായ്പകളുടെ പ്രസക്തി മറ്റെന്നത്തേക്കാളും വര്‍ധിച്ചുകൊണ്ടിരിക്കയാണ്. ഇപ്പോള്‍ത്തന്നെ ഒന്നിലേറെ കുട്ടികളുള്ള കുടുംബത്തില്‍ വിദ്യാഭ്യാസവായ്പ കടക്കെണിയിലേക്ക് തുറക്കുന്ന വാതില്‍കൂടിയാണ്. കാരണം, മെച്ചപ്പെട്ട തൊഴില്‍ എന്നത് അത്രയൊന്നും ഉറപ്പില്ലാത്ത സാഹചര്യത്തില്‍ വായ്പയെടുത്ത് ഒരു വര്‍ഷത്തിലേറെ തൊഴില്‍ കിട്ടാത്തവരും തിരിച്ചടവിനുള്ള തുകയേക്കാള്‍ കുറഞ്ഞ വരുമാനംമാത്രം ലഭിക്കുന്ന പണി കിട്ടുന്നവരും കടക്കെണിയുടെ മുന്നിലാണ് പെടുന്നത്. കര്‍ഷക ആത്മഹത്യയെന്നപോലെ ഭാവിയില്‍ വിദ്യാഭ്യാസ വായ്പയെടുത്ത് കുടുംബങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ ഇടവരുത്തുന്ന സാഹചര്യം ഏതുനിലയ്ക്കും ഒഴിവാക്കുകതന്നെവേണം. പലിശരഹിത വിദ്യാഭ്യാസവായ്പ ലഭിക്കാനുള്ള വരുമാനപരിധിയും പലിശ എഴുതിത്തള്ളുന്ന വരുമാനപരിധിയും ഉയര്‍ത്തിയാല്‍ മാത്രമേ ഭാവിതലമുറ കടക്കെണിയില്‍പ്പെടില്ലെന്ന് ഉറപ്പിക്കാനാവൂ. ഓരോ വിദ്യാഭ്യാസ വര്‍ഷത്തിലും വിദ്യാഭ്യാസവായ്പതേടി ഇറങ്ങുന്ന രക്ഷിതാക്കളും ബാങ്കുകളും തമ്മിലുള്ള സംഘര്‍ഷം ഇന്ന് പതിവുകാഴ്ചയാണ്. ചട്ടങ്ങള്‍ ബാങ്കുകള്‍ക്ക് പ്രധാനമാണ്. എന്നാല്‍, ഈ ചട്ടങ്ങള്‍ വായ്പനിഷേധത്തിനുള്ള ഒഴികഴിവായി മാറാതിരിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാറിനുംകൂടിയുണ്ട്. നാം നമ്മുടെ ഭാവി ഏല്പിച്ചുകൊടുക്കേണ്ട തലമുറയാണ് വിദ്യാര്‍ഥി സമൂഹം. വിദ്യാഭ്യാസം സാമൂഹിക ഉത്തരവാദിത്വമാണെങ്കില്‍ അതിനുള്ള സാഹചര്യമുണ്ടാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാറുകള്‍ക്കുണ്ട്. ഇക്കാര്യത്തില്‍ സമഗ്രമായ നയം ഉണ്ടാക്കേണ്ടത് ആവശ്യമാണ്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment