|
പാരതന്ത്ര്യം
മരണത്തെക്കാള്‍ ഭയാനകം
ഇന്ത്യ 67 മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. പാരതന്ത്ര്യത്തെ മരണത്തെക്കാള്‍ ഭയാനകമായി കാണുന്ന ഏതൊരു
ജനതയ്ക്കും അഭിമാനകരമായ ആഘോഷ സുദിനമാണത്. കോളനി വാഴ്ചയ്‌ക്കെതിരെ
സമാനതകളില്ലാത്ത ത്യാഗോജ്ജ്വലവും ധീരോദാത്തവുമായ പോരാട്ടത്തിന്റെ ചരിത്രമുള്ള
ഒരു ജനതയ്ക്ക് അഭിമാനത്തോടെയും ആഹ്ലാദത്തോടെയുമെ അത്തരമൊരു ദിനം
ആഘോഷിക്കാനാവൂ.
ഒരു നൂറ്റാണ്ടിലേറെ നീണ്ടുനിന്ന രക്തരൂക്ഷിതമായ
പോരാട്ടത്തിലൂടെയാണ് ഇന്ത്യന്‍ ജനത ബ്രിട്ടീഷ് കോളനി വാഴ്ചയ്‌ക്കെതിരായ നിര്‍ണായക
വിജയം കൈവരിച്ചത്. ആയിരക്കണക്കിന് ധീരദേശാഭിമാനികളാണ് സ്വാതന്ത്ര്യ സമരത്തില്‍
തങ്ങളുടെ ജീവന്‍ ബലിയര്‍പ്പിച്ചത്. സമാനതകളില്ലാത്ത ത്യാഗത്തിന്റെയും വര്‍ണനാതീതമായ
പീഢാനുഭവങ്ങളുടെയും ഇതിഹാസമാണ് തലമുറകള്‍ തങ്ങളുടെ ജീവിതം കൊണ്ട് രചിച്ചത്. ആ
സ്വാതന്ത്ര്യം ഓരോ ഇന്ത്യക്കാരനും വരാനിരിക്കുന്ന തലമുറകള്‍ക്കും വിലമതിക്കാനാവാത്ത ഒസ്യത്താണ്.
ഓരോ സ്വാതന്ത്ര്യ ദിനവും ആ അമൂല്യ
ഒസ്യത്തിനെ സ്വന്തം ആത്മാവോട് ചേര്‍ത്ത് വിലയിരുത്താനും അതിനെ എക്കാലത്തേക്കും
പരിരക്ഷിക്കാന്‍ പ്രതിജ്ഞ പുതുക്കാനുമുള്ള നിര്‍ണായക വേളകളാണ്. ഭാരതത്തിന്റെ അഭിമാനകരമായ നേട്ടങ്ങളില്‍
ആഹ്ലാദഭരിതരാവുമ്പോഴും ആറര പതിറ്റാണ്ട് പിന്നിട്ടിട്ടും സ്വാതന്ത്ര്യത്തിന്റെ
വെള്ളിവെളിച്ചം നിഷേധിക്കപ്പെട്ട ജനവിഭാഗത്തെ കുറിച്ചു ചിന്തിക്കാനും നമുക്ക് കഴിയണം .
സ്വാതന്ത്ര്യത്തിന്റെ ബലിപീഠത്തില്‍ സ്വയം സമര്‍പ്പിച്ച
വിപ്ലവകാരികളും രക്തസാക്ഷികളും തങ്ങളുടെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച ഒരു സ്വപ്‌നമുണ്ടായിരുന്നു.
അത് കേവലം വിദേശാധിപത്യത്തില്‍ നിന്നുള്ള മോചനം മാത്രമായിരുന്നില്ല. സമ്പൂർണ്ണസ്വാതന്ത്ര്യമായിരുന്നു . ലോകത്ത്
ഏറ്റവും അധികം ശിശുമരണവും വിളര്‍ച്ച ബാധിതരായ അമ്മമാരുമുള്ള രാജ്യങ്ങളില്‍
ഒന്നായി ഇന്ത്യ തുടരുന്നു. ജനസംഖ്യയില്‍ മഹാഭൂരിപക്ഷവും രണ്ടുനേരത്തെ
ഭക്ഷണത്തിനായി ഉഴലുന്നു. രോഗപീഡകള്‍ക്കും ഭവനരാഹിത്യത്തിനും ഇനിയും പരിഹാരം
കാണാന്‍ നമുക്കായിട്ടില്ല. മറുവശത്താകട്ടെ
ഇന്ത്യയിലെ സമ്പന്നവര്‍ഗം ലോകത്തെ
തങ്ങളുടെ വര്‍ഗ സൗഭ്രാതൃത്വത്തെ തന്നെ അമ്പരപ്പിക്കുന്ന വളര്‍ച്ചാ നിരക്ക്
കൈവരിച്ചിരിക്കുന്നു. രാഷ്ട്രാതിര്‍ത്തികളെ ഉല്ലംഘിച്ച് ആഗോള മൂലധന ശക്തികളുടെ
അനിഷേധ്യവും അവിഭാജ്യവുമായ ഘടകങ്ങളായി അവര്‍ മാറിയിരിക്കുന്നു.
സ്വാതന്ത്ര്യസമരത്തിന്റെ പൈതൃക കുത്തക അവകാശപ്പെടുന്ന അധികാരിവര്‍ഗം
സ്വാതന്ത്ര്യ സമരത്തിന്റെ മൂല്യങ്ങള്‍ അപ്പാടെ കാറ്റില്‍ പറത്തി അധീശശക്തികളുടെ
പിണിയാളുകളായി മാറിയിരിക്കുന്നു. സ്വാതന്ത്ര്യം ചൂഷണത്തില്‍ നിന്നുള്ള
മോചനമാണെങ്കില്‍ സ്വതന്ത്ര ഇന്ത്യയുടെ ഭരണാധികാരിവര്‍ഗം ആ ചൂഷക പരിഷകളുടെ
കാവലാളുകളായി നില ഉറപ്പിച്ചിരിക്കുന്നു.
പട്ടിണിയുടെയും രോഗപീഢയുടെയും
ഭവനരാഹിത്യത്തിന്റെയും നിരക്ഷരതയുടെയും ഉച്ചനീചത്വങ്ങളുടെയും
ലിംഗവിവേചനത്തിന്റെയും ചങ്ങലക്കെട്ടുകളില്‍ നിന്ന് ഇന്ത്യന്‍ ജനതയുടെ
വിമോചനത്തിന് ഇനിയും എത്ര നാള്‍ കാത്തിരിക്കേണ്ടിവരും? ഈ
സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ഉയര്‍ത്തുന്ന ചിന്തകളില്‍ ചിലതുമാത്രമാണിവ.. സ്വാതന്ത്ര്യത്തെ
സംരക്ഷിക്കാന്‍ അതിന്റെ സദ്ഫലങ്ങള്‍ ജനങ്ങളിൽ എത്തിക്കാൻ കഴിയുന്ന ഒരു കാലം ഇനി എന്നാണ് ഉണ്ടാവുക ?
പ്രൊഫ്. ജോണ്‍ കുരാക്കാർ
|
No comments:
Post a Comment