വികസനം ഒച്ചിന്റെ വേഗത്തിൽ മാത്രം
ആധുനിക അറവുശാലകൾ, വൈദ്യുത ശ്മശാനങ്ങൾ എന്നിവയുടെ അഭാവം നഗരങ്ങളിൽ മാത്രമല്ല ഗ്രാമങ്ങളിലും വലിയ പ്രശ്നംതന്നെയാണ്. പൊതുശ്മശാനങ്ങളില്ലാത്ത പ്രദേശങ്ങളിൽ പാവപ്പെട്ട വീട്ടുകാർ കൂരയുടെ ഒരു ഭാഗം പൊളിച്ചുനീക്കി മൃതദേഹം അടക്കം ചെയ്യേണ്ടിവന്ന എത്രയോ ദാരുണമായ അനുഭവങ്ങൾ ഇവിടെ ഉണ്ടാകുന്നു. സർക്കാരും തദ്ദേശസ്ഥാപനങ്ങളും മനസുവച്ചാൽ നിഷ്പ്രയാസം പരിഹരിക്കാവുന്നതല്ലേ ഈ പ്രശ്നം. തദ്ദേശസ്ഥാപനങ്ങൾക്ക് ഇടയ്ക്കെല്ലാം സർക്കുലർ അയച്ച് കൃതകൃത്യത അടയുകയല്ലേ സർക്കാരും ചെയ്യുന്നത്. ആധുനിക അറവുശാലകളെക്കുറിച്ച് പറയുമ്പോൾ തലസ്ഥാന നഗരിയെത്തന്നെ അതിനും ഉദാഹരണമായെടുക്കാവുന്നതാണ്. നഗരസഭയുടെ അറവുശാലതന്നെ പൂട്ടിയിട്ട് മാസങ്ങളായി. കശാപ്പു ചെയ്യപ്പെടുന്ന നാൽക്കാലികളുടെ അവശിഷ്ടങ്ങൾ സംസ്കരിക്കാൻ ഇടമില്ലാതായപ്പോൾ അറവുശാല തന്നെ അടച്ചിടുക എന്ന എളുപ്പവഴി തേടുകയായിരുന്നു നഗരസഭ. നഗരത്തിൽ ഇപ്പോൾ നിത്യേന വിൽക്കപ്പെടുന്ന ടൺകണക്കിന് മാംസം അനധികൃത അറവുശാലകളിൽനിന്ന് എത്തുന്നതാണ്. ആധുനിക അറവുശാലകളും ശ്മശാനങ്ങളും സംസ്ഥാനമൊട്ടാകെ സ്ഥാപിക്കാൻ കേന്ദ്ര സഹായം തേടുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത്ര വലിയ മുതൽമുടക്ക് കൂടാതെ അതാതിടത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണിതെല്ലാം. റോഡുനീളെ ഷോപ്പിംഗ് കോംപ്ളക്സ് നിർമ്മിക്കുന്നതിൽ കാണുന്ന അത്യുത്സാഹം ഈ വിഷയത്തിൽ കാണാറില്ല.നഗരവികസനം ലക്ഷ്യമാക്കി ആരംഭിക്കുന്ന ഒരു പദ്ധതിയും നിശ്ചിത സമയത്തിനകം പൂർത്തീകരിക്കുന്നില്ലെന്നതാണ് സംസ്ഥാനം നേരിടുന്ന വലിയ വെല്ലുവിളി. ഒരുവർഷംകൊണ്ടു തീരേണ്ട പദ്ധതി ഒൻപതുവർഷം നീണ്ടുപോകുന്നത് ഖജനാവിന് ഭാരമാകുമെന്നതിനുപുറമെ പദ്ധതിയുടെ ലക്ഷ്യം തന്നെ അട്ടിമറിക്കുന്നതിന് തുല്യമാണ്. ഇതിനും ഏറ്റവും നല്ല ദൃഷ്ടാന്തം തലസ്ഥാനത്തെ റോഡ് വികസന പദ്ധതിയാണ്. 42 കിലോമീറ്റർ മാത്രം വരുന്ന നഗരറോഡുകളുടെ വികസനജോലികൾ പത്തുവർഷമായിട്ടും തീർന്നിട്ടില്ല. എന്നു തീരുമെന്നു പറയാൻ ആർക്കും കഴിയുന്നുമില്ല. മറ്റു പലതിലുമെന്നപോലെ ഇവിടെയും പ്രധാന പ്രശ്നം പണമല്ല, ഇച്ഛാശക്തിയുടെ അഭാവം തന്നെയാണ്. അതാകട്ടെ പ്രസംഗങ്ങളിലൂടെയും ഉദ്ബോധനങ്ങളിലൂടെയും വീണുകിട്ടുന്നതുമല്ല.
പ്രൊഫ്. ജോണ് കുരാക്കാർ
No comments:
Post a Comment