Pages

Wednesday, August 7, 2013

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പല ഭാഗത്തും ചോര്‍ച്ച

മുല്ലപ്പെരിയാര് അണക്കെട്ടിന്റെ പല ഭാഗത്തും ചോര്ച്ച

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയിലേക്ക് ഉയര്‍ന്നതോടെ അണക്കെട്ടിന്റെ മുഖഭാഗത്ത് പലയിടത്തും നേരിയ ചോര്‍ച്ച കണ്ടെത്തി. അണക്കെട്ടിന്റെ 17-18 ബ്ലോക്ക് ജോയിന്റുകള്‍ക്കിടിയിലൂടെയാണ് വെള്ളം ഒലിച്ചിറങ്ങുന്നത്. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച അണക്കെട്ടിലെത്തില്‍ നടത്തിയ പരിശോധനയിലാണ് ചോര്‍ച്ച ശ്രദ്ധയില്‍പെട്ടത്. ചൊവ്വാഴ്ച അണക്കെട്ട് സന്ദര്‍ശിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ കേരള പൊലീസ് തടഞ്ഞു. ചൊവ്വാഴ്ച രാവിലെ ആറിന് 134.1 അടിയായിരുന്ന ജലനിരപ്പ് ഉച്ചയോടെ 134.5 അടിയിലേക്ക് ഉയര്‍ന്നു. വൈകിട്ടോടെ 135 അടിയിലെത്തി.വൃഷ്ടിപ്രദേശങ്ങളായ തേക്കടി വനമേഖലയില്‍ മഴ തുടരുകയാണ്. ശക്തമായ മഴ തുടര്‍ന്നാല്‍ ബുധനാഴ്ചയോടെ 136 അടിയിലെത്തും. ചൊവ്വാഴ്ച രാവിലെ ആറ് മണിവരെയുള്ള 24 മണിക്കൂറിനുള്ളില്‍ അണക്കെട്ട് പ്രദേശത്ത് 31 മി. മീറ്ററും തേക്കടിയില്‍ 24.6 മി.മീറ്റര്‍ മഴ പെയ്തു. പരമാവധി വെള്ളം എടുത്ത് അപകട സാഹചര്യം ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് തമിഴ്നാട് കൂടുതല്‍ വെള്ളം എടുത്തു തുടങ്ങി. ശനിയാഴ്ചവരെ 1770 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോയിരുന്നത്. ഞായറാഴ്ച 1852 ആക്കി. അണക്കെട്ടിന്റെ വിവിധ ബ്ലോക്കുകളില്‍ നേരത്തെയുണ്ടായിരുന്ന ചോര്‍ച്ചകളിലൂടെ വെള്ളം പുറത്തേക്കൊഴുകുന്നുണ്ട്. പൈപ്പിങ് പ്രതിഭാസം മൂലമാണ് ജലം ഒലിച്ചിറങ്ങുന്നതെന്ന അനുമാനത്തിലാണ് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍.

ബേബിഡാമിന്റെ ഏതാനും മീറ്റര്‍ താഴെയുള്ള ഉറവയില്‍ നിന്നുള്ള നീരൊഴുക്കും കൂടി. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം അണക്കെട്ടിന്റെ ബലപരിശോധനക്ക് നിര്‍മിച്ച കുഴികളില്‍ തമിഴ്നാട് യന്ത്രസഹായത്തോടെ സിമന്റ് നിറച്ചിരുന്നു. ആയിരം ചാക്ക് സിമന്റാണ് ഉപയോഗിച്ചത്. ഇതോടെ ചോര്‍ച്ച മാറുമെന്നാണ് തമിഴ്നാട് കരുതിയത്. എന്നാല്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പഴയ സ്ഥിതിയായി. ചൊവ്വാഴ്ച ജലവിഭവ വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കൊപ്പം അണക്കെട്ട് സന്ദര്‍ശിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ കട്ടപ്പന ഡിവൈഎസ്പി എം എന്‍ രമേശന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസ് തടഞ്ഞു. അണക്കെട്ടിന്റെ ആകെയുള്ള 13 സ്പില്‍വേകളില്‍ ആദ്യത്തെ സ്പില്‍വേയുടെ ചുവട്ടില്‍ വെള്ളം എത്തിയിട്ടുണ്ട്. ഒരടി കൂടിയായാല്‍ ഇടുക്കിയിലേക്ക് നീരൊഴുക്ക് ആരംഭിക്കും. ഇതിന് മുമ്പ് 2011ലാണ് മുല്ലപ്പെരിയാര്‍ നിറഞ്ഞ് ഇടുക്കിയിലേക്ക് വെള്ളം ഒഴുകിയത്.

                                     പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: