ക്ഷമയുടെ നെല്ലിപ്പലക തകരുമ്പോള്‍ അറിയാതെ പ്രതികരിച്ചു പോകുന്ന ഒരു സാധാരണ പൗരന്റെ മനസിന്റെ തേങ്ങലുകൾ
ഈ നാടകക്കാര്ക്കിടയില്
നമ്മള് എങ്ങനെ ജീവിക്കും.?
ബിജു വര്ഗീസ്
എങ്ങിനെയും മുഖ്യമന്ത്രിയെ താഴെയിറക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ അജന്‍ഡ. മുഖ്യമന്ത്രിയാവട്ടെ എന്തുവന്നാലും രാജിവയ്‌ക്കില്ല എന്ന വാശിയിലും. താന്‍ അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് ജനങ്ങള്‍ക്കു വേണ്ടിയാണെന്ന് പുതുപ്പള്ളി പള്ളിയില്‍ തൊട്ട് ആണയിടാന്‍ മുഖ്യമന്ത്രിക്ക് കഴിയുമോ?
ലോണെടുത്തും ആയുഷ്‌കാല സമ്പാദ്യം ഉപയോഗിച്ചും സാധാരണക്കാര്‍ ഒരു വാഹനം വാങ്ങുമ്പോള്‍ 40,000 രൂപയാണ് റോഡ് ടാക്‌സ് ഇനത്തില്‍ സര്‍ക്കാര്‍ ഈടാക്കുന്നത്. എന്നിട്ടും കുണ്ടും കുഴിയും ഇല്ലാത്ത റോഡ് നിര്‍മിക്കാനോ നിലനിര്‍ത്താനോ ഭരണാധികാരികള്‍ക്ക് കഴിയുന്നില്ല. എത്രയെത്ര വാഹനാപകടങ്ങളാണ് നിത്യേന കേരളത്തില്‍ സംഭവിക്കുന്നത്.വിലക്കയറ്റം എല്ലാ പരിധികളും ലംഘിച്ചു കഴിഞ്ഞു. പച്ചക്കറിയുടെ വില തുടങ്ങുന്നത് 60 രൂപയിലാണ്. തമിഴ്‌നാട്ടില്‍ 10 രൂപയ്‌ക്ക് തക്കാളി വില്‍ക്കുമ്പോള്‍ ഇവിടെ 65 രൂപ ഈടാക്കിയിരുന്നു. ഇഞ്ചി കിലോ 200 രൂപയില്‍നിന്ന് മുകളിലേക്ക് കയറാന്‍ ഒരുങ്ങുന്നു. ഉള്ളിക്കും സവാളയ്‌ക്കും മറ്റു പലചരക്കുകള്‍ക്കും വില കുതിച്ച് കയറുന്നു. വിപണിയില്‍ ഇടപെട്ട് വില നിയന്ത്രിക്കാനോ കൃത്രിമ വിലക്കയറ്റം സൃഷ്‌ടിക്കുന്ന മൊത്തക്കച്ചവടക്കാര്‍ക്ക് മൂക്കുകയറിടാനോ ഭരണാധികാരികള്‍ക്ക് നേരമില്ല.
കൊടുംവരള്‍ച്ചയിലും കാലവര്‍ഷക്കെടുതിയിലും ദുരിതത്തിലായ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ആരും ശ്രദ്ധിക്കുന്നില്ല. ഭക്ഷ്യസാധനങ്ങള്‍ക്ക് പൂര്‍ണമായും ഇതര സംസ്‌ഥാനങ്ങളെആശ്രയിക്കേണ്ട അവസ്‌ഥയിലാണ് കേരളം. ഇത്രയൊക്കെയായിട്ടും ഭരണകൂടവും പ്രതിപക്ഷവും ഒന്നും കണ്ടില്ലെന്നു നടിക്കുന്നു.
ഇനി സര്‍ക്കാര്‍ ചെയ്‌ത സഹായങ്ങള്‍ നോക്കാം. സാധാരണക്കാരന് അല്‍പ്പം ആശ്വാസമായിരുന്ന അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യവിഭവങ്ങളുടെ വില കുത്തനെ കൂട്ടി. സപ്‌ളൈകോയും പൊതുവിപണിയും തമ്മിലുളള അന്തരം കുറച്ചു. അരിക്ക് പകരം കോഴിമുട്ട തിന്നാന്‍ പറഞ്ഞ മുന്‍മന്ത്രി സി. ദിവാകരന്‍ അറിയുന്നുവോ മുട്ടവിലയും അരിയോട് അടുക്കുന്നുവെന്ന്. പിന്നാലെ വെള്ളക്കരവും വൈദ്യുതി ചാര്‍ജും കൂട്ടി. വൈദ്യുതി സബ്‌സിഡി എടുത്തു കളയുമെന്നാണ് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറയുന്നത്. തമിഴ്‌നാട് ഇരട്ടി വെളളം കൊണ്ടു പോയിട്ടും ഡാമുകള്‍ നിറഞ്ഞു കവിഞ്ഞിട്ടും വൈദ്യുതി ചാര്‍ജ് കൂട്ടാന്‍ ഒരുങ്ങുകയാണ്. കെട്ടിടനികുതിയും ഭീമമായി വര്‍ധിപ്പിച്ചു.
ജനജീവിതം ദിനംപ്രതി ദുരിതപൂര്‍ണമാവുമ്പോഴും നേതാക്കള്‍ കാണിക്കുന്ന ആത്മവഞ്ചനയാണ് ഏറ്റവും ദുസഹം. കെ.എം. മാണിയെപ്പോലെ പരിണത പ്രജ്‌ഞനായ നേതാവു പോലും കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാനാണു ശ്രമിക്കുന്നത്. സമ്മര്‍ദതന്ത്രത്തിലൂടെ ഒന്നുകില്‍ മകന് കേന്ദ്രമന്ത്രിസ്‌ഥാനം, ഒപ്പം ഇടുക്കി പാര്‍ലമെന്റ് സീറ്റും ലഭിക്കണം. ഒത്താല്‍ എല്‍.ഡി.എഫിന്റെ കാരുണ്യ പദ്ധതി വഴി ലഭിച്ചേക്കാവുന്ന മുഖ്യമന്ത്രി പദത്തിലും നോട്ടമില്ലാതില്ല. മുസ്ലിംലീഗിനാവട്ടെ നിര്‍ധനരായ മുസ്ലിങ്ങളുടെ പട്ടിണിയിലോ ജീവല്‍പ്രശ്‌നങ്ങളിലോ അല്ല ആശങ്ക. വയനാട് പാര്‍ലമെന്റ് സീറ്റും കേന്ദ്രത്തില്‍ കാബിനറ്റ് പദവിയും, ഉപമുഖ്യമന്ത്രിപദം എന്ന ബോണസ് കിട്ടുമെങ്കില്‍ അതും പോരട്ടെ എന്നാണ് നിലപാട്.ഗണേഷ്‌കുമാറിനെ മന്ത്രിസ്‌ഥാനത്തു നിന്നിറക്കാന്‍ പതിനെട്ടടവും പയറ്റിയ ആര്‍. ബാലകൃഷ്‌ണപിള്ള ഇപ്പോള്‍ മകന്റെ മന്ത്രിസ്‌ഥാനം തിരിച്ചുപിടിക്കാന്‍ നോയമ്പ് നോല്‍ക്കുകയാണ്. അതിന് അദ്ദേഹം പറയുന്ന കാരണം ഗണേഷ് പാര്‍ട്ടിക്ക് വിധേയനായി എന്നാണ്. എന്താണ് ഈ വിധേയത്വം?
ഇനി രമേശ് ചെന്നിത്തലയുടെ കാര്യം നോക്കാം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്‌ഥാനത്ത് പാര്‍ട്ടിയെ നയിക്കേണ്ട പാര്‍ട്ടി അധ്യക്ഷന്‍ സ്‌ഥാനാര്‍ഥിത്വം വേണ്ടെന്നു പറയാനുള്ള മഹാമനസ്‌കത കാണിച്ചില്ല. മാത്രമല്ല ഉമ്മന്‍ചാണ്ടിയുടെ എതിര്‍പ്പുകള്‍ മറികടന്ന് അതിനു വേണ്ടി രഹസ്യശ്രമങ്ങള്‍ നടത്തുകയും ചെയ്‌തു. ജയിച്ചു കയറിയപ്പോള്‍ വിചാരിച്ചതു പോലെ മുഖ്യന്‍, ഉപമുഖ്യന്‍ സ്‌ഥാനമോ ആഭ്യന്തരമോ ലഭിച്ചില്ല. ആ കൊതിക്കെറുവില്‍ മന്ത്രിസ്‌ഥാനമോഹമില്ലെന്ന പല്ലവിപാടി നിയമസഭയുടെ മൂലക്കിരുന്നു. ഏറെനാള്‍ കഴിയും മുന്‍പേ അദ്ദേഹം ഒരു കേരളയാത്ര നടത്തി. എന്തായിരുന്നു ലക്ഷ്യം? യാത്ര തലസ്‌ഥാനത്ത് എത്തുമ്പോള്‍ സംഭവിച്ചേക്കാവുന്ന നേതൃമാറ്റം. ഉമ്മന്‍ചാണ്ടി അതും വെട്ടി നിരത്തി. വിവാദങ്ങളും അവകാശവാദങ്ങളും തുടര്‍ന്നു. ഈ കസേരക്കളിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഉമ്മന്‍ചാണ്ടി അടക്കം എത്ര തവണ ഡല്‍ഹിക്കു പറന്നു. ഇതിനായി നികുതിപ്പണം ധൂര്‍ത്തടിച്ചു കളയുന്നതില്‍ എന്ത് ധാര്‍മ്മികതയാണുളളത്?ആവശ്യത്തിനും അനാവശ്യത്തിനും
പ്രൊഫ് . ജോണ്‍ കുരാക്കാർ
No comments:
Post a Comment