Pages

Saturday, August 10, 2013

ഉപരോധ സമരം സമാധാനപരമാകണം

എല്‍ഡിഎഫ് നടത്തുന്ന ഉപരോധ സമരം

സമാധാനപരമാകണം 

തിങ്കളാഴ്ച,ഓഗസ്റ്റ്‌  12  ന്  എല്‍ഡിഎഫ് നടത്തുന്ന ഉപരോധ സമരം സമാധാനപരമാണെങ്കില്‍ പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനാധിപത്യം നിലനില്‍ക്കുന്നിടത്ത് അത് ജനങ്ങളുടെ അവകാശമാണ്. എന്നാല്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറയുന്നത് സെക്രട്ടേറിയറ്റില്‍ ആരെയും കയറാന്‍ സമ്മതിക്കില്ല എന്നാണ്. അങ്ങനെയാണെങ്കില്‍ സര്‍ക്കാരിന് അതിനെതിരെ നടപടി എടുക്കേണ്ടി വരും. ബലം പ്രയോഗിച്ച് സര്‍ക്കാരുദ്യോഗസ്ഥരെ തടഞ്ഞാല്‍ അത് സര്‍ക്കാര്‍ വെറുതെ നോക്കിനില്‍ക്കില്ല. 

കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത് സഹനസമരമാണ് നടത്തുന്നതെന്നും അത് സമാധാനപരമായിരിക്കുമെന്നുമാണ്. അപ്പോള്‍ വൈക്കം വിശ്വന്‍ പറഞ്ഞതാണോ കോടിയേരി പറഞ്ഞതാണോ ശരി. ഇക്കാര്യം എല്‍ഡിഎഫ് വ്യക്തമാക്കണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തെ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ കണ്ടത്. എല്‍ഡിഎഫിന്റെ സെക്രട്ടറിയറ്റ് ഉപരോധം നേരിടാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളത്തിലൊരുക്കുന്നത് ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഉള്ളതിനേക്കാള്‍ പട്ടാളസന്നാഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ . സര്‍ക്കാര്‍ ശ്രമിക്കുന്നത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ്. ഇടതുപ്രവര്‍ത്തകര്‍ ഭീകരരല്ല. ഭീകരരാണെന്ന് ചിത്രീകരിക്കാനാണ് ശ്രമം. സഹിഷ്ണുതയുടെ എല്ലാ അതിര്‍ത്തിയും സര്‍ക്കാര്‍ ലംഘിക്കുകയാണെന്ന്, തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിണറായി പറഞ്ഞു. സോളാര്‍ വിവാദത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ശ്രമിക്കുന്നത്. അതൊന്നും വിലപ്പോവില്ല. സൈന്യത്തെയിറക്കി സമരം പൊളിക്കാമെന്ന് ആരും വിചാരിക്കണ്ട. പ്രക്ഷോഭം തികച്ചും സമാധാനപരമായിരിക്കും - പിണറായി പറഞ്ഞു. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സമനില നഷ്ടപ്പെട്ടിരിക്കുന്നു. സമനില നഷ്ടപ്പെട്ട അദ്ദേഹത്തിന് ചികിത്സയാണ് ആവശ്യം. സെക്രട്ടേറിയറ്റ് പടിക്കലെ ഉപരോധത്തെ ബാബ്‌റി മസ്ജിദ് പൊളിച്ച സംഭവവുമായി തിരുവഞ്ചൂര്‍ താരതമ്യപ്പെടുത്തുന്നത് അതുകൊണ്ടാണെന്ന് പിണറായി പറഞ്ഞു.ബാബറി മസ്ജിദ് പൊളിച്ച സംഭവമുണ്ടായപ്പോള്‍ വേണ്ടത്ര സുരക്ഷാനടപടി കൈക്കൊണ്ടില്ലെന്ന് ആക്ഷേപമുണ്ടായില്ലേ, അതുകൊണ്ടാണ് കേന്ദ്രസേനയേയും കമാന്‍ഡോകളെയും ഇവിടെ ഇറക്കുന്നതെന്ന് തിരുവഞ്ചൂര്‍ പറയുന്നു. ഇങ്ങനെയൊക്കെ സംസാരിക്കുന്ന ഒരാളെ മന്ത്രിയായി നമുക്കെങ്ങനെ കാണാന്‍ കഴിയും -സിപിഎം സംസ്ഥാന സെക്രട്ടറി ചോദിച്ചു. സെക്രട്ടേറിയറ്റിന് മുമ്പിലെത്തി അവിടെ കുത്തിയിരുന്ന് പ്രക്ഷോഭം നടത്തും. ദീര്‍ഘനാള്‍ സമരം നടത്തേണ്ടി വന്നാല്‍ അവിടെ കിടന്നും സമരം നടത്തുമെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

                                പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: