സമാധാനശ്രമങ്ങൾ
പാകിസ്താൻ തകിടം മറിച്ചു
കാശ്‌മീരിലെ പൂഞ്ച് മേഖലയില്‍ നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാക് സൈനികര്‍ ചൊവ്വാഴ്‌ച ,ഓഗസ്റ്റ് ആറിനു ,പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ ഭടന്മാരാണ് കൊല്ലപ്പെട്ടത്. ഒരു സൈനികന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്‌തു. പത്തുവര്‍ഷം മുമ്പ് ഇന്ത്യയും പാകിസ്‌താനും തമ്മില്‍ ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിനുശേഷം നടന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നുകൂടിയാണ് ചൊവ്വാഴ്‌ച നടന്നത്. യഥാര്‍ഥ അതിര്‍ത്തിയില്‍നിന്ന് 400 മീറ്റര്‍ ഉള്ളിലേക്ക് നുഴഞ്ഞുകയറിവന്ന് ഇരുപതോളം പേരടങ്ങുന്ന പാക് സൈനികസംഘം നടത്തിയ ഈ ആക്രമണം പ്രതിരോധവൃത്തങ്ങളില്‍ കടുത്ത ആശങ്കയാണുണ്ടാക്കിയിരിക്കുന്നത്.
പാക് സൈനിക വിഭാഗമായ 'ബോര്‍ഡര്‍ ആക്ഷന്‍ ടീമി'ന്റെ വേഷം ധരിച്ചെത്തിയ ഇരുപതോളംപേരാണ് ആക്രമണം നടത്തിയതെന്നാണ് ഇന്ത്യന്‍ സൈനിക വക്‌താവ് അറിയിച്ചത്. ഇന്ത്യയുടെ ഭാഗത്തുനിന്നു പ്രകോപനപരമായ യാതൊരു നീക്കവും ഇല്ലാതെതന്നെ പാകിസ്‌താന്‍ നടത്തുന്ന ഈ അതിക്രമം പൊറുക്കാനാവുന്നതല്ല. ഏറ്റവും ആധുനിക സൂക്ഷ്‌മനിരീക്ഷണ സംവിധാനങ്ങളുള്ളതും തന്ത്രപ്രധാനവുമായ അതിര്‍ത്തിയില്‍നിന്ന് 400 മീറ്ററോളം ഉള്ളിലേക്കു കടന്നുവന്ന് ആക്രമണം നടത്തണമെങ്കില്‍ അത് പാക് സൈന്യം അറിഞ്ഞുകൊണ്ടുതന്നെയാണെന്നതില്‍ യാതൊരു സംശയവും വേണ്ട.
കഴിഞ്ഞ ജനുവരിയില്‍ നിയന്ത്രണരേഖയില്‍ രണ്ട് ഇന്ത്യന്‍ സൈനികരുടെ തലയറുത്ത് നീചവും പൈശാചികവുമായ പ്രവൃത്തി ചെയ്‌തപ്പോഴും പാക് സൈനികരല്ല തീവ്രവാദികളാണ് അത് ചെയ്‌തതെന്നായിരുന്നു പാകിസ്‌താന്റെ വാദം. ഇത്തവണയും അവര്‍ ആ പല്ലവിതന്നെ ആവര്‍ത്തിക്കുകയാണ്. നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചിട്ടില്ലെന്നാണ് അവരുടെ അവകാശവാദം. എന്നാല്‍ പാകിസ്‌താനിലും പാക് അധിനിവേശ കാശ്‌മീരിലുമായി 42 ഭീകരവാദ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇന്ത്യാ ഗവണ്‍മെന്റ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ 270 ഭീകരരാണ് നിയന്ത്രണരേഖ കടന്ന് ജമ്മു കാശ്‌മീരില്‍ എത്തിയിട്ടുള്ളത്. 2010-12 കാലഘട്ടത്തില്‍
1000 നുഴഞ്ഞുകയറ്റശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തരസഹമന്ത്രി ആര്‍.പി.എന്‍. സിംഗ് പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയത്. ഇതില്‍ 160 ഭീകരരെ സുരക്ഷാസേന വധിച്ചു. സേനയുടെ ഇടപെടലിനെ തുടര്‍ന്ന് 570 ഭീകരര്‍ തിരിച്ചുപോയി. പാകിസ്‌താന്‍ സൈന്യത്തിന്റെയോ അവിടത്തെ ഭീകരപ്രവര്‍ത്തകരുടെയോ ഭാഗത്തുനിന്ന് നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇത്തരം പ്രകോപന പ്രവര്‍ത്തനങ്ങള്‍ വെളിവാക്കുന്നത് ഇന്ത്യയും പാകിസ്‌താനും തമ്മിലൊരു സൗഹൃദം സൈന്യവും തീവ്രവാദികളും ഇഷ്‌ടപ്പെടുന്നില്ല എന്നതാണ്.
പാക് പ്രധാനമന്ത്രിയായി നവാസ് ഷെരീഫ് അധികാരമേറ്റശേഷം ഇന്ത്യ-പാക് ബന്ധം കൂടുതല്‍ സൗഹൃദപരമാകുമെന്ന ധാരണപരന്നിരുന്നു. അതിനുള്ള ശ്രമങ്ങളും നടന്നുവരികയായിരുന്നു. ഓഗസ്‌റ്റ് ഒടുവില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സംഭാഷണങ്ങള്‍ പുനരാരംഭിക്കാനിരിക്കെയാണ് ന്യായീകരിക്കാനാവാത്ത രീതിയില്‍ പൂഞ്ചിലെ ആക്രമണം അരങ്ങേറിയത്. അടുത്തമാസം യു.എന്‍. പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ച് ന്യൂയോര്‍ക്കില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും കൂടിക്കാഴ്‌ച നടത്താനും തീരുമാനിച്ചിരുന്നു. പക്ഷേ, ഇതൊക്കെ വേണോ എന്ന് പുനരാലോചിക്കേണ്ട സ്‌ഥിതിയിലേക്ക് ഇന്ത്യയെ എത്തിച്ചിരിക്കുകയാണ് പാക് നടപടി. സമാധാനശ്രമങ്ങളുടെ കടയ്‌ക്കല്‍ കത്തിവയ്‌ക്കുന്ന ചെയ്‌തിയാണ് പാക് സൈന്യം നടത്തിയത്.
ജമ്മു കാശ്‌മീര്‍ അതിര്‍ത്തിയില്‍ ഇക്കൊല്ലം 57 പ്രാവശ്യമാണ് പാകിസ്‌താന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ചൈനയുടെ ഭാഗത്തുനിന്നും പ്രകോപനപരമായ സമീപനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ മേഖലയിലേക്ക് കടന്നുകയറിക്കൊണ്ട് അവര്‍ നടത്തുന്ന ചില നീക്കങ്ങള്‍ തികച്ചും സമാധാനലംഘനവും പ്രകോപനപരവുമാണ്. ഇത്തരം നീക്കങ്ങള്‍ക്കെതിരേ രാഷ്‌ട്രീയ ചേരിതിരിവുകളൊന്നുമില്ലാതെ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും ജനങ്ങളും ഒറ്റക്കെട്ടായിനിന്ന് നമ്മുടെ സൈനികരുടെ കരുത്തും ആത്മബലവും വര്‍ധിപ്പിക്കണം. രാജ്യത്തിന്റെ കാവല്‍ ഭടന്മാരായ അവരില്‍ ചിലര്‍ക്കുണ്ടാകുന്ന ജീവഹാനി വലിയ നഷ്‌ടംതന്നെയാണ്. രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കപ്പെടേണ്ടിവരുന്ന അവര്‍ക്കുവേണ്ടി ഒരു നിമിഷം നമുക്ക് ശിരസു നമിക്കാം.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment